top of page
വസന്തം പൂക്കള്‍ വിടര്‍ത്തിയ സായാഹ്നങ്ങളിലൊന്നില്‍
അസ്സീസിയുടെ താഴ്വരയില്‍ പറന്നെത്തിയ ഒരു ദേശാടനക്കിളി
വൃക്ഷച്ചുവട്ടിലിരുന്ന് സ്മൃതികളെ ധ്യാനിക്കുന്ന
ലിയോയോട് ഫ്രാന്‍സിസിനെക്കുറിച്ചു ചോദിച്ചു.
ലിയോയുടെ കണ്ണുകള്‍ പെട്ടെന്ന് ആര്‍ദ്രമായി.
ചുണ്ടുകളില്‍ ഹൃദയത്തിന്‍റെ നോവുമാനന്ദവും വിരിഞ്ഞു.
അയാള്‍ പതുക്കെ പറഞ്ഞുതുടങ്ങി:
"ഫ്രാന്‍സിസിനെക്കുറിച്ച് ഞാനെന്താണ് നിന്നോട് പറയേണ്ടത്?
എങ്ങനെയാണെനിക്കദ്ദേഹത്തെയെന്‍റെ ദുര്‍ബ്ബല-
വാക്കുകളിലൊതുക്കാനാവുക?
എങ്കിലും, നിന്‍റെ നാളെയുടെ സുന്ദരസ്വപ്നങ്ങള്‍ക്കുവേണ്ടി
എന്‍റെയാത്മാവിന്‍റെ കനവുകളില്‍ വിരിഞ്ഞത്
ഞാന്‍ നിന്നോടു പങ്കുവയ്ക്കാം...
ദൈവം ഭൂമിക്കുമേല്‍ കോറിയിട്ട കവിതയാണ് ഫ്രാന്‍സിസ്.
ദൈവത്തിന്‍റെ പ്രിയപ്പെട്ട കവിത...!
ഫ്രാന്‍സിസിനു ദൈവമാകട്ടെ, ആത്മാവില്‍
സ്നേഹം കൊണ്ടെഴുതിയ മഹാകാവ്യവും
ഫ്രാന്‍സിസ് പ്രാര്‍ത്ഥിക്കുമായിരുന്നോ എന്നെനിക്കറിയില്ല.
പക്ഷേ ഒന്നുറപ്പാണ്, അദ്ദേഹം പ്രണയിച്ചിരുന്നു.
ഗാഢമായി പ്രണയിച്ചിരുന്നു - ദൈവത്തെ, മനുഷ്യരെ,
പ്രകൃതിയെ, സര്‍വ്വജീവജാലങ്ങളെ, ഈ പ്രപഞ്ചത്തെതന്നെ...
അദ്ദേഹത്തെ ഭ്രാന്തനെന്നു വിളിച്ചവരോട് ഞാനൊരിക്കല്‍ ചോദിച്ചു:
'നിങ്ങളുടെയുള്ളിലെ സ്നേഹം ഭ്രാന്താണെങ്കില്‍
ഭ്രാന്തിനെ നിങ്ങള്‍ എന്തു വിളിക്കും...?'
ഫ്രാന്‍സിസിന് സുഹൃത്തുക്കളുണ്ടായിരുന്നതായി എനിക്കോര്‍മ്മയില്ല.
എങ്കിലും, പൂവിനും പുല്‍നാമ്പിനും തുമ്പിക്കും കുഞ്ഞുകുരുവിക്കും
ചെന്നായ്ക്കും ഇത്തിരിപുഴുവിനും വന്‍മരങ്ങള്‍ക്കും
പിന്നെയെനിക്കും അദ്ദേഹത്തോടുരുമ്മി നില്‍ക്കുമ്പോള്‍
ഒരേയൊരാത്മാവു മാത്രമെ ഉണ്ടായിരുന്നുള്ളൂ...
ഒരേ നൂലില്‍ കോര്‍ത്ത മുത്തുകള്‍പോലെ ഞങ്ങള്‍...
രണ്ടു ശരീരങ്ങളില്‍ കുടികൊള്ളുന്ന ഒരാത്മാവല്ലാതെ-
മറ്റെന്താണ് സൗഹൃദം?
ഫ്രാന്‍സിസിനെ നിസ്വനെന്നു വിളിക്കരുത്.
ഒന്നുമില്ലാഞ്ഞിട്ടും ഒരു സുല്‍ത്താന്‍റെ പരിവേഷമുള്ളവനെ,
എന്‍റെ കണ്ണുകള്‍ കണ്ടിട്ടില്ല, അദ്ദേഹത്തെയല്ലാതെ...
ചില താപസന്‍മാര്‍ ഫ്രാന്‍സിസിനെ
'ആവൃതിയില്ലാത്ത കള്ള സന്ന്യാസി' എന്നു പരിഹസിച്ചിരുന്നു...
പക്ഷേ, അവരൊക്കെ നാലുചുവരുകള്‍ക്കുള്ളില്‍ ആവൃതി തീര്‍ത്ത്,
ജീവിതവും മനസ്സും ചുരുക്കിവച്ചപ്പോള്‍
ഫ്രാന്‍സിസിന്‍റെയാവൃതി ഈ പ്രപഞ്ചം തന്നെയായിരുന്നല്ലോ...
എങ്കിലും ഉള്ളിന്‍റെയുള്ളില്‍ ദൈവത്തിനു മാത്രം കടക്കാനായി
മറ്റൊരാവൃതിയും അദ്ദേഹത്തിനുണ്ടായിരുന്നു....
ആത്മാഹൂതിയെന്നറിഞ്ഞും പ്രകാശത്തെ പുല്‍കാനുള്ള അടങ്ങാത്ത ദാഹം
ഉള്ളില്‍പേറുന്ന ഈയ്യാംപാറ്റകളോട് അദ്ദേഹത്തെയുപമിക്കാം.
വാഴ്വിന്‍റെയേതോ നിര്‍മ്മല നിമിഷത്തില്‍ ഫ്രാന്‍സിസ്
പ്രകാശത്തെ പുല്‍കുകയും ചെയ്തു.
വിരിഞ്ഞുനിന്ന ഒരു പൂവ് വാടാതെ, ഭൂമിയുടെ മാറിലേക്കടര്‍ന്നു വീഴുമ്പോലെ...
പിന്നീടദ്ദേഹം നമ്മുടെ സ്മൃതിപഥങ്ങളിലേക്കുയര്‍ത്തെഴുന്നേറ്റു.
ദിവ്യമായ ഒരു സങ്കീര്‍ത്തനം പോലെ..."
ലിയോ, ഇടറുന്ന സ്വരത്തില്‍ പറഞ്ഞുനിറുത്തി,
ഓര്‍മ്മകളുടെ ഭാണ്ഡവുംപേറി താഴ്വരയിലെങ്ങോ മറഞ്ഞു...
ദേശാടനക്കിളി, ചുണ്ടില്‍ ആര്‍ദ്രമാം ഏതോ പാട്ടുമായ്
ചിറകടിച്ച് ദൂരേക്ക് പറന്നുപോയ്....
വസന്തത്തിലെ വൃക്ഷച്ചുവട്ടില്‍ എന്‍റെ കനവുമാത്രം തനിച്ചായി...