

800 വര്‍ഷങ്ങള്‍ പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ 'സൃഷ്ടികീര്‍ത്തനം'.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ 'സൃഷ്ടി കീര്‍ത്തനം' എന്ന കാവ്യശില്‍പ്പം പിറന്നിട്ട് എണ്ണൂറ് ആണ്ട് തികയുകയാണ് ഈ വര്‍ഷം. ഇറ്റാലിയന്‍ ഭാഷയുടെ പ്രാദേശിക ഭേദത്തില്‍ (ഉമ്പ്രിയന്‍ നാട്ടു ഭാഷ ) എഴുതപ്പെട്ട ഏറ്റവും പഴയ കാവ്യങ്ങളിലൊന്നെന്നും, ഡാന്‍റേയുടെ ഡിവൈന്‍ കോമഡിയുടെയും മറ്റും മുന്‍ഗാമിയെന്നും ഭാഷാ ചരിത്രകാരന്മാര്‍ കണക്കാക്കുന്ന, കവിതയാലും ആത്മീയതയാലും സമ്പന്നമായ, ഈ കൃതി, ഫ്രാന്‍സിസിന്‍റെ രചനകളില്‍ ഏറ്റവും വിഖ്യാതമാണെന്നതില്‍ സംശയമില്ല.
ഫ്രാന്‍സിസ് തന്നെ, ഒരു പക്ഷേ സംഗീതജ്ഞനായ സഹോദരന്‍ പസിഫിക്കോയുടെ സഹായത്താല്‍, കീര്‍ത്തനത്തിന് സംഗീതം പകര്‍ന്നു എന്ന് അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യകാല രചനകള്‍ പറയുന്നു. നൂറ്റാണ്ടുകള്‍ക്ക് ശേഷവും, ഈ മധ്യകാല മാസ്റ്റര്‍പീസ് സംഗീതജ്ഞര്‍ക്ക് പ്രചോദനം പകരുന്നതില്‍ അതിനാല്‍ അത്ഭുതത്തിന് അവകാശമില്ല. മാര്‍ട്ടി ഹോഗന്‍ 1980 ല്‍ രചിച്ച 'സൂര്യകീര്‍ത്തനം' (Canticle of the sun) രണ്ടായിരത്തില്‍ ആഞ്ചലോ ബ്രാന്‍ഡുവര്‍ഡി രചിച്ച 'സൃഷ്ടി കീര്‍ത്തനം'(Canticle of the creatures) ഹെന്‍റി ഡാപ്പര്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ രചിച്ച ക്ലാസിക് കൃതി 'ദൈവത്തിന്‍റെ സകല ജന്തുജാലങ്ങളും' (All Creatures of God an king) എന്നിവ ഫ്രാന്‍സിസിന്‍റെ പ്രപഞ്ച കീര്‍ത്തനം നല്‍കിയ പ്രചോദനത്തില്‍ പിറവി കൊണ്ടവയാണ്.
എന്നാല്‍, ഏറെ പ്രശസ്തമായിരുന്നിട്ടും സൃഷ്ടി കീര്‍ത്തനത്തില്‍ പ്രസരിക്കുന്ന, സൃഷ്ട പ്രപഞ്ചത്തെക്കുറിച്ചുള്ള ഫ്രാന്‍സിസിന്‍റെ ആത്മീയദര്‍ശനം തീരെ ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നത് അത്യന്തം അത്ഭുതാവഹമാണ്. പക്ഷികളോട് സുവിശേഷം പ്രഘോഷിക്കുന്ന, വഴിയിറമ്പില്‍ വഴിതെറ്റിപ്പോയ പുഴുവിന് വഴികാട്ടിയാകുന്ന, ഗൂബിയോ പട്ടണത്തെ വിറപ്പിച്ച ചെന്നായുമായി സമാധാന സന്ധി സ്ഥാപിക്കുന്ന, കേവലം 'മൃഗസ്നേഹി'യായി ഫ്രാന്‍സിസിനെ 'മെരുക്കിയെടുക്കുകയും' ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുന്ന ഉപരിപ്ലവമായ പ്രവണതയാണ് ഇതിന്‍റെ ഭാഗിക കാരണം.' ഉപരിപ്ലവ ജീവിസ്നേഹ ഉപഭോഗ മനോഭാവം' (birdbath and industrial Complex) എന്ന് ഈ പ്രവണതയെ ഞാന്‍ തമാശയായി പരാമര്‍ശിച്ചിട്ടുണ്ട്.*
എന്നാല്‍ ജന്തു സ്നേഹം പ്രോല്‍സാഹിപ്പിക്കു ന്നതിനായി രചിക്കപ്പെട്ട കുട്ടി കവിതയല്ല സൃഷ്ടികീര്‍ത്തനം. മൃഗപരിപാലന കേന്ദ്രങ്ങളെയും മൃഗങ്ങളെ ദത്തെടുക്കുന്നതിനെയും പ്രോല്‍സാഹിപ്പിക്കുന്ന പരസ്യമായി ഉദ്ദേശിക്കപ്പെട്ടതുമല്ല ഈ പ്രകൃഷ്ട രചന.
ഒരു വര്‍ഷത്തിലേറെ സമയമെടുത്ത് മൂന്നു ഭാഗങ്ങളായി രചിക്കപ്പെട്ട 'കീര്‍ത്തനം' അഗാധവും അതിശക്തവുമായ ഉള്‍ക്കാഴ്ച പകര്‍ന്നു നല്‍കുന്ന അതിഗഹനമായ സൃഷ്ടിയത്രേ. അതിനാല്‍ അതെക്കുറിച്ചുള്ള ധ്യാനമാവും ഈ വാര്‍ഷിക വേളയ്ക്ക് അനുയോജ്യവുക.
അത്യന്തം മനോഹരമായ ഈ കവിത രചിക്കുന്ന വേളയില്‍ ഫ്രാന്‍സിസ് ഗുരുതരമായ രോഗത്തിന്‍റെ പിടിയിലായിരുന്നു എന്ന് ഓര്‍മ്മിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ജീവിതത്തിന്‍റെ അവസാന വര്‍ഷങ്ങളില്‍ ഫ്രാന്‍സിസിന്‍റെ കണ്ണുകള്‍ക്ക് ഗുരുതരമായ അണുബാധയുണ്ടായതായി സമകാലിക രചനകളും മധ്യകാല പുണ്യചരിതങ്ങളും പറയുന്നു. അതികഠിനമായ വേദനയും ഭാഗികമായ അന്ധതയുമായിരുന്നു അതിന്‍റെ ഫലം. കാഴ്ച ശക്തി തീരെ കുറഞ്ഞ കണ്ണുകള്‍ കൊടിയ വേദന നല്‍കിയ ആ കഠിന കാലത്താണ്, 'എല്ലാ സൃഷ്ടജാലങ്ങളാലും, പ്രത്യേകിച്ച്, പകലോനും അങ്ങയുടെ പ്രകാശം ഞങ്ങള്‍ക്ക് പകര്‍ന്നുതരുന്നവനും, സുന്ദരനും തേജോമയനും പ്രഭാപൂര്‍ണനും അത്യുന്നതനായ അങ്ങയ്ക്ക് സദൃശ്യനുമായ സഹോദരന്‍ സൂര്യനാലും, അങ്ങ് സ്തുതിക്കപ്പെടട്ടേ ' എന്ന് ഫ്രാന്‍സിസ് പാടുന്നത്. സൂര്യവെളിച്ചം ഫ്രാന്‍സിസിന്‍റെ കണ്ണുകളെ ക്രൂരമായി കുത്തി നോവിക്കുന്ന അവസരത്തിലാണ് അദ്ദേഹം സൂര്യനെ സൃഷ്ടജാലങ്ങളില്‍ പ്രമുഖനും ജീവന്‍റെ ദാതാവും സ്രഷ്ടാവിന് സദൃശ്യന്യമായി വാഴ്ത്തി അവനിലൂടെ ദൈവികതയെ സ്തുതിക്കുന്നത് എന്ന വസ്തുത തന്നെ ആലോചനാമൃതമാണ്.
അത്രയേറെ യാതനകള്‍ക്കിടയില്‍ അത്ര ആനന്ദത്തോടെ, സൃഷ്ടിയുടെ സഹജമായ നന്മയെയും അവയുടെ പരസ്പരാശ്രിതത്വത്തെയും സ്രഷ്ടാവുമായുള്ള അവയുടെ അഭേദ്യ ബന്ധത്തെയും തിരിച്ചറിയാനും അതിനെ ആഘോഷിക്കാനും അവന് കഴിഞ്ഞതെങ്ങനെ?
ബ്രിട്ടീഷ് ഫ്രാന്‍സിസ്കന്‍ ദൈവശാസ്ത്രജ്ഞന്‍ ഫാ. എറിക് ഡോയല്‍ ഇങ്ങിനെ എഴുതുന്നു. 'സകല കവിതയും സംഗീതവും വ്യക്തിത്വത്തിന്‍റെ നിഗൂഢാംശത്തില്‍ നിന്ന്, ആന്തരിക അഗാധതകളില്‍ നിന്ന്, നിറഞ്ഞു തുളുമ്പുന്നവയത്രേ . അന്ധനായ ഫ്രാന്‍സിസിന് സൃഷ്ടിയുടെ സൗന്ദര്യത്തെയും സാകല്യത്തെയും കുറിച്ച് പാടാന്‍ കഴിഞ്ഞതില്‍ അതിനാല്‍ അത്ഭുതപ്പെടേണ്ടതില്ല'.
സൃഷ്ടിയുടെ ദൃശ്യസൗന്ദര്യത്തിന്‍റെ കാഴ്ചയല്ല തീര്‍ച്ചയായും ഫ്രാന്‍സിസിനെ പ്രചോദിതനാക്കിയത്. മറിച്ച് താന്‍ കൂടി ഭാഗമായ ദൈവിക സൃഷ്ടജാലത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്.
ഡോയല്‍ ഇങ്ങിനെ കൂട്ടിച്ചേര്‍ക്കുന്നു.
'അവനോടും ലോകത്തോടും അവന്‍ ഒന്നായിക്കഴിഞ്ഞിരുന്നു. ലോകം അവനിലും ഒന്നായിത്തീര്‍ന്നിരുന്നു. ഏകതയുടെ അനുഭവത്തില്‍, ഫ്രാന്‍സിസ്, ഒരിക്കല്‍ അവന്‍ തന്നെ 'ആത്മാവിന്‍റെ കണ്ണ്' എന്ന് വിശേഷിപ്പിച്ച ആന്തരിക ദൃഷ്ടിയുടെ ആറാം ഇന്ദ്രിയത്താല്‍ അനുഗൃഹീതനായിരുന്നു. സൂര്യന്‍, ചന്ദ്രന്‍, താരാഗണങ്ങള്‍, കാറ്റ്, ഭൂമി, തീയ്, വെള്ളം, എല്ലാം അവനില്‍ തന്നെയാണ്. ആന്തരിക സൂര്യന്‍റെ വെളിച്ചത്തില്‍ അവന്‍ എല്ലാറ്റിന്‍റെയും സൗന്ദര്യം ദര്‍ശിക്കുന്നു'.
ഏകമെന്നും പരസ്പരാശ്രിതമെന്നും ഉള്ള ആ ബോധ്യം സൃഷ്ടലോകത്തിലെ സകലതിനെയും, സചേതനവും അചേതനവുമായ എല്ലാറ്റിനെയും, സഹോദരന്‍ എന്നും സഹോദരി എന്നും അമ്മ എന്നും വിളിക്കുന്നതിന് അവന് ഉണര്‍വ് നല്‍കി.
സൃഷ്ടലോകത്തിന്‍റെ സത്യം യോഗാല്‍മകമായി, ധ്യാനാല്‍മകമായി അവന്‍ അറിഞ്ഞു. പ്രകൃതിയുടെ അടിമയോ ഉടമയോ ആയി അവന്‍ തന്നെ കണ്ടില്ല. പ്രകൃതിയെന്ന കുടുംബത്തിലെ അംഗമാണ് അവന്‍. കൂടപ്പിറപ്പുകള്‍ക്ക് കരുതലേകുന്ന കുടുംബാംഗം. കൂടപ്പിറപ്പുകളുടെ കരുതലേറ്റുവാങ്ങുന്ന കുടുംബാംഗം.
സ്രഷ്ടാവ് മനുഷ്യനു നല്‍കിയ സൃഷ്ട പ്രപഞ്ചമെന്ന മഹാസമ്മാനത്തില്‍ പ്രീതി പൂണ്ട് സമര്‍പ്പിച്ച കൃതജ്ഞതാ കാവ്യമല്ല സൃഷ്ടികീര്‍ത്തനം. അതിനപ്പുറം സൃഷ്ടിയുടെ സാകല്യവും സൃഷ്ടവസ്തുക്കളുടെ സ്വതന്ത്ര നിയോഗവുമാണ് ഫ്രാന്‍സിസ് കീര്‍ത്തനത്തിലൂടെ പരാമര്‍ശ വിഷയമാക്കുന്നത്.
മനുഷ്യേതര ജീവജാലങ്ങളെയും പ്രാപഞ്ചിക വസ്തുക്കളെയും സ്വന്തമെന്ന നിലയില്‍ ഫ്രാന്‍സിസ് അഭിസംബോധന ചെയ്യുന്നത് ഏവരും ശ്രദ്ധി ച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യേതര പ്രപഞ്ചം കൂട്ടായും ഒറ്റയ്ക്കൊറ്റക്കും ദൈവത്തിന്‍റെ ദൗത്യവാഹകരാണെന്ന സത്യം ഫ്രാന്‍സിസ് തിരിച്ചറിയുന്നത് ആരുടെയും ശ്രദ്ധയില്‍പെടുന്നില്ല. സൃഷ്ട പ്രപഞ്ചമൊന്നാകെ സ്രഷ്ടാവിന് അര്‍പ്പിക്കുന്ന അര്‍ച്ചനാ ഗീതമാണ് സൃഷ്ടികീര്‍ത്തനം. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിയും എന്ത് ആയും എന്തിനു വേണ്ടിയും താന്‍ സൃഷ്ടിക്കപ്പെട്ടോ അങ്ങിനെ ആയിരുന്നും അങ്ങിനെ ചെയ്തും ദൈവത്തെ ആരാധിക്കുന്നു. പ്രകാശവും പകലും നമുക്ക് സമ്മാനിച്ച് സൂര്യന്‍ ദൈവത്തെ ആരാധിക്കുന്നു. 'എല്ലാ കാലാവസ്ഥയും' വിതച്ച് കാറ്റ് ദൈവത്തെ ആരാധിക്കുന്നു. ' വിവിധങ്ങളായ ഫലമൂലാദികളും വര്‍ണ പുഷ്പങ്ങളും ഔഷധസസ്യങ്ങളും പുറപ്പെടുവിച്ച് നമ്മെ പരിപാലിക്കുകയും നിലനിര്‍ത്തുകയും ചെയ്ത് ഭൂമി അതിന്‍റെ സ്രഷ്ടാവിനെ ആരാധിക്കുന്നു.
സൃഷ്ടി കീര്‍ത്തനത്തിലെ ഈ ഭാഗം പ്രപഞ്ച സാഹോദര്യത്തിലെ കുടുംബബന്ധത്തെ കുറിക്കുന്നു. പല ശബ്ദങ്ങളില്‍ സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുന്ന ഒരൊറ്റ കീര്‍ത്തനമാണ് പ്രപഞ്ചമെന്നിരിക്കെ നാം മനുഷ്യര്‍ പക്ഷേ പലപ്പോഴും ശ്രുതിഭംഗം വരുത്തുന്നു.
കീര്‍ത്തനത്തിന്‍റെ ആദ്യഭാഗം പൂര്‍ത്തിയാക്കി ഏറെ കഴിയും മുന്‍പാണ് അസ്സീസിയിലെ മേയറും ബിഷപ്പുമായുള്ള അധികാരതര്‍ക്കം ഫ്രാന്‍സിസ് അറിയുന്നത്. രാഷ്ട്രീയ വടം വലിയെക്കുറിച്ചും അധികാര തര്‍ക്കത്തെക്കുറിച്ചും അറിഞ്ഞ ഫ്രാന്‍സിസിന് അവരോട് സഹാനുഭൂതിയും സമാധാനവും സാഹോദര്യവും പുനഃസ്ഥാപിക്കുന്നതിനായി ഇടപെടാന്‍ കഴിയുന്ന ആരും ഇല്ലാത്തതില്‍ ദുഃഖവും തോന്നിയെന്ന് സമാഹൃത അസ്സീസി കൃതികള്‍ ( The Assisi compilations or Legend of perugia ) പറയുന്നു.
സഹാനുഭൂതിയാല്‍ ഫ്രാന്‍സിസ് കീര്‍ത്തനത്തോട് ഈ വരികള്‍ കൂട്ടിച്ചേര്‍ത്തു 'അങ്ങയുടെ സ്നേഹത്തെ പ്രതി പൊറുക്കുന്നവരാല്‍ , സഹിക്കുന്നവരാല്‍, ദൈവമേ അങ്ങ് വാഴ്ത്തപ്പെടുന്നു. പരമോന്നതനേ അങ്ങയുടെ പേരില്‍ സമാധാനം സംസ്ഥാപിക്കുന്നവര്‍ അനുഗൃഹീതരാകുന്നു'.
ദൈവം നിയോഗിച്ചതുപോലെ വെളിച്ചം പകര്‍ന്നും പകലിനെ പ്രകാശിപ്പിച്ചും സൂര്യന്‍ ദൈവത്തെ ആരാധിക്കുന്നതിനു സമാനമായി ദൈവം എന്തിനുവേണ്ടി മനുഷ്യനെ സൃഷ്ടിച്ചുവോ ആ നിലയാഗം - സമാധാനം സ്ഥാപിക്കുക, അനുരജ്ഞിതരാവുക, സ്നേഹിക്കുക, നിറവേറ്റി മനുഷ്യന്‍ ദൈവത്തെ ആരാധിക്കേണ്ടതുണ്ട്.. സ്വാര്‍ത്ഥരാവുമ്പോള്‍, സ്വന്തം കാര്യം നോക്കുമ്പോള്‍ മാറിനില്‍ക്കുമ്പോള്‍, വിട്ടുനില്‍ക്കുമ്പോള്‍, പൊറുക്കാതിരിക്കുമ്പോള്‍ നാം ദൈവാരാധനയില്‍ നിന്ന് ഒഴിഞ്ഞു മാറുക മാത്രമല്ലെന്ന് ഫ്രാന്‍സിസ് പറയുന്നു. മനുഷ്യനായി ദൈവം നല്‍കിയ നിയോഗങ്ങള്‍ നിറവേറ്റാത്ത നാം മനുഷ്യരല്ലാതെയാകുന്നു.
മധ്യകാലത്തെ ഈ അത്യുജ്വല രചനയുടെ 800-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരം, അതിനാല്‍ നമ്മെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പാരമ്പര്യത്തിലേക്കുള്ള വഴികള്‍ തുറക്കുന്നതിനായി നമുക്ക് ഉപയോഗപ്പെടുത്താം.
ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടി കീര്‍ത്തനം'
ഡാനിയല്‍ പി ഹൊരുണ്‍
(വിവ. ടോം മാത്യു)