

പുതിയ സ്കൂള്‍ കാലം വരികയാണ്. ചിലരുടെ യാത്രകള്‍ പുതിയ സ്കൂളുകളിലേക്കാണ്. മറ്റു ചിലരാകട്ടെ പഴയ സ്കൂളില്‍ തന്നെ തുടരും. പ്രായമെത്ര ചെന്നാലും എല്ലാവരും ഗൃഹാതുരത്വത്തോടെ സംസാരിക്കുന്നത് സ്കൂള്‍ കാലത്തെ ഓര്‍മകളാണ്. ഓര്‍മയില്‍ സൂക്ഷിക്കാന്‍ പറ്റിയ നല്ല ദിനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന സ്കൂള്‍ വര്‍ഷമാകട്ടെ ഇത്.
ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വാക്ക് മുന്‍ഗണന എന്നതാണ്. ഏതു കാര്യത്തിനു മുന്‍ഗണന നല്‍കുന്നോ അതു വളരും. ഈ സ്കൂള്‍ വര്‍ഷം മുന്‍ഗണനയില്‍ വയ്ക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കാം.
1. Ordinary Student ആകണോ Outstanding Student ആകണോ എന്ന് സ്വയം നിശ്ചയിക്കാം. സ്കൂളില്‍ നിന്നു പറയുന്ന കാര്യങ്ങള്‍ മാത്രം അളന്നു മുറിച്ച് ചെയ്ത്, അധ്യാപകരെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം പഠിക്കുന്നയാള്‍ Ordinary Student. പാഠപുസ്തകമല്ലാത്ത മറ്റു പുസ്തകങ്ങള്‍ വായിക്കുകയും, ഭാഷ പഠിക്കുകയും, യൂട്യൂബ് പോലുള്ളവ നോക്കി ശാസ്ത്ര വിഷയങ്ങള്‍ കൂടുതലായി പഠിക്കുകയും ചെയ്യുന്നയാള്‍ Outstanding Student. അതിന് ഇംഗ്ളീഷില്‍ ഒരു പറച്ചിലുണ്ട് - going an extra mile.
2. തിരിച്ചു കിട്ടാത്ത ഒന്നേയുള്ളൂ. സമയം. നഷ്ടപ്പെടുന്ന ഓരോ മിനിട്ടും തിരികെ വരില്ല. അതു കൊണ്ട് സമയത്തിന് മുന്‍ഗണന നിശ്ചയിക്കുക. പഠനത്തിന് എത്ര. വിനോദത്തിന് എത്ര. ബ്രൗസിംഗിന് എത്ര. ഉറക്കത്തിന് എത്ര. ജീവിതത്തിലെ എല്ലാത്തരം അച്ചടക്കവും time management മായി ബന്ധപ്പെട്ടിരിക്കുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതിത്തീര്‍ക്കുക, പഠിച്ചു തീര്‍ക്കുക എന്നിവയാണ് പഠനകാല പരിശീലനമെങ്കില്‍ മുതിര്‍ന്നു ജോലിയിലൊക്കെ എത്തുമ്പോള്‍ വിലയിരുത്തപ്പെടാന്‍ പോകുന്നത്, സമയത്ത് ജോലിക്കു വരുന്നയാളാണോ, സമയത്തിനുള്ളില്‍ ജോലി ചെയ്തു തീര്‍ക്കുന്നയാളാണോ, വിശ്വസിച്ച് ജോലി ഏല്‍പ്പിക്കാമോ എന്നിവയൊക്കെയാണ്.
3. വൈകാരിക നിയന്ത്രണം ശീലിക്കുക. അമിതമായ അരിശം, അമിതമായ വെറുപ്പ്, നിഷേധം, തര്‍ക്കുത്തരം പറച്ചില്‍ - ഇവയൊന്നും നമ്മെ ഹീറോ ആക്കില്ല. രക്ഷിതാക്കളോടോ അധ്യാപകരോടോ അരിശം കൊണ്ട മനസോടെ പഠിക്കാനാവില്ല. ചപല വികാരങ്ങള്‍ സൃഷ്ടിക്കുന്ന റീലുകള്‍, കാഴ്ചകള്‍ എന്നിവയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഏകാഗ്രത പുലര്‍ത്താന്‍ സഹായിക്കും. അനുകമ്പയ്ക്കു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം, എതിര്‍വര്‍ഗത്തില്‍ പെട്ടവരോട് അമിതമായ താല്‍പര്യം, അമിതമായ ലജ്ജ, അമിതമായ സങ്കടം, വീട്ടിലെ പ്രശ്നങ്ങള്‍ - ഇവയൊക്കെ കേള്‍ക്കാനും സഹായിക്കാനും നിങ്ങളുടെ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ക്കു കഴിയും - സഹായം തേടണം.
4. ബന്ധങ്ങളിലെ മാന്യതയും ജാഗ്രതയും. എല്ലാവരെയും സുഹൃത്തുക്കളാക്കേണ്ടതില്ല. മോശമായ ശീലങ്ങളിലേക്കു നയിക്കുന്നവരെ ഒഴിവാക്കാം. കൗതുകങ്ങളിലേക്കു പ്രലോഭിപ്പിക്കുന്നവരെ ഒഴിവാക്കാം. മാതാപിതാക്കളോട് ദിവസവും അര മണിക്കൂറെങ്കിലും സംസാരിക്കുന്നത് ശീലമാക്കാം. ചില അധ്യാപക രോടെങ്കിലും തുറന്ന് സംസാരിക്കാന്‍ കഴിയുന്ന ബന്ധം പുലര്‍ത്തണം. യാത്ര ചെയ്യുന്ന ബസിലോ പരിസരത്തോ നിന്ന് അപരിചിതരുമായുള്ള സൗഹൃദം, ഫോണ്‍ നമ്പര്‍ കൈമാറല്‍, മധുരവസ്തുക്കളോ പാനീയമോ പങ്കിടല്‍ എന്നിവ ഒഴിവാക്കാം.
5. ലഹരിക്കെതിരെ ജാഗ്രത. പുകവലിക്കാനോ, ചവയ്ക്കാനോ, മണക്കാനോ, കുടിയ്ക്കാനോ ഒക്കെ ആരെങ്കിലും തമാശയ്ക്ക് എന്നു പറഞ്ഞു തരുന്ന ഒന്നും സ്വീകരിക്കില്ല എന്നു തീരുമാനിക്കുക. അത്തരം സന്തോഷങ്ങള്‍ നിത്യ സങ്കടങ്ങളായി മാറും. മോശമായ ഉദ്ദേശ്യത്തോടെ സംസാരിക്കുന്നവര്‍, ശരീരത്തില്‍ സ്പര്‍ശിക്കുന്നവര്‍, എന്നിവരെക്കുറിച്ച് മാതാപിതാക്കളോടും അധ്യാപകരോടും പറയുക.
6. പഠനസന്ദര്‍ശനത്തിന്‍റെ ഭാഗമായി പോലീസ് സ്റ്റേഷന്‍, എക്സൈസ് ഓഫീസുകള്‍ എന്നിവ സന്ദര്‍ശിക്കുക. അവിടത്തെ ഉദ്യോഗസ്ഥരുടെ നമ്പരുകള്‍ ശേഖരിക്കുക, മന:പാഠമാക്കുക. മോശമായ പ്രവണതകള്‍ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യുക.
7. ശാരീരികാരോഗ്യത്തിന് മുന്‍ഗണന. ദിവസവും ശരീരം വിയര്‍ക്കുന്ന വ്യായാമമോ കളിയോ നടത്തുന്നത് മാനസികമായ ഉന്‍മേഷം നല്‍കും. നല്ല ഉറക്കം ലഭിക്കും. ബുദ്ധി വര്‍ധിക്കും.
8. ഡിജിറ്റല്‍ ലോകത്തെ സ്വയം നിയന്ത്രണം. സമയബോധം, ലക്ഷ്യ ബോധം, ഏകാഗ്രത, ഓര്‍മ്മ എന്നിവയെ തകര്‍ക്കാന്‍ കഴിവുള്ളവയാണ് നിയന്ത്രണമില്ലാത്ത മൊബൈല്‍ ഫോണ്‍ ഉപയോഗവും, ഇന്‍റര്‍നെറ്റ് ബ്രൗസിംഗും. പ്രായത്തിനു ചേരാത്ത കാഴ്ചകളില്‍ നിന്നും കേള്‍വികളില്‍ നിന്നും വിട്ടു നില്‍ക്കുക. മാതാപിതാക്കള്‍ക്കു കൂടി മരരലൈ ചെയ്യാവുന്ന രീതിയില്‍, ഫോണ്‍ ലോക്ക് ചെയ്യാതിരിക്കുക. സ്ക്രീന്‍ ടൈമിന് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക. അപരിചിതരുടെ ഫ്രണ്ട് റിക്വസ്റ്റുകള്‍, അവരോട് ചാറ്റിംഗ്, ചിത്രങ്ങള്‍ ഷെയര്‍ ചെയ്യല്‍ എന്നിവ ഒഴിവാക്കുക.
9. പൊതു ഇടങ്ങളെയും പൊതു നിയമങ്ങളെയും മാനിക്കുക. വെയിറ്റിംഗ് ഷെഡ്, ബസ് എന്നിവയില്‍ മറ്റുള്ളവര്‍ക്ക് അരോചകമായ രീതിയില്‍ പെരുമാറാതിരിക്കുക. മുതിര്‍ന്നവരെ മാനിക്കുക. സൈക്കിള്‍, സ്കൂട്ടര്‍ മുതലായവയുമായി നിരത്തിലിറങ്ങിയാല്‍ മാന്യത പുലര്‍ത്തുക - നിയമം പാലിക്കുക.
10. വസ്ത്രം മുതല്‍ പെന്‍സില്‍ വരെ എല്ലാം പണമാണ് എന്ന ഓര്‍മ്മ വേണം. അവ കരുതലോടെ ഉപയോഗിക്കണം. കൂട്ടുകാരോട് കടം വാങ്ങുന്ന നോട്ടും പുസ്തകങ്ങളും ഉത്തരവാദിത്വത്തോടെ തിരിച്ചേല്‍പ്പിക്കണം. പോക്കറ്റ് മണി ഉണ്ട് എന്നു കരുതി ആര്‍ത്തി പൂണ്ട് ചിലവാക്കരുത്. പച്ചക്കറി കൃഷിയോ, ഗാര്‍ഡനിങ്ങോ ചെയ്ത് രക്ഷിതാക്കളെ സഹായിക്കണം. പണം മിച്ചം വയ്ക്കുകയും കരുതുകയും സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുന്ന ശീലമുണ്ടാകണം.
പ്രതിഭ എന്നത് 1 ശതമാനം കഴിവും 99 ശതമാനം കഠിനാധ്വാനവുമാണ് എന്നാണു പറയുക. മറ്റുള്ളവരുടെ വിജയങ്ങള്‍ കണ്ട് തല കുമ്പിട്ടു കഴിവില്ലെന്ന് സ്വയം പറഞ്ഞ് മാറി നടക്കാതെ അന്തസോടെ അധ്വാനിച്ച് വിജയം നേടുന്നയാളാണ് ഭാവിയുടെ വാഗ്ദാനം.
നല്ല ഒരുസ്കൂള്‍ വര്‍ഷം ആശംസിക്കുന്നു.
കവര്‍സ്റ്റോറി, ഫസ്റ്റ് ബെല്ലിന് മുമ്പ്,
ജോയ് മാത്യു പ്ലാത്തറ,
അസ്സീസി മാസിക ജൂണ്‍ 2025





















