

എല്ലാ വിശുദ്ധാത്മാക്കളുടെയും തിരുനാളാണ്.
യാഹ്‌വേ എന്നാണ് പഴയ നിയമത്തിൽ ദൈവനാമമായി പറയപ്പെടുന്നത്. പദോല്പത്തിയെയും മറ്റും പറ്റി മുമ്പ് പറഞ്ഞിട്ടുണ്ട്. തനായിരിക്കുന്നവൻ; ഞാൻ ആയിരിക്കുന്നവൻ; അവിടവിടെ ആയിരിക്കുന്നവൻ എന്നൊക്കെയാണ് യാഹ്‌വേ എന്ന പരിശുദ്ധ നാമത്തെ പഴയനിയമ ജനത മനസ്സിലാക്കിയത്.
വ്യാഖ്യാനിക്കുമ്പോൾ ദൈവം എല്ലായിടവും ദൈവം അവനവനിൽ, ദൈവം തന്നിൽത്തന്നെ - എന്നെല്ലാം അർത്ഥവ്യാപ്തി വരും.
ഇത് മനസ്സിലാക്കുമ്പോൾ 'ഞാൻ' എന്നത് വിശുദ്ധ ഇടവും വിശുദ്ധ സ്വത്വവുമാകും. അവനവനിൽ ആരംഭിച്ചാൽ അവിടവിടെയും ദൈവം-ദിവ്യ ത എന്നും വരും. അപ്പോൾ അപരർ എല്ലാവരും ദൈവസാന്നിധ്യങ്ങളാവും. ആരിലെങ്കിലും ദൈവസാന്നിധ്യമല്ല ഉള്ളത് എന്നാരെങ്കിലും കരുതിയാൽ, അയാൾ ആദ്യത്തെ പ്രിമൈസ് അംഗീകരിച്ചിട്ടില്ല എന്നു വരും.
തങ്ങൾ ദൈവത്തിന് പ്രിയപ്പെട്ടവർ എന്ന് ആരുകരുതിയാലും അതിൽ തെറ്റില്ല. തങ്ങൾ മാത്രം ദൈവത്തിന് പ്രിയപ്പെട്ടവർ എന്നു പറയുമ്പോൾ ദൈവത്തെ അവർ പെട്ടിയിലടച്ചു.
ദൈവം മറ്റുജനതകളെയും സ്നേഹിക്കുന്നു; ഒരുപക്ഷേ സ്വന്ത ജനത്തെക്കാൾ ഏറെ - എന്ന് പറഞ്ഞതാണ് മിക്കവാറും യേശുവിൻ്റെ ഇല്ലായ്മ ചെയ്യപ്പെടലിൽ കലാശിച്ചത്!
അപ്പോൾ എന്താണ് വി ശുദ്ധി?
യാഹ്‌വേയിൽ വിശ്വസിക്കുകയാണ് വിശുദ്ധി. എന്നുവച്ചാൽ ദൈവം തന്നിൽ താനായിരിക്കുന്നു; ഭൂമിയിലും ജീവിതത്തിലും ദൈവം അവിടവിടെ ആയിരിക്കുന്നു എന്ന് വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് വിശുദ്ധി.
"എല്ലാം അവിടന്നിൽ നിന്ന്, അവിടന്ന് വഴി, അവിടന്നിലേക്ക്."
പുതിയ നിയമത്തിലും അതുതന്നെയാണ്. പുതിയ നിയമത്തിൽ ദൈവം എമ്മാനുവേൽ ആയതാണ് - ദൈവം നമ്മോടുകൂടെ ആയതാണ് ക്രിസ്തു. ക്രിസ്തു വന്നത് വിഭജനങ്ങൾ ഇല്ലാതാക്കാനാണ്. സജാതീയരെയും വിജാതീയരെയും സമന്വയിപ്പിക്കാനാണ്. "അവനിൽ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു".
"ദൈവം എല്ലായിടവും എല്ല ാവരിലും" എന്ന് പറയുന്നതുതന്നെയാണ്
"ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്." എന്ന് ക്രിസ്തുവിനെ ആസ്പദമാക്കി പറയുന്നതും.
നീയും നിൻ്റെ സഹജരും നീ നിലക്കുന്ന ഭൂമിയും വിശുദ്ധമാണ്!
ആദരവോടെ ചുംബിക്കൂ!






















