top of page

റിച്ച്വൽ

a day ago

1 min read

George Valiapadath Capuchin

ഡാഡി മരിച്ചത് മാർച്ച് അവസാനത്തിലായിരുന്നു. അക്കാലത്ത് വയനാട്ടിലെ കുഞ്ഞോം എന്ന സ്ഥലത്തായിരുന്നു ഞാൻ. അവിടെ നിന്ന് സുഹൃത്തുക്കളായ നിരവധി പേർ ഡാഡിയുടെ സംസ്കരണത്തിന് വന്നിരുന്നു. ഏഴുമാസത്തിനു ശേഷം നവംബർ വന്നെത്തി. സകലവിശുദ്ധരുടെയും തിരുനാളും സകല മരിച്ച വിശ്വാസികളുടെയും ഓർമ്മത്തിരുനാളും. രാവിലെ വികാരിയച്ചൻ്റെ നേതൃത്വത്തിൽ പള്ളിയിൽ കുർബാന. കുറേ ആളുകൾ പള്ളിയിൽ എത്തിയിരുന്നു. കുർബാനക്കുശേഷം പള്ളി സെമിത്തേരിയിൽ ഒപ്പീസ്. ആളുകളെല്ലാം അവരവരുടെ പ്രിയപ്പെട്ടവരുടെ കല്ലറകളും കുഴിമാടങ്ങളും പൂക്കൾ വച്ച് അലങ്കരിച്ച് മെഴുതിരികൾ കത്തിച്ചിട്ടുണ്ട്. അവരെല്ലാം അവരവരുടെ പ്രിയപ്പെട്ടവരുടെ കബറിടങ്ങൾക്ക് അരികിലായി നില്ക്കുന്നു. വികാരിയച്ചനും സിസ്റ്റേഴ്സും ഞാനും സെമിത്തേരിത്തലയ്ക്കലെ കുരിശിനടുത്തായി നിന്നു. ഒപ്പീസിൻ്റെ പാട്ടുകളും സങ്കീർത്തനവും എല്ലാവരും ആത്മാർത്ഥതയോടെ, പങ്കാളിത്തത്തോടെ ചൊല്ലുന്നു. വികാരിയച്ചനും ഞാനും കാറാപ്പയുമായി ഇരുവശങ്ങളിലെയും കബറിടങ്ങളിൽ ഹന്നാൻ വെള്ളം തളിച്ചു. വെഞ്ചരിപ്പ് കഴിയുവോളം സിസ്റ്റേഴ്സ് "കൈക്കൊള്ളണമേ" പാടിക്കൊണ്ടിരുന്നു. സത്യത്തിൽ സെമിത്തേരിയിലെ അന്നത്തെ ആ പ്രാർത്ഥനാനേരത്ത് പലവിധ വികാരങ്ങളാൽ മനസ്സ് വിങ്ങിയിരുന്നു. ഞാൻ മാത്രം ഡാഡിയുടെ കബറിടത്തിങ്കൽ ഇല്ലല്ലോ എന്ന ഓർമ്മ.


ഓരോ കുടുംബസ്ഥരുടെയും കബറിടത്തിൽ എല്ലാ മരിച്ചവരുടെയും ഈ ഓർമ്മദിനത്തിൽ അവരുടെ കുടുംബക്കാർ ഒത്തു ചേരുമല്ലോ, ചുറ്റും നിന്ന് പ്രാർത്ഥിക്കുമല്ലോ എന്ന് ഞാൻ ഓർത്തു.

ഈ കുരിശിന് ചുറ്റുമായി നില്ക്കേണ്ടവർ തന്നെയാണല്ലോ സമർപ്പിതരെല്ലാം എന്നോർത്തപ്പോൾ വിങ്ങിവന്ന ഹൃദയം പെട്ടെന്ന് ഒന്നാശ്വസിച്ചു.


നമ്മളൊക്കെ മരണാനന്തര ശുശ്രൂഷകളിൽ ഒത്തിരി പങ്കെടുക്കുന്നവരാകും. എങ്കിലും മരണം ഒരു അനുഭവമായി വല്ലപ്പോഴുമാണ് നമ്മെ സ്പർശിക്കുന്നത്. അത്തരം കുറച്ച് അവസരങ്ങളേ കിട്ടൂ.


ഇൻഡ്യയിൽ മിക്കവർക്കും "ഹാലോവീൻ" തീരെ പരിചിതമല്ല. അതേക്കുറിച്ച് കഴിഞ്ഞ കൊല്ലമോ മറ്റോ എഴുതിയിരുന്നു. അതിൻ്റെ ചരിത്രത്തിലേക്കൊന്നും വീണ്ടും കടക്കുന്നില്ല. പല നാട്ടുകാരുടെയും ആചാരങ്ങൾ അതുമായി വലിയ ബന്ധമില്ലാത്തവരിൽ ഭയം വളർത്തും. അറിവില്ലായ്മയാണല്ലോ ഭയത്തിന് അടിസ്ഥാനം. പണ്ട് പോർച്ചുഗീസുകാരായ വൈദികർ കേരളത്തിൽ വന്നപ്പോൾ അവരെ ബാധിച്ചതും ഇത്തരം ഭയമായിരുന്നിരിക്കണം.

ഹാലോവീൻ ഏതായാലും ഔദ്യോഗിക മതത്തിൻ്റെ ഭാഗമായല്ല ആഘോഷിക്കപ്പെടുന്നത്. അതൊരു ജനകീയ ആചാരമാണ്. കുട്ടികളും കൗമാരക്കാരും ഭീതിപ്പെടുത്തുന്നതും അല്ലാത്തതുമായ വേഷങ്ങൾ ധരിക്കുകയാണ്. മരണം എന്നതാണ് എല്ലാ വേഷത്തിൻ്റെയും അടിസ്ഥാന പ്രമേയം. 'ഹാലോസി'ൻ്റെ സായാഹ്നത്തിൽ ഏതാനും പേർചേർന്ന് മരണമായി വേഷപ്രച്ഛന്നം ചെയ്ത് തങ്ങളുടെ ആ പ്രദേശത്തൊക്കെ നടക്കുകയാണ്. ഓരോ വീട്ടിലും ചെന്ന് അവർ കതകിൽ മുട്ടുന്നു. സന്ധ്യക്ക് മരണമാണ് വന്ന് മുട്ടുന്നത്. വീട്ടുകാർ വാതിൽ തുറന്ന് വാതിലിൽ വന്നുമുട്ടിയ 'മരണ'ത്തെ സ്വീകരിച്ച് അവർക്ക് കൈ നിറയെ മധുരം നല്കി പറഞ്ഞയക്കുന്നു. എത്ര സുന്ദരമായ റിച്ച്വൽ ആണ് !

റിച്ച്വലുകളുടെയൊക്കെ പ്രശ്നം ഇതാണ്.


നാളേറേ ചെല്ലുമ്പോൾ റിച്ച്വലിൻ്റെ അർത്ഥമൊക്കെ ആളകൾ മറന്നു പോകും!


Recent Posts

bottom of page