

ഇംഗ്ലീഷിൽ Bullying എന്നൊരു പദമുണ്ട്. തെമ്മാടിത്തം കാട്ടുക; മുഠാളത്തം കാട്ടുക എന്നൊക്കെയാണ് അതിന് മലയാളം പരിഭാഷയായി വരുന്നത്. പക്ഷേ, മലയാളത്തിൽ അതിന് പറ്റിയൊരു പദമില്ല എന്നാണ് എനിക്കു തോന്നുന്നത്. ദുർബലരാണെന്ന് തോന്നുന്നവരെ നിരന്തരമായി ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക എന്നതാണ് അതിന് നിഘണ്ഡു നല്കുന്ന നിർവ്വചനം. നമ്മുടെ സ്കൂളുകളിലും തൊഴിലിടങ്ങളിലും സമൂഹത്തിലും പൊതുവിടത്തിലും സൈബറിടത്തിലും വളരെ സർവ്വസാധാരണമായി ഇത് കാണപ്പെടുന്നുണ്ട്. ബുള്ളിയിങിൻ്റെ കലാലയ രൂപം ഇൻഡ്യയിൽ റാഗ്ഗിങ് എന്ന ചെല്ലപ്പേരിലാണ് അറിയപ്പെടുന്നത്. താനാണ് കായികമായോ സാമൂഹികമായോ സാമ്പത്തികമായാേ ശക്തൻ എന്ന അധികാരം അടിച്ചേല്പിക്കലും ദുർബലൻ തൻ്റെ അടിമയാണ് എന്ന് സ്ഥാപിച്ചെടുക്കലും അതിലുണ്ട്. ജനാധിപത്യബോധത്തിന് നേർ വിപരീതമാണ് മുഠാളത്തം കാട്ടുന്നയാളുടെ മാനസിക ഭാവം.
ആഴ്ചയിലൊരിക്കൽ ഞാൻ കയറിയിറങ്ങാറുള്ള വിദ്യാലയത്തിൽ പതിപ്പിച്ചിട്ടുള്ള ഒരു പോസ്റ്ററാണ് ഇതോടൊപ്പമുള്ള ചിത്രത്തിൽ. വിദ്യാർത്ഥികൾക്ക് അവബോധം നല്കാൻ ഉദ്ദേശിച്ചുള്ള പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്.
"ഉപദ്രവിക്കാൻ മുഠാളർ നിങ്ങളെ തല്ലണമെന്നില്ല.
നുണകളോ കിംവദന്തികളോ പ്രചരിപ്പിക്കുക;
നിങ്ങളെ ഭീഷണിപ്പെടുത്തുക;
നിങ്ങളുടെ വസ്തുക്കൾ മോഷ്ടിക്കുകയോ കേടുവരുത്തുകയോ ചെയ്യുക;
നിങ്ങളെ അപമാനിക്കുകയോ കളിയാക്കുകയോ ചെയ്യുക;
നിങ്ങൾക്ക് വട്ടപ്പേരുകൾ ചാർത്തി വിളിക്കുക;
നിങ്ങളെ അവഗണിക്കുക;
നിങ്ങളെ സമ്മർദ്ദത്തിലാക്കുക;
നിങ്ങളെ മറ്റൊരാളാക്കാൻ ശ്രമിക്കുക -
എന്നിവയിലേതെങ്കിലും ചെയ്താൽ അത് മുഠാളത്തമായി കണക്കാക്കാം.
ഇത്തരം സ്വഭാവം കാട്ടുന്ന വ്യക്തികളുടെ ബാഹുല്യം ഒരു സമൂഹത്തിൻ്റെ മാനസികാരോഗ്യത്തിൻ്റെ സൂചികയായി കണക്കാക്കാവുന്നതാണ്. ഇത്രകാലം നാം ജനാധിപത്യ രാജ്യമായിരുന്നു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഏറ്റവും കുറഞ്ഞപക്ഷം സമത്വവും സ്വാതന്ത്ര്യവും എങ്കിലും ഉണ്ടായിരിക്കണം ഒരു ജനാധിപത്യത്തിന് ആധാരശിലകളായി. മനസ്സിൽ അവയുണ്ടാകാതെ സമൂഹത്തിൽ അവയുണ്ടാവില്ല. ഇനി നമുക്ക് ജനാധിപത്യ ബോധനം ആരംഭിക്കാം. കുടുംബത്തിലാവട്ടെ ആരംഭം. വിദ്യാലയത്തിലും അതുണ്ടെന്ന് ഉറപ്പുവരുത്താം.























