top of page
കത്തിയെരിയുമ്പോഴും
വെന്തടങ്ങാത്ത
മുള്‍പ്പടര്‍പ്പുപോലെ
മകന്‍റെ ജഡമിറക്കിക്കിടത്താന്‍
ശയ്യയായ് അവളുടല്‍.
ചുഴലിപെറ്റ
കൊടുങ്കാറ്റായ്
പെണ്ണിന്‍റെ നീറ്റം
ഉള്ളിലൊതുങ്ങാതെ
ആകാശത്തെ ഇരുമ്പുപോലെയും
ഭൂമിയെ ചെമ്പുപോലെയും
ചുട്ടെടുക്കുന്ന
ആണായിപ്പോയ
ദൈവത്തോടവള്‍ ചോദിച്ചു.
"എനിക്കൊന്നുറക്കെ കരയാമോ"
വീശുമുറത്തില്‍
പതിരാറ്റിക്കൊണ്ട്
ശാന്തമായവന്‍ പറഞ്ഞു
"കണ്ണല്ല, കണ്ണീരാണു നീ."