ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
രണ്ടു മാസത്തോളം ഇഷ്ടികക്കളത്തില് പണിയെടുത്തത് ഓര്മ്മയിലുണ്ട്. കളത്തിന്റെ അരികുകളില് കുടിലുകള് നിരന്നു നിന്നിരുന്നു, ഒരു കാക്കച്ചിറകിന്റെപോലും തണലുകിട്ടാതെ. അവയ്ക്കുള്ളിലെ കറുത്ത മനുഷ്യര് രാവിലെ പണിക്കിറങ്ങും. കൂട്ടത്തില് സ്കൂള്യൂണിഫോമുകളൊക്കെ ധരിച്ച് കുട്ടികളുമുണ്ടാകും. വര്ഷത്തില് നാലുമാസം ഈ കുട്ടികള് യൂണിഫോം ധരിച്ചിറങ്ങുന്നത് സ്കൂളില് പോകാനല്ല, ഇഷ്ടികക്കളത്തില് പണിയാനാണ്. പാടത്തിനക്കരെയുള്ള റോഡിലൂടെ മലയാളി കുഞ്ഞുങ്ങള് സ്കൂള്ബാഗു പുറത്തേറ്റിക്കൊണ്ടു പോകുന്നത് ഈ തമിഴ് കുഞ്ഞുങ്ങള് നോക്കി നില്ക്കും. എന്തൊക്കെയായിരിക്കുമോ ദൈവമേ, അപ്പോള് ആ പിഞ്ചുമനസ്സുകളിലൂടെ പാഞ്ഞ വികാരങ്ങള്!
തമിഴര്, ഒറിയക്കാര്, ബംഗാളികള്, ബീഹാരികള്... ഒക്കെ ഒഴുകിക്കൊണ്ടിരിക്കുകയാണ് കേരളത്തിലേക്ക്. ഇവിടെനിന്ന് പിന്നെയവര് മുംബൈക്കു പോകും. അവിടെനിന്നു ഡല്ഹിയിലേക്ക്. ഒടുങ്ങാത്ത യാത്ര. ദശലക്ഷക്കണക്കിനു മനുഷ്യരാണ് ലോകത്താകമാനം ഇങ്ങനെ അലഞ്ഞുകൊണ്ടിരിക്കുന്നത്. വിശപ്പ്, വരള്ച്ച, അണക്കെട്ടിന്റെയോ വിമാനത്താവളത്തിന്റെയോ പേരില് ഭൂമി ഭരണകൂടം ചീന്തിയെടുത്തത് തുടങ്ങിയ ഏതെങ്കിലുമൊന്നുകൊണ്ടാവാം അവര് തങ്ങളുടെ മണ്ണില്നിന്ന് പിഴുതെറിയപ്പെട്ടത്. വിശപ്പും വരള്ച്ചയും ഒക്കെ മിക്കപ്പോഴും വെറുതേ ഉണ്ടാകുന്നതല്ല, മനഃപൂര്വ്വം ഉണ്ടാക്കപ്പെടുന്നതാണ്. കഴിഞ്ഞ പതിനാറു കൊല്ലത്തിനിടയില് പ്രതിദിനം 47 കര്ഷകരാണ് ഇന്ത്യയില് കടംകേറി ആത്മഹത്യ ചെയ്തത്. ഗവണ്മെന്റിനു നിയന്ത്രണമുള്ള ബാങ്കുകള്പോലും ട്രാക്ടര് വാങ്ങാന് കര്ഷകന് എടുക്കുന്ന ലോണിന് ഈടാക്കുന്ന പലിശ 15 ശതമാനമാണ്. അതേസമയം മെഴ്സിഡസ് കാര് വാങ്ങാനാണെങ്കില് 6% പലിശക്കു ലോണ് ലഭിക്കും. കൊടുംവരള്ച്ചയില് മഹാരാഷ്ട്ര പൊള്ളുമ്പോള്തന്നെ, മുകേഷ് അംബാനിയുടെ വീട്ടില് മുംബൈ മുനിസിപ്പല് കോര്പറേഷന് എത്തിച്ചുകൊടുക്കുന്നത് പ്രതിമാസം അഞ്ചുലക്ഷം ലിറ്റര് വെള്ളമാണ്. ഇന്ത്യ ഒരുപാട് വികസിച്ചതുകൊണ്ട് ATM കാര്ഡുകളൊക്കെ ഇപ്പോള് ഫ്രീയാണ്. പക്ഷേ 15 രൂപ കൊടുത്താലേ ഒരു ലിറ്റര് വെള്ളം കിട്ടൂ. ചില സംസ്ഥാനങ്ങളിലെ ലോഡ്ഷെഡിംഗ് കണക്കുകള് കാണുക: മെട്രോയില് 2 മണിക്കൂര്, ടൗണില് 4 മണിക്കൂര്, ഗ്രാമങ്ങളില് 8 മണിക്കൂര്. ചില സൂചനകള് നല്കിയെന്നേയുള്ളു. ഇവിടെ ആളുകള് വെറുതെ അലയുന്നതല്ല, അവരെ ഇവിടുത്തെ വ്യവസ്ഥിതി ഓടിപ്പിക്കുന്നതാണ്.
പണ്ട്, മടപൊട്ടി ജന്മിയുടെ വിളവു നശിക്കാതിരിക്കാന് കുടിയാന്മാര് ആ വിള്ളലിലേക്ക് എടുത്തുചാടി, ആത്മാഹൂതി ചെയ്തു വിള്ളലടച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. ഗതികെട്ടാല് മനുഷ്യന് എന്തും ചെയ്തുകളയും. ഓടിക്കപ്പെടുന്നവര് ഒന്നു പിടിച്ചുനില്ക്കാന് എങ്ങനെയും ശ്രമിക്കും. അങ്ങനെയവര് ഏതു കൂലിക്കും ഏതു പണിയും ചെയ്യാന് തയ്യാറാവുന്നു. മൂലധനം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നത് അത്തരക്കാരെയാണ്. കേരളത്തിലെ കെട്ടിടംവപ്പുകാരും ഹോട്ടലുടമകളും അന്യസംസ്ഥാനങ്ങളില്നിന്നു തൊഴിലാളികളെ ഇവിടെയെത്തിക്കുന്നു. യൂറോപ്പിലെ കമ്പനികളാകട്ടെ മലയാളിത്തൊഴിലാളികളെ അവിടെയുമെത്തിക്കുന്നു. ഫലത്തില് കുറച്ചുപേരുടെ ലാഭം അടിക്കടി കുമിഞ്ഞുകൂടിക്കൊണ്ടിരിക്കും. അതു പക്ഷേ നമുക്കു പ്രശ്നമല്ല. ടാറ്റായുടെ ലാഭം പ്രതിവര്ഷം 30% കൂടുന്നത് 'ഇന്ത്യ തിളങ്ങുന്ന'തിന്റെ തെളിവാണല്ലോ. എന്നാല് കൂലിപ്പണിക്കാരന്റെ ദിവസക്കൂലി 250-ല് നിന്നു 300 ആയാല് ആകാശം ഇടിഞ്ഞുവീഴുമത്രേ. പ്രതിമാസം ശരാശരി 50 മണിക്കൂര് ക്ലാസെടുക്കുന്ന ഒരു പ്രൊഫസര്ക്ക് ഇവിടെ കിട്ടുന്നത് 70,000 രൂപയാണ്. ഒരു പുരോഹിതന് ഒരു മണിക്കൂര് പ്രസംഗിച്ചാല് കിട്ടുന്നത് 500 രൂപ മുതല് 1000 രൂപ വരെയാണ്. ഇവര് നിറവേറ്റുന്ന മഹാകാര്യം എന്താണോ ആവോ! പന്തടിച്ചു പറത്തുന്ന ക്രിക്കറ്റുകളിക്കാരനു കിട്ടുന്നത് ഇന്നാട്ടിലെ ഭൂമിയും കാറും കോടികളുമാണ്. അയാളതു ചെയ്താലുമില്ലെങ്കിലും നിങ്ങളെയത് അത്ര ബാധിക്കുന്നതേയല്ല. എന്നാല് മറുനാട്ടില്നിന്നുള്ള തൊഴിലാളികള് ഇവിടെ പണിയെടുത്തില്ലെങ്കില് പാര്ക്കാന് വീടുകളോ, പായാന് റോഡുകളോ, പറയാന് ഫോണ് കണക്ഷനുകളോ ഉണ്ടാകുമോ?
ജോലിയും കൂലിയുമൊക്കെ തൊഴിലാളികള് പ്രത്യക്ഷത്തില് സ്വമനസ്സാ സ്വീകരിക്കുന്നതാണ്. പക്ഷേ ഒരു തെരഞ്ഞെടുപ്പുപോലും സാധ്യമാകാത്ത വിധത്തില് അവര് നിസ്സഹായരായിത്തീരുന്നതുകൊണ്ടാണത്. ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവല് മനംനിറയെ കനവുമായി ഗള്ഫിലേക്കു പോയയൊരാള് എങ്ങനെ ആടുകളുടെ കൂട്ടില് ചെന്നുപെട്ടുവെന്നും അവയെ മേയിച്ചും അവയുടെ ഭക്ഷണം മോഷ്ടിച്ചുതിന്നും അവയോടു സംസാരിച്ചും എങ്ങനെ ആടായിത്തീര്ന്നുവെന്നുമുള്ള കഥ പറയുന്നു. നോവലിസ്റ്റുതന്നെ പറയുന്നത് ഇക്കഥ ഒരു ഗള്ഫുകാരന് നജീബിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ്. കഥയിലെ നജീബ് നോവലിന്റെ അവസാനം എന്നേയ്ക്കുമായി നാട്ടിലേക്കു രക്ഷപ്പെടുകയാണ്. യാഥാര്ത്ഥ്യത്തിലെ നജീബിനാകട്ടെ വീണ്ടും അറബിനാട്ടിലേക്കു പോകേണ്ടി വരുന്നുണ്ട്. സാധ്യതകളൊക്കെ കൊട്ടിയടക്കപ്പെട്ട ജീവിതമാണു പലരുടേതും. കാശില്ലാതിരുന്നതുകൊണ്ട് വല്ലാതെ വിശന്ന ഒരു ദിവസം ഭക്ഷണത്തിനുവേണ്ടി ഒരുവീട്ടില് കയറിയത് എന്റെ ഓര്മ്മയിലുണ്ട്. എത്ര വിറച്ചാണ് കോളിംഗ് ബെല് അമര്ത്തിയതെന്നോ. എത്ര വിക്കിയാണ് 'വിശക്കുന്നു' എന്നു പറഞ്ഞതെന്നോ. ഒരാള് നിങ്ങളുടെ മുന്പില് കൈനീട്ടുന്നുവെങ്കില്, ഏതു ജോലിയും ഏതു കൂലിക്കും ചെയ്യാന് തയ്യാറാകുന്നുവെങ്കില് അയാളുടെ ജീവിതം അത്രകണ്ട് അസഹനീയമായിത്തീര്ന്നിരിക്കണം. ചുറ്റുവട്ടം അയാളോട് ഒട്ടും കനിവോ ആദരവോ കാണിക്കുന്നില്ല. അതിനെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകണമെങ്കില് നിങ്ങളെയറിയാത്ത നാട്ടില് വിയര്ത്തൊലിച്ച് മുഷിഞ്ഞ ലുങ്കിയും ഷര്ട്ടുമിട്ട്, ചെളിപുരണ്ട കൈകാലുകളോടെ ഒന്നു നടന്നുനോക്കൂ. ഇല്ല. ഒരു പെണ്കുട്ടിയും നിങ്ങളെ ശ്രദ്ധിക്കില്ല. രാത്രിയില് നിങ്ങളങ്ങനെ എവിടെയെങ്കിലും നിന്നാല് ഒരു പോലീസ് ജീപ്പ് നിങ്ങളുടെ മുന്പില് ചവിട്ടി നിര്ത്തിയിരിക്കും. ശ്രദ്ധിച്ചിട്ടില്ലേ, ബസ്സ്റ്റാന്റില് വച്ച് ആരുടെയെങ്കിലും പോക്കറ്റ് അടിക്കപ്പെട്ടാല് ആദ്യഅടി വീഴുന്നത് തമിഴ്നാട്ടില്നിന്നുള്ള ഒരു പാവപ്പെട്ട കുട്ടിയുടെ മുകളിലായിരിക്കും. പണ്ടു ബ്രിട്ടീഷുകാര് ചില ഗോത്രങ്ങളെ കള്ളന്മാരെന്നൊക്കെ അങ്ങു മുദ്രകുത്തിയിരുന്നു. അതുപോലെ നമ്മളും ചിലരുടെ ഭാഷയും വേഷവും രൂപവും കണ്ട് പെട്ടെന്നു ചില നിഗമനങ്ങളിലെത്തുകയാണ്. ഇന്നും നമ്മുടെ ധാരണ പാവപ്പെട്ടവരേ മോഷ്ടിക്കൂ എന്നും അല്ലാത്തവര്ക്ക് അതിന്റെ ആവശ്യമൊന്നുമില്ല എന്നുമാണ്. അടുത്ത കാലത്തായി പുറത്തുവരുന്ന അഴിമതിക്കഥകളില് പക്ഷേ നിറഞ്ഞുനില്ക്കുന്നത് പാവപ്പെട്ടരോ, അതോ പണക്കാരോ?
അടുത്തു പരിചയപ്പെട്ട രണ്ടു മറുനാടന് തൊഴിലാളികളുണ്ട്. ഒരാള് ഇഷ്ടികക്കളത്തില്വച്ചു കണ്ട പത്തുവയസ്സുള്ള മഹീന്ദ്രയെന്ന തമിഴ്ബാലനാണ്. മഞ്ഞപ്പിത്തം പിടിച്ചിട്ടും വെയിലത്ത് പണിതുകൊണ്ടിരുന്നു അവന്. വളരെ നിര്ബന്ധിച്ചിട്ടാണ് അതൊന്നു നിര്ത്തിയത്. ഒരിക്കല് ഇഷ്ടിക ചുമക്കുമ്പോള്, ആ കുഞ്ഞ് ഓടിവന്ന് ഒരു പഴം തന്നു. പിന്നീട് വീട്ടില് കൊണ്ടുപോയി ഭക്ഷണവും. മറ്റേയാള് ഒറീസായില്നിന്നുള്ള ഒരു 18 വയസ്സുകാരനാണ്. പരിചയപ്പെടുമ്പോള് ആശുപത്രിയിലായിരുന്നു അയാള്. പണിക്കിടയില് കൈയറ്റുപോയിരുന്നു. ആശ്വസിപ്പിക്കാന് വാക്കുകള് കിട്ടാതെ വിഷമിച്ചപ്പോള്, അയാള് എന്നോടു പറഞ്ഞു: "പോകാനുള്ളതു പോയി. പോട്ടെ." നൂറുകൊല്ലം ധ്യാനിച്ചാലും ഇത്രയും നിര്മ്മമതയോടെ ജീവിതത്തെ കാണാന് എനിക്കാവില്ല. എത്ര പെട്ടെന്നാണ് അയാള്ക്കു ചിരിക്കാനായതെന്നോ. ഇന്നയാള് സ്വന്തം നാട്ടില് ഒരു കട നടത്തുകയാണ്.
മുത്തങ്ങയില് ആദിവാസികള് ഭൂമി കൈയേറിയതിനെ തുടര്ന്ന് 'നാട്ടുകാര്' അവരെ തല്ലിയതായി വാര്ത്തകള് വന്നിരുന്നു. ആരാണ് ഈ 'നാട്ടുകാര്'? ആരുടേതാണ് ഈ നാട്? ഇവിടുത്തെ മലയാളിയുടെയും മറുനാടന് തൊഴിലാളിയുടെയും ആദിവാസിയുടേതുമാണ് ഈ നാട്. സമഭാവനയും ആദരവുമാണ് നമ്മെ ഭരിക്കേണ്ടത്. ഹൃദയങ്ങള് മനുഷ്യപ്പറ്റുള്ളതാകാത്തിടത്തോളം കാലം ഈ നാട് ദൈവത്തിന്റെ സ്വന്തം നാടാകില്ല, തീര്ച്ച.