ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Nov 3
ആഗോളവത്ക്കരണത്തെ വിലയിരുത്തുമ്പോള്‍ അതിന്‍റെ സാമ്പത്തികവശങ്ങളും മാനങ്ങളും മാത്രമാണ് പലപ്പോഴും വിലയിരുത്തപ്പെടുക. സാമ്പത്തികമായ പ്രത്യാഘാതങ്ങള്‍ക്കൊപ്പം, സാമ്രാജ്യത്വരാജ്യങ്ങള്‍ വളരെ വിദഗ്ദ്ധമായി നടത്തിക്കൊണ്ടിരുന്ന സാംസ്കാരിക അധിനിവേശങ്ങളും പഠനവിധേയമാക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ഇന്ത്യപോലെയുള്ള മൂന്നാം ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കുന്ന തരത്തിലാണ് ആഗോളവത്ക്കരണത്തിലധിഷ്ഠിതമായ സാംസ്കാരിക കടന്നാക്രമണങ്ങള്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. സ്വഭാവികമായും ഇത്തരം കടന്നാക്രമണങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ സമൂഹത്തിന്‍റെ ഓരങ്ങളിലേയ്ക്കു മാറ്റിനിര്‍ത്തപ്പെട്ടവരായ ദളിതര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് ഒരിക്കലും മുന്നേറാന്‍ ആകാത്ത അവസ്ഥ സൃഷ്ടിക്കാന്‍ ആഗോളവല്‍ക്കരണത്തിനു കഴിയുന്നു. ദളിതരില്‍ ദളിതരും പീഡിതരില്‍ പീഡിതരും തൊഴിലാളികളില്‍ തൊഴിലാളികളും ആയ സ്ത്രീകള്‍ക്കു തന്നെയാണ് ഇതേറ്റവും ദോഷകരം.
ആഗോളവത്ക്കരണ സാമ്പത്തിക നയം നിലനില്‍ക്കണമെന്നും വിജയിക്കണമെന്നും ആഗ്രഹിക്കുന്നത് വന്‍കിട രാജ്യങ്ങളും ബഹുരാഷ്ട്രകുത്തകകളും ആണ്. ബഹുരാഷ്ട്രകുത്തകകള്‍ ആകട്ടെ ഉയര്‍ത്തിപ്പിടിക്കുന്നത് ഉപഭോഗസംസ്കാരം ആണ്. മനുഷ്യര്‍ക്കു ദൈനംദിന ജീവിതത്തില്‍ ഒരിക്കലും ആവശ്യമില്ലാത്തതോ അനിവാര്യമില്ലാത്തതോ ആയ സാധനങ്ങള്‍ വാങ്ങിപ്പിക്കുക എന്നതാണീ കുത്തകകളുടെ തന്ത്രം. അവര്‍ക്കു ലാഭം ഉണ്ടാക്കുന്നതിന് ഇതു ഒഴിച്ചു കൂടാനാകാത്തതും ആണ്. എന്നാല്‍ ഇത്തരത്തില്‍ ഓരോ പൗരനും വ്യക്തിയും 'ഉപഭോക്താവ്' ആയിരിക്കുക എന്നതാണ് അവരുടെ ആവശ്യം. ഉപഭോക്താവ് ആകണമെങ്കില്‍ അവര്‍ ഒരു പ്രത്യേക ജീവിതശൈലി അവലംബിച്ചേ മതിയാകൂ. വീട്ടുമുറ്റത്തു കിട്ടുന്നവകൊണ്ട് ജീവിതം സുരഭിലമാകുന്ന പഴയഗ്രാമീണ ജീവിതം ഉപഭോഗസംസ്കാരത്തിന്‍റെ വക്താക്കള്‍ തകര്‍ത്തു കഴിഞ്ഞു. വീട്ടുമുറ്റത്തെ ഇലയും തണ്ടും വെട്ടിക്കളഞ്ഞ് അന്യരാജ്യങ്ങളില്‍ നിന്നിറക്കുമതി ചെയ്യുന്ന ക്യാരട്ടും ക്യാബേജും ആണിന്ന് നമ്മുടെ കുഗ്രാമങ്ങളില്‍പോലും അടുക്കളയില്‍ ഉപയോഗിക്കുന്നത്. ഇത് ഒരു ജീവിതശൈലിയെ തന്നെ തകിടംമറിക്കല്‍ ആയിരുന്നു.
റേമണ്ട് വില്യംസ് എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ പറയുന്നത് സംസ്കാരം എന്നത് 'ജീവിതരീതി'യാണെന്നാണ്. ഇതനുസരിച്ചു നോക്കുമ്പോള്‍ ആഗോളവത്ക്കരണം എങ്ങനെയാണ് ഉപഭോഗസംസ്കാരത്തിന്‍റെ വക്താക്കളും ഇരകളും ആക്കി നമ്മെ മാറ്റിയതെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഉപഭോഗസംസ്കാരത്തിന്‍റെ ഏറ്റവും പ്രധാന പ്രത്യേകത അതു ശരീരകേന്ദ്രീകൃതമാണെന്നതാണ്. ശരീരത്തെ മാത്രമാണ് ഈ സംസ്കാരം കണക്കിലെടുക്കുന്നത്. ഇന്നത്തെ പുരുഷാധിപത്യവ്യവസ്ഥയില്‍ ഇത് ഏറ്റവും കൂടുതല്‍ അപകടകരമായി ബാധിക്കുന്നത് സ്ത്രീകളേയുമാണ്. 'സ്ത്രീ=ശരീരം' എന്ന സമവാക്യം ഉപഭോഗസംസ്കാരം ഊട്ടി ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു. ബഹുരാഷ്ട്ര കുത്തകകളെയും അവയുടെ പ്രചാരകരായ പരസ്യങ്ങളെയും ഉപയോഗിച്ചുകൊണ്ട് കൂടുതല്‍ കൂടുതല്‍ ശക്തമായ സ്ത്രീ, 'ശരീര' മാണെന്ന് നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. 'പ്രലോഭനീയമായ ഒരു മധുരപലഹാരം' പോലെ സ്ത്രീശരീരത്തെ മാധ്യമങ്ങള്‍ തന്നെ ചിത്രീകരിക്കുന്നു. സ്ത്രീയെ 'ചരക്ക്' ആക്കി മാറ്റുക എന്നത് ഉപഭോഗസംസ്കാരത്തിന്‍റെ, അഥവാ ആഗോളവല്‍ക്കരണത്തിന്‍റെ വിജയത്തിന് അത്യാവശ്യമാണ്. സ്ത്രീയെ ഒരു വ്യക്തിയായിപ്പോലും അംഗീകരിക്കുന്നില്ലെന്ന് പരസ്യങ്ങള്‍ പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ നേട്ടത്തെ പൂര്‍ണമായും പിന്നോട്ടടിക്കുകയാണിപ്പോള്‍ ആഗോളവത്ക്കരണം ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീ അലങ്കാരവസ്തു മാത്രമായി, വീട്ടുപകരണങ്ങളില്‍ ഒന്നു മാത്രമായി, സോപ്പുപൊടിയെ കുറിച്ചുമാത്രം ചിന്തിച്ചു ജീവിക്കുന്നവളായി മാറണമെന്നതാണ് ആഗോളവത്ക്കരണത്തിന്‍റെ വക്താക്കള്‍ ആഗ്രഹിക്കുന്നത്. ഇതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ് സൗന്ദര്യമത്സരങ്ങള്‍. കഴിഞ്ഞ പല തവണകളായി ലോകസുന്ദരികള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യാക്കാര്‍ ആണെന്നതില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ആഹ്ലാദിക്കുന്നത് നാം കാണുന്നുണ്ട്. മറ്റു പല കാര്യങ്ങളിലും പിന്നില്‍ ആണെങ്കിലും സുന്ദരിമാരുടെ കാര്യത്തില്‍ നാം ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം 'തല ഉയര്‍ത്തി' നില്‍ക്കുന്നതില്‍ പലരും അഭിമാനപുളകിതരായി. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം? ഇന്ത്യയെ സൗന്ദര്യവര്‍ധകവസ്തുക്കളുടെ പ്രധാന കമ്പോളമാക്കി മാറ്റുക എന്ന ലക്ഷ്യമായിരുന്നു നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യറാണിപ്പട്ടം നല്‍കിയതിനു പിന്നിലെന്നു വ്യക്തമായിരുന്നു. എന്നാല്‍ ഈ സാമ്പത്തിക ലക്ഷ്യം സാധ്യമാകണമെങ്കില്‍ സൗന്ദര്യമത്സര സംസ്കാരം നമ്മുടെ സമൂഹം അംഗീകരിച്ചേ പറ്റൂ. മാറുന്ന കാലത്തിനനുസരിച്ച് കോലം മാറണ്ടേ എന്ന് നമ്മുടെ പരമ്പരാഗതസമൂഹത്തെ കൊണ്ടുപോലും പറയിക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞു. വളരെ മുമ്പുമുതല്‍ ചില വനിതാ കോളേജുകളില്‍ സുന്ദരിമത്സരം നടന്നിരുന്നെങ്കിലും ഇപ്പോഴുള്ള തരത്തില്‍ ഏതെങ്കിലും കുത്തക സ്പോണ്‍സര്‍ ചെയ്ത് മുഴുവന്‍ മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തില്‍ ഉണ്ടായിരുന്നില്ല. ഈ വ്യവസായ തന്ത്രം തിരിച്ചറിയപ്പെടുന്നില്ലെന്നു മാത്രമല്ലാ ഓരോ പെണ്‍കുട്ടിയും സ്വയം അലങ്കാരപാവയായി കരുതുന്ന അശ്ലീല സംസ്കാരവും നമ്മുടെ നാട്ടില്‍ പ്രബലമായി തുടങ്ങി. സൗന്ദര്യം എന്നത് 'സൃഷ്ടിക്കാന്‍' കഴിയുന്ന ഒന്നാണെന്ന മൂഢവിശ്വാസത്തിനു പിന്നാലെ നമ്മുടെ പെണ്‍കുട്ടികളെ അണിനിരത്താനും കഴിയുന്നു.ആഗോളവത്കരണത്തിന്‍റെ ഭാഗമായുണ്ടായ പ്രത്യക്ഷത്തിലുള്ള മാറ്റമാണിത്. ഇത്തരത്തില്‍ സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഭക്ഷണരീതിയിലും വസ്ത്രധാരണരീതിയിലും ലൈംഗികശീലങ്ങളിലും ഈ മാറ്റം സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും.
ആഗോളവത്ക്കരണം പറഞ്ഞുവയ്ക്കുന്നത് ലോകം ഒരു ഗ്രാമം ആണെന്നാണല്ലോ. വളരെ കാല്‍പ്പനികമായ സങ്കല്പം ആണിത്. എന്നാല്‍ ആഗോളഗ്രാമത്തില്‍ തനത് സംസ്കാരങ്ങള്‍ക്കിടമില്ലാതാകുകയാണ്. പ്രാദേശിക ഭാഷയ്ക്കോ ജീവിതത്തിനോ പ്രസക്തി ഇല്ലാതാകുകയാണ്. ഏകമുഖമായ ആഗോളസംസ്കാരം പൂര്‍ണമായും അമേരിക്കന്‍ ആധിപത്യത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കുമ്പോള്‍ മറ്റെല്ലാം തകര്‍ന്നടിയുന്നു. ഈ ഏകമുഖ സംസ്കാരം ഒരിക്കലും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു ഗുണകരമാവില്ല. എല്ലാ നാട്ടുകാരും ഭാഷക്കാരും ബഹുരാഷ്ട്ര കമ്പനികള്‍ ഉണ്ടാക്കുന്ന ഒരേതരം വസ്ത്രം ധരിക്കണമെന്നും പായ്ക്കറ്റില്‍ കിട്ടുന്ന ഒരേതരം ഭക്ഷണം കഴിക്കണമെന്നും പ്ലാസ്റ്റിക്കുപ്പിയിലെ വെള്ളം കുടിക്കണമെന്നും ആണ് അവര്‍ ആഗ്രഹിക്കുന്നത്, എങ്കില്‍ മാത്രമേ അവര്‍ക്കു ലാഭം ഉണ്ടാകൂ. ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ മൂന്നാം ലോകരാജ്യത്തിലെ സ്ത്രീകള്‍ 'ഇരകള്‍' ആകുന്നു. ആഗോളവത്ക്കരണം സ്ത്രീയ്ക്ക് സമൂഹത്തില്‍ ലഭിക്കേണ്ട പദവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും ദുര്‍ബലമാക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഈ അവസ്ഥ കൂടുതല്‍ ശക്തമാക്കുന്ന പ്രധാന ഘടകമായി പ്രവര്‍ത്തിക്കുന്നു.
പ്രാദേശികമായ ജീവിതരീതികളില്‍ നിന്നകന്ന് നമ്മുടെ സ്വീകരണമുറികളില്‍ എത്തുന്ന ഏതോ അന്യസംസ്കാരം സ്വന്തമാക്കാന്‍ ബുദ്ധിമുട്ടുന്ന പുതിയ തലമുറയ്ക്ക് സ്ത്രീ ഒരു വസ്തു മാത്രമായി തീരുന്നതില്‍ അത്ഭുതമില്ലല്ലോ. പുരോഗമനപരമായി ചിന്തിക്കുന്നവരും മനുഷ്യാവകാശങ്ങളെ കുറിച്ച് ഘോരമായി പ്രസംഗിക്കുന്നവരും സ്ത്രീകളുടെ കാര്യം വരുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെയാണ് സാക്ഷരതയിലും ആരോഗ്യത്തിലും മുന്നില്‍ ആയിട്ടും കേരളത്തിലെ സ്ത്രീക്കു നേരെപോലും അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ബസിനുള്ളിലും തിയേറ്ററിലും നടക്കുന്ന കടന്നാക്രമണങ്ങള്‍ ഉപഭോഗസംസ്കാരത്തിന്‍റെ ഭാഗമായുണ്ടാകുന്നതാണെന്ന് കാണാതിരിക്കാന്‍ ആവില്ല. ആഗോളവത്ക്കരണ സാമ്പത്തികനയങ്ങള്‍ മൂലം തൊഴില്‍ നഷ്ടപ്പെടുകയും കൂടുതല്‍ സംരക്ഷിതരാകുകയും ചെയ്യുന്ന സ്ത്രീകള്‍ കൂടുതലായി അതിക്രമങ്ങള്‍ക്കിരയാകുന്നു.
ആഗോളവത്ക്കരണത്തെ ചെറുക്കേണ്ടത് സ്ത്രീകള്‍ ആണെന്നു പറയുന്നതും ഇതുകൊണ്ടാണ്. ഇതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളെ ആണെങ്കിലും അതിലും ഏറെയായി സാംസ്കാരിക കടന്നാക്രമണങ്ങളെ ചെറുക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ സാംസ്കാരിക മുന്നേറ്റമാണ് കാലഘട്ടത്തിന്‍റെ ആവശ്യം എന്നു പറയുന്നതിന്‍റെ കാരണവും മറ്റൊന്നുമല്ല.