

'ഹവ്വ പാപം ചെയ്തു'; 'പാപം സ്ത്രീയിലൂടെ വന്നു' എന്നും മറ്റുമുള്ള പ്രസ്താവനകൾ തിരുവചനത്തിൽത്തന്നെ സാധാരണമാണ്. എന്നാൽ, അടുത്തുനിന്ന് നോക്കുമ്പോൾ, സ്വാതന്ത്ര്യത്തിൻ്റെ ഉപയോഗത്തിൽ പിഴവുവന്നുപോയതായിരുന്നു പാപം എന്നുതിരിച്ചറിയുമ്പോൾ, അപകടകരമായതുപോലും പരീക്ഷിക്കാനുള്ള, സാഹസികമാകാനുള്ള, പുതിയ അറിവ് തേടാനുള്ള, കൂടുതൽ സർഗ്ഗാത്മകമാകാനുള്ള, എൻ്റർപ്രൈസിങ് ആവാനുള്ള, ദിവ്യതയെ പ്രാപിക്കാനുള്ള - ചോദന പുരുഷനെക്കാൾ സ്ത്രീയിൽ പ്രകടമാകുന്നു എന്നതാണ് ഹവ്വയിലൂടെ ബൈബിൾ വെളിപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആദ്യചുവടുകൾ പിഴച്ചു എന്നേയുള്ളൂ. വീണിട്ടാണല്ലോ മനുഷ്യകുലം നടക്കാൻ പഠിക്കുന്നത്.
മറിയത്തിലും അതേ ചോദനതന്നെയാണ് ബൈബിളിലൂടെ നമുക്ക് വെളിപ്പെട്ടുകിട്ടുന്നത്. മറിയവും അതേ അന്വേഷണമാണ് നടത്തുന്നത്. അതേ സാഹസികത മറിയത്തിലും പ്രകടമാണ്. കുറുക്കുവഴികളിലൂടെ തന്നിലേക്ക് ഒതുങ്ങിക്കൊണ്ടല്ല, എന്നുമാത്രം. അധ്വാനത്തിലൂടെ, വിയർപ്പിലൂടെ, അലച്ചിലിലൂടെ, എളിമയിലൂടെയാണ് അവൾ തനിക്ക് വെളിയിൽ കടക്കുന്നത്. മാനവകുലത്തിൻ്റെ മുന്നോട്ടുള്ള എല്ലാ കുതിപ്പും സ്ത്രീയിൽ ആണ് ഉടലെടുക്കുന്നത്.
മനുഷ്യർ ആദ്യം ഭൗതികരാണ്. ഭൗതികർ വളർന്നോ പരിണാമിച്ചാേ ആണ് ആത്മീയരുണ്ടാകുന്നത് എന്നും പൗലോസിൻ്റെ ഭാഷ്യത്തെ വായിച്ചെടുക്കാം.
മണവാട്ടി
പ്രപഞ്ചം മുഴുവൻ ഒരു ഉപമയാണ്. അഥവാ നമുക്കു ചുറ്റും, പ്രപഞ്ചം മുഴുവനിലും ഉപമകൾ മാത്രമാണുള്ളത്. ബൈബിൾ ആദിമദ്ധ്യാന്തം ഉപമകളാൽ സമൃദ്ധമാണ്. അവയിൽ സാരവത്തായ ഒരു ഉപമയത്രേ മണവാളനും മണവാട്ടിയുമെന്നത്. മനുഷ്യകുലമാണ് മണവാട്ടി. ദൈവം മണവാളനും. പ്രേമനും പ്രേമിയും! അവർക്കിടയിലുള്ളത് പ്രേമമാണ് - പ്രേമം മാത്രം.
തിരുസഭ ക്രിസ്തുവിൻ്റെ മണവാട്ടിയാണത്രേ! ഭർത്താവിനായി അണിഞ്ഞൊരുങ്ങിയ സ്വർഗ്ഗീയ ജറൂസലേം എന്ന വിശുദ്ധനരമാണ് വെളിപാടു ഗ്രന്ഥത്തിൻ്റെ കേന്ദ്ര ബിന്ദു.
"ആനന്ദിക്കുക പ്രിയ പുത്രീ
ആത്മവിഭൂഷിത മണവാട്ടീ,
നിന്നെയിതാ ത ിരുമണവാളൻ
മണവറയിങ്കൽ നയിച്ചല്ലോ" എന്ന സീറോ-മലബാർ സഭയുടെ വിവാഹാശീർവാദ ഗാനം സത്യത്തിൽ ആ കൂദാശയിൽ വിവാഹിതയാകുന്ന വധുവിനെക്കുറിച്ചല്ല, മറിച്ച് ക്രിസ്തുവിൻ്റെ മണവാട്ടിയെക്കുറിച്ചാണല്ലോ.
ഞാനും നിങ്ങളും ഏവരുമടങ്ങുന്ന മനുഷ്യാത്മാവ് എന്ന വധുവിൻ്റെ മൂർത്തതയാണവൾ!
അമ്മ
ചരിത്രത്തിൽ ഏറെ സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടം നല്കിയ പദമായിരുന്നു 'അമ്മ'. അവൾ യേശുമാതാവുമാത്രമാണെന്ന് ഒരു കൂട്ടർ. അല്ല, മനുഷ്യനായ ദൈവത്തിൻ്റെ മാതാവുതന്നെയവൾ എന്ന് മറുഭാഗം. ക്രിസ്തു - മർത്ത്യൻ ദൈവവും ദൈവം മർത്ത്യനുമായ ഏക വ്യക്തി. അവനിൽ ദൈവത്തെയും മർത്ത്യനെയും പിളർക്കുക അസാധ്യമാണ്. അതിനാൽ, ദൈവമാതാവാകുന്നു, ഒരേയൊരുവൾ - മറിയം.
അവൾ എല്ലാ ആനന്ദങ്ങളുടെയും വ്യാകുലങ്ങളുടെയും മഹത്ത്വങ്ങളുടെയും മാതാവാണല്ലോ - സർവ്വ ജീവജാതികളുടെയും മാതാവ്!
റാണി
നാടകീയമായ ഗതിവിഗതികളിലൂടെ - വിശ്വാസത്തിലൂടെ, ശരണത്തിലൂടെ, ഉപവിയിലൂടെ, വിനയത്തിലൂടെ, ലോകത്തിനും പിശാചിനും മാംസത്തിനും മേലുള്ള വിജയത്തിലേക്ക് അവളെ കൊണ്ടുചെന്നെത്തിക്കുന്നത് ശക്തനായവൻ തന്നെയത്രേ - അവളെ കൃപാപൂരിതയാക്കിയ പ്രപഞ്ചനാഥൻ.
"കർത്താവിൻ്റെ ദാസ"ൻ്റെ മനോഭാവവും ശരീരഭാഷയും തന്നെയാണ് "കർത്താവിൻ്റെ ദാസി"യുടേതും: തിരിച്ചും!
മാതൃമാർഗ്ഗമായിരുന്നു പുത്രന്റെ മാർഗ്ഗം: പുത്രമാർഗ്ഗമായിരുന്നു അവളെന്ന ശിഷ്യയുടെ മാർഗ്ഗവും.
സംശയലേശമെന്യേ ശരിയെന്ന് തെളിയിക്കപ്പെട്ട ഏക മാർഗ്ഗം. അത് തെളിയിച്ചതവളാണ്.
ഭൂമി പൂത്തവളവൾ. മണ്ണിൻ്റെ പുഷ്കലത. മാംസത്തിൻ്റെ മഹത്ത്വം!
സ്വർണ്ണക്കിരീടമല്ല, ഭൂമിയിലെ പുഷ്പ-ഫല-ധാന്യ-സൗഗന്ധികങ്ങളും ഔഷധികളും കൊരുത്തുമെടഞ്ഞ മകുടമാവണം അവളിൽ ദൈവപുത്രൻ ചാർത്തിയിരിക്കുക.
സൃഷ്ടിയുടെ സോപ ാന മുഹൂർത്തം. അവളെ മകുടമണിയിക്കുമ്പോഴും മഹത്ത്വവാനായ അവളുടെ പുത്രൻ അതുല്യമായ വിനയത്തോടും ആദരവോടും സ്നേഹത്തോടും കൂടിയാവും അത് ചെയ്യുന്നത്.
എല്ലാ ജനതകൾക്കും വേണ്ടി മാധ്യസ്ഥ്യം വഹിച്ചുകൊണ്ട് - അഥവാ തന്നിലേക്കും തന്നിലൂടെ പുത്രനിലേക്കും പുത്രനിലൂടെ പരിശുദ്ധമായ മഹാസത്തയിലേക്കും മാനുഷ്യകത്തെ സ്വരൂപിക്കാനും സമന്വയിപ്പിക്കാനും നിത്യോദയത്തിലായിക്കുന്നു അവളിന്ന്.
ജനനം, നവീകരണം, മരണം, മഹത്ത്വം, സർവ്വ സൃഷ്ടികളോടുമുള്ള ഐക്യം എന്നീ ക്രിസ്തീയ രഹസ്യങ്ങളുടെ പൂർത്തീകരണമായി ഭവിച്ചിരിക്കുന്നു അവൾ.
ദൈവത്തിൻ്റെ പുത്രിയും വധുവും മാതാവുമായി അവൾ മാനവകുലത്തിൻ്റെ പ്രതിനിധാനമായിരിക്കുന്നു!
മഹത്ത്വപൂർണ്ണയായ ലോകനാഥ!





















