

വി. മത്തായിയുടെ സുവിശേഷത്തില്‍ 9-ാം അധ്യായത്തിലും വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ 5-ാം അധ്യായത്തിലും വി. ലൂക്കായുടെ സുവിശേഷത്തില്‍ 8-ാം അധ്യായത്തിലും ആണ് നാം ഈ സ്ത്രീയെ കണ്ടുമുട്ടുന്നത്.
ഈ ഭാഗങ്ങളിലൂടെ സൂക്ഷ്മമായി കടന്നുപോകുമ്പോള്‍ ഇവള്‍ നടത്തുന്നത് മോഷണമല്ലേ എന്നൊരു സംശയം മനസ്സില്‍ തോന്നുന്നു. അതിന് ചില കാരണങ്ങള്‍ ഉണ്ട്.
തന്നില്‍ നിന്ന് ശക്തി പുറപ്പെട്ടതറിഞ്ഞ ക്രി സ്തു തിരിഞ്ഞ് നിന്ന് ആരാണ് തന്നെ സ്പര്‍ശിച്ചതെന്ന് ചോദിക്കുമ്പോള്‍ അവള്‍ ഭയന്നു വിറയ്ക്കുന്നു. അത്രമാത്രം ഭയന്ന് വിറയ്ക്കാന്‍ അവള്‍ എന്ത് തെറ്റാണ് ചെയ്തത്? വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചത് അത്ര വലിയ തെറ്റാണോ? ഒരു ജനക്കൂട്ടം അവനെ തിക്കിഞെരുക്കുന്നുണ്ടായിരുന്നല്ലോ. യേശുവില്‍ നിന്ന് ശക്തി പുറപ്പെട്ടത് അവളുടെ തെറ്റായിരുന്നോ. പിന്നെ എന്തേ അവള്‍ ഭയപ്പെട്ടു? എന്താണ് അവളുടെ ഉള്ളില്‍ ഉണ്ടായിരുന്ന ആ കള്ളത്തരം? ഇതാണ്, അവള്‍ നടത്തിയത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് നടത്തിയ മോഷണമാണെന്ന് കരുതാന്‍ കാരണം. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളും നമുക്ക് സുവിശേഷത്തില്‍ കണാന്‍ കഴിയും.
വചനം പറയുന്നു 'അവള്‍ പിന്നിലൂടെ വന്നു'. ബൈബിള്‍ അവള്‍ എതിലേ വന്നു (എവിടെ നിന്ന് വന്നു) എന്ന് ഇത്ര പ്രാധാന്യത്തോടെ പറയാന്‍ കാരണം ഇവള്‍ നടത്തുന്നത് മോഷണമാണെന്ന് സൂചിപ്പിക്കാനല്ലേ. വചനം പറയുക വസ്ത്രത്തില്‍ സ്പര്‍ശിച്ചു എന്നല്ല മറിച്ച് വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു എന്നാണ്. ഈ വിളുമ്പിന് അത്ര പ്രാധാന്യം കൊടുത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വിളുമ്പില്‍ സ്പര്‍ശിച്ചാല്‍ ആരറിയാനാണ്. അതുകൊണ്ട് തന്നെ ഈശോ അറിയാതിരിക്കാന്‍ മനപ്പൂര്‍വ്വം അവള്‍ വസ്ത്രത്തിന്‍റെ വിളുമ്പില്‍ സ്പര്‍ശിച്ചു എന്നതാണ് അനുമാനം.
ജനക്കൂട്ടം അവനെ തിക്കിഞെരുക്കുന്നുണ്ടായിരുന്നു. പോക്കറ്റടിച്ചാല്‍പ്പോലും അറിയാത്ത സാഹചര്യം. ഈശോ അറിയാതിരിക്കാന്‍ അവള്‍ മനപ്പൂര്‍വ്വം ഈ സാഹചര്യം തിരഞ്ഞെടുത്തതാകാം.
കള്ളത്തരം കൈയ്യോടെ പിടിച്ചതില്‍ ആണ് അവള്‍ക്ക് ദുഃഖം. പ്രതികരണമെന്തെന്ന് ഓര്‍ത്തായിരിക്കണം ഭയപ്പെട്ടത്. ഇനി ഇതിന്‍റെ പശ്ചാത്തലം പരിശോധിക്കാം.
രക്തസ്രാവമുള്ള ഒരു സ്ത്രീ യഹൂദ പാരമ്പര്യമനുസരിച്ച് അശുദ്ധയാണ്. (ലേവ്യര്‍ 15:19-27). അവള്‍ ആരെയെങ്കിലും സ്പര്‍ശിച്ചാലോ അവളെ ആരെങ്കിലും സ്പര്‍ശിച്ചാലോ അവരും അശുദ്ധരാകും. യഹൂദമതത്തിലെ ഗുരുവായ ഈശോയുടെ അടുക്കല്‍ വരാനോ സൗഖ്യത്തിനായി യാചിക്കാനോ, തന്‍റെ അശുദ്ധി മൂലം, അവള്‍ മടിച്ചിട്ടുണ്ടാകണം. അതുകൊണ്ടാകണം ഈശോ അറിയാതെ വസ്ത്രത്തില്‍ തൊട്ട് സൗഖ്യം സ്വന്തമാക്കാന്‍ അവള്‍ തീരുമാനിച്ചത്. ഈശോ അറിഞ്ഞപ്പോള്‍ അവള്‍ ഭയന്നു വിറയ്ക്കാന്‍ കാരണവും ഈ 'അശുദ്ധി' തന്നെ ആകണം.
നീണ്ട 12 വര്‍ഷങ്ങള്‍ രക്തസ്രാവം മൂലം വേദനിച്ചിരുന്ന ഒരു സ്ത്രീ. പല വൈദ്യന്മാരുടെ അടുത്തുപോയി ചികിത്സിച്ചിട്ടും, കൈവശമുള്ളത് മുഴുവന്‍ ചിലവഴിച്ചിട്ടും, അസുഖത്തിന് യാതൊരു കുറവുമില്ലാതെ കഷ്ടപ്പെട്ടിരുന്നവള്‍. ഇവയ്ക്ക് പുറമെ നിയമം മൂലം 'അശുദ്ധ' എന്ന് മുദ്രകുത്തപ്പെട്ടവള്‍. കുറ്റവാളിയെപ്പോലെ തന്‍റെ മുമ്പില്‍ നില്‍ക്കുന്ന അവളെ ഈശോ വിളിക്കുന്നത് 'മകളേ' എന്നാണ്. "നീ എനിക്ക് അശുദ്ധയല്ല. മകളാണ്... മകള്‍ !". വേദനയോടെ നിന്നിരുന്ന അവളുടെ ഹൃദയത്തിലേക്ക് ക്രിസ്തുവിന്‍റെ സ്നേഹം പെയ്തിറങ്ങുകയായിരുന്നു.
അശുദ്ധയെന്നും അയോഗ്യയെന്നും കരുതി മാറി നിന്നവളെ കര്‍ത്താവ് വിളിക്കുന്നത് മകളേ എന്നാണ്. ആര്‍ക്കാണ് അവിടുത്തെ മുമ്പില്‍ വരാന്‍ അയോഗ്യത. ആരാണ് അവിടുത്തെ മുമ്പില്‍ വരാന്‍ കഴിയാത്ത വിധം അശുദ്ധര്‍.
ഈ വചനഭാഗം നമുക്ക് തരുന്ന മറ്റൊരുറപ്പ് കൂടെ ഉണ്ട്. അവിടുത്തെ നേരെ നീട്ടുന്ന കൈകളും അവിടുത്തേയ്ക്ക് വേണ്ടി ദാഹിക്കുന്ന ഹൃദയവും ഈശോ കാണാതെ പോകില്ല. മിഴിനീരൊഴുക്കുന്ന കണ്ണുകള്‍ക്കും, നീട്ടിയ കരങ്ങള്‍ക്കും മുമ്പില്‍ ക്രിസ്തു നില്‍ക്കും. എന്നിട്ട് പറയും... മകനേ മകളേ സമാധാനമായിരിക്കുക എന്ന്.
രക്തസ്രാവക്കാരിയുടെ സൗഖ്യം - ഒരന്വേഷണം
ബ്ര. ജോസ് ജോര്‍ജ്ജ്
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















