

മൂന്നുപതിറ്റാണ്ടു മുമ്പ് ഞാനടക്കം പ്രവർത്തിച്ചിരുന്ന മാസികയിൽ "നാടുകടത്തപ്പെടുന്ന ഗ്രാമങ്ങൾ" എന്ന ഒരു കവർ സ്റ്റോറി ചെയ്തിരുന്നു. എന്നോളം പ്രായമുണ്ട് ആ വാക്കിന് എങ്കിലും, gentrification - ജെൻട്രിഫിക്കേഷൻ എന്ന പദം അക്കാലത്ത് എനിക്കറിവുണ്ടായിരുന്നില്ല. സമ്പത്തുള്ളവർ വലിയ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും കുടിയേറുകയും തലമുറകളായി അവിടങ്ങളിൽ ജീവിച്ചിരുന്ന പാവങ്ങളായ മനുഷ്യർ അവിടെ നിന്ന് വിളുമ്പുകളിലേക്ക് നീങ്ങുകയും ചെയ്യുന്ന പ്രവണതയാണ് ജെൻട്രിഫിക്കേഷൻ എന്നതിൻ്റെ അടിസ്ഥാനം. അതോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊന്നാണ് 'റൂറൽ ഫ്ലൈറ്റ്' - അഥവാ, ഗ്രാമം വിട്ടോടൽ. ഇന്ന് ലോകമെമ്പാടും ഗ്രാമം വിട്ടോട്ടൽ വർദ്ധിതമായ അനുപാതത്തിലാണ് സംഭവിക്കുന്നത്. ഗ്രാമങ്ങൾ മിക്കവാറും ആൾപ്പാർപ്പ് ഒഴിയുകയും അതോടെ, അവിടങ്ങളിലെ തൊഴിൽ സംരംഭങ്ങൾ ഒന്നൊന്നായി അടയുകയും, പല അടിസ്ഥാന ജീവിത സംവിധാനങ്ങളും പിർവലിക്കപ്പെടുകയും, ശേഷിക്കുന്നവർക്ക് ജീവിതം ചെലവേറിയതും, അതിനാൽത്തന്നെ ക്ലേശകരവും ആയി മാറുകയുമാണ്.
ലോകത്തിൻ്റെ പല ഭാഗത്തും, പ്രത്യേകിച്ച് മലമ്പ്രദേശങ്ങളിലെയും ചെറു ദ്വീപുകളിലെയും ഗ്രാമങ്ങൾ ജനവാസമില്ലാതായി കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന ഉത്പാദന മേഖലകളായ കൃഷി, കന്നുകാലി വളർത്തൽ, മത്സ്യബന്ധനം, ഖനനം എന്നിവ മെല്ലെ മന്ദീഭവിക്കുകയും പ്രസ്തുത മേഖലകളൊക്കെയും
ബൃഹത്തായ രീതിയിൽ യന്ത്രവല്ക്കരണം ചെയ്യാൻ കഴിവുള്ള വൻകിടക്കാർ കൈയ്യടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിനു പുറമേയാണ് ആഗോളവല്ക്കരണത്തിൻ്റെ ഭാഗമായി വൻതോതിൽ കുടിയേറ്റം ഉണ്ടാകുന്നത്. അടുത്ത കാലത്തായി ലോകമെമ്പാടും സംഭവിക്കുന്ന പ്രവണത ശ്രദ്ധിച്ചാൽ - പ്രത്യേകിച്ചും ഐക്യരാഷ്ട്ര സംഘടനയുടെ 2024 ലെ കുടിയേറ്റ റിപ്പോർട്ടനുസരിച്ച് മുൻകാല കുടിയേറ്റ പ്രവണതകൾക്ക് മന്ദീഭാവം സംഭവിക്കുകയും പുതിയ കുടിയേറ്റ പ്രവണതകൾക്ക് ആക്കം കൂടുകയും ആണ് എന്നു കാണാം. മുമ്പ് ഏഷ്യൻ - തെക്കേ അമേരിക്കൻ രാജ്യങ്ങളുടെ ലക്ഷ്യസ്ഥാനരാജ്യമായിരുന്നു അമേരിക്കൻ ഐക്യനാടുകളിലെങ്കിൽ മേല്പറഞ്ഞ രാജ്യക്കാർക്ക് കുടിയേറ്റം കൂടുതൽ ദുഷ്ക്കരമാക്കാൻ ഉദ്ദേശിച്ചുള്ള നയങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടതുമൂലം അവിടങ്ങളിൽ നിന്നുള്ള കുടിയേറ്റം മന്ദീഭവിക്കുകയും, പകരം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കുടിയേറ്റം വർദ്ധിതമാവുകയും ചെയ്തിട്ടുണ്ട്. 'വിശ്വം ഭവത്യേകനീഡം' ആകുമോ അതോ 'വിശ്വം ഭവത്തനേകനീഡം' ആകുമോ എന്നാണ് - അതായത്, ലോകം ഒരൊറ്റ പക്ഷിക്കൂടായി മാറുമോ അതോ ലോകം അനേകം പക്ഷിക്കൂടുകളായി പിരിഞ്ഞുമാറുമോ - എന്നാണ് ഇനി അറിയാനുള്ളത്.
മനുഷ്യരുടെ ആലോചനകളും കണക്കുകൂട്ടലുകളുമെല്ലാം ക്ഷണനേരം കൊണ്ട് കീഴ്മേൽ മറിയുന്നു! നോഹയുടെ കാലത്തെ പ്രളയം പോലെ, എഴുപതിലെ ജറൂസലേം പിടിച്ചടക്കൽ പോലെ, എണ്ണൂറ്റിനാല്പതിലെ ഐർലൻ്റിലെ ഉരുളക്കിഴങ്ങ് പഞ്ഞം പോലെ, തൊള്ളായിരത്തി ഇരുപത്തൊമ്പതിലെ അമേരിക്കയിലെ സ്റ്റോക്ക് മാർക്കറ്റ് തകർച്ച പോലെ, രണ്ടായിരത്തിഇരുപതിലെ ലോകത്തിലെ കോവിഡ് മഹാമാരി പോലെയൊക്കെ, എല്ലാം ശുഭകരം എന്നു കരുതി കഴിയുമ്പോൾ പൊടുന്നനേ കാര്യങ്ങൾ കീഴ്മേൽ മറിയാം. തുഗ്ലഖിൻ്റെ (Muhammad Bin Tughlaq) ഭരണപരിഷ്കാരങ്ങളോട് കിടപിടിക്കുന്ന ഭരണപരിഷ്ക്കാരങ്ങൾ മൂലവും എല്ലാം കീഴ്മേൽ മറിയാം. പക്ഷേ, വിശ്വാസികൾ വിശ്വാസത്താലാണ് ചരിക്കുക - കാഴ്ചയാലല്ല!





















