ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
മുഖ്യധാരാ സമൂഹത്തിന്റെ 'പ്രായോഗിക ബുദ്ധി'യുടെ പാഠങ്ങള്‍ ഇനിയും പഠിച്ചുകഴിഞ്ഞിട്ടില്ലാത്ത, ഗോത്രസംസ്കൃതിയുടെ നന്മകള് ഇനിയും വറ്റിപ്പോകാത്ത സമൂഹങ്ങള്‍ ഇന്ത്യയുടെ വടക്കു-കിഴക്കന്‍ പ്രവിശ്യയില്‍ ഇന്നുമുണ്ട്. സാമൂഹ്യ ശാസ്ത്രജ്ഞരുടെ അഭിപ്രായപ്രകാരം ഇന്ത്യയുടെ വടക്കു-കിഴക്കന്‍ പ്രവിശ്യ വികസനത്തിന്റെ കാര്യത്തില്‍ പത്തു പതിനഞ്ചു വര്‍ഷം പിന്നോട്ടാണ്. പക്ഷേ സമത്വത്തിന്റെ കാര്യത്തില്‍ അവര്‍ നമ്മെക്കാള്‍ അത്രയുമെങ്കിലും കൊല്ലം മുന്നോട്ടുതന്നെയാണ്. അവര്‍ക്കിടയില്‍ ഒരു ഭിക്ഷക്കാരനെ കാണാനാകില്ല. ദരിദ്രര്‍ക്ക് സഹജമായ കൊടുക്കലും വാങ്ങലും അത്തരം സാമൂഹിക കളങ്കങ്ങളെ ഇല്ലാതാക്കുന്നു.
സന്ന്യാസ വ്രതത്രയങ്ങളുടെ ഭാഗമായി "ദാരിദ്ര്യം" വ്രതമായി സ്വീകരിച്ച എനിക്ക് പക്ഷേ ദാരിദ്ര്യത്തിന്റെ നിസ്സഹായതയും കുത്തുന്ന വേദനയും അടുത്തറിയാനായത് ആസ്സാം- മേഘാലയ പ്രദേശങ്ങളിലെ മിഷന് ജീവിതത്തില്‍ നിന്നാണ്. മരുന്നു ലഭ്യമല്ലാത്തതുകൊണ്ടുമാത്രം മരിച്ചുപോകുന്നവര്‍ അനേകം. ഒരു കത്ത് ആരെങ്കിലും അയച്ചാല്‍ വല്ലപ്പോഴും വല്ലവരും പട്ടണത്തില്‍ പോകുമ്പോഴാണ് അതൊന്നു എടുത്തുകൊണ്ടുവരിക. വിദ്യാലയങ്ങള്‍, ആശുപത്രികള്‍ മുതലായവ ഇനിയും ഇവിടെ ആവശ്യത്തിനില്ല. ഭരണകൂടം തികഞ്ഞ അനാസ്ഥ പുലര്‍ത്തുന്നതായി പലപ്പോഴും അനുഭവപ്പെടാറുണ്ട്. വഴി-വണ്ടി സൗകര്യങ്ങള്‍ തുലോം തുച്ഛം. മഴക്കാലമായാല്‍ പറയുകയും വേണ്ട. 56 ഗ്രാമങ്ങളുള്ള ബര്ണിഹട്ട് ഇടവകയില്‍ (ഷില്ലോങ് രൂപത) ആണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. മഴക്കാലത്ത് ചെളി പുതഞ്ഞ വഴിയിലൂടെ ഏഴും എട്ടും കിലോമീറ്റര്‍ കാല്‍നടയായി മാത്രമേ ചില ഗ്രാമങ്ങളില്‍ എത്തിപ്പെടാനാകൂ. ഓരോ ഗ്രാമത്തിലും ചെയ്തു തീര്‍ക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ടാകും. വര്‍ഷത്തില്‍ മൂന്നുനാലു പ്രാവശ്യം മാത്രമേ ഒരു ഗ്രാമത്തിലെത്തിപ്പെടാനാകൂ. വി. കുര്‍ബാനയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ദാഹത്തോടെ നോക്കിയിരിക്കുന്ന വിശ്വാസിസമൂഹത്തെ നമുക്കവിടെ കാണാനാകും.
ദൈവത്തെ ചലിപ്പിക്കുന്ന വിശ്വാസം
ദൈവത്തിന്റെ മനസ്സു മാറ്റാന്‍ കഴിവുള്ളവരാണ് ഇവിടുത്തെ നിസ്സഹായരായ ജനത. ഗാരോ ഗോത്രവര്‍ഗ്ഗക്കാരുടെ റമ്പര്കുളി എന്ന ഗ്രാമത്തിലാണ് അന്നു ഞങ്ങള്‍ തങ്ങിയത്. മലേറിയ പിടിച്ചിരുന്ന ഒരു വീട്ടമ്മയുടെ രോഗം രാത്രിയില്‍ മൂര്‍ച്ഛിച്ചു. മരണം കണ്മുമ്പിലെത്തി. ഏറ്റവും അടുത്തുള്ള ഒരു മുറിവൈദ്യന്റെ ഡിസ്പെന്സറിയില് പോലും മലകളും കാടുകളും താണ്ടിയാലേ എത്തിപ്പെടുകയുള്ളൂ. വീട്ടിലെങ്ങും കൂട്ടനിലവിളിയുയര്‍ന്നു. ഒന്നും ചെയ്യാനാവാതെ വിഡ്ഢികളെപ്പോലെ നില്ക്കേണ്ടിവരിക- വളരെ പരിതാപകരമാണത്. ഉള്ളുരുകി പ്രാര്‍ത്ഥിച്ചുപോയി. ഞങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന ഒരു നിലവിളിയായുയര്ന്നു. കുറെക്കഴിഞ്ഞപ്പോള്‍ അവര്‍ ശാന്തമായുറങ്ങി. അടുത്തദിവസം രാവിലെ കൂടുതല്‍ സുഖമുള്ളവളായി കാണപ്പെട്ടു. ദൈവത്തിന്റെ മനസ്സ് ഞങ്ങള്‍ മാറ്റിച്ചു എന്നു പറഞ്ഞാല്‍ അത് അഹങ്കാരമാകുമോ? അവനും കൂടി തള്ളിക്കളഞ്ഞാല്‍ പിന്നെ ഈ ജനതയ്ക്ക് മറ്റൊരു അത്താണിയില്ല. അതുകൊണ്ടുതന്നെ ഈ ജനം അവനെ മുറുകെ പിടിച്ചിരിക്കുന്നു.
പെന്കര്ബിയില് മാറ്റത്തിന്റെ ഇലയനക്കം
കര്‍ബി ഗോത്രത്തില്‍പ്പെട്ടവരാണ് പെന്കര്ബി ഗ്രാമത്തിലുള്ളത്. അവരുമായുള്ള ദീര്‍ഘനാളത്തെ സൗഹൃദത്തിലൂടെ ചില ചെറുപ്പക്കാരൊക്കെ ഞങ്ങളെ സ്വന്തമായി കരുതിത്തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ പല പ്രവര്‍ത്തനങ്ങള്‍ക്കുമായി പോകുമ്പോള്‍ മലകളും കാടുകളും താണ്ടി അവരും ഞങ്ങളോടൊപ്പം വരും. ഇപ്പോള്‍ അവരൊക്കെ എല്ലാ ഞായറാഴ്ചകളിലും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിക്കുന്നു. മദ്യപാനം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. ഒരുമിച്ച് കൃഷിയിറക്കുന്നു. രോഗികളെ സഹായിക്കുന്നു. അവരുടെതന്നെ മാതാപിതാക്കളും ഉറ്റബന്ധുക്കളും അതിശയത്തോടെ അവരിലെ മാറ്റം കാണുന്നു. കണ്ണടച്ച് ആര്‍ക്കും അവഗണിക്കാനാവാത്ത ജീവിതമാതൃക കണ്ട് പലരും അവരുടെ കൂടെ യാത്ര ചെയ്യാന്‍ തയ്യാറാകുന്നു. പതുക്കെ പതുക്കെ പെന്കര്ബി ഗ്രാമം മാറിക്കൊണ്ടിരിക്കുകയാണ്.