top of page

മറിയത്തോടൊപ്പം

Sep 11, 2025

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mother Mary embraces child Jesus in a serene landscape with mountains and a lake. She wears a pink robe and white veil; the mood is tender.

സെപ്റ്റംബര്‍ മാസം 8 നോമ്പിന്‍റെ മാസമാണല്ലോ. പരിശുദ്ധ കന്യാമറിയത്തോടൊപ്പം ഈ നാളുകളില്‍ നമ്മുക്കു യാത്ര ചെയ്യാം. നസ്രത്തിലെ മൗനത്തിന്‍ ദൈവത്തിന്‍റെ സ്വരം ശ്രവിച്ചവളാണ് പരിശുദ്ധ അമ്മ. ആനന്ദിക്കുന്ന അമ്മയെക്കുറിച്ച് ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നു. ഒരു പ്രശ്നം വരുമ്പോള്‍ ശാന്തതയോടെ അല്പസമയം ചിലവഴിക്കണം. മംഗളവാര്‍ത്തയിലൂടെ ദൈവം സംസാരിച്ചപ്പോള്‍ മറിയം അല്പസമയം ശാന്തതയിലിരുന്നു. അതിനുശേഷം സമര്‍പ്പണ വചനം പറഞ്ഞു. ഇളകിമറിഞ്ഞ മനസ്സുമായി നടക്കുന്നവര്‍ക്ക് ശാന്തതയില്ല. ഒരു പാത്രത്തില്‍ വച്ച കലങ്ങിയ വെള്ളംപോലെയാണത്. അല്പസമയം സ്വസ്ഥമായിരുന്നതിനുശേഷം തീരുമാനമെടുത്താല്‍ അതു മനോഹരമായിരിക്കും. വികാരത്തോടെ പ്രതികരിച്ചാല്‍ നമ്മള്‍ പൊട്ടിത്തെറിക്കും. അല്പസമയം ശാന്തമായിരുന്നിട്ട് സംസാരിച്ചാല്‍ ആ വാക്കുകള്‍ മധുരമുള്ളതായിരിക്കും. ജീവിതത്തില്‍ സമസ്യകളുണ്ടാവുമ്പോള്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് ആനന്ദിക്കാനാവില്ല. എന്നാല്‍ സമസ്യകളെ ധൈര്യത്തോടെ നേരിടുന്നവര്‍ വിജയശ്രീലാളിതരാവും. നിര്‍ണ്ണായക സമയത്ത് ധൈര്യത്തോടെ പ്രതിസന്ധികളെ നേരിട്ടു വിജയിച്ചവളാണ് പരിശുദ്ധ അമ്മ.


പ്രശ്നത്തിന്‍റെ വലുപ്പത്തെക്കുറിച്ചു ചിന്തിക്കാതെ നേടിയെടുക്കാനുള്ള ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുക. ചരിത്രത്തില്‍ സ്മരിക്കപ്പെടുന്നത് ജീവിതം മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ചവരെയാണ്. ജീവിതകാലത്ത് തിന്നും കുടിച്ചും ഉന്മത്തരായി കഴിഞ്ഞവരെ ലോകം മറന്നുപോകും. എന്നാല്‍ മറ്റുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരെ ലോകം എന്നും ഓര്‍ക്കും. പ്രതിസന്ധികളില്‍ ദൈവത്തോടു ചേര്‍ന്നുനിന്നുകൊണ്ട് എലിസബത്തിനെ സഹായിക്കാന്‍ പോയ മറിയത്തെ ലോകം സ്മരിക്കും. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് അപരനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആത്മാവില്‍ ആനന്ദിക്കും. പ്രശ്നങ്ങള്‍ക്കു ജീവനില്ല. നമുക്കു ജീവനുണ്ട് സമസ്യകള്‍ വളരില്ല. നമ്മള്‍ വളര്‍ന്നുകൊണ്ടിരിക്കും. പ്രതിസന്ധികളെ നേരിടാനുള്ള ശക്തി മനസ്സിന്‍റെയുള്ളിലുണ്ട്. അതിനുള്ള ഉത്തമ മാതൃകയാണ് മറിയം.


ഈ ഭൂമിയുള്ള എല്ലാറ്റിനെയും എനിക്കെങ്ങനെ ആസ്വദിക്കാമെന്നു കണക്കു കൂട്ടുന്നവര്‍ പരാജിതരാണ്. എന്‍റെ ജീവിതത്തെ ഈ ഭൂമിക്കും ഭൂമിയിലുള്ളവര്‍ക്കും എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നു കരുതുന്നവരാണ് മഹത് വ്യക്തികൾ. അതായിരുന്നു പരിശുദ്ധ അമ്മ. ദുര്‍ബ്ബലതകളെക്കുറിച്ചും ദുര്‍വിധിയെക്കുറിച്ചും കരയുന്നവരെ കാണാം. അവര്‍ വിജയിക്കില്ല. അപ്രതീക്ഷിതമായതെന്തു സംഭവിച്ചാലും അതിനെ അതികരിച്ചു കര്‍മ്മമേഖലകളില്‍ ചലിക്കുന്നവരാണ് വിജയികള്‍. ഗദകാലത്തിന്‍റെ അസ്വസ്ഥതകള്‍ പറഞ്ഞ മറിയത്തിന് മുറിക്കുള്ളിലിരിക്കാം. പക്ഷേ മറിയം അതു ചെയ്തില്ല. പരിശുദ്ധാത്മാവിന്‍റെ നിറവില്‍ ഇളയമ്മയായ എലിസബത്തിനെ സഹായിക്കാന്‍ അമ്മ ഓടി. മനസ്സിനു മടിപിടിച്ചു തളര്‍ന്നിരിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ ഉണര്‍ത്തുന്ന ശക്തിയാണ് ദൈവം. ഓരോ പ്രതിസന്ധിയിലും നമ്മുടെ പരിമിതിയും ബലഹീനതയും പറഞ്ഞു കൈകഴുകി മാറിനില്‍ക്കുന്നവര്‍ നമ്മുടെ ചുറ്റിലുമുണ്ട്. എന്നാല്‍, പ്രതിസന്ധികളേക്കാള്‍ വലുപ്പം നമ്മുടെ ഹൃദയത്തിനുണ്ടെന്നു കാണിച്ചു കൊടുക്കുവാന്‍ കഴിയുമെന്ന് മറിയം നമ്മെ പഠിപ്പിക്കുന്നു.


തനിക്കു ശക്തിയുണ്ടായിട്ടും അതു പ്രകടിപ്പിക്കാതെ മറച്ചു വയ്ക്കുന്നവര്‍ക്ക് ആനന്ദിക്കാനാവില്ലല്ലോ. പ്രതികൂല സാഹചര്യങ്ങളെ നേരിടുവാനുള്ള ശക്തി നമ്മള്‍ പ്രത്യക്ഷമായി പ്രകടിപ്പിക്കണം. ആ പ്രകടനം ലോകം കാണണം. അതു മറ്റുള്ളവര്‍ക്കും കര്‍മ്മനിരതരാകുവാന്‍ കരുത്തു പകരും. എത്ര നല്ല സുഗന്ധമാണെങ്കിലും ഒരു ചെപ്പിനുള്ളില്‍ അടച്ചു വച്ചാല്‍ അതുകൊണ്ടു എന്തുപയോഗം? ആ ചെപ്പ് തുറന്ന് അതിന്‍റെ സുഗന്ധം പുറത്തുവിട്ടാലല്ലേ അതിനര്‍ത്ഥമുള്ളൂ. ഇതുപോലെയാണ് ജീവിതം. എല്ലാ കഴിവുകളും ഉള്ളിലൊതുക്കി പതുങ്ങിയിരുന്നാല്‍ ഈ ജീവിതം കൊണ്ട് എന്തര്‍ത്ഥം. സുഗന്ധ വാഹിനിയമ്മയായി യൂദായിലെ മലമുകളിലെ ശുശ്രൂഷക്കായി ഓടുന്ന മറിയം നമ്മുടെ മുന്നില്‍ യഥാര്‍ത്ഥ മാതൃകയായി നിലകൊള്ളുന്നു.


ഭീരുക്കള്‍ ജീവിതത്തില്‍ ഒരിക്കലും വിജയിക്കില്ല. അവര്‍ എന്നും ഭയന്നിരിക്കും. കഠിനമായ പ്രതിസന്ധികളില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുന്നവര്‍ക്കും കഠിന പരീക്ഷകളുണ്ടാവും. എന്നാല്‍, അതിനെയെല്ലാം അവര്‍ നേരിടും. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ പ്രതികൂല സാഹചര്യങ്ങളില്‍ നെഞ്ചുവിരിച്ചു നടക്കണം. കാട്ടിലെ മനുഷ്യന് ഇളനീര്‍ കുടിക്കണമെങ്കില്‍ തെങ്ങുകയറ്റം പഠിക്കണം. തെങ്ങില്‍നിന്നും കൊഴിഞ്ഞു വീഴുന്ന തേങ്ങായും കാത്തിരുന്നാല്‍ ഉണങ്ങിയ തേങ്ങയെ ലഭിക്കൂ. ഒരു കഠിനപരിശ്രമത്തിനുശേഷം മാത്രമെ കുളിര്‍മ്മയുള്ള ഒരനുഭവം ലഭിക്കൂ. പ്രതിസന്ധികളുടെ മുന്നില്‍ വികാരപരമായ തീരുമാനമെടുക്കുമ്പോള്‍ പ്രശ്നങ്ങള്‍ വലുതായിത്തീരും. പ്രതിസന്ധികള്‍ നമ്മെ തീര്‍ക്കുന്നതിനു മുമ്പേ നമ്മള്‍ പ്രതിസന്ധികളെ പരാജയപ്പെടുത്തണം. കയ്യിലുള്ള ജീവിതത്തെ ഉപയോഗിക്കാന്‍ പഠിക്കുക. ചരിത്രം പരിശോധിച്ചാല്‍ പ്രതിസന്ധികളെ സ്വയം പരിഹരിക്കുന്നവരാണ് ജേതാക്കള്‍. ഈ ജീവിതം നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാണ്, മറ്റുള്ളവരുടെ പ്രശ്നങ്ങളില്‍ പരിഹാരം സ്വയം കണ്ടും ജീവിക്കാന്‍. ഇതിനുള്ള മാതൃകയായി മറിയത്തെ കാണാം.

മറിയത്തോടൊപ്പം

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

അസ്സീസി മാസിക സെപ്റ്റംബ‌ർ 2025

Sep 11, 2025

0

111

Recent Posts

bottom of page