

പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ, ഫ്രാൻസിസ്കൻ പ്രാർത്ഥന പ്രാഥമികമായി ഹൃദയത്തിന്റെ പ്രാർത്ഥനയാണെന്ന് നമ്മളോടൊക്കെ പറഞ്ഞുതന്നിട്ടുള്ളത്. സഭാമാതാവിൻ്റെ നിർദ്ദേശങ്ങൾ അസ്സീസിയിലെ വി. ഫ്രാൻസിസ് തീർച്ചയായും പാലിച്ചിരുന്നു. അക്കാലത്ത് സന്ന്യാസ ജീവിതത്തിൽ ഏറ്റവും പ്രധാനമായത് അഞ്ചു നേരമുള്ള കാനോനിക പ്രാർത്ഥനകളായിരുന്നു. അതിന്റെ പ്രാധാന്യത്തെ അദ്ദേഹം ഒരിക്കലും കുറച്ചുകണ്ടില്ല. എന്നാൽ, ആന്തരിക പ്രാർത്ഥനയുടെ - ഹൃദയത്തിന്റെ പ്രാർത്ഥനയുടെ ആവശ്യകത അദ്ദേഹം എപ്പോഴും ഊന്നിപ്പറഞ്ഞു.
ഇന്നലെ (ഫെബ്രു. 8) തന്നെ സന്ദർശിച്ച കോൺഫ്രറ്റേണിറ്റീസ് ആൻഡ് പോപ്പുലർ പയറ്റിയുടെ രണ്ടാം അന്താര ാഷ്ട്ര കോൺഗ്രസിന്റെ പ്രതിനിധികളോട് ഫ്രാൻസിസ് പാപ്പാ സംസാരിച്ചു. കുടുംബങ്ങളിൽ ഹൃദയസ്പർശിയായ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അവരോട് അദ്ദേഹം സംസാരിച്ചത്. അദ്ദേഹം ഇങ്ങനെ തുടർന്നു: "നിങ്ങളുടെ സാഹോദര്യത്തിന്റെ സ്വർഗ്ഗീയ മധ്യസ്ഥൻ്റെ രൂപം പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ വീടുകളിലാവട്ടെ, നിങ്ങളുടെ ഇടവകയിലെയോ ചാപ്പലിലെയോ സക്രാരിക്ക് മുമ്പിലാവട്ടെ, രോഗികളുടെ കിടക്കയ്ക്കരികിലാവട്ടെ, അല്ലെങ്കിൽ പ്രായമായവരോട് ചേർന്നുനിന്നിട്ടാവട്ടെ, നിങ്ങളെ കണ്ണീരിലാഴ്ത്തുംവിധം ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന പ്രാർത്ഥനയുടെ മുഴക്കമുള്ള നിശബ്ദതയായി അത് ദൈവസന്നിധിയിൽ ശ്രവിക്കപ്പെടട്ടെ."
ഒരു പ്രാർത്ഥന ഹൃദയത്തിൽ നിന്നാകുമ്പോൾ, ചിലപ്പോൾ വാക്കുകളില്ലാതെ പോയേക്കാം, ചിലപ്പോൾ കണ്ണീരോടെയുള്ള പ്രലാപമായേക്കാം, എന്തായാലും എപ്പോഴും സ്നേഹമുണ്ടായിരിക്കും.
പ്രാർത്ഥനയെന്നാൽ ത്രിയേക ദൈവത്തിന്റെ നന്മയുടെയും ശുദ്ധ സ്നേഹത്തിന്റെയും തേജസ്സാർന്ന പ്രകാശത്തിൽ സ്വന്തം നിസ്സാരതയെ കാണുന്നതാണ്.
പ്രാർത്ഥനയെന്നാൽ ദൈവത്തിന്റെ ഹൃദയത്തിൽ ഹൃദയപൂർവ്വം വെറുതേ ആയിരിക്കുന്നതാണ്.
പ്രാർത്ഥനയെന്നാൽ മറ്റൊരു ഹൃദയത്തെ അതീവ സ്നേഹത്തോടെ കൊണ്ടുവന്ന് ദൈവത്തിന്റെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നതാണ്.
പ്രാർത്ഥനയെന്നാൽ നിശബ്ദമായി ദൈവത്തിന്റെ കാലാതീതത്വത്തിൽ നഷ്ടപ്പെട്ടുപോകുന്നതാണ്.





















