
കണ്ടിട്ടുള്ള ഒളിമ്പിക്സ് ഉദ്ഘാടന പ്രകടനങ്ങളിൽ വ്യക്തിപരമായി എനിക്കൊത്തിരി ഇഷ്ടപ്പെട്ടിട്ടുള്ളത് 2012 -ലെ ഇംഗ്ലണ്ട് ഒളിസിക്സിൻ്റെ ഉദ്ഘാടനമായിരുന്നു. വിസ്മയത്തിൻ്റെ ദ്വീപുകൾ എന്ന് പേരിട്ട ആ ഷോയിൽ അവരുടെ ചരിത്രവും ഭൂമിശാസ്ത്രവും സംസ്കാരവും സാഹിത്യവും കലയും ഒക്കെ അവർ ഇഴചേർത്തിരുന്നു. ആധുനിക സാങ്കേതികവിദ്യയുടെ പ്രകടനത്തെക്കാൾ ഭാവനയുടെ ഇതൾ വിടർത്തൽ അതിൽ ദൃശ്യമായിരുന്നു. വായനയും ഭാവനയും സ്വപ്നങ്ങളും ചേർന്ന് ഒരു ജനതയെ നയിച്ച പാതകൾ!
ചരിത്രത്തിലെ സെയ്ൻ്റ് നിക്ലാവോസിൽ നിന്ന് ഭാവാത്മകമായി നിർമ്മിച്ചെടുത്ത സാൻ്റാ ക്ലോസ് എന്ന മിത്തുമായി ബന്ധപ്പെട്ട കഥകൾ പാശ്ചാത്യനാടുകളിൽ കുട്ടികൾക്ക് മാതാപിതാക്കൾ പറഞ്ഞു കൊടുത്ത് വളർത്തുന്നതാണ്. വളരുമ്പോൾ അവർ തിരിച്ചറിയും, അതൊരു സങ്കല്പമാണെന്ന്. പക്ഷേ, അതിനോടകം അവരുടെ ഭാവന അവരെ ഏറെ ദൂരം വളർത്തിയിരിക്കും. ഉത്തരധ്രുവത്തിൽ പതിനൊന്നര മാസവും തൻ്റെ ഭവനത്തിൽ ലോകമെമ്പാടുമുള്ള കുട്ടികൾക്കായി അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളുണ്ടാക്കുന്ന സാൻ്റാ ക്ലോസ്. രാത്രിയിൽ പറക്കുന്ന റെയ്ൻ ഡിയറുകൾ വലിക്കുന്ന രഥത്തിൽ ഓരോ വീട്ടിൻ്റെയും മുകളിലിറങ്ങി, ചിമ്മിനിയിലൂടെ അകത്തേക്കിറങ്ങി വന്ന്, സമ്മാനങ്ങൾ വച്ചിട്ട് പോകുന്ന സാൻ്റാ ക്ലോസ്. കുട്ടികളെപ്പോലെ ചോക്ലേറ്റും പാലും ഇഷ്ടപ്പെടുന്ന, കുട്ടികളെ അതിരറ്റ് സ്നേഹിക്കുന്ന, ഒറ്റനോട്ടത്തിൽ നല്ല കുട്ടിയാണോ കുറുമ്പുള്ള കുട്ടിയാണോ എന്ന് തിരിച്ചറിയുന്ന വെള്ളത്താടിയുള്ള അപ്പൂപ്പൻ. എപ്പോഴും മഞ്ഞുമൂടിക്കിടക്കുന്ന ഉത്തരധ്രുവത്തിലെ വലിയ വീട്ടിൽ കളിപ്പാട്ടങ്ങളും സമ്മാനങ്ങളും നിർമ്മിക്കാൻ അദ്ദേഹത്തെ സഹായിക്കാനായി ഒത്തിരി എൽഫുകളുണ്ട്. കൂർത്ത ചെവികളുള്ള, ഒരിക്കലും പ്രായമാകാത്ത, മാജിക്കൽ കഴിവുകളുള്ള, കുട്ടികളെ പോലിരിക്കുന്ന നന്മരൂപികൾ.
എനിക്കൊരു സുഹൃത്തുണ്ട്. സാൻ്റാ ക്ലോസ് വന്ന് തങ്ങൾക്ക് ക്രിസ്തുമസ് സമ്മാനം കൊണ്ടുവന്ന് വച്ചിരുന്നു എന്ന് പറഞ്ഞ, സാൻ്റാ കഥകൾ വിശ്വസിച്ചിരുന്ന കൊച്ചുകുഞ്ഞുങ്ങളായ തൻ്റെ മരുമക്കളോട് സാൻ്റാ ഇല്ല എന്ന് തറപ്പിച്ച് പറഞ്ഞ്, അവരെ വിഷമിപ്പിച്ച ഒരാൾ. തെളിവായി തൻ്റെ പോക്കറ്റിൽ നിന്ന് അവരുടെ സമ്മാനം വാങ്ങിയതിൻ്റെ ബില്ലും രസീതും എടുത്തുകാട്ടി അവരുടെ കഥകളുടെ ലോകത്തെ തകർത്തുകളഞ്ഞ ഒരാൾ!
ഇന്ന് ലോകമെമ്പാടും മനുഷ്യർ തങ്ങളുടെ കുഞ്ഞുങ്ങളെ തീറ്റുന്നതത്രയും യുക്തി മാത്രമാണ്. കഥകൾ, കവിതകൾ, കടങ്കഥകൾ, പഴഞ്ചൊല്ലുകൾ ഒക്കെ പഴമയുടേതായി മുതിർന്നവർ തള്ളിക്കളഞ്ഞിരിക്കുന്നു. പോസിറ്റീവ് ഫാൻ്റസികളും മാലാഖക്കഥകളും മനുഷ്യർ വലിച്ചെറിഞ്ഞു. 'എൻ്റെ കുഞ്ഞ് ഈ വക പൊട്ടക്കഥകളൊന്നും കേട്ട് വളരണ്ടാ' എന്ന് നാം ശാഠ്യം പിടിച്ചു. എന്നിട്ടോ? പകരം കൊടുത്തതോ? വെടിവെക്കലിൻ്റെ, ഹിംസയുടെ, കംപ്യൂട്ടർ ഗെയ്സിൻ്റെ ഭാവനകൾ. അവിടെയും ചീത്തയെയും, പൈശാചികതയെയുമാണ് നശിപ്പിക്കുന്നതെങ്കിലും സമാധാനത്തിന് മറ്റ് മാർഗ്ഗങ്ങൾ ഉള്ളതായി അവരെ അറിയിക്കാതെ നാം അവരോട് വലിയ ദ്രോഹം ചെയ്തു. അവരുടെ സദ്ഭാവനയെ നശിപ്പിച്ചിട്ടും, അവർക്ക് കലുഷിതമായ ഭാവനകൾ നല്കിയിട്ടും അവരിന്നും പുതിയ ഭാവനകൾക്ക് ചിറക് നല്കുന്നുണ്ടല്ലോ എന്നത് എത്ര വിസ്മയകരമാണ്!
പടുകൂറ്റൻ സാമ്പത്തിക ചെലവുകൾ ആവശ്യപ്പെടുന്ന ആക്‌ഷൻ സിനിമകളുടെ എണ്ണം അമേരിക്കയിൽ തീരെ കുറഞ്ഞിരിക്കുന്നു. ഹോളിവുഡ്ഡും പല സ്റ്റുഡിയോകളും നിർമ്മാണ മന്ദതയിലാണ്. നിർമ്മിത ബുദ്ധിയും വിർച്വൽ റിയാലിറ്റിയും വർധിത യാഥാർഥ്യവും ഇല്ലാതെ സിനിമാ മേഖല മുന്നോട്ടു പോകില്ല എന്നായിരിക്കുന്നു. സ്വാഭാവികമായും ഈ വർഷങ്ങളിൽ പുറത്തുവരുന്ന ചലച്ചിത്രങ്ങൾ ഹൊറർ മൂവികളും ഫാൻ്റസി മൂവികളും ആയിരിക്കുന്നു. ഹാരി പോട്ടർ സീക്വലുകൾക്കും സൂപ്പർമാൻ, ബാറ്റ്മാൻ, സ്പൈഡർമാൻ, സീക്വലുകൾക്കും ശേഷം മാർവൽ, ലോഡ് ഓഫ് ദ റിങ്സ് സീക്വലുകൾക്കും ശേഷം കൂടുതലും പലതരം ഹൊറർ മൂവികളാണ്. മലയാളത്തിൽ പോലും അതേ ട്രെൻ്റ് പ്രകടമാകുന്നു. ലോകത്തെ നിറങ്ങളില്ലാത്ത, ചിറകുകളില്ലാത്ത വെറും യുക്തിയുടെ ലോകമാക്കിത്തീർക്കാൻ നമ്മുടെയൊക്കെ തലമുറ സർവ്വസന്നാഹവും ഉപയോഗിച്ച് പരിശ്രമം നടത്തിയിരുന്നു.
നാം ലോകത്തെ യന്ത്രവല്ക്കരിക്കാൻ ശ്രമിച്ചു. എല്ലാം ലോഹവും യന്ത്രവും എന്ന് പഠിപ്പിച്ചു.
എന്നിട്ടും!
ദി സാൻ്റാ ക്ലോസ് (The Santa Clause = വിശുദ്ധ ഉപാധി ) എന്ന 1994-ലെ ഫാൻ്റസി ചലച്ചിത്രത്തിൽ തൻ്റെ ആറു വയസ്സുകാരൻ മകനോടൊപ്പം Santa Claus - പൊക്കിയെടുത്ത് ഉത്തരധ്രുവത്തിലെ തൻ്റെ വീട്ടിൻ്റെ മാസ്മരിക ലോകത്ത് എത്തിച്ച സ്കോട്ട് എന്ന ബിസിനസ്കാരൻ അവിടത്തെ ജൂഡി എന്ന എൽഫിനോട് പറയുന്നു:
"ഞാൻ കാണുന്നുണ്ട്. പക്ഷേ, ഞാനിത് വിശ്വസിക്കുന്നില്ല"
"നിങ്ങൾക്ക് കാര്യം പിടികിട്ടിയിട്ടില്ല"
"എന്താണ് കാര ്യം?"
"കാണുന്നത് വിശ്വസിക്കലല്ല. വിശ്വസിക്കലാണ് കാണൽ."





















