top of page

ജനാധിപത്യ സംവിധാനത്തില്‍ ജനകീയ സമരങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെടുന്നു?

Feb 1, 2014

4 min read

ആര്‍. വിപിന്‍
Public Protest.

സമകാലിക കേരള സമരങ്ങളുടെ പോരാട്ടചരിത്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്ന ഹൈറേഞ്ചു സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പട്ടയത്തിനുവേണ്ടിയും ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുമുള്ള സമരം. കഴിഞ്ഞ ഏഴു വര്‍ഷമായി പട്ടയത്തിനുവേണ്ടി ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും എതിരെ സന്ധിയില്ലാപ്പോരാട്ടം നടത്തിയ മലയോര ജനതയുടെ ചെറുത്തുനില്‍പ്പ് ഇന്നും തുടരുന്നു. മോഹനവാഗ്ദാനങ്ങള്‍ പറഞ്ഞ് അധികാരത്തില്‍ കയറുന്നവര്‍ കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. പരിസ്ഥിതിവാദികളുടെയും, സാമുദായിക സംവിധാനങ്ങളുടെയും, സാമൂഹിക സംഘടനകളുടെയും സമ്മര്‍ദ്ദത്തില്‍ കര്‍ഷകര്‍ ഞെരിഞ്ഞമരുന്നു. ഉപജീവനത്തിനുവേണ്ടി വിയര്‍പ്പൊഴുക്കുന്ന, നാണ്യവിളകള്‍ നമുക്ക് സമ്മാനിക്കുന്ന ഇവരെ കാണേണ്ട ബഹുഭൂരിപക്ഷം വരുന്ന കേരള ജനതയുടെ ചില കാഴ്ചകള്‍ മങ്ങിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രസക്തമായ ചില സത്യങ്ങള്‍ വിളിച്ചുപറയാതെ നിവൃത്തിയില്ല.


ഇടതുപക്ഷ സര്‍ക്കാരിന്‍റെ കാലത്താണ് പട്ടയത്തിനുവേണ്ടിയുള്ള ഹൈറേഞ്ചു സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിക്കുന്നത്. രാഷ്ട്രീയപരമായി വളരെ സങ്കുചിതമായ ഒരു സാഹചര്യമായിരുന്നു അന്ന് നിലനിന്നിരുന്നത്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെട്ടവര്‍ അധികാരത്തില്‍ വരുമ്പോള്‍ അതിനൊരു മാറ്റം വരുമെന്ന് അവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മൂന്നു വര്‍ഷം പിന്നിടുമ്പോഴും നിയമപരമായ കുരുക്കുകളെ പഴിചാരി രാഷ്ട്രീയ നേതൃത്വം കര്‍ഷകരെ അവഹേളിക്കുന്നു.


ഗവണ്‍മെന്‍റുകള്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് പലവിധത്തിലുള്ള നിബന്ധനകളുടെയും നിലവിലുള്ള നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണെന്നുള്ളത് അംഗീകരിക്കാവുന്ന യാഥാര്‍ത്ഥ്യമാണ്. ഇവിടെ കര്‍ഷകര്‍ ഉയര്‍ത്തുന്ന പല ആവശ്യങ്ങള്‍ക്കും നിയമപരമോ, സംവിധാനപരമോ ആയ പലവിധത്തിലുള്ള കെട്ടുപാടുകള്‍ ഉണ്ടെന്നുള്ളതു സമ്മതിച്ചാല്‍ കൂടിയും, പരിഹാരമില്ലാതെ പട്ടയപ്രശ്നം നീട്ടിക്കൊണ്ടുപോകുന്നതിനു രാഷ്ട്രീയനേതൃത്വം മാത്രമാണോ ഉത്തരം പറയേണ്ടത്? ഗവണ്‍മെന്‍റുകളോടും ജനത്തോടും പ്രതിബദ്ധതയില്ലാത്ത ഒരു ഉദ്യോഗസ്ഥ വ്യവസ്ഥകൂടി ഇതിന് ഉത്തരവാദിയല്ലേ?


അടുത്തു വരുന്ന പാര്‍ലെന്‍റ് തിരഞ്ഞെടുപ്പ് കര്‍ഷകര്‍ക്ക് ഒരു തുറുപ്പുചീട്ടാണ്. ജനത്തെ മറന്ന് പാര്‍ട്ടിയെയും പാര്‍ട്ടി ബിംബങ്ങളെയും ആരാധിക്കുന്നവര്‍ ജനത്തിന്‍റെ തിരിച്ചടി വാങ്ങേണ്ടിവരും എന്നത് അടുത്ത തെരഞ്ഞെടുപ്പില്‍ തെളിയിക്കപ്പെടുകതന്നെ ചെയ്യും.