ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
(മുപ്പത്തിരണ്ട് വര്‍ഷം തമിഴ്നാട്ടിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിപ്പിക്കുകയായിരുന്ന പ്രൊഫ. ജോര്‍ജ് ജോസഫിനു 'റിട്ടയര്‍മെന്‍റ്' എന്നതു അന്നുവരെ ചെയ്യാതെ മാറ്റിവച്ച ചില കാര്യങ്ങള്‍ ചെയ്യാനുള്ള നിമിത്തമായിരുന്നു. പഴയ ജോലിയില്‍നിന്നു റിട്ടയര്‍ ചെയ്ത ഉടനെ നിയമം പഠിച്ച് അഭിഭാഷകനായി. ഒപ്പം ചില കോളേജുകളിലും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇംഗ്ലീഷ് പഠിപ്പിച്ചു പോന്നു. ഇംഗ്ലീഷ് ഭാഷയുടെ നിയമങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന ഒരു പുസ്തകവും അടുത്തയിടെ രചിച്ചു. ഇപ്പോള്‍ മുണ്ടക്കയത്തുള്ള സാന്തോം കോളേജിന്‍റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്നു).
ഗോമുഖില്‍ നിന്നും ഒഴുകിത്തുടങ്ങിയ ചെറിയ അരുവിയുടെ കഴിവുകൊണ്ടല്ല അതു വലുതായത്. വളരെയേറെ ചെറുതും വലുതുമായ അരുവികള്‍ ആ കൊച്ചരുവിയില്‍ച്ചേര്‍ന്ന് ഒരു വലിയ ജലസഞ്ചയമായി മാറി. ഇതുപോലെ അനേകം ചെറുകാര്യങ്ങള്‍ ഒന്നുചേര്‍ന്നാണ് ഈ എഴുപതിനോടടുത്ത പ്രായത്തിലും കൂടുതല്‍ ചെയ്യാന്‍ എന്നെ പ്രാപ്തനാക്കുന്നത്.
1). മരങ്ങളും ജീവജാലങ്ങളുമൊക്കെ എന്നെ ഒരു ധ്യാനാത്മകതയിലേയ്ക്ക് നയിക്കാറുണ്ട്. ഓരോ വ്യക്തിയുടെയും തനതായ സ്വഭാവ സവിശേഷതകള്‍ എന്നെ അത്ഭുതം കൊള്ളിച്ചിട്ടുണ്ട്. ഓരോ ദിവസവും ചുറ്റുപാടുമുള്ള ഓരോ വ്യക്തിയും എനിക്ക് പുതിയ അനുഭവങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.
2). കോളേജിലെ ജീവിതത്തിനിടയിലാണ് കൂടെയുള്ളവരുടെ ബുദ്ധിമുട്ടുകളിലേയ്ക്ക് ഇറങ്ങിച്ചെല്ലാനായത്. നമ്മുടെ സമൂഹത്തില്‍ വേദനിപ്പിക്കുന്ന ഇല്ലായ്മയും ദുഃഖവും അവശേഷിക്കുന്നിടത്തോളം കാലം നമുക്കെങ്ങനെയാണു വിശ്രമിക്കാനാകുക? സഹജീവികളിലേക്ക് ശ്രദ്ധ തിരിയുമ്പോള്‍ നമ്മില്‍ പല അത്ഭുതങ്ങളും സംഭവിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് സ്വന്തം ആകുലതകളെ തരണംചെയ്യാന്‍ നമുക്കു സാധിക്കും എന്നതാണ്. "നിനക്കു വേണ്ടതെല്ലാം കൂട്ടിച്ചേര്‍ക്കപ്പെടും" എന്ന വാഗ്ദാനം എന്‍റെ ജീവിതത്തില്‍ അനുഭവവേദ്യമായിട്ടുണ്ട്. കൂടാതെ മറ്റുള്ളവര്‍ക്ക് നമ്മെ ആവശ്യമുണ്ടെന്നു നാം തിരിച്ചറിയും. തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് 15 വര്‍ഷം കഴിഞ്ഞു. സ്വയം മറക്കാന്‍ സാധിക്കുക എന്നത് ഒരു വലിയ ഭാഗ്യമാണ്.
3). എന്‍റെ ജീവിതത്തെയാകെ ദീപ്തമാക്കുന്ന വി. ബൈബിള്‍ ഒരു ശാപത്തെപ്പറ്റി പറയുന്നുണ്ട്. "നീ നിന്‍റെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷിക്കുക." ഇരുപത്തിയെട്ടു നൂറ്റാണ്ടുമുന്‍പ് പഞ്ചഗ്രന്ഥി എഴുതിയ ഗ്രന്ഥകാരന്‍ 'ശാപം' എന്നു പറഞ്ഞുവച്ചത് യഥാര്‍ത്ഥത്തില്‍ ഒരു വലിയ അനുഗ്രഹത്തെയാണ്. മനുഷ്യശരീരത്തിന്‍റെ സുസ്ഥിതി, ആരോഗ്യം ഇവയ്ക്കു വേണ്ടത് തുടര്‍ച്ചയായ വിശ്രമമല്ല; തുടരുന്ന ജോലിയാണ്. ശരീരം പ്രവര്‍ത്തന നിരതമായിരിക്കണം. ഇരുമ്പു തുരുമ്പിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടതെന്ന് നമുക്കറിയാമല്ലോ.
4). മനുഷ്യവര്‍ഗ്ഗത്തിന്‍റെ പരിണാമവും ശരീരഘടനയും ശ്രദ്ധിച്ചാല്‍ മനസിലാക്കാവുന്ന ചില കാര്യങ്ങളുണ്ട്. മനുഷ്യവര്‍ഗ്ഗത്തിന്‍റെ ശൈശവദശയില്‍ വേട്ടയാടിയും ഫലങ്ങള്‍ ശേഖരിച്ചും മനുഷ്യന്‍ ജീവിച്ചു. അക്കാലത്തിനും മുന്‍പ് അവന്‍ വേട്ടയാടപ്പെട്ടിരുന്നു. ഭയന്ന്, ഗുഹകളില്‍ ഒളിച്ചുതാമസിച്ചിരുന്നു. ശത്രുക്കളില്‍നിന്ന് രക്ഷനേടാനും വേട്ടയാടാനും അവന്‍ ഓടിക്കൊണ്ടിരുന്നു. ഭക്ഷണം കിട്ടുമ്പോഴെല്ലാം മൂക്കറ്റം കഴിക്കും. നിരന്തരമായ ഓട്ടം അവന്‍റെ മാംസപേശികളെ ദൃഢപ്പെടുത്തി. ഇന്നും, മൂക്കറ്റം കഴിക്കുന്ന സ്വഭാവത്തില്‍ നാം തുടരുകയും ഓട്ടവും നടപ്പും നിര്‍ത്തുകയും ചെയ്തു.