

ഏതെങ്കിലും ഒരു ദൈവത്തെ സേവിക്കാതെ ജീവിക്കാൻ ആർക്കെങ്കിലും കഴിയുമോ?
ജോഷ്വയുടെ നാമത്തിലുള്ള ഗ്രന്ഥത്തിൻ്റെ അവസാന അധ്യായത്തിൽ ജോഷ്വ തന്നെ പറയുന്നതായിട്ട് വളരെ പ്രസിദ്ധമായ ഒരു വരിയുള്ളത് ഇങ്ങനെയാണ്: "കർത്താവിനെ സേവിക്കുന്നതിന് മനസ്സില്ലെങ്കിൽ, നദിക്ക് അക്കരെ നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ, നിങ്ങളിപ്പോൾ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്മാരെയോ, ആരെയാണ് സേവിക്കുകയെന്ന് ഇന്നുതന്നെ തീരുമാനിക്കുക. ഞാനും എൻ്റെ കുടുംബവും കർത്താവിനെ സേവിക്കും."
സുവിശേഷങ്ങള ിലേക്ക് വരുമ്പോൾ കുറച്ചുകൂടി വ്യക്തത വരുന്നുണ്ട് കാര്യങ്ങൾക്ക്. യേശു പറയുന്നതായിട്ട് കാണുന്ന ഒരു വാക്യം ഇങ്ങനെയാണ്: "ദൈവത്തെയും മാമ്മോനെയും സേവിക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല."
മാമ്മോൻ എന്നാൽ ഐഹിക സമ്പത്താകുന്ന ദേവനാണ്.
എല്ലാവരും എവിടെയെങ്കിലുമൊക്കെ തങ്ങളുടെ ഹൃദയം സമർപ്പിക്കുന്നുണ്ട്. ദൈവത്തിൽ അർപ്പിക്കാത്തവർ മറ്റെവിടെയെങ്കിലുമൊക്കെ അർപ്പിച്ചിട്ടുണ്ട്.
അസ്സീസിയിലെ ഫ്രാൻസിസിൻ്റെ ജീവിതത്തിൽ, അയാളുടെ മാനസാന്തരത്തിൻ്റെ ആരംഭം എന്നതുതന്നെ ദൈവം ഒരു ദർശനത്തിലൂടെ ചോദിച്ച ഇത്തരം ഒരു ചോദ്യത്തിൽനിന്നാണ്. "ഫ്രാൻസിസ്, യജമാനനെ സേവിക്കുന്നതോ ഭൃത്യനെ സേവിക്കുന്നതോ, ഏതാണ് ഉചിതം?" എന്നായിരുന്നു ഉറക്കത്തിൽ നിന്ന് ഞെട്ടിയെഴുന്നേറ്റ ഫ്രാൻസിസ് അശരീരിയായി കേട്ട ചോദ്യം. ഏറെ ചിന്തിക്കേണ്ടതായി വന്നില്ല അയാൾക്ക്. ഉത്തരം ഉടനെയായിരുന്നു.
"യജമാനനെ."
"പിന്നെന്തിന് ദാസനെ സേവിക്കാൻ പോകുന്നു?"
ചക്രവർത്തി കൂടിയായിരുന്നു അക്കാലത്ത് മാർപാപ്പാ. മാർപാപ്പായുടെ സൈന്യത്തിൽ പേരെഴുതിച്ച് ഒരു യുദ്ധത്തിന് പോവുന്ന മാർഗ്ഗമധ്യേയായിരുന്നു അയാളപ്പോൾ.
യജമാനൻ ആരാണെന്നതിൽ തർക്കമില്ല. എന്നാൽ, ആരായിരുന്നിരിക്കും, അഥവാ എന്തായിരുന്നിരിക്കും 'ദാസൻ'? ദൈവം ചോദിച്ച ചോദ്യത്തിലെ "ദാസൻ" മാർപ്പാപ്പാ ആയിരുന്നോ?
യുദ്ധത്തിനുപോയാൽ അയാൾക്ക് സമൂഹത്തിൽ ഖ്യാതിയും വിലയും ലഭിച്ചിരുന്നു. ഫ്രാൻസിസിൻ്റെ അപ്പൻ വ്യാപാരത്തിലൂടെ ധാരാളം പണം സമ്പാദിച്ച് ഒരു പുതുപ്പണക്കാരൻ ആയി വളർന്നിരുന്നെങ്കിലും - വ്യാപാരി വംശത്തിൽപ്പെടുന്നയാൾ മാത്രമായിരുന്നു. ഒരു "അരിപ്രാഞ്ചി". പ്രഭുവംശത്തിൽപ്പെടുന്ന ആളുകൾക്കാണ് മാന്യതയും സമൂഹത്തിൽ വിലയും.
യുദ്ധത്തിനു പോയി യുദ്ധം ജയിച്ചുവന്നാൽ മാടമ്പി സ്ഥാനം ലഭിക്കുമായിരുന്നു : ഒരു "പത്മശ്രീ" കിട്ടുന്നതുപോലെ!
അപ്പോൾ, ദൈവം ചോദിക്കുന്ന ചോദ്യത്തിൽ ഫ്രാൻസിസ് സേവിക്കുന്നു എന്നു പറഞ്ഞ ദാസൻ, അയാൾക്ക് ലഭിക്കുന്ന "പത്മശ്രീ" - മാടമ്പി സ്ഥാനം - ആയിരുന്നിരിക്കുമോ?
അതോ, അത് തേടിപ്പോകാൻ അയാളെ പ്രേരിപ്പിക്കുന്ന അയാളിലെ അപകർഷതാബോധം ആയിരുന്നിരിക്കുമോ?
അതോ, ഇതിനെല്ലാറ്റിനും അടിസ്ഥാനമായി വർത്തിക്കുന്ന ലൗകികത ആയിരുന്നിരിക്കുമോ?
ഏതായാലും, യജമാനനെ സേവിക്കാൻ ഉറപ്പിച്ച അയാൾ ഇപ്പറഞ്ഞ എല്ലാറ്റിനോടുമുള്ള വിധേയത്വം ഉപേക്ഷിച്ചു.

എല്ലാവരും ഒരു തെരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ദൈവത്തെ തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ നിങ്ങൾ മറ്റേതെങ്കിലും ഒരു ദൈവത്തെ തെരഞ്ഞെടുത്തിട്ടുണ്ട് എന്നത് തീർച്ച.
ആ ഒ റ്റ തെരഞ്ഞെടുപ്പാണ് പ്രധാനം.
അതേ.
"ഒന്നുമാത്രമേ ആവശ്യമായുള്ളൂ. മറിയം ആ ഒന്ന് തെരഞ്ഞെടുത്തിരിക്കുന്നു."!





















