

നിറങ്ങളില്‍ ഒരു വിസ്മയം ഉണ്ടെന്ന് ആരും നിഷേധിക്കില്ല.
വെയിലിന്‍റെ പൊന്‍നിറവും, മഴയുടെ വെള്ളി നിറവും, ചെമ്പരത്തിയുടെ ചുവപ്പും ഓരോ നിറത്തിനും സ്വന്തമായൊരു ഭാഷയുണ്ട്.
പക്ഷേ, ഒരു നിറം മാത്രം Blue വേറിട്ടാണ് സംസാരിക്കുന്നത്.
ആകാശത്തിന്‍റെ അനന്തതയും കടലിന്‍റെ ആഴവും, പ്രഭാതത്തിലെ തണുത്ത കാറ്റും, പ്രാര്‍ത്ഥനയ്ക്കു ശേഷം ഹൃദയത്തില്‍ വീഴുന്ന ശാന്തതയും... എല്ലാം അതിന്‍റെ വാക്കുകളാണ്.
അങ്ങനെയാണ് ആ ആശയം ഒരു ചോദ്യമായത്;
Who is your Blue ?
ശരിക്കും ആരാണ് നിങ്ങളുടെ ബ്ലൂ?
അതെ, അത് അയാളാണ് - ജീവിതത്തില്‍ അത്രയും വിലപ്പെട്ട എന്നാല്‍ വിരളമായ ഒരാള്‍.
ജീവിതത്തിന്‍റെ കഠിനയാമങ്ങളില്‍
സൗമ്യമായ് കടന്നു വന്ന ഒരാള്‍.
വേദന കേള്‍ക്കുന്ന, സന്തോഷം ആഘോഷി ക്കുന്ന,
അടിപതറുമ്പോള്‍ ആശ്രയമാവുന്ന ഒരാള്‍.
ഒരു നിഴല്‍ കണക്കെ, നിശബ്ദമായ് കേട്ടിരിക്കുന്ന, കൂട്ടിരിക്കുന്ന ഒരാള്‍.
ഇരുളില്‍ പോലും ഒരു വെളിച്ചം ഉണ്ടെന്ന് വിശ്വാസം ഉറപ്പിച്ച, പ്രതീക്ഷ നിറച്ച,
കണ്ണടച്ച് ആശ്രയിക്കാവുന്ന,
നൊമ്പരങ്ങളില്‍ ഒരു നിശബ്ദ സാന്നിധ്യമായിരുന്ന ഒരാള്‍.
നമ്മുടെ കാഴ്ചപ്പാട് 360 ഡിഗ്രി മാറ്റി മറിച്ചൊരാള്‍.
ഉയിരിന്‍റെ സമൃദ്ധിയിലേക്കും സാധ്യതകളിലേക്കും നോക്കാന്‍ പഠിപ്പിച്ച,
നിങ്ങളിലെ യഥാര്‍ത്ഥ നിങ്ങളെ പുറത ്ത് കൊണ്ടുവന്ന ഒരാള്‍.
അയാള്‍ ഇല്ലായിരുന്നെങ്കില്‍....
ഇല്ല ജീവിതം ഇന്നത്തെ പോലെ ആകുമായിരുന്നില്ല..!
വിശ്വാസത്തിന്‍റെ വഴിയിലും "Blue' പോലുള്ളവര്‍ ഉണ്ടാകും.
ദൈവത്തിലേക്കു തിരികെ വിളിക്കുന്ന, വീണാല്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന,
പ്രാര്‍ത്ഥനയിലെ നീണ്ട നിശ്ശബ്ദത നിറയ്ക്കുന്ന ചിലര്‍.
മോശെയ്ക്ക് അഹറോന്‍ പോലെ,
പൗലോസിന് തിമോത്തെയൂസ് പോലെ,
നമുക്കും അങ്ങനെയൊരാള്‍ വേണം
നമ്മുടെ ആത്മാവിന്‍റെ Blue.
അവശേഷിക്കുന്നത് ആ ചോദ്യം ഇതാണ്,
ആരാണ് നിങ്ങളുടെ Blue.?
ഒരു സുഹൃത്ത് ആകാം, ഒരു ഗുരു ആകാം, പാട്നര്‍, അമ്മ, അച്ചന്‍
അല്ലെങ്കില്‍ നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ലാത്ത,
പക്ഷേ, നിങ്ങളെ മാറ്റിമറിച്ച ഒരാള്‍ ആകാം.
അവരെ കണ്ടെത്തുക. അവരെ സംരക്ഷിക്കുക. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.
കാരണം, മറ്റൊരാളുടെ ജീവിതത്തില്‍
നിങ്ങളും അവരുടെ Blue ആകാം.
അതാണ് നിങ്ങളുടെ നിയോഗവും.
WHO IS YOUR BLUE ?
ഫാ. ഷിന്‍റോ ഇടശ്ശേരി CST.
അസ്സീസി മാസിക, സെപ്റ്റംബർ, 2025





















