top of page

വഴിയേത്?

a day ago

1 min read

ജോര്‍ജ് വലിയപാടത്ത്

ചുറ്റുപാടുകളെല്ലാം ഒരാളുടെ സ്വൈര്യപൂർണ്ണവും സന്തോഷപ്രദവും ആയ ജീവിതത്തിനും വളർച്ചക്കും അനുകൂലമായിരിക്കുന്ന അവസ്ഥയെയാണ് സമാധാനം എന്നതുകൊണ്ട് മനുഷ്യർ പൊതുവേ മനസ്സിലാക്കുന്നത് എന്ന് തോന്നുന്നു. എന്നാൽ വേദപുസ്തകത്തിൽ യേശു സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ഇത്തരം ഒരു സൂചനയല്ല നമുക്ക് ലഭിക്കുന്നത്. അവന്റെ ജീവിതം തന്നെ അതിനൊരു ഉദാഹരണമാണല്ലോ. ഒട്ടേറെ അസമാധാനങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും തിരസ്കാരങ്ങളിലൂടെയും കൊല്ലപ്പെടാനുള്ള സാധ്യതകളിലൂടെയും, അവസാനം കുരിശു മരണത്തിലൂടെയും കടന്നുപോയതായിരുന്നല്ലോ അവൻ്റെ ജീവിതം.


ഒരു മനുഷ്യ വ്യക്തിയെക്കുറിച്ച് പറഞ്ഞാൽ, വിശ്വാസം, ശരണം, ഉപവി എന്നീ ആത്മീയ യാഥാർത്ഥ്യങ്ങളിൽ നിന്ന് ഉണ്ടായി വരേണ്ട ഒന്നാണ് യഥാർത്ഥ സമാധാനം. ദൈവമാണ് സർവ്വത്തെയും നയിക്കുന്നതും പരിപാലിക്കുന്നതും എന്നും, തന്നെ ദൈവം അതീവ വാത്സല്യത്തോടെ സംരക്ഷിക്കുന്നുണ്ട് എന്നും ഉള്ള തിരിച്ചറിവാണല്ലോ വിശ്വാസം. അങ്ങനെ ജീവിക്കുമ്പോൾ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ നമുക്ക് പ്രത്യാശയുണ്ട്. നാം അവനിൽ ശരണം വയ്ക്കുന്നു. തൻ്റെ ജീവിതം അരക്ഷിതമാകുമ്പോഴും മറ്റുള്ളവരെ സ്നേഹിക്കാനുള്ള പ്രതിജ്ഞാബദ്ധത നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ് ഉപവി അഥവാ അഗാപേ(agape). ഇവ ജീവിതത്തിന് നൽകുന്ന ബലം ചെറുതല്ല. നാം വിപതിധൈര്യം ആർജ്ജിക്കുന്നു.


കാറ്റും കോളും നിറഞ്ഞ കടലിൽ, ഒരേ തോണിയിൽ യാത്ര ചെയ്യുന്നവർ അലമുറയിട്ട് കരയുമ്പോഴും അതേ തോണിയിൽ മറ്റൊരാൾ തലചായ്ച്ച് സമാധാനത്തിൽ ഉറങ്ങുന്നത് കാണുന്നില്ലേ? 'എല്ലാവരും കൊല്ലാൻ അന്വേഷിക്കുകയാണ് നിന്നെ: അതിനാൽ യൂദയായിലേക്ക് പോകേണ്ടാ' എന്ന് പിന്നാക്കം വലിക്കുന്ന മനുഷ്യർക്കിടയിൽ, തനിക്ക് പോയേ തീരൂ എന്ന് ഒരാൾ തീരുമാനമെടുക്കുന്നത് കാണുന്നില്ലേ? 'ഹേറോദേസ് നിന്നെ കൊല്ലാൻ അന്വേഷിക്കുന്നു: അതിനാൽ ഇവിടം വിട്ട് പോവുക' എന്ന് പറയുന്നവരോട്, 'ആ കുറുക്കനോട് ചെന്ന് പറയുക, ഞാൻ ഇന്നും നാളെയും ഇവിടെത്തന്നെ കാണും' എന്ന് ധിക്കാരം പറയുന്നത് കാണുന്നില്ലേ? പരിഹാസങ്ങൾക്കിടയിൽ, ആക്രോശങ്ങൾക്കിടയിൽ, ഭർസനങ്ങൾക്കിടയിൽ, കൊലമരത്തിൽ നഗ്നനായി തൂങ്ങിക്കിടക്കുമ്പോൾപ്പോലും അക്ഷോഭ്യനും കരുണാമയനുമായി, സമാധാനത്തിൽ തൻ്റെ ആത്മാവിനെ ദൈവതൃക്കരങ്ങളിൽ സമർപ്പിക്കുന്നതും കാണുന്നില്ലേ?


ജീവിതത്തിൽ അത്തരം സമാധാനമുള്ളവർക്ക് വലിയ ആത്മബലമാണ്. യാതൊന്നും അവരെ ഭയപ്പെടുത്തുന്നില്ല; തളർത്തുന്നുമില്ല. ഉള്ളുറച്ച ബോധ്യങ്ങൾ അവരെ സദാ നയിക്കുന്നുണ്ട്. അവർ കാറ്റത്താടുന്ന ഞാങ്ങണകളാവില്ല. ലോകരെ ബോധ്യപ്പെടുത്താനായി ചമയങ്ങളും അവർ ചാർത്തില്ല. അതീവ ബലിഷ്ഠരായിരിക്കുമ്പോഴും വഴിയിലെ ഒരു ചെറുപുഴു പോലും അവരെ തരളിതരാക്കും. ഒരു കുഞ്ഞുകിളിയുടെ രോദനം പോലും അവരുടെ ഹൃദയം തപിപ്പിക്കും.


ദൈവത്തെയും വിശ്വാസത്തെയും ഒഴിവാക്കിക്കൊണ്ട് ഇതെല്ലാം ആർജ്ജിക്കാൻ കഴിയുമോ എന്നതാണ് കുറേക്കാലമായുള്ള നമ്മുടെ എല്ലാ പരീക്ഷണങ്ങളും! "വഴി കണ്ടുപിടിക്കുക" എന്ന പഴയ പ്രശ്നനിർദ്ധാരണ കളിയിലേതുപോലെ, ഒരു വഴി പോയി കുറേ ദൂരം എത്തുമ്പോഴാണ് അടഞ്ഞ വഴിയായിരുന്നു അതെന്നറിയുന്നത്. അപ്പോൾ തിരികെ വരും. എന്നിട്ട് അടുത്ത വഴി പരീക്ഷിക്കും. വഴി കണ്ടുപിടിക്കണമല്ലോ!

ജോര്‍ജ് വലിയപാടത്ത�്

0

42

Featured Posts

Recent Posts

bottom of page