പ്രായമാകുമ്പോള്‍...

Updated: Apr 18

Key Takeaways:
This article is draft on aging and youth.
Article discusses valuing experience over mere physical age in professional settings.
അടുത്ത കാലത്ത് ഒരു കുറിപ്പില്‍ ഡോ. ബി. ഇക്ബാല്‍ വാര്‍ധക്യകാലത്തെ അവസ്ഥയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ പങ്കു വച്ചിരുന്നു. ചലച്ചിത്രമേളകളിലും മറ്റു ഗൗരവമുള്ള കൂട്ടായ്മകളിലും എത്തുമ്പോള്‍ പലരും നെറ്റി ചുളിക്കുന്നത് അദ്ദേഹം കാണുന്നു. വൃദ്ധര്‍ക്ക് ഇവിടെന്തു കാര്യം! എന്ന ചോദ്യമാണ് പലരുടെയും മുഖത്ത് തെളിയുന്നത്. വലിയ സംഭാവനകള്‍ സമൂഹത്തിനു ചെയ്തവരായിട്ടുപോലും പലര്‍ക്കും അവരെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. പ്രായമായവരുടെ ആകാശം ചെറുതാക്കാനാണ് ചിലരെങ്കിലും ശ്രമിക്കുന്നത്. അവര്‍ നടന്ന വഴികള്‍, നേടിയ അനുഭവങ്ങള്‍, അറിവുകള്‍ എല്ലാം ചേര്‍ന്നാണ് ഈ ലോകം ഇന്നത്തെ നിലയിലെത്തിയത്. ഭൗതികപ്രായവും (Physical age) മാനസികപ്രായവും (Mental age) തമ്മിലുള്ള വ്യത്യാസവും തിരിച്ചറിയേണ്ടതാണ്. തലനരയ്ക്കുന്നതല്ല വാര്‍ധക്യം എന്നും കര്‍മ്മപഥത്തില്‍ മുന്നേറുകയാണ്, നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണ് യുവത്വമെന്ന് കരുതുന്നവര്‍ പ്രായത്തെ ഗൗനിക്കാതെ മുന്നേറുന്നു.
യുവത്വം എന്നത് ശരീരത്തിന്‍റെ അവസ്ഥ മാത്രമല്ല എന്നറിയുക. പുതിയ വെല്ലുവിളികള്‍, ദര്‍ശനങ്ങള്‍, അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍ ഒന്നുമില്ലെങ്കില്‍ എന്താണ് യുവത്വം? നവമായതൊന്നും കണ്ടെത്താത്തവര്‍ വേഗത്തില്‍ വൃദ്ധരാകുന്നു. ശൈശവത്തില്‍ നിന്ന് നേരിട്ട് വൃദ്ധത്വത്തിലേക്ക് കടക്കുന്നവരാണ് തനതുമുദ്രകള്‍ പതിപ്പിക്കാത്തവരെല്ലാം.
വാര്‍ധക്യത്തിലും ധീരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയും യുവാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. മുന്‍തലമുറയെ സര്‍ഗാത്മകമായി നിഷേധിക്കാനും മറികടക്കാനും പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനും സാധിക്കുമ്പോഴാണ് യുവത്വം അര്‍ഥപൂര്‍ണ്ണമാകുന്നത്. ബാഹ്യരൂപത്തില്‍ യുവത്വമുണ്ടെങ്കിലും ചില വൃദ്ധരെക്കാള്‍ വാര്‍ധക്യം ബാധിച്ചവരാണ് യുവാക്കള്‍ എന്നു നടിക്കുന്നവരില്‍ പലരും.
പരസ്യങ്ങളില്‍ യുവാക്കള്‍ക്കെന്നപോലെ വൃദ്ധര്‍ക്കും ഇപ്പോള്‍ പ്രാധാന്യം ലഭിക്കുന്നു. വൃദ്ധര്‍ക്കുമാത്രം ഉപയോഗിക്കാനുള്ള ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ വിപണി സജ്ജമാണ്. എന്നും ബാഹ്യയുവത്വം നിലനിര്‍ത്താനുള്ള സൂത്രവിദ്യകളും തയ്യാറാണ്. എന്നാല്‍ സാര്‍ത്ഥകമായി ജീവിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. ജീവിതവും നിലനില്പും തമ്മില്‍ ഏറെ വ്യത്യാസമുണ്ടെന്ന് നാം തിരിച്ചറിയണം. നിലനില്‍ക്കുക മാത്രം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്നില്ല. അവിടെ പ്രായത്തിന് വലിയ പ്രസക്തിയില്ല..
പുതിയ തൊഴില്‍വിപണികള്‍ പലരെയും ഒഴിവാക്കുന്നത് പ്രായത്തിന്‍റെ പേരിലാണ്. കുറച്ചുകാലം സര്‍വതും ഊറ്റിയെടുത്തിട്ട് 'സുവര്‍ണ ഹസ്തദാനം' (Golden shakehand) നല്‍കി ഒഴിവാക്കുന്നത് ഒരു കോര്‍പ്പറേറ്റ് രീതിയാണ്. അവിടെ മാനുഷികതയില്ല. എപ്പോഴും ഒരേ വേഗത്തില്‍ ഓടിക്കൊണ്ടിരിക്കാന്‍ ആര്‍ക്കും സാധിക്കില്ല. കിഴവന്മാരും കിഴവികളുമായി മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അവരുടെ സംഭാവനകള്‍ ഗണിക്കപ്പെടുന്നില്ല. ലാഭകേന്ദ്രിതമായ വീക്ഷണത്തില്‍ അവരെ ഒഴിവാക്കുന്നതാണ് കൂടുതല്‍ ലാഭം.
പ്രായമായവരെ ഒഴിവാക്കി ചെറുപ്പക്കാരെ നിയമിക്കണമെന്ന് നിരന്തരം ഓര്‍മ്മിപ്പിക്കുന്ന ചില സ്ഥാപനമേധാവികളുണ്ട്. അവരും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടതാണ്. തന്നെക്കാള്‍ പ്രായം കുറഞ്ഞവരെപ്പോലും 'കിളവികള്‍' എന്നു വിളിക്കാന്‍ ലജ്ജ തോന്നാത്തവരെയും നാം കാണുന്നു. ഒരുകാലത്ത് വലിയ സംഭാവനകള്‍ നല്‍കിയവര്‍, സ്ഥാപനങ്ങളെ വളര്‍ത്തിയവര്‍, വിരമിക്കുന്നതു വരെ പ്രവര്‍ത്തിക്കാന്‍ ശേഷയുള്ളവര്‍ ഒഴിവാക്കപ്പെടുന്നത് അനീതിയാണ് എന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. ഈ അനീതികളുടെ ഇരകളാകുന്ന അനേകം മനുഷ്യര്‍ നിറഞ്ഞ ലോകമാണിത്. കിളവികള്‍ക്കു പകരം ലിപ്സ്റ്റിക്കിട്ട, നിരന്തരം റീലുകളിടുന്ന, ബാഹ്യമായി മാത്രം യൗവനം ആഘോഷിക്കുന്നവര്‍ കടന്നുവരണമെന്ന് പ്രസ്താവിക്കുന്ന സ്ഥാപനമേധാവികള്‍ തിരിച്ചറിയാത്ത ചില യാഥാര്‍ഥ്യങ്ങളുണ്ട്. അനുഭവത്തിലൂടെ മുന്നേറിയവര്‍ക്കും ഇവിടെ നിലനില്‍ക്കാന്‍ അവകാശമുണ്ട്.
പുതിയ വിപണിമൂല്യങ്ങള്‍ പിടിമുറുക്കുമ്പോള്‍ ആരെയും ഒഴിവാക്കാമെന്ന അവസ്ഥയുണ്ടാകുന്നത് തീര്‍ത്തും മനുഷ്യവിരുദ്ധമായ നിലപാടാണ്. കാലം ആരെയും വെറുതെ വിടുന്നില്ല. കിളവന്‍, കിഴവി എന്നു വിളിക്കുന്നവരെയും കാലം പിടികൂടും. എത്ര സൗന്ദര്യവര്‍ധകവസ്തുക്കള്‍ വാരിപ്പൂശിയാലും കാലത്തെ തോല്‍പ്പിക്കാനാവില്ല. ശരീരം വാര്‍ധക്യത്തിലേക്ക് കടന്നുപോകും, ത്വക്ക് ചുരുങ്ങും, കൂനിത്തുടങ്ങും. ആ സമയത്തും നിലനില്‍ക്കുന്നത് നാം പ്രസരിപ്പിച്ച നന്മയുടെ വെളിച്ചം മാത്രമായിരിക്കും. മറ്റുള്ളവരെ പ്രായത്തിന്‍റെ പേരിലും മറ്റും ആക്ഷേപിക്കുന്നവരെ കാലം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. പ്രതാപികള്‍ എക്കാലവും എവിടെയും വാണിട്ടില്ല. ഇല പൊഴിയുന്ന ശിശിരകാലം ഏവര്‍ക്കുമുണ്ട്. പഴുത്തില വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളെയും കാത്തിരിക്കുന്നത് അതേ വിധി തന്നെയാണ്. പ്രായമല്ല, കര്‍മ്മശേഷിയും അനുഭവപരിചയവും പ്രധാനമായി വരുന്നത് ഈ സാഹചര്യത്തിലാണ്.
'വാര്‍ധക്യമെത്തുമ്പോള്‍ സ്വപ്നം കാണാന്‍ കഴിയാതാവുകയല്ല, സ്വപ്നം കാണാന്‍ സാധിക്കാതെ വരുമ്പോള്‍ വൃദ്ധരാവുകയാണ്' എന്നാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് പറയുന്നത്. പുതിയ സ്വപ്നങ്ങള്‍ കാണാന്‍ സാധിക്കുന്നവര്‍, പുതിയ ലക്ഷ്യത്തിലേക്ക് ധീരമായി സഞ്ചരിക്കുന്നവരെല്ലാം ഒരു തരത്തില്‍ യുവാക്കള്‍ തന്നെയാണ്. കാഴ്ചയില്‍ യുവാക്കളെങ്കിലും പുതിയ സ്വപ്നങ്ങളോ ദര്‍ശനങ്ങളോ ഇല്ലെങ്കില്‍ വൃദ്ധരുടെ ഗണത്തില്‍ പെടും. വാര്‍ധക്യം ഒരു ജീവിതാവസ്ഥയാണെന്നും ചിലതെല്ലാം ബലഹീനമാകുമ്പോഴും മറ്റൊരു തരത്തില്‍ വളരുന്നുണ്ടെന്നും അറിയേണ്ടതുണ്ട്. പ്രായമായവരെയെല്ലാം ഒഴിവാക്കിയാല്‍ ലോകം സ്ഥാപനങ്ങള്‍ കൂടുതല്‍ മനോഹരമാകും എന്ന ധാരണ അബദ്ധമാണ്. ഈ ലോകത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചത് അവരുംകൂടിയാണ്. നിലനില്‍ക്കാന്‍ അവകാശമുള്ളവരെ ആട്ടിപ്പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കടുത്ത അനീതിയുടെ പക്ഷത്താണ് നിലകൊള്ളുന്നത്.
പ്രായമാകുമ്പോള്‍...
ഡോ. റോയി തോമസ്
അസ്സീസി മാസിക ഏപ്രിൽ 2026

















































































































