top of page

ഇന്ന് അസമില്‍ സംഭവിക്കുന്നത്. നാളെ?

Sep 1, 2012

3 min read

ബഭ
Women in Assam.

എല്ലാ കലാപങ്ങളെയും മരിച്ചവരുടെയും വീടുകള്‍ നഷ്ടപ്പെട്ടവരുടെയും ജനിച്ച മണ്ണ് ഉപേക്ഷിച്ച് ഓടിപ്പോന്നവരുടേയും കണക്കുകള്‍ ഉണ്ടാക്കി നമ്മുടെ ജി. കെ.യെ തൃപ്തിപ്പെടുത്തി നമ്മള്‍ സ്വസ്ഥരായിക്കൊണ്ടിരിക്കുന്നു. ജി.കെ. എന്നാല്‍ പൊതുവിജ്ഞാനം (General Knowledge). അതൊരു വലിയ കാര്യമാണ്. പഠിക്കുന്നവരുടെയും പഠിപ്പിക്കുന്നവരുടെയും ഭാരവുമാണത്. എന്നാല്‍ പഠിക്കേണ്ട യഥാര്‍ത്ഥ പാഠങ്ങള്‍ നമ്മള്‍ പഠിക്കാതെ പോവുന്നുവെന്ന ദുരന്തം കൂടിയുണ്ടതില്‍. അല്ലെങ്കില്‍ എന്നെങ്കിലും നമ്മള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ ലോകം ഇങ്ങനെ ആവുമായിരുന്നില്ലല്ലോ? മരുഭൂമികളുടെ വന്യതകളിലും ജനജീവിതത്തിന്‍റെ ദൈന്യതകളിലും ആത്മശാന്തിയുടെ ഗിരിനിരകളിലും എത്ര പ്രവാചകന്മാരുടെ ശബ്ദം കുടുങ്ങി യലയടിക്കുന്നുണ്ട്. അവരുടെ അനുയായികളാണ് നമ്മള്‍ എന്ന് ആര്‍ത്തട്ടഹസിക്കുമ്പോഴും നമ്മള്‍ അവരെ നിത്യവും നിരാകരിച്ചുകൊണ്ടിരിക്കുന്നു.

ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപലായനവും നിഷ്കാസനവുമാണ് അസമില്‍ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് മാധ്യമങ്ങള്‍ പറയുന്നു. ഇപ്പോഴത് ആറുലക്ഷത്തിലെത്തുന്നു. നാളെയത് എന്താകുമെന്നറിയില്ല. മാത്രമല്ല ആ ഒഴുക്കിനൊപ്പം ഒരു തിരിച്ചൊഴുക്കുമുണ്ട്. രണ്ട് ശക്തമായ ഒഴുക്കുകളുടെ കൂട്ടിമുട്ടല്‍ ഉണ്ടാക്കുന്ന സംഘര്‍ഷം ഭയാനകമായിരിക്കും. അതുണ്ടാക്കുന്ന വിദ്വേഷം ഒരിക്കലും ശമിക്കാത്ത കുടിപ്പകകളിലേക്കായിരിക്കും ഇന്ത്യയെ നയിക്കുക. കാരണം അസം കലാപം അസമില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത് ഇന്ത്യ മുഴുവനും ശ്രദ്ധിക്കാന്‍ വേണ്ടത്ര വ്യാപ്തിയുള്ളതും ഇന്ത്യയുടെ നാനാത്വത്തിലെ ഏകത്വം എന്ന അഭിലാഷത്തെ എന്നെന്നേക്കും ഇല്ലാതാക്കാന്‍ ശക്തിയുള്ളതുമായ ഒരു വിധ്വംസക വൃത്തിയുമാണ്. കണക്കുകള്‍ കൊണ്ട് കളിക്കേണ്ട ഒരു കളിയല്ല ഇത്. അതുകൊണ്ട് ഈ ചെറുകുറുപ്പില്‍ ഞാനൊരു കണക്കും നിരത്തുന്നില്ല, മരിച്ചവരുടെ എണ്ണം, അഗ്നിക്കിരയായ വീടുകള്‍, പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകേണ്ടിവന്നവര്‍, ഭീതിയോടെ നാട്ടിലേക്ക് തിരിച്ചോടിക്കൊണ്ടിരിക്കുന്നവര്‍, അവരുടെ ജാതി, മതം, വര്‍ഗം ഒന്നും തന്നെ. കാരണം ഓരോ തവണ നമ്മള്‍ കണക്കെഴുതുമ്പോഴും അക്കമേറിയേറിവരും. അക്കങ്ങളെപ്പോലെ പെരുകാന്‍ വാക്കുകള്‍ക്കാവില്ല. ഹരണവും അങ്കഗണിതത്തില്‍ തന്നെയാണുള്ളത്.

നമ്മള്‍ ഇതുവരെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റ് ഇപ്പോഴും ആവര്‍ത്തിക്കാന്‍ ശാഠ്യം പിടിക്കുന്നു. എല്ലാ കലാപങ്ങളേയും വംശീയമെന്നും വര്‍ഗീയമെന്നും മുദ്രകുത്തി തൃപ്തരാവാന്‍ നമ്മള്‍ ശ്രമിക്കുന്നു. ഈ കലാപങ്ങളിലൊന്നും വംശീയത ഇല്ലെന്നോ വര്‍ഗീയത ഇല്ലെന്നോ അല്ല ഇതിനര്‍ത്ഥം. വര്‍ഗീയത ഉണ്ടാക്കിയെടുത്തതാണെന്നാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ മാത്രം കഥയല്ലിത്, ലോകമെമ്പാടും അലയടിക്കുന്ന കലാപങ്ങളുടെയും കഥയിതു തന്നെയാണ്. വര്‍ഗസംഘര്‍ഷങ്ങളെ വര്‍ഗീയ സംഘര്‍ഷങ്ങളാക്കി പരിവര്‍ത്തനം ചെയ്തതിന്‍റെ പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ട്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണ് സാമ്പത്തിക വര്‍ഗങ്ങളുടെ അധികാര സമരത്തിന് ബദലായി വംശീയതയുടെയും വര്‍ഗീയതയുടേയും കാലാപങ്ങളായിരിക്കും ഇനിയുണ്ടാവുക എന്ന് പ്രവചിക്കപ്പെട്ടത്. "പുതിയ കുരിശുയുദ്ധങ്ങള്‍"ക്ക് പ്രചോദനമായത് ഈ പ്രവചനമാണ്. "ദൈവം ഉണ്ടാകട്ടെ എന്നു പറഞ്ഞു, ഉണ്ടായി" എന്ന ബൈബിള്‍ വചനംപോലെ മനുഷ്യര്‍ക്കും ഉണ്ടാകട്ടെ എന്നു പറഞ്ഞ് ഉണ്ടാക്കാന്‍ ചിലതൊക്ക കഴിയുമെന്നതിന്‍റെ സൂചനയാണ് ആ പ്രവചനവും അതിന്‍റെ പിന്നാലെ ഉണ്ടാകാന്‍ തുടങ്ങിയ വംശീയ കലാപങ്ങളും. അതിന് മുന്‍പ് വംശീയ കലാപങ്ങള്‍ ഉണ്ടായില്ല എന്ന് ഇതിനര്‍ത്ഥമില്ല. ആഗോള വ്യാപകമായി അതിനൊരേകീകരണം സംഭവിച്ചുവെന്നതാണ് പ്രധാനം. എല്ലാ വംശീയതകളുടെയും വര്‍ഗീയതകളുടെയും ജാരസന്തതിയും സങ്കരസൃഷ്ടിയുമായി അത് മാറി. രാഷ്ട്രീയവും അധികാരവുമായി അത് വേഴ്ച നടത്തി. സൂക്ഷ്മവിശകലനത്തിലേയ്ക്കു ഞാന്‍ കടക്കുന്നില്ല. അത് ഈ കുറിപ്പിന്‍റെ പരിധിയില്‍ ഒതുങ്ങുന്നില്ല. അസം കലാപത്തെ മാത്രമാണിപ്പോള്‍ പരിശോധിക്കുന്നത്.

ബോഡോകഫും ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയവരും അന്യോന്യം കൊണ്ടും കൊടുത്തും അസമിനെ ചുവപ്പിക്കുന്നുവെന്നാണ് പ്രചരിപ്പിക്കപ്പെടുന്ന കഥ. ബോഡോകള്‍ക്ക് ഒരു സ്വതന്ത്രസംസ്ഥാനമോ സ്വതന്ത്രദേശമോ വേണമെന്നുള്ള ആവശ്യത്തിന് ഒരുപാടു വഴക്കുമുണ്ട്. 1950 മുല്‍ "ഉദയാലയം" എന്ന സംസ്ഥാനത്തിനുവേണ്ടി അവര്‍ ആവശ്യം ഉന്നയിച്ചിരുന്നു. 1987 നു ശേഷം ഈ ആവശ്യം ശക്തമായി. 1993ലും 1996 -98കളിലും കലാപം രൂക്ഷമായി. 1993 ല്‍ ബോഡോകളും മുസ്ലീങ്ങളും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. 1996-98 കളില്‍ ആദിവാസികളും ബോഡോകളും തമ്മിലായി കലാപം. ആ കലാപങ്ങളില്‍ ദുരിതമനുഭവിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിപ്പെട്ടവര്‍ ഒന്നര പതിറ്റാണ്ടിനുശേഷവും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ത്തന്നെ പുനരധിവസിപ്പിക്കപ്പെടാതെ കഴിയുകയാണ്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഈ പ്രശ്നത്തെ എങ്ങനെ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നുവെന്നതിന്‍റെ ഉദാഹരണമാണിത്.

അസമിന്‍റെ കുടിയേറ്റത്തിന്‍റെയും കുടികിടപ്പിന്‍റെയും ചരിത്രം വിചിത്രമാണ്. ഏഴെട്ട് തരം വംശീയതകളാണ് അതിലുള്ളത്. ബോഡോകള്‍ കോച്ച് രാജബംകതികള്‍, റാഡകള്‍ 'ആദിവാസികള്‍ ചായത്തൊഴിലാളികള്‍, അസമികള്‍, ബംഗാളി ഹിന്ദുക്കളും മുസ്ലികളും.


(1). ആസാമീസ് സംസാരിക്കുന്ന മുസ്ലീംങ്ങള്‍ പഴയമുഗള്‍ പടയാളികളാണ്. മുഗള്‍ പടയോട്ട കാലങ്ങളില്‍ പലസമയത്ത് പലയിടങ്ങളിലായി കുടിയേറി കുടിവെച്ചവര്‍. പലഭാഷങ്ങള്‍ സംസാരിച്ചിരുന്ന അവര്‍ നൂറ്റാണ്ടുകളിലൂടെ തദ്ദേശഭാഷ സ്വയം വരിച്ച് അസമികളായി.

(2). ബംഗാളി ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ബംഗാളി മുസ്ലീംങ്ങളും ഹിന്ദുക്കളും ഇന്ത്യ സ്വതന്ത്രമാവുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കിഴക്കന്‍ ബംഗാളില്‍ നിന്ന് കുടിയേറി സ്ഥിരവാസികളായവരാണ്. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങള്‍ പഴയകിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്നും ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നും അതിര്‍ത്തികടന്ന് ഒളിച്ചെത്തിയവരാണ്.

(3). ടീ ട്രൈഡ്സ് - അഥവാ ചായത്തോട്ടം തൊഴിലാളികള്‍.

ബ്രിട്ടീഷ് ഭരണകാലങ്ങളില്‍ അസമിലെ ചായത്തോട്ടങ്ങളിലേക്ക് കൂലിപ്പണിക്കായെത്തി അവിടെ വാസമുറപ്പിച്ച ഇന്ത്യയുടെ നാനാഭാഗങ്ങളിലുമുള്ളവരാണവര്‍. കേരളത്തില്‍ നിന്ന് അസമിലെ ചായത്തോട്ടങ്ങളിലേക്ക് വണ്ടിക്ക് പോകുന്ന മലയാളികളെക്കുറിച്ച് വൈലോപ്പിള്ളി എഴുതിയ "അസം പണിക്കാര്‍" എന്ന കവിത അതിന്‍റെ ദര്‍ശന ശാസ്ത്രമാണ്. അതൊരു വലിയ കുത്തൊഴുക്കായിരുന്നു. ആ മലയാളികളില്‍ ഭൂരിപക്ഷവും അസമികളായി മാറിക്കഴിഞ്ഞിരിക്കണം.

(4). യഥാര്‍ത്ഥ ആദിവാസികള്‍- മലയാളികള്‍ എന്ന സംജ്ഞയില്‍ നമ്മുടെ ആദിവാസികള്‍ പെടാത്തതുപോലെ അസമികള്‍ എന്ന് പറയുമ്പോള്‍ ഇവരും ഇല്ലാതാവും. പുറത്തുനിന്ന് കാഴ്ച കാണുന്നവര്‍ക്ക് ബോഡോകളായിരിക്കും തദ്ദേശീയരും ആദിവാസികളും.

ബോഡോലാന്‍റ് ടെനിട്ടോറിയല്‍ ആട്ടോണമസ് ഡിസ്ട്രിക്റ്റുകള്‍ എന്നപേരില്‍ അസമിലെ ചില വടക്കന്‍ ജില്ലകളെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ പ്രദേശത്തും അതിന്‍റെ അതിര്‍ത്തി ജില്ലകളിലുമാണ് ഇപ്പോള്‍ കലാപം നടന്നുകൊണ്ടിരിക്കുന്നത്. ബോഡോകള്‍ മുസ്ലീം കുടിയേറ്റക്കാരെ കൊലചെയ്യുമ്പോള്‍ ബോഡോ തീവ്രവാദികള്‍ക്കിടയിലെ വിവിധ ഗ്രൂപ്പുകള്‍ അന്യോന്യം കൊലചെയ്യുന്നു. അസമിന്‍റെ ഉള്ളില്‍ ഒരു സ്വതന്ത്രഭരണപ്രദേശമല്ല അവര്‍ക്ക് വേണ്ടത് ഒരു സ്വതന്ത്രസംസ്ഥാനം തന്നെയാണ്.

ബോഡോലാന്‍റെ എന്ന് ഇന്നറിയപ്പെടുന്ന പ്രദേശങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ബോഡോകള്‍ ന്യൂനപക്ഷമാണ്. ഭൂരിപക്ഷവും മുസ്ലീംങ്ങളടക്കമുള്ള തദ്ദേശീയവും മറുനാട്ടുകാരുമാണ്. ബോഡോകളുടെ ജനസംഖ്യാനിരക്ക് 29% ത്തില്‍ താഴെയാണ്. മൂന്നില്‍ ഒരാള്‍പോലും ബോഡോയല്ല. സ്വന്തം ജന്മനാട്ടില്‍ തന്നെ ന്യൂനപക്ഷമാണെന്ന് നമ്മുടെ രാഷ്ട്രീഗുരുക്കന്മാര്‍ തന്നെയാണ് അവരെ ഓര്‍മ്മപ്പെടുത്തിയിരുന്നത്. അവരെ യുദ്ധോത്സുകരാക്കിയതും മറ്റുള്ള സമൂഹങ്ങളെ ഉന്മൂലനം ചെയ്തു ഭൂരിപക്ഷമുണ്ടാക്കാനുള്ള ശ്രമത്തിന് അവരെ പ്രേരിപ്പിച്ചതും നമ്മുടെ രാഷ്ട്രീയ ദല്ലാളന്മാരാണ് "സ്വന്തം നാട്ടില്‍ ന്യൂനപക്ഷമായതിനാല്‍ ബോഡോകള്‍ക്ക് സ്വതന്ത്ര സംസ്ഥാനം നടക്കാത്ത സ്വപ്നമാണ്" എന്ന് പറഞ്ഞത് രാജേഷ് പൈലറ്റാണ്.

"ഇന്ദിരയാണ് ഇന്ത്യ"യെന്ന് വിളിച്ചുകൂവിയ പഴയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവകാന്ത ബടുവായ്ക്ക് രാഷ്ട്രീയം ഒരു പകിടവെച്ചുകളിയായിരുന്നു. അസംകാരനായ ബടുവ എന്ന വിടുവായക്കാരന്‍ അധികാരത്തിന്‍റെ സമവാക്യങ്ങളാണ് എന്നും ആലോചിച്ചുകൊണ്ടിരുന്നത്.

"അലികളും കൂലികളും എന്നും കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിലനിര്‍ത്തും" എന്നാണയാള്‍ ഇന്ദിരാഗാന്ധിയോടും പറഞ്ഞത്. 'അലി' എന്നു പറഞ്ഞാല്‍ കുടിയേറ്റ മുസ്ലീംങ്ങള്‍, കൂലിയെന്നു പറഞ്ഞാല്‍ കുടിയേറ്റ തോട്ടം തൊഴിലാളികള്‍.

ബഹുസ്ഥിരമായ ഒരു സാമൂഹിക സ്ഥിതിയെ എങ്ങിനെ സുസ്ഥിരമാക്കണമെന്നതിന് ഈ രാഷ്ട്രീയ നേതൃത്വത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നില്ല. വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി അവള്‍ വംശീയതയേയും വര്‍ഗീയതയേയും നിരന്തരം പരിപാലിച്ചുകൊണ്ടിരുന്നു.

എന്നാല്‍ അസമില്‍ കാലാകാലങ്ങളിലായി രൂപപ്പെട്ടുവന്ന വംശീയതയുടെ അടിവേരുകള്‍ കൃഷിയിലും മണ്ണിലും തന്നെയാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്. ഒരു ഭൂപ്രദേശത്തെ വംശീയതയിലേക്കും വര്‍ഗീയതയിലേക്കും പരിവര്‍ത്തനം ചെയ്തെടുക്കുകയാണ് ചെയ്തത്.

ബോഡോകളും താഴ്ന്ന മധ്യവര്‍ഗ്ഗങ്ങളും കൃഷിപ്പണി ഉപേക്ഷിക്കുകയും മറ്റ് ജോലികള്‍ തേടിപ്പോവുകയും ചെയ്തതോടെയാണ് കാര്യങ്ങള്‍ ആരംഭിക്കുന്നത്. ഇവരുടെ പിന്മാറ്റം സ്വതവേ ഒരു കാര്‍ഷിക മേഖലയായ അസമില്‍ വല്ലാത്തൊരു ശൂന്യതയാണുണ്ടാക്കിയത്. പാടങ്ങള്‍ തരിശായി കിടക്കാന്‍ തുടങ്ങി. വിള ഇറക്കാനും വിള കൊയ്യാനും ആളില്ലാതെയായി. എല്ലാ അസമികളും സംഘടിത തൊഴില്‍ മേഖലകള്‍ തേടിപ്പോയതോടെ അവരുടെ സ്ഥാനത്തേക്ക് കൃഷിയിലും മണ്ണിലും ആസക്തരായ യഥാര്‍ത്ഥ കര്‍ഷകത്തൊഴിലാളികള്‍ ബംഗ്ലാദേശില്‍ നിന്ന് കുടിയേറാന്‍ തുടങ്ങി. അസമിലെ ജന്മിവര്‍ഗങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാരണം അവര്‍ക്ക് കൂലി കുറച്ചു കൊടുത്താല്‍ മതിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അസമിലെ കാര്‍ഷിക മേഖലയുടെ ലാഭേച്ഛ തന്നെയാണ് ഈ കുടിയേറ്റങ്ങള്‍ക്ക് പ്രചോദനമാവുന്നത്.'

എന്നാല്‍ വര്‍ഷങ്ങള്‍കൊണ്ട് ഈ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതോടെ ബോഡോകളും തദ്ദേശീയരായ മറ്റ് വംശീയതകളും ന്യൂനപക്ഷമായി. ഇതുണ്ടാക്കിയ "ഐഡന്‍റിറ്റി ക്രൈസിസ്" ആണ് ഇന്നത്തെ നിലയിലേക്ക് അസമിനെ തള്ളിയിട്ടത്. സ്വന്തം സംസ്ഥാനത്തിലെ മണ്ണിനേയും മനുഷ്യരേയും ഉപേക്ഷിച്ച് അസമികള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതേ തൊഴിലുകള്‍ക്കായി കൂട്ടമായി എത്തുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. മലയാളിയും ഇപ്പോള്‍ നാട്ടിലെ അധികവരുമാനം വേണ്ടെന്ന് വെച്ച് ഗള്‍ഫിലെ തുച്ഛവരുമാനത്തിനായി കിടപ്പാടം പണയം വെയ്ക്കുന്നുണ്ടല്ലോ?

അസം ഒരു സാമൂഹ്യപാഠമാണ്. ഇന്ത്യയില്‍ എവിടെയും പ്രത്യേകിച്ചും കേരളത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള സാമൂഹ്യപാഠത്തിന് ഉതകുന്ന ഗൃഹപാഠം. നമ്മുടെ കൃഷിയിടങ്ങളും തൊഴിലിടങ്ങളും അന്യസംസ്ഥാനത്തൊഴിലാളികളുടേതായി മാറിക്കഴിഞ്ഞു. കുടിയേറാന്‍ അവര്‍ക്കിവിടെ ഭൂമിയില്ലാത്തതുകൊണ്ടാണ് അവര്‍ കുടിയേറ്റക്കാരാവത്തത്. എന്നാല്‍ ഇന്ന് അസമില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ എവിടേയും സംഭവിക്കാം.

Featured Posts