top of page
"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്ത ശീലനും വിനീതഹൃദയനുമാകയാല്‍ എന്‍റെനുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്‍റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്" (മത്തായി 11 : 28-30). ഈ വചനം പറഞ്ഞ ക്രിസ്തുവും അവന്‍ പറഞ്ഞ ദൈവവചനവും ഭാരപ്പെടുന്ന ഏതു മനസ്സിനും മുറിവേറ്റ ഏതു ജീവിതത്തിനും കരുത്താണ്, ലേപനമാണ് എന്നതു നിസ്തര്‍ക്കമായ കാര്യമാണ്. ബൈബിളിനെ ദൈവത്തിന്‍റെ വചനമായി കരുതുന്ന ഏതൊരാളും, "അങ്ങയുടെ വചനം എന്‍റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ് "(സങ്കീ. 119 :105) എന്നു സങ്കീര്‍ത്തകന്‍ പാടിയത് തലകുലുക്കി സമ്മതിക്കും. എന്നാല്‍, സ്വവര്‍ഗാനുരാഗിയായ ഒരാള്‍ ബൈബിള്‍ വായിച്ചാല്‍ എന്തായിരിക്കും അയാള്‍ക്കു വി. ഗ്രന്ഥത്തെക്കുറിച്ചു തോന്നുക? അയാളെ വല്ലാതെ തകര്‍ത്തു കളയുന്ന കാര്യങ്ങളേ അയാള്‍ക്കു ബൈബിളില്‍ നിന്നു ലഭിക്കൂ. സങ്കീര്‍ത്തകന്‍ പാടിയതു പച്ചക്കള്ളമാണെന്ന് അയാള്‍ നെഞ്ചു പൊട്ടി നിലവിളിക്കും. Clobber passages എന്നാണ് ഈ വചന ഭാഗങ്ങള്‍ അറിയപ്പെടുന്നത്. എന്നുവച്ചാല്‍, മര്‍ദ്ദക വചനങ്ങള്‍! ബൈബിളില്‍ ആകെ അത്തരം ആറു വചനഭാഗങ്ങളാണുള്ളത്. ഈ ലേഖനത്തില്‍ നാം അവയെ ഒരു പുനഃപരിശോധനയ്ക്കു വിധേയമാക്കുകയാണ്.
ഈ പുനഃപരിശോധനയിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് നാം അവശ്യം പരിഗണിക്കേണ്ടത്, ഒരു വചനഭാഗത്തിന്‍റെ അര്‍ഥം ഗ്രഹിക്കാന്‍ അതിന്‍റെ പശ്ചാത്തലം വഹിക്കുന്ന അതിപ്രധാനമായ പങ്കാണ്. ഉദാഹരണത്തിന് രണ്ടു വചനഭാഗങ്ങള്‍ നമുക്കു പരിഗണിക്കാം. "... ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍ കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. ..."(ഏശയ്യാ 2 : 4); "നിങ്ങളുടെ കൊഴു വാളായും വാക്കത്തി കുന്തമായും രൂപാന്തരപ്പെടുത്തുവിന്‍. താന്‍ ഒരു യോദ്ധാവാണെന്നു ദുര്‍ബലന്‍ പറയട്ടെ" (ജോയേല്‍ 3 : 10). നേര്‍വിപരീതദിശയിലാണ് ഈ രണ്ടു വചനഭാഗങ്ങളുടെയും നോട്ടമെന്നതു വ്യക്തമാണല്ലോ. ഏതു പശ്ചാത്തലത്തിലാണ് ഇവ രണ്ടും പറയപ്പെട്ടത് എന്നതു പരിഗണിക്കാതെ നമുക്ക് ഇവയുടെ അര്‍ഥത്തെക്കുറിച്ച് ഒന്നും പറയാനാകില്ല. മറ്റാരു ഉദാഹരണം കൂടി പരിഗണിക്കാം. "വൃഷണം ഉടയ്ക്കപ്പെട്ടവനോ ലിംഗം ഛേദിക്കപ്പെട്ടവനോ കര്‍ത്താവിന്‍റെ സഭയില്‍ പ്രവേശിക്കരുത്" എന്ന് നിയമാവര്‍ത്തനം 23 : 1. "കര്‍ത്താവ് തന്‍റെ ജനത്തില്‍നിന്ന് എന്നെ തീര്‍ച്ചയായും അകറ്റിനിര്‍ത്തും എന്ന് അവിടുത്തോടു ചേര്‍ന്നുനില്ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്ഷമാണെന്നു ഷണ്ഡനോ പറയാതിരിക്കട്ടെ" എന്ന് ഏശയ്യാ 56 : 3! ഈ രണ്ടു വചനഭാഗങ്ങളുടെയും പശ്ചാത്തലം നാം പരിഗണിക്കുന്നില്ലെങ്കില്‍ ഇവ പരസ്പരം റദ്ദു ചെയ്യുന്ന വചനങ്ങളാണ്. ഏതു വചനത്തിന്‍റെയും കൃത്യമായ അര്‍ഥം പിടുത്തംകിട്ടണമെങ്കില്‍, അത് ഏതു പശ്ചാത്തലത്തില്‍ പറയപ്പെട്ടു എന്നതു നിര്‍ബന്ധമായും നാം പരിഗണിച്ചിരിക്കേണ്ടതാണെന്നത് മുന്‍പറഞ്ഞ ഉദാഹരണങ്ങളില്‍നിന്നു വ്യക്തമാണല്ലോ.
ഉല്‍പത്തി 1:27
ബൈബിളിനെക്കുറിച്ചുള്ള ഏതൊരു അടിസ്ഥാന ഗ്രന്ഥവും പറഞ്ഞുതരുന്നതുപോലെ, ഉല്‍പത്തി 1 മുതല്‍ 11 വരെയുള്ള അധ്യായങ്ങളിലുള്ളത് മിത്തുകളാണ്. ചരിത്രപരമായ ഒരു വായനയും സാധ്യമാകാത്ത ഈ മിത്തുകളില്‍ ആദ്യത്തേതാണ് ഉല്‍പത്തി 1:1-2:4a. ഈ പ്രപഞ്ച ത്തിലെ സകലതും ദൈവത്തിന്‍റെ കരവേലയാണെന്നതും സ്ത്രീയും പുരുഷനും ഒരേ അളവിലും തോതിലും ദൈവത്തിന്‍റെ കൈയൊപ്പ് പേറുന്നവരാണ് എന്നതുമാണല്ലോ ഈ മിത്തിന്‍റെ പ്രധാന പാഠം: "ദൈവം തന്‍റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്‍റെ ഛായയില്‍ അവിടുന്ന് മനുഷ്യനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു" (ഉല്പത്തി 1 : 27).
ഇതേ വചനഭാഗം യേശു ഉപയോഗിച്ചതായി നാം പിന്നീട് മര്‍ക്കോസിലും മത്തായിയിലും കാണുന്നുണ്ട്. "എന്നാല്‍, സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്താല്‍, പുരുഷന്‍ പിതാവിനെയും മാതാവിനെയും വിടുകയും അവര്‍ ഇരുവരും ഒരു ശരീരമായിത്തീരുകയും ചെയ്യും. ... അതിനാല്‍, ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മര്‍ക്കോസ് 10 : 6-9). ഇവിടെ വിവാഹമോചന സംബന്ധിയായ ഒരു ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍, അതിനു മറുപടിയായിട്ടാണ് യേശു പ്രസ്തുത പഴയനിയമ ഭാഗം ഉദ്ധരിക്കുന്നത്. പുറപ്പാട് 21:10-11, നിയമാവര്‍ത്തനം 24:1-4, മലാക്കി 2:16 എന്നിവയാണ് വിവാഹമോചന സംബന്ധി യായി കാണുന്ന പ്രധാന പഴയനിയമ ഭാഗങ്ങള്‍. ഇവയില്‍ത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് നിയമാവര്‍ത്തനത്തിലേതാണ്: "ഒരുവന്‍ വിവാഹിതനായതിനുശേഷം ഭാര്യയില്‍ എന്തെങ്കിലും തെറ്റുകണ്ട് അവന് അവളോട് ഇഷ്ടമില്ലാതായാല്‍, ഉപേക്ഷാപത്രം കൊടുത്ത് അവളെ വീട്ടില്‍ നിന്നു പറഞ്ഞയയ്ക്കട്ടെ" (നിയമാവര്‍ത്തനം 24 : 1). വിവാഹമോചനത്തിന് ശ്രമിക്കാന്‍പോലുമുള്ള അവകാശം സ്ത്രീക്കില്ല എന്നുകൂടി മനസ്സിലാക്കുമ്പോഴാണ് എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു ഈ നിയമമെന്നു നമുക്കു വ്യക്തമാകുന്നത്. സ്ത്രീയും പുരുഷനും സൃഷ്ടിമുതല്‍ തുല്യരാണെന്ന് ഉല്‍പത്തി 1:27 നെ ആധാരമാക്കി സ്ഥാപിച്ചിട്ട്, വിവാഹമോചന നിയമം സ്ത്രീക്കും പുരുഷനും ഒരേപോലെയാക്കുകയാണ് യഥാര്‍ഥത്തില്‍ യേശു മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ചെയ്യുന്നത്. ഫലത്തില്‍, പുരുഷ കേന്ദ്രീകൃതമായ വിവാഹമോചന നിയമത്തെ യേശു റദ്ദു ചെയ്യുകയാണ്.
മര്‍ക്കോസിലോ മത്തായിയിലോ കാണുന്ന പ്രസ്തുത വചനഭാഗത്ത് സ്വവര്‍ഗാനുരാഗം ഒരു വിഷയമായി ഉന്നയിക്കപ്പെടുന്നതേയില്ല. വിവാഹമോചനമാണ് പ്രസ്തുത ഭാഗത്തിന്‍റെ പ്രാതിപാദ്യവിഷയം. അതുകൊണ്ടുതന്നെ ഈ വചനഭാഗം ഉദ്ധരിച്ചുകൊണ്ട് സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധം മാത്രമേ യേശു അംഗീകരിച്ചിട്ടുള്ളൂ എന്നും സുവിശേഷം സ്വവര്‍ഗാനുരാഗത്തിന് എതിരാണെന്നും നമുക്കു സ്ഥാപിക്കാനാവില്ല. (വിശ്വാസത്തെ സാധൂകരിക്കുന്നത് പ്രവൃത്തിയാണെന്നു യാക്കോബ് ശ്ലീഹായുടെ രണ്ടാം അധ്യായത്തില്‍ പറയുന്നുണ്ടല്ലോ. അതുകൊണ്ട്, യാക്കോബ് വിശ്വാസത്തിന് എതിരാണെന്നു നമുക്കു സ്ഥാപിക്കാനാകുമോ? ഒരാള്‍ പറയാത്ത കാര്യം അയാളുടെ ചുമലില്‍ വച്ചുകെട്ടേണ്ടതുണ്ടോ?)
ഉത്പത്തി 19: സോദോം-ഗോമോറായുടെ പാപം
സോദോം-ഗോമോറാ പ്രദേശങ്ങള്‍ ദൈവം തീയിട്ടുചാരമാക്കിയത് സ്വവര്‍ഗാനുരാഗത്തിന്‍റെ പേരിലാണെന്നു പൊതുവെ ഒരു ധാരണയുണ്ട്. നമ്മള്‍ ഉല്‍പത്തി 19:4 ല്‍ ഇങ്ങനെ വായിക്കുന്നു: "അവര്‍ (ലോത്തും രണ്ട് അതിഥികളും) കിടക്കും മുമ്പേ സോദോം നഗരത്തിന്‍റെ എല്ലാ ഭാഗത്തും നിന്നു യുവാക്കന്മാര്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുള്ള എല്ലാവരും വന്നു വീടുവളഞ്ഞു. അവര്‍ ലോത്തിനെ വിളിച്ചുപറഞ്ഞു: രാത്രി നിന്‍റെയടുക്കല്‍ വന്നവരെവിടെ? ഞങ്ങള്‍ക്ക് അവരുമായി സുഖഭോഗങ്ങളിലേര്‍പ്പെടേണ്ടതിന് അവരെ പുറത്തുകൊണ്ടുവരുക" (ഉല്‍പത്തി 19 : 4-5). തീര്‍ച്ചയായും ഇത് പ്രണയത്തില്‍ പക്വത പ്രാപിച്ച രണ്ടു വ്യക്തികളുടെ വാക്കുകളല്ല, ആള്‍ക്കൂട്ട ബലാത്സംഗത്തിനായി ഒരു നഗരം മുഴുവന്‍ നടത്തുന്ന മുറവിളിയാണ്. സോദോം നഗരത്തിന്‍റെ പാപം സ്വവര്‍ഗാനുരാഗമല്ല, ആള്‍ക്കൂട്ട ബലാല്‍സംഗ ശ്രമമാണ്, അഗതികളായി എത്തിയവരോട് നടത്തിയ അക്രമമാണ്. അത് അങ്ങനെ തന്നെയാണെന്നാണ് എസെക്കിയേല്‍ പറയുന്നത്: "നിന്‍റെ സഹോദരിയായ സോദോമിന്‍റെ തെറ്റ് ഇതായിരുന്നു: പ്രൗഢിയും ഭക്ഷ്യസമൃദ്ധിയും സമാധാനവും സ്വസ്ഥതയും ഉണ്ടായിട്ടും അവളും അവളുടെ പുത്രിമാരും നിര്‍ദ്ധനരെയും അഗതികളെയും തുണച്ചില്ല"(എസെ. 16 : 49).
സോദോമിന്‍റെ പാപം സ്വവര്‍ഗാനുരാഗമാണെന്ന് ഉല്‍പത്തിയിലോ മറ്റേതെങ്കിലും പഴയനിയ മഭാഗത്തോ നാം കാണുന്നില്ല. സോദോമിന്‍റെ പാപം അപരിചിതരോട് അനീതി കാട്ടിയതാണെന്നു പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ ഡിസംബര്‍ 2019 ല്‍ ഇറക്കിയ ഒരു രേഖയും അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു: The story of Sodom "illustrates a sin that consists in the lack of hospitality, with hostility and violence towards the foreigner, a behaviour judged very serious and deserving therefore to be sanctioned with the utmost severity, because the rejection of the different, of the needy and defenseless stranger, is a principle of social disintegration, having in itself a deadly violence that deserves an appropriate punishment" (Pontifical Biblical Commission, What is Man? A Journey through Biblical Anthropology, no. 188) ചുരുക്കത്തില്‍, സോദോം-ഗോമോറായെ കുറിച്ചു പറയുന്ന ഭാഗം സ്വവര്‍ഗാനുരാഗത്തിനെതിരാണ് എന്നു വാദിക്കുന്നതിന് വി. ഗ്രന്ഥത്തിന്‍റെ അടിസ്ഥാ നമില്ല.
ലേവ്യര്‍ 18:22; 20:13
നമ്മുടെ നാട്ടിലെ ദേവദാസി സമ്പ്രദായത്തിനു സമാനമായി, ഇസ്രായേലില്‍ വിവിധ ആരാധനാ കേന്ദ്രങ്ങളോടു ചേര്‍ന്ന് പുരുഷവേശ്യകളും പെണ്‍വേശ്യകളും ധാരാളമുണ്ടായിരുന്നു. പല രാജാക്കന്മാരും ഈ സമ്പ്രദായം നിര്‍ത്തലാക്കാന്‍ നോക്കിയിട്ടും അതു തുടര്‍ന്നുകൊണ്ടിരുന്നു. ബി.സി. പത്താം നൂറ്റാണ്ടിലെ ആസാ രാജാവ് അത്തരമൊരു ശ്രമം നടത്തിയതാണ്: "ആസാ... നാട്ടില്‍നിന്നു ദേവപ്രീതിക്കായുള്ള ആണ്‍വേശ്യാ സമ്പ്രദായം ഉച്ചാടനം ചെയ്തു. പിതാക്കന്മാര്‍ നിര്‍മിച്ച എല്ലാ വിഗ്രഹങ്ങളും നിര്‍മാര്‍ജനം ചെയ്തു"(1 രാജാക്ക ന്മാര്‍ 15 : 11-12). ബി.സി. 9-ാം നൂറ്റാണ്ടിലെ യഹോ ഷാഫാത്ത് രാജാവും ഇതേ ശ്രമം നടത്തി: "യഹോ ഷാഫാത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍... യൂദാരാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. തന്‍റെ പിതാവ് ആസായുടെ കാലത്തു തുടര്‍ന്നുപോന്ന ദേവപ്രീതിക്കുള്ള പുരുഷവേശ്യാ സമ്പ്രദായം അവന്‍ നാട്ടില്‍നിന്നും ഉന്മൂലനം ചെയ്തു"(1 രാജാക്കന്മാര്‍ 22 : 45-46). പിന്നീട് ജോസിയാ രാജാവ് ഏഴാം നൂറ്റാണ്ടില്‍ കൊണ്ടു വന്ന ഒരു നിയമം നിയമാവര്‍ത്തന പുസ്തകത്തിലുണ്ട്: "ഇസ്രായേല്‍ സ്ത്രീകളിലാരും ദേവദാസികളാവരുത്. ഇസ്രായേല്‍ പുരുഷന്മാരും ദേവന്മാരുടെ ആലയങ്ങളില്‍ വേശ്യാവൃത്തിയിലേര്‍പ്പെടരുത്. വേശ്യയുടെ വേതനമോ നായയുടെ കൂലിയോ നിന്‍റെ ദൈവമായ കര്‍ത്താവിന്‍റെ ആലയത്തിലേക്കു നേര്‍ച്ചയായി കൊണ്ടുവരരുത്. ഇവ രണ്ടും അവിടുത്തേക്കു നിന്ദ്യമാണ്" (നിയമാവര്‍ത്തനം 23 : 17-18).
ഈ വിവിധ വചനഭാഗങ്ങളില്‍നിന്നു നമുക്കു മനസ്സിലാകുന്ന ഒരു പ്രധാന വസ്തുത, വേശ്യാവൃത്തി, ആരാധനയുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട കര്‍മാനുഷ്ഠാനമായിരുന്നു എന്നതാണ്. ഇസ്രായേല്യര്‍ വിട്ടുപോന്ന ഈജിപ്തിലും വന്നു ചേര്‍ന്ന കാനാന്‍ദേശത്തും വിവിധ ആരാധനാ കേന്ദ്രങ്ങളോടു ചേര്‍ന്ന് പെണ്‍-പുരുഷ വേശ്യകള്‍ താമസിച്ചിരുന്നു. അസ്താര്‍തേ, ഇഷ്താര്‍ തുടങ്ങിയ ദേവതകളുടെ അമ്പലങ്ങളില്‍ മദ്യത്തിന്‍റെ ഒഴുക്കും കാമകേളികളും അഴിഞ്ഞാട്ടവും നടമാടിയിരുന്നു. ഇത്തരം ആരാധനാസമ്പ്രദായ ങ്ങളിലൊന്നുപോലും ഇസ്രായേലില്‍ ഉണ്ടാകരുതെന്നാണ് ലേവ്യര്‍ 18:3 ശാഠ്യം പിടിക്കുന്നത്: "നിങ്ങള്‍ വസിച്ചിരുന്ന ഈജിപ്തുദേശത്തെ ജനങ്ങളെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. ഞാന്‍ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന കാനാന്‍ദേശത്തെ ആളുകളെപ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്. അവരുടെ ചട്ടങ്ങളനുസരിച്ചു നിങ്ങള്‍ വ്യാപരിക്കുകയുമരുത്" (ലേവ്യര്‍ 18 : 3). തുടര്‍ന്നു വരുന്ന ഭാഗത്ത് മൊളേക്ക് എന്ന ദൈവത്തിന് അര്‍പ്പിച്ചിരുന്ന ശിശുബലി പോലെയൊന്ന് ഇസ്രായേലില്‍ കേള്‍ക്കാന്‍പോലും ഇടയാകരുത് എന്ന് നിഷ്കര്‍ഷിക്കുന്നു (ലേവ്യര്‍ 18. 21).
ഇത്തരം നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ലേവ്യര്‍ 18:22 നമ്മള്‍ വായിക്കുന്നത്: "സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടു കൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു" (ലേവ്യര്‍ 18 : 22. ഇതേ കാര്യംതന്നെയാണ് ലേവ്യ 20:13 ലും ഉള്ളതെങ്കിലും അവിടെ വിധിച്ചിരിക്കുന്നതു വധശിക്ഷയാണ്). ശിശുബലി നിരോധിക്കുന്ന വാക്യത്തിനുശേഷമാണ് പുരുഷനും പുരുഷനും ശയിക്കരുതെന്ന കല്‍പന. അപ്പോള്‍ ഈ ശയനം, അക്കാലത്ത് ആരാധനാസമ്പ്രദായങ്ങളുടെ ഭാഗമായി കൊണ്ടാടിയിരുന്ന പുരുഷ വേശ്യകളുമായിട്ടുള്ള ശയനമായിരിക്കാനാണ് കൂടുതല്‍ സാധ്യത. ചുരുക്കത്തില്‍, ലേവ്യരുടെ പുസ്തകം പുറത്താക്കുന്നത് അക്കാലത്ത് കര്‍മാനുഷ്ഠാനത്തിന്‍റെ ഭാഗമായി നിലനിന്നിരുന്ന പുരുഷവേശ്യകളുമായിട്ടുള്ള ശാരീരിക ബന്ധമാണ്. ഒരു പുരുഷനും സ്ത്രീക്കും ഇടയിലുള്ള അനുരാഗം പോലെ തന്‍റെ തന്നെ വര്‍ഗത്തിലുള്ള ഒരു വ്യക്തിയുമായിട്ടുള്ള ആരുടെയെങ്കിലും അനുരാഗത്തെക്കുറിച്ച് ലേവ്യരുടെ പുസ്തകം ഒന്നുംതന്നെ പറയുന്നില്ലെന്നു സമ്മതിക്കേണ്ടിവരും.
തുടരും...