top of page
ഞാന്‍ സ്നോഡന്‍. ഒരു മാസം മുമ്പുവരെ എനിക്കൊരു കുടുംബവും പറുദീസയിലെന്നപോലെ ഒരു വീടും സുഖകരമായ ഒരു ജീവിതവുമുണ്ടായിരുന്നു. ഒരു വാറന്‍റും നിങ്ങള്‍ക്കു നല്കാതെ നിങ്ങള്‍ നടത്തുന്ന ഏതു എഴുത്തു കുത്തുകളും ഈ-മെയിലും ആശയവിനിമയങ്ങളും പരതാനും പിടിച്ചെടുക്കാനും വായിക്കാനും എനിക്കാകുമായിരുന്നു. ആരുടെയും ഏതു വിനിമയത്തെയും ഏതു സമയത്തും എനിക്കു പിടിച്ചെടുക്കാമായിരുന്നു. ആളുകളുടെ ജീവിതത്തിന്‍റെ ഗതി തന്നെ തിരിച്ചുവിടാനുള്ള അധികാരമാണത്.
ഒപ്പം അത് നിയമത്തിന്‍റെ അതിഗൗരവമായ ലംഘനമാണ്. എന്‍റെ ജന്മദേശത്തിന്‍റെ ഭരണഘടനയുടെ 4 ഉം 5 ഉം ഭേദഗതികളും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രഖ്യാപനത്തിന്‍റെ 12-ാം വകുപ്പും മറ്റനേകം ചട്ടങ്ങളും നിയമങ്ങളും ഉടമ്പടികളും ഇത്തരത്തിലുള്ള ബൃഹത്തും സര്‍വവ്യാപിയുമായ നിരീക്ഷണ സംവിധാനത്തെ നിരോധിക്കുന്നുണ്ട്. എന്നാല്‍ എന്‍റെ ഗവണ്‍മെന്‍റ് വാദിക്കുന്നത്, നമുക്കു ഒന്നു കാണാന്‍പോലും അവകാശമില്ലാത്ത കോടതി വിധിതീര്‍പ്പുകള്‍ പ്രകാരം ഇത്തരം നിരീക്ഷണങ്ങള്‍ നിയമാനുസൃതമാണെന്നാണ്. അധാര്‍മ്മികമായ ഒരു കാര്യത്തിന് രഹസ്യസ്വഭാവമുള്ള ഒരു നിയമം കൊണ്ട് എങ്ങനെ ധാര്‍മ്മികമാനം നല്കാനാകും?
1945 ലെ വിഖ്യാതമായ ന്യൂറംബര്‍ഗ് പ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്ന തത്ത്വത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. "വ്യക്തികള്‍ക്ക് രാഷ്ട്രത്തിന്‍റെ താത്പര്യങ്ങളോടുള്ള വിധേയത്വത്തെ ഉല്ലംഘിക്കുന്ന അന്തര്‍ദേശീയ ദൗത്യങ്ങളുണ്ട്. സമാധാനത്തിനും മനവരാശിക്കും ഭീഷണിയാകുന്ന ദേശീയ നിയമങ്ങളെ എതിര്‍ക്കുവാന്‍ വ്യക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്."
ഇതനുസരിച്ച്, എനിക്കു ശരിയെന്നു തോന്നിയത് ചെയ്യാന്‍ ഞാനുറച്ചു. അങ്ങനെയാണ് തെറ്റുതിരുത്താനുള്ള സംരംഭത്തിന് ഞാനിറങ്ങിപുറപ്പെട്ടത്. കൂടുതല്‍ പണമുണ്ടാക്കാനുള്ള ഒരു ശ്രമമായിരുന്നില്ല അത്. അമേരിക്കന്‍ രഹസ്യങ്ങള്‍ വില്ക്കുക എന്നതുമായിരുന്നില്ല ലക്ഷ്യം. എന്‍റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടി ഏതെങ്കിലും വൈദേശിക ഭരണകൂടവുമായി ഞാനൊരു ഉടമ്പടിയിലും ഏര്‍പ്പെട്ടുമില്ല. ഞാനാകെ ചെയ്തത്, എനിക്കറിയാവുന്ന കാര്യങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു എന്നതാണ്. കാരണം അതു നമ്മെ എല്ലാവരേയും ബാധിക്കുന്ന ഒന്നാണ്. അത് പകല്‍ വെട്ടത്തില്‍ എല്ലാവരും ചര്‍ച്ചചെയ്യുകയും അങ്ങനെ ലോകത്തിന് നീതി ലഭിക്കുകയും ചെയ്യട്ടെ.
നമ്മെ എല്ലാവരെയും ബാധിക്കുന്ന ചാരപ്രവൃത്തിയെക്കുറിച്ച് ജനത്തോടു പറയാനുള്ള ധാര്‍മ്മിക തീരുമാനത്തിനു വലിയ വിലകൊടുക്കേണ്ടി വന്നു എന്നത് ശരിയാണ്. പക്ഷേ അതായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് എനിക്കറിയാം. അതിലൊട്ടും ഞാന്‍ ഖേദിക്കുന്നുമില്ല.അന്നുമുതല്‍ ഇന്നോളം അമേരിക്കന്‍ ഭരണകൂടവും രഹസ്യാന്വേഷണ ഏജന്‍സികളും എന്നെയുപയോഗിച്ച് ഒരു പാഠം ലോകത്തെ പഠിപ്പിക്കാന്‍ ഒരുമ്പെട്ട് ഇറങ്ങിയിരിക്കയാണ്. എന്നെപ്പോലെ വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പു നല്കുകയെന്നതാണ് അവരുടെ ഉദ്യമം. മാതൃരാജ്യത്തുനിന്നു ഞാന്‍ നിഷ്കാസിതനായി. എന്‍റെ രാഷ്ട്രീയ നിലപാടിന്‍റെ പേരില്‍ ഞാനിന്നു വേട്ടയാടപ്പെടുന്നു. വിമാനയാത്ര നടത്താന്‍ പാടില്ലാത്തവരുടെ ലിസ്റ്റില്‍ യു. എസ്. ഭരണകൂടം എന്നെയും പെടുത്തിയിരിക്കുന്നു. എന്‍റെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളാന്‍ സാധ്യതയുള്ള രാഷ്ട്രങ്ങളെ ഉപരോധമെന്ന ഭീഷണി മുഴക്കി ഭയപ്പെടുത്തുകയാണ്. അത് വളരെ അസാധാരണമായ ഒരു നടപടിക്കുവരെ മുതിര്‍ന്നു: തങ്ങളുടെ സഖ്യത്തിലുള്ള രാഷ്ട്രങ്ങളോട് ഒരു ലാറ്റിനമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിമാനം താഴെയിറക്കി, അതില്‍ ഞാനെന്ന രാഷ്ട്രീയ അഭയാര്‍ത്ഥിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഇത് ലാറ്റിനമേരിക്കയുടെ സ്വാഭിമാനത്തിനു മാത്രമല്ല ഭീഷണിയുയര്‍ത്തുന്നത്, പിന്നെയോ വ്യക്തിയെന്ന നിലയിലും രാഷ്ട്രമെന്ന നിലയിലും നമുക്കോരോരുത്തര്‍ക്കുമുള്ള അടിസ്ഥാനപരമായ ചില അവകാശങ്ങള്‍ക്കു -പീഡിതരാകാതിരിക്കാനുള്ള അവകാശം- നേരെയുമാണ്.
ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ നടത്തപ്പെടുന്ന ഈ അതിക്രമത്തിന്‍റെ മധ്യത്തിലും പല രാഷ്ട്രങ്ങളും പിന്തുണയും അഭയവും വാഗ്ദാനം ചെയ്തു കഴിഞ്ഞു. ബലമുള്ളവര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുനേരെ നിലപാടുകള്‍ സ്വീകരിച്ച റഷ്യാ, വെനിസ്വേല, ബൊളീവിയ, നിക്കരാഗ്വ, ഇക്വദോര്‍ തുടങ്ങിയ രാഷ്ട്രങ്ങളോട് എനിക്കു നന്ദിയും ആദരവുമുണ്ട്. ഭീഷണിയുടെ മുമ്പിലും തല കുനിക്കാതെ നിന്ന അവര്‍ ലോകത്തിന്‍റെ ആദരവു പിടിച്ചുപറ്റി. ഈ രാജ്യങ്ങളിലെല്ലാം പോകണമെന്നും അവിടുത്തെ നേതാക്കളോടും നാട്ടുകാരോടും നന്ദി പറയണമെന്നും എനിക്ക് ആഗ്രഹമുണ്ട്.
വെനിസ്വേലന്‍ പ്രസിഡന്‍റ് മഡുറോ എനിക്ക് അഭയം നല്കാം എന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചില പശ്ചിമ യൂറോപ്യന്‍ രാഷ്ട്രങ്ങളും യു.എസും അതു തടയാനുള്ള നിയമവിരുദ്ധ പ്രവര്‍ത്തനത്തിലാണ്. തന്‍നിമിത്തം ലാറ്റിനമേരിക്കയിലേക്കു പോകാനും അഭയം തേടാനും എനിക്കാവാതെ വരുന്നു. റഷ്യയില്‍ താത്ക്കാലിക അഭയം ലഭിക്കാനും അവിടെനിന്ന് ലാറ്റിനമേരിക്കയിലേക്ക് സുരക്ഷിതമായി പോകാനും എനിക്കു സാധ്യമാകുന്നതിനുവേണ്ടി നിങ്ങളുടെ സഹായസഹകരണങ്ങള്‍ ഉണ്ടാകമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.