

കുരിശിനെയും കുരിശെടുക്കുന്ന ജീവിതത്തെയും കുറിച്ച് പണ്ടൊരിക്കൽ ഒരു ദഃഖവെള്ളിയിൽ പ്രസംഗിച്ചതും വൈദികരും ജനങ്ങളും എന്നെ തിരസ്കരിച്ചതും ഇന്ന് ഓർമ്മയിലേക്ക് വന്നു. കുരിശിന് പല മാനങ്ങൾ ഉണ്ട്. മിക്കവാറും, അപ്ലെെഡ് ആയ ഒരു മാനത്തിൽ തട്ടിത്തടഞ്ഞ് നില്ക്കുകയാണ് പൊതുവേ നാമെല്ലാം. നമുക്ക് വന്നുഭവിക്കുന്ന രോഗങ്ങളും വേദനകളും ബുദ്ധിമുട്ടുകളും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യലാണ് കുരിശെടുക്കൽ എന്നാണ് മിക്കവാറും നാമൊക്കെ പറയാറ്. കുരിശിൻ്റെ അപ്ലൈഡായ ഒരു മാനം എന്ന നിലയിൽ അത് തീർത്തും അർത്ഥവത്തും സ്വീകാര്യവുമാണെങ്കിലും കുരിശിൻ്റെ പ്രാഥമികമായ മാനം അതല്ല. യേശു ഏറ്റെടുത്ത കുരിശായിരുന്നു അവിടന്ന് കൊല്ലപ്പെട്ട കുരിശെന്ന് പറയാനാണ് ഞാനന്ന് ശ്രമിച്ചത്.
പ്രകൃതിയിൽ എല്ലാ ജീവജാലങ്ങളും വേദനകളിലൂടെയും സഹനങ്ങളിലൂടെയും, പലപ്പോഴും രോഗങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. ഒരു കാറ്റുവന്ന് ഒരു വലിയ മരത്തിൻ്റെ ശിഖരം ചീന്തി വീഴുന്നു. ആ മരവും, ആ വലിയ ശാഖ വന്ന് പതിച്ച് ഞെരിഞ്ഞൊടിഞ്ഞ മറ്റനേകം ചെറു മരങ്ങളും ചെടികളും വേദന സഹിക്കുന്നുണ്ട്. ഒരു സിംഹം വേട്ടയാടുകയാണ്. അതൊരു കാട്ടുപോത്തിനെ പിടിക്കാൻ ശ്രമിക്കുമ്പോൾ പോത്ത് തിരിഞ്ഞ് അതിനെ തൻ്റെ ബലിഷ്ഠമായ കൊമ്പുകൊണ്ട് ആഞ്ഞുവെട്ടുന്നുണ്ട്. പലപ്പോഴും വേട്ടയാടലിൽ സിംഹത്തിനും അത്തരം മൃഗങ്ങൾക്കും പരിക്കുകൾ പറ്റുന്നുണ്ട്. ഇതര മൃഗങ്ങളുടെ ആക്രമണത്തിൽ വലിയ പരിക്കുകളും അംഗഛേദവും പല മൃഗങ്ങൾക്കും സംഭവിക്കുന്നുണ്ട്. മുറിവ് പഴുത്ത് വ്രണമായി പല ജീവികളും വേദന സഹിക്കുകയും, അങ്ങനെതന്നെ മൃതിപ്പെടുകയും ചെയ്യുന്നുണ്ട്. വേദനയും സഹനവും പ്രകൃതിയിൽ എമ്പാടും ഉണ്ട്. ഇക്കണ്ട ജീവജാലങ്ങളൊക്കെയും അത് അംഗീകരിക്കുകയും സഹിക്കുകയും ചെയ്യുന്നുണ്ട്.
ദാരിദ്ര്യവും രോഗപീഡകളും സഹനങ്ങളും കുരിശായി അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യാനാണെങ്കിൽ ക്രിസ്ത്യാനികൾ ലോകമെമ്പാടും ഇത്രയേറെ ആസ്പത്രികളും വിദ്യാലയങ്ങളും നടത്തേണ്ടതില്ലായിരുന്നല്ലോ. പറ്റാവുന്ന അത്രയും ദാരിദ്ര്യവും രോഗങ്ങളും സഹനങ്ങളും ഒഴിവാക്കാനാണ് നാം എല്ലാവരും ശ്രമിക്കുന്നത്. എന്നിട്ടും ബാക്കിയാവുന്നവയെ നാം സ്വീകരിക്കുകയും ക്രിസ്തുവിൻ്റെ കുരിശിനോട് ചേർത്ത് സമർപ്പിക്കുകയും ചെയ്യും. ക്യാൻസർ പോലെ, വലിയ വേദനയും സഹനവും പ്രദാനം ചെയ്യുന്ന രോഗാവസ്ഥകൾ ഉള്ളവർ, അവിടെയെല്ലാം സമാശ്വാസം കണ്ടെത്തുന്നത് ക്രിസ്തുവിൻ്റെ കുരിശിനോട് ചേർത്ത് അത് സമർപ്പിക്കുകയും, ക്രിസ്തുവിനോടൊപ്പം താനും കുരിശു ചുമക്കുന്നു എന്ന ആത്മീയ ചിന്തയോടെ ജീവിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. പ്രകൃതിദുരന്തങ്ങൾ,സാമ്പത്തിക തകർച്ചകൾ, പ്രിയപ്പെട്ടവരുടെ അപകടമരണം എന്നിങ്ങനെയുള്ള ദുർഘട സന്ധികളിലും ഒരു ക്രിസ്തുവിശ്വാസിക്ക് ഇങ്ങനെ, കൂടുതൽ പോസിറ്റീവായി അത് സ്വീകരിക്കാനും, ആത്മവിശ്വാസത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിയാറുണ്ട്.
എന്നാൽ, ക്രിസ്റ്റ്യാനിറ്റിയുടെ ഏറ്റവും കേന്ദ്ര ആശയങ്ങളിൽ ഒന്നാണ് 'കുരിശ്' എന്നത്. ഈയൊരൊറ്റ മാനത്തിനുവേണ്ടി കേന്ദ്രീയമായ കുരിശിൻ്റെ അർത്ഥത്തെ വിട്ടുകൊടുത്തുകൂടാ.
മാതാപിതാക്കൾ മക്കൾക്കു വേണ്ടി ഏറ്റെടുക്കുന്ന കഷ്ടപ്പാടുകളും സഹോദരങ്ങൾ സഹോദരങ്ങൾക്ക് വേണ്ടി ഏറ്റെടുക്കുന്ന കഷ്ടപ്പാടുകളും മക്കൾ മാതാപിതാക്കൾക്ക് വേണ്ടി ഏറ്റെടുക്കുന്ന കഷ്ടപ്പാടുകളും 'കുരിശി'ന്റെ കുറച്ചുകൂടി ഉയർന്ന ഒരു തലമാണ്. സ്വാഭാവിക സ്നേഹമാണ് ഇവിടെയൊക്കെയുള്ള പ്രേരകശക്തി. എന്നാൽ അതും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളും മറ്റുമനുഷ്യരും മിക്കവാറും ചെയ്യുന്ന കാര്യങ്ങൾ തന്നെ. "നിങ്ങളെ സ്നേഹിക്കുന്നവര െ നിങ്ങൾ സ്നേഹിച്ചാൽ അതിൽ വിശേഷവിധിയായി എന്താണുള്ളത്?" എന്ന് യേശുതന്നെയും ചോദിക്കുന്നുണ്ടല്ലോ. അപ്പോൾ അതും കുരിശിൻ്റെ മുഖ്യമായ മാനമായി കണക്കാക്കാനാവില്ല.
നമ്മുടെ കുടുംബത്തിന് പുറത്ത് നമുക്ക് നേരിട്ട് പരിചയമില്ലാത്തവർക്കായി പരോപകാരം ചെയ്യുക എന്നതാവണം കുരിശിൻ്റെ ഒരുപടികൂടി ഉയർന്ന മാനം. യേശു അങ്ങനെ ധാരാളം നന്മ ചെയ്തിരുന്നല്ലോ. സജാതീയർക്കും വിജാതീയർക്കും യേശു അങ്ങനെ ധാരാളം നന്മ ചെയ്തിട്ടുണ്ട്. അനേകായിരങ്ങൾക്ക് അവിടന്ന് സൗഖ്യം നല്കിയിരിക്കണം; വചനം കൊണ്ടും അപ്പം കൊണ്ടും ഊട്ടിയിരിക്കണം. കുരിശിൻ്റെ ഉയർന്ന ഒരു തലമാണത്. എങ്കിൽപ്പോലും അതും യേശുവിൻ്റെ കുരിശിൻ്റെ പ്രാഥമികമായ തലമാണ് എന്ന് പറയാനാവില്ല. കാരണം, മൂന്നിന് പകരം മുപ്പതുകൊല്ലം മനുഷ്യരോട് നല്ല കാര്യങ്ങൾ പ്രസംഗിച്ചും മറ്റുള്ളവർക്ക് രോഗസൗഖ്യം നല്കിയും അത്ഭുതങ്ങൾ പ്രവർത്തിച്ചും ജീവിച്ചാലും യഹൂദ മത നേതൃത്വമോ മറ്റാരെങ്കിലുമോ അവിടത്തെ വധിക്കുകയോ അപായപ്പെടുത്താൻ ശ്രമിക്കുകയോ ചെയ്യുമായിരുന്നില്ല. യേശുവിൻ്റെ ചില വാക്കുകളും ചില പ്രവൃത്തികളുമാണ് അവന് കുരിശായി ഭവിച്ചത്. അതെല്ലാം അവൻ്റെ തെരഞ്ഞെടുപ്പുകളായിരുന്നു.
മറ്റുള്ളവരുടെ എതിർപ്പാണ് അവന് കുരിശായിഭവിക്കുന്നത്. കുഷ്ഠരോഗികൾ, രക്തസ്രാവമുള്ളവർ എന്നിവരോടൊക്കെ അയിത്തം പാലിക്കണം എന്നായിരുന്നു ചട്ടം. ചട്ടം ലംഘിച്ചും അവരെയൊക്കെ സ്പർശിച്ച് സുഖപ്പെടുത്തിയതായിരുന്നു എതിർപ്പിൻ്റെ ഒരു കാരണം. ഷബാത്തിൽ പലപ്പോഴും രോഗശാന്തി നല്കിയതായിരുന്നു എതിർപ്പിൻ്റെ മറ്റൊരു കാരണം. സീസറിൻ്റെ സാമ്രാജ്യത്വം ദൈവകല്പിതമല്ല എന്ന് പറയാതെ പറഞ്ഞതായിരുന്നു എതിർപ്പിനുള്ള കാരണങ്ങളിൽ മറ്റൊന്ന്. ഭക്ഷണകാര്യങ്ങളിൽ - അത് ആചാരപരമായ ക്ഷാളനങ്ങളും ഭക്ഷ്യവസ്തുക്കളുടെ തന്നെ ശുദ്ധവും അശുദ്ധവും എന്ന വേർതിരിവുകളും വലിച്ചെറിഞ്ഞതായിരുന്നു നാലാമതൊന്ന്.
ചുങ്കക്കാർ, പരസ്യപാപികൾ എന്നിവരോട് പുലർത്തേണ്ടിയിരുന്ന സാമൂഹി കമായ അയിത്തം പാലിക്കാതെ ഉപേക്ഷിച്ചതായിരുന്നു ഇനിയും വേറൊരു കാരണം.
സവിശേഷമാം വിധം ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ സ്വന്തജനതയായാണ് യഹൂദജനം സ്വയം കണ്ടിരുന്നത്. വിജാതീയർ രക്ഷിക്കപ്പെടില്ല എന്നും അവർ വിശ്വസിച്ചിരുന്നു. പലപ്പോഴും വിജാതീയരാണ് കൂടുതൽ നന്മയുള്ളവരും, ദൈവത്തിന് കൂടുതൽ പ്രിയപ്പെട്ടവരും എന്നു പറഞ്ഞ് സമുദായ ശ്രേഷ്ഠതാവാദത്തെ അവൻ പൊളിച്ചടുക്കിയതും അവനോടുള്ള എതിർപ്പിന് ഒരു പ്രധാന കാരണമായി.
സദുക്കായരും ഫരിസേയരും തങ്ങളെത്തന്നെ മതത്തിലെ സവർണ്ണരായിട്ടാണ് ഗണിച്ചിരുന്നത്. ആട്ടിടയന്മാർ, മീൻപിടുത്തക്കാർ സാധാരണ കർഷകർ, കൂലിപ്പണിക്കാർ എന്നിങ്ങനെയുള്ള സാമ്പത്തിക ദരിദ്രരും; അന്ധർ, ബധിരർ, മൂകർ, മാനസിക രോഗികൾ, കുഷ്ഠരോഗികൾ, മാറാരോഗികൾ എന്നിങ്ങനെയുള്ള മത ദരിദ്രരും (അവരെല്ലാം ദൈവശാപമുള്ളവരായാണ് കണക്കാണപ്പെട്ടിരുന്നത്) മതത്തിലെ അവർണ്ണരെന്നുമാണ് കണക്കാക്കിയിരുന്നത്. ആത്മീയതയിലെ ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്ന പ്രവൃത്തികളിലേർപ്പെട്ടു എന്നു മാത്രമല്ല, സ്വയം സവർണ്ണരായി കണക്കാക്കിയിരുന്നവരെല്ലാം അന്ധരും ദൈവശപ്തരും പാപികളുമാണ് എന്ന് ചിത്രം നേരേ തിരിച്ചിടുകയും ചെയ്തു അവൻ. അതും പോരാഞ്ഞ് മേല്പറഞ്ഞ കീഴാളരെ മതത്തിൻ്റെയും സമൂഹത്തിൻ്റെയും നടുത്തളത്തിലേക്ക് എടുത്തുനിർത്തുകയും ചെയ്തു എന്നതായിരുന്നു അവനോടുള്ള എതിർപ്പിന് ഒരു മുഖ്യകാരണമായത്.
മതത്തിൻ്റെ കേന്ദ്രബിന്ദുവായിരുന്നു ജറൂസലേം ദേവാലയവും അവിടെ അരങ്ങേറിയിരുന്ന രക്തബലികളും. അവ പിന്തുടർന്നില്ല എന്നുമാത്രമല്ല, അവ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നതാണ് അവനോടുള്ള എതിർപ്പിന് ഒരു പ്രധാന കാരണമാകുന്നത്.
അതിനും ഉപരിയായിരുന്നു, അവൻ ദൈവത്തെ തൻ്റെ അബ്ബാ എന്ന് വിളിച്ചതും താൻ ദൈവത്തിൽ നിന്ന് വന്നു എന്ന് പറഞ്ഞതും തന്നെത്തന്നെ ദൈവത്തിന് തുല്യനാക്കിയതും.
ഇങ്ങനെ, ഒരു ഒമ്പത് കാരണങ്ങളെങ്കിലും ചേർന്നാണ് അവന് കുരിശ് നിർമ്മിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, മത ചട്ടങ്ങളെയും നിയമങ്ങളെയും കാറ്റിൽപ്പറത്തിയത്; സാമ്രാജ്യത്വത്തെ വേൾക്കാതിരുന്നത്; ഉച്ചനീചത്വങ്ങളെ എതിർത്ത് മേലാളരു ടെ ശക്തി കെടുത്തിയത്; മത-സാമൂഹിക ഭ്രഷ്ടരെ ചേർത്തുനിർത്തിയത്; സമുദായ ശ്രേഷ്ഠതാവാദത്തെ തള്ളിക്കളഞ്ഞത്; മതത്തിൻ്റെ സ്തൂലരൂപങ്ങളെ തോല്പിക്കാൻ ശ്രമിച്ചത്; പുതിയൊരു ദൈവാവബോധം മുന്നോട്ടുവച്ചത് എന്നിവയായിരുന്നു യേശു ഏറ്റെടുത്ത കുരിശുകൾ.
ഇപ്പറഞ്ഞ ശിഷ്യത്വം എല്ലാവർക്കും സാധിക്കുന്നതല്ല. അതുകൊണ്ടാണ് തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, 'തന്നെപ്പോലെ അനുദിനം സ്വന്തം കുരിശെടുക്കുന്നവരാണ് തൻ്റെ ശിഷ്യർ' എന്നവൻ പറയുന്നത്.
കുരിശിനെക്കുറിച്ച് പറയുമ്പോൾ ഇക്കാര്യം പൊതുവേ ആരും പറയുന്നില്ലെന്നാണ് തോന്നുന്നത്. ആദ്യം പറഞ്ഞ ഒന്നു രണ്ട് തലങ്ങളേ കേൾക്കുന്നുള്ളൂ. അപ്പോൾ, കുരിശിൻ്റെ - ശിഷ്യത്വത്തിൻ്റെ വൈയക്തിക മാനം അവശേഷിക്കുമെങ്കിലും സംഘാതമാനം നഷ്ടമാകും. കുരിശിലേക്കെത്തിക്കുന്നില്ലെങ്കിൽ വിശുദ്ധ കുർബാന പോലും അപൂർണ്ണമാകും. വ്യക്തിരക്ഷ നടക്കും. ലോകരക്ഷ നടക്കാതെ പോകാം.





















