top of page
"അക്കാരണത്താൽ... പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാൽ ജ്വലിച്ച് അന്യോന്യം ലജ്ജാ കരകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അർഹമായ ശിക്ഷ അവർക്കു ലഭിച്ചു" (റോമാ 1 : 26-27). സ്വവർഗാനുരാഗത്തിനെതിരായുള്ള സംശയത്തിന് ഇടം തരാത്ത വിധിവാക്യമായി ഈ വാക്യത്തെ പലരും പരിഗണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഈ വാക്യത്തെ അതു പറയപ്പെട്ട പശ്ചാത്തലത്തിൽ നാം മനസ്സിലാക്കേണ്ട തുണ്ട്.
റോമാക്കാർക്കുള്ള ലേഖനത്തിൻറെ ആദ്യഭാഗത്തിൽ (റോമാ. 1:18-3:31) യഹൂദേതരും യഹൂദരും ഒരുപോലെ പാപത്താൽ ഗ്രസിക്കപ്പെട്ടുവെന്നും, ക്രിസ്തുവിൻ്റെ കൃപയിലൂടെയും അവനിലുള്ള വിശ്വാസത്തിലൂടെയും മാത്രമേ രക്ഷ സാധ്യമാകൂ എന്നുമാണ് പൗലോസ് ശ്ലീഹാ സ്ഥാപിക്കുന്നത്. റോമാ. 1:18-2:16 ൽ സ്രഷ്ടപ്രപഞ്ചം മുഴുവൻ ദൈവത്തെ വെളിപ്പെടുത്തുന്നുവെന്നും, ഏതൊരു മനഃസാക്ഷിയും ദൈവത്തിൻ്റെ സ്വരമാണെന്നും, എന്നാൽ അവയൊന്നും പരിഗണിക്കാതെ യഹൂദേ തരർ വിഗ്രഹങ്ങളുടെ ഉപാസകരായി മാറിയെന്നും, യഹൂദരുടേതു കണക്കു നിയമമില്ലെങ്കിലും വിജായരും പാപികൾ തന്നെയാണെന്നും പൗലോസ് വാദിക്കുകയാണ്: "ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതൊക്കെ വിജാതീയർക്ക് വ്യക്തമായി അറിയാം. ലോകസൃഷ്ടി മുതൽ ദൈവത്തിൻ്റെ അദൃ ശ്യപ്രകൃതി ... സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്. അതുകൊണ്ട്, അവർക്ക് ഒഴികഴി വില്ല. ... അവർ അനശ്വരനായ ദൈവത്തിൻ്റെ മഹത്വം നശ്വരനായ മനുഷ്യൻ്റെയോ പക്ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങൾക്കു കൈമാറി" (റോമാ 1 : 19-23).
വിജാതീയരുടെ വിഗ്രഹാരാധനയുടെ പരിണതഫലമെന്തെന്നു പൗലോസ് തുടർന്നു പറയുന്നു: "അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ, ശരീരങ്ങൾ പരസ്പരം അവമാനിതമാക്കുന്നതിന്, അശുദ്ധിക്ക് വിട്ടുകൊടുത്തു" (റോമാ 1 : 24). അപ്പോൾ, വിജാതീയരുടെ ഇടയിലെ അപമാനകരമായ ഭോഗാസക്തി അവരുടെ വിഗ്രഹാരാധന നിമിത്തമാണത്രേ.
ലൈംഗികകേളികൾ ആരാധനാ സമ്പ്രദായത്തിൻ്റെ ഭാഗമായിരുന്ന പല ആരാധനാ കേന്ദ്രങ്ങളും റോമാസാമ്രാജ്യത്തിൽ നിലവിലുണ്ടായിരുന്നു. ബാക്കുസ്, അഫ്രൊ ഡൈറ്റ്, വൊളുപ്താസ് തുടങ്ങിയ ദേവീ-ദേവന്മാ രുടെ മുമ്പിൽ ലൈംഗികകേളികൾ അരങ്ങേറിയിരുന്നു. ഇത്തരം ചില ആരാധനാകേന്ദ്രങ്ങളിൽ ചെറിയ ആൺകുട്ടികളുമായുള്ള ശാരീരിക ബന്ധങ്ങൾ, റോമാസാമ്രാജ്യം കീഴ്‌പ്പെടുത്തിയ നാടുകളിലെ പുരുഷന്മാരെ കാമപൂരണത്തിന് ഉപയോഗിക്കൽ തുടങ്ങിയവയൊക്കെ റോമൻ പുരുഷന്മാർക്ക് അനുവദിക്കപ്പെട്ടിരുന്നു.
അപ്പോൾ, പൗലോസിൻ്റെ നോട്ടത്തിൽ, ഈ കാമഭ്രാന്തിനു കാരണം വിഗ്രഹാരാധനയാണ്. മുൻപു കണ്ട വാക്യത്തിൽ പറയുന്നതുപോലെ, പുരുഷന്മാർ പരസ്പരാസക്തിയാൽ ജ്വലിക്കുന്നതിനു റോമാസാമ്രാജ്യത്തിലെ ആരാധനരീതികൾ നിമിത്തമായി (റോമാ. 1.27). പുരുഷന്മാർ തമ്മിലുള്ള കാമകേളികളും റോമൻ ആരാധനരീതിയും തമ്മിൽ കാര്യ-കാരണബന്ധമുണ്ടെന്ന് പൗലോസ് റോമാ 1:26ൽ സ്ഥാപിക്കുകയാണ്.
പൗലോസ് റോമാക്കാരുടെ ലേഖനത്തിൽ വിമർശിക്കുന്നത് വിഗ്രഹാരാധനയുടെ ഭാഗമായി നടത്തപ്പെട്ട പുരുഷ-പുരുഷ സംഭോഗങ്ങളാണെന്നതു മുകളിൽ പരാമർശിച്ച കാര്യങ്ങളിൽനിന്നും നമുക്കു വ്യക്തമാണല്ലോ. അതുകൊണ്ടാണ്, പുരുഷന്മാർ "പരസ്പരാസക്തിയാൽ ജ്വലിച്ച്" (റോമാ 1 : 27) അന്യോന്യം ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെട്ടെന്നു പൗലോസ് ആരോപിക്കുന്നത്. പൗലോസിൻ്റെ വിഷയം അക്കാലത്തെ വിഗ്രഹാരാധന അനുവദിച്ചു തരുന്ന കാമകേളിയാണ്, അല്ലാതെ സ്വവർഗാനുരാഗമല്ല. അതുകൊണ്ടുതന്നെ റോമാ. 1:27 ൻ്റെ അടിസ്ഥാനത്തിൽ സ്വവർഗാനുരാഗത്തെ എതിർക്കുന്നത് എത്ര ശരിയാണെന്നതിനെക്കുറിച്ച് സംശയം ബാക്കിനിൽക്കുന്നു.
1 കോറിന്തോസ് 6:9-10; 1 തിമോത്തി 1:9-11
സ്വവർഗാനുരാഗികളെ തിന്മ നിറഞ്ഞ മനുഷ്യരുടെ കൂട്ടത്തിൽപ്പെടുത്തുന്ന രണ്ടു പുതിയ നിയമ വാക്യങ്ങൾ കൂടി നമുക്കൊന്നു പരിഗണിക്കാം. ആദ്യത്തേത് 1 കോറി. 6:9-10: "അനീതി പ്രവർത്തി ക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ വഞ്ചിതരാകരുത്. അസന്മാർഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവർഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവർ ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല."
ഈ വചനഭാഗത്തു കാണുന്ന "സ്വവർഗ ഭോഗികൾ" എന്ന വാക്കും അതിനു തൊട്ടുമുമ്പും പിമ്പുമുള്ള വാക്കുകളും മാത്രം ബൈബിളിൻ്റെ ഇംഗ്ലീഷ് പരിഭാഷകളിൽ കാണുന്ന രീതിയിൽ ഒന്നു ലിസ്റ്റ് ചെയ്യുകയാണ്: "... male prostitutes, men who engage in illicit sex, thieves...'' (NRSV); "".... adulterers, sexual perverts, thieves...'' (RSV); "".... boy prostitutes, sodomites, thieves...'' (NAB). ഈ പദങ്ങൾക്കു തത്തുല്യമായ ഗ്രീക്കു വാക്കുകൾ ഇവ യാണ്: ".... malakoi, arsenokoitai, kleptai..."
രണ്ടാമത്തെ വചനഭാഗം 1 തിമോത്തേയോസ് 1 : 9-10 ആണ്: "നിയമം നിർമ്മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്മാർക്കുവേണ്ടിയല്ല, മിറച്ച് നിയമനിഷേധകർ, അനുസരണമില്ലാത്തവർ, ദൈവഭക്തിയില്ലാത്തവർ, പാപികൾ, വിശുദ്ധിയില്ലാത്തവർ, ലൗകികർ, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവർ, അസന്മാർഗ്ഗികൾ, സ്വവർഗ്ഗഭോഗികൾ, ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവർ, നുണയർ, അസത്യവാദികൾ എന്നിവർക്കുവേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധ മായ എല്ലാറ്റിനും വേണ്ടിയുമാണ്."
ഈ വചനഭാഗത്തും "സ്വവർഗഭോഗികൾ" എന്ന വാക്കുണ്ടല്ലോ. അതിനു തൊട്ടുമുമ്പും പിമ്പു മുള്ള വാക്കുകളും മുകളിൽ ചെയ്തതുപോലെ ഒന്നു ലിസ്റ്റ് ചെയ്യുകയാണ്: "... the sexually immoral, men who engage in illicit sex, slave traders...'' (NRSV); ""... immoral persons, sodomites, kidnappers...'' (RSV); ""the unchaste, sodomites, kidnappers...'' (NAB). ഇവയുടെ ഗ്രീക്കു വാക്കു കൾ: ...pornoi, arsenokoitai, andrapodistai...."
"അർസെനോകോയിതായി" എന്ന ഗ്രീക്കു വാക്കിനെ "സ്വവർഗഭോഗികൾ" എന്ന് മലയാളം ബൈബിൾ പരിഭാഷപ്പെടുത്തുമ്പോൾ, ഇംഗ്ലീഷ് പരിഭാഷകൾ ഉപയോഗിക്കുന്നത് men who engage in illicit sex, sexual perverts, sodomites മുതലായ വാക്കുകളാണെന്നതു ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനർത്ഥം "അർസെനോകോയിതായി" എന്ന ഗ്രീക്കു വാക്കിനെ എങ്ങനെ പരിഭാഷപ്പെടുത്തണം എന്നതിനെക്കുറിച്ച് വിവിധ ഇംഗ്ലീഷ് പരിഭാഷകൾക്കിടയിൽ അഭിപ്രായസമന്വയം ഇല്ല എന്നുതന്നെയാണ്. ഈ രണ്ടു വചനഭാഗങ്ങൾക്കും നൽകുന്ന അടിക്കുറിപ്പിൽ "അർസെനോകോയിതായി" എന്ന വാക്കിന് കൃത്യമായ അർഥം നൽകാനാവില്ലെന്നു NRSV ബൈബിൾ സമ്മതിക്കുന്നുമുണ്ട്. പ്രസ്തുത ഗ്രീക്ക് വാക്കിനെ "സ്വവർഗാനുരാഗി"യെന്നോ 'homosexual" എന്നോ ഒരു ബൈബിളും പരിഭാഷപ്പെടുത്തുന്നില്ല എന്നതും ഏറെ ശ്രദ്ധ അർഹിക്കുന്നു.
"Homosexual" എന്ന വാക്ക് ആദ്യമായി ഇംഗ്ലീ ഷിൽ ഉപയോഗിക്കപ്പെട്ടത് 1891 ലാണെന്നാണ് Merriam-Webster's Dictionary നമുക്കു പറഞ്ഞു തരുന്നത്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഉപയോഗിക്കപ്പെട്ട ഒരു ഗ്രീക്കു പദത്തിൻ്റെ അർഥഭേദങ്ങളെ (nuances) 19-ാം നൂറ്റാണ്ടിൽമാത്രം രൂപപ്പെട്ട ഒരു ഇംഗ്ലീഷ് പദം സൂക്ഷ്മമായി പകർത്തുമെന്നു കരുതാനാകില്ലല്ലോ.
1 തിമോത്തി 1:10 ലെ ലിസ്റ്റിൽ "ആളുകളെ അപഹരിച്ചുകൊണ്ടുപോകുന്നവർ"ക്കു തൊട്ടു മുമ്പാണ് "അർസെനോകോയിതായി" എന്ന വാക്കു വരുന്നത്. NAB (New American Bible) പ്രകാരം 1 കോറിന്തോസ് 6:10 ലെ ലിസ്റ്റിൽ boy prostitutes നു ശേഷമാണ് "അർസെനോകോയി ത്തായി" വരുന്നത്. (NAB ഈ ഭാഗത്തു നൽകുന്ന അടിക്കുറിപ്പു പ്രകാരം, അക്കാലത്തെ ഗ്രീക്ക്-റോമൻ ലോകത്ത് ആൺകുട്ടികളെ വേശ്യകളായി സൂക്ഷിക്കുന്ന ഇടങ്ങൾ പലതുണ്ടായിരുന്നത്രേ.) അപ്പോൾ, ആളുകളെ തട്ടിക്കൊണ്ടുപോകുന്നവർക്കും പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കാമപൂരണത്തിനായി ഉപയോഗിക്കുന്നവർക്കും ഒപ്പമാണ് "അർസെനോകോയിതായി" എന്ന വാക്ക് പൗലോസ് ഉപയോഗിച്ചിരിക്കുന്നത്. ഇവ്വിധത്തിൽ നോക്കുമ്പോൾ, പരസ്പര ഇഷ്ടത്തോടും ഉഭയ സമ്മതത്തോടുംകൂടെ ഒരുമിച്ചു ജീവിക്കുന്ന സ്വവർഗാനുരാഗികളെയാണ് പ്രസ്തുത പദം സൂചിപ്പിക്കുന്നത് എന്നു കരുതുന്നത് അത്ര യുക്തിഭദ്രമായിരിക്കില്ല.
ഉപസംഹാരം
1. ന്യായാധിപന്മാരുടെ പുസ്തകത്തിൻ്റെ ആദ്യ അധ്യായത്തിൽ കാനാൻ നിവാസികൾ, പെരീസ്യർ, ദബീർ ദേശക്കാർ തുടങ്ങിയ വിജാതീയരെ ഇസ്രാ യേല്യർ വാളിനിരയാക്കിയതും അടിമകളാക്കിയതും അതിനു ദൈവം കൂട്ടുനിന്നതുമെല്ലാം നാം വായിക്കുന്നുണ്ട്. എന്നാൽ, വിജാതീയനായ കൊർണേലിയുസിൻ്റെ വീട്ടിൽവച്ചു പത്രോസ് നടത്തിയ പ്രസംഗത്തിൽ നാം കേൾക്കുന്നത് ഇതാണ്: "അവൻ അവരോടു പറഞ്ഞു: മറ്റൊരു വർഗക്കാരനുമായി സമ്പർക്കം പുലർത്തുന്നതും അവനെ സമീപിക്കുന്നതും ഒരു യഹൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ, ഒരു മനുഷ്യനെയും ഹീനജാതിക്കാരനെന്നോ അശുദ്ധനെന്നോ വിളിക്കരുതെന്ന് ദൈവം എനിക്കു കാണിച്ചുതന്നിരി ക്കുന്നു"(നടപടി 10 : 28). പിന്നീട് പൗലോസും ഇതു തന്നെ പറയും: "യഹൂദനെന്നോ ഗ്രീക്കുകാര നെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്" (ഗലാത്തിയാ 3 : 28).
2. ഈജിപ്തിൽനിന്നുള്ള ഇസ്രായേലിൻറെ പുറപ്പാട് സാധ്യമാക്കിക്കൊടുക്കുന്നത് യഹോവയാണെന്ന് പഴയനിയമം ഉടനീളം പറയുന്നുണ്ടല്ലോ. ഒരു ഉദാഹരണം മാത്രം ഇവിടെ നൽകുന്നു: "നീ ഫറവോയോടു പറയണം. കർത്താവു പറയുന്നു, ഇസ്രായേൽ എൻറെ പുത്രനാണ്, എൻറെ ആദ്യ ജാതൻ" (പുറപ്പാട് 4 : 22). എന്നാൽ, ഈ പുറപ്പാടു സംഭവം ഇസ്രായേല്യരുടെ കാര്യത്തിൽ മാത്രമല്ല ദൈവം നടത്തിക്കൊടുത്തതെന്ന് പിന്നീട് ആമോസ് പ്രവാചകൻ പഠിപ്പിച്ചു: "കർത്താവ് അരുളിച്ചെ യ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾ എനിക്ക് എത്യോപ്യാക്കാരെപ്പോലെ അല്ലയോ? ഇസ്രായേ ൽക്കാരെ ഈജിപ്തിൽനിന്നും ഫിലിസ്ത്യരെ കഫ്ത്തോറിൽ നിന്നും സിറിയാക്കാരെ കീറിൽ നിന്നും കൊണ്ടുവന്നതു ഞാനല്ലയോ" (ആമോസ് 9 : 7)?
3. കുഷ്ഠരോഗികളെ യേശുവിൻ്റെ കാലം എങ്ങനെ കണ്ടുവെന്ന് കാണിക്കാൻ രണ്ടു തോറാ പാഠങ്ങൾ ചുവടെ ചേർക്കുന്നു: (a) "കുഷ്ഠമു ള്ളവൻ കീറിയ വസ്ത്രം ധരിക്കുകയും, മുടി ചീകാ തിരിക്കുകയും മേല്ച്ചുണ്ട് തുണികൊണ്ടു മറ യ്ക്കുകയും അശുദ്ധൻ, അശുദ്ധൻ എന്നു വിളിച്ചു പറയുകയും വേണം" (ലേവ്യർ 13 : 45); (b) "കർത്താവ് മോശയോട് അരുളിച്ചെയ്തു: കുഷ്ഠ രോഗികളെയും സ്രാവമുള്ളവരെയും ... പാളയ ത്തിൽനിന്നു പുറത്താക്കാൻ ഇസ്രായേൽ ജന ത്തോടു കല്പിക്കുക. ഞാൻ വസിക്കുന്ന പാളയം അശുദ്ധമാകാതിരിക്കാൻ നീ അവരെ, സ്ത്രീയാ യാലും പുരുഷനായാലും, പുറത്താക്കണം" (സംഖ്യ 5 : 1-3).
സമറിയാക്കാരെ യേശുവിൻറെ കാലം കണ്ട രീതി മനസ്സിലാക്കാൻ രണ്ടു പുതിയ നിയമ പാഠങ്ങളും ചുവടെ ചേർക്കുന്നു: (a) "ആ സമരിയാക്കാരി അവ നോടു ചോദിച്ചു: നീ ഒരു യഹൂദനായിരിക്കേ, സമരി യാക്കാരിയായ എന്നോടു കുടിക്കാൻ ചോദിക്കുന്ന തെന്ത്? യഹൂദരും സമരിയാക്കാരും തമ്മിൽ സമ്പർ ക്കമൊന്നുമില്ലല്ലോ" (യോഹന്നാൻ 4 : 9); (b) "യഹൂദർ പറഞ്ഞു: നീ ഒരു സമരിയാക്കാരനാ ണെന്നും നിന്നിൽ പിശാചുണ്ടെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?" (യോഹന്നാൻ 8 : 48)
ഇത്തരം വചനഭാഗങ്ങളിൽ നിന്ന് ഒരു കുഷ്ഠ രോഗിയും ഒരു സമറിയാക്കാരനും എത്ര വെറുക്ക പ്പെട്ടവനും പാപിയെന്നു ധരിക്കപ്പെട്ടവനുമായിരുന്നു എന്നത് പകൽപോലെ വ്യക്തമാകുന്നു. അപ്പോൾ, ഒരേ സമയം കുഷ്ഠരോഗിയും സമറിയാക്കാരനു മായ ഒരാളുടെ അക്കാലത്തെ അവസ്ഥ നമുക്ക് ഊഹിക്കാൻപോലുമാകില്ലെന്നതാണു സത്യം. എന്നാൽ അത്തരക്കാരിൽ ഒരുവനോട് യേശു എത്ര സഹാനുഭൂതിയോടെയാണ് ഇടപെട്ടെതെന്ന വിവരണം ലൂക്കായുടെ സുവിശേഷ(17:11-19)ത്തിൽ നിന്ന് അത്ഭുതത്തോടെയേ നമുക്കു വായിക്കാനാവൂ.
ചുരുക്കത്തിൽ, അപരവൽക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ട വിജാതീയർ, സമറിയാക്കാർ, പാപികൾ തുടങ്ങിയവരോടുള്ള ബൈബിളിൻ്റെ നിലപാട്, പഴയ ചില നിലപാടുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുക എന്നതായിരുന്നില്ലെന്നതിനു ബൈബിൾതന്നെ സാക്ഷി. കൂടാതെ, ഇന്നു നാം മനസ്സിലാക്കുന്ന തരത്തിലുള്ള സ്വവർഗാനുരാഗത്തെ കുറിച്ച് ബൈബിൾ ഒന്നുംതന്നെ പറയുന്നില്ലെന്നും നാം കണ്ടുകഴിഞ്ഞു. എങ്കിൽ, അത്തരം ആഭിമുഖ്യമുള്ളവരോട് നാം സ്വീകരിക്കേണ്ട നില പാട്, ശാസ്ത്രവും മനഃശാസ്ത്രവും ബൈബിളും സഭയും തമ്മിലുള്ള സംഭാഷണത്തിൽനിന്ന് ഉരുത്തിരിയേണ്ടതാണ്. മൗലികവാദപരമായതോ, പഴമയിൽ മാത്രം ഊന്നിയതോ ആയ വാദങ്ങളും നിലപാടുകളും പുതിയ കാലത്തെ നിലവിളികൾക്ക് ഉത്തരമാകില്ലെന്നതാണു സത്യം. ഫ്രാൻസിസ് മാർപ്പാപ്പ കൊളുത്തിയ വിളക്ക് അണയാതെ സൂക്ഷിക്കേണ്ടതും സകലതിനോടും സകലരോടും ഉള്ള അദ്ദേഹത്തിൻ്റെ തുറവിയും ആദരവും വിനയവും സഭയുടെതന്നെ ഭാവങ്ങളാക്കേണ്ടതും സഭയുടെയും സഭാമക്കളുടെയും ഉത്തരവാദിത്തമാണ്.