ഫാ. മിഥുന് ജെ. ഫ്രാന്‍സിസ് എസ്. ജെ.
Oct 4
കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ മാസികയുമായി ബന്ധപ്പെട്ട് ഒരു വന്‍ നഗരത്തിലെത്തപ്പെട്ടു. അവിടെയുള്ള ആശ്രമത്തിലെ സുഹൃത്തുക്കളായ അച്ചന്മാരെ കാണുവാന്‍ തീരുമാനിച്ചു. തിരക്കൊഴിഞ്ഞ് കൂടെയുള്ള നാലു ചെറുപ്പക്കാരെയും കൂട്ടി ആശ്രമത്തിലെത്തുമ്പോള്‍ ഊണിനുള്ള നേരമായിരുന്നു. സ്നേഹപൂര്‍വ്വം ഞങ്ങളെയും ഊണിന് കൊണ്ടുപോയി. ഞങ്ങളുടെ രീതി അനുസരിച്ച് ഭക്ഷണനേരത്ത് ഒരാശ്രമത്തിലേക്ക് പോകുന്നുണ്ടെങ്കില്‍ നേരത്തെതന്നെ ആശ്രമത്തിന്‍റെ ഗാര്‍ഡിയനച്ചനെ അറിയിക്കേണ്ടതുണ്ട്. കീഴ്വഴക്കങ്ങള്‍ പാലിക്കാതെ ചെന്നിട്ടും വളരെ കംഫര്‍ട്ടബളായി അവര്‍ ഞങ്ങളെ സ്വീകരിച്ചു. അടുക്കളയില്‍ സഹായിക്കുന്നയാള്‍ അവധിയിലായിരുന്നതിനാല്‍ സുഹൃത്തായ അച്ചനായിരുന്നു അന്നു പാചകത്തിന്‍റെ ചുമതല. കഴിച്ചെഴുന്നേല്‍ക്കുമ്പോള്‍ വീണ്ടും മൂന്നുപേര്‍, അവര്‍ക്കും ഭക്ഷണം റെഡി. അത്താഴത്തിന്‍റെ കരുതലും എടുത്തു വിളമ്പിത്തരുന്നത് ഒരു ചെറുതമാശയോടെ,
"ഡൈനീ നിന്‍റെ പാചകത്തിന് എന്ത് ഡിമാന്‍റാണ്. എത്ര ദൂരത്തുനിന്നൊക്കെ വന്നാണ് നീയുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്?"
"എന്‍റെ കഴിവ് പൂര്‍ണ്ണമായും പുറത്തെടുക്കാന്‍ കഴിഞ്ഞില്ലാട്ടോ."
അസമയത്ത് കടന്നുവന്ന തന്‍റെ സ്നേഹിതന് അത്താഴം നല്‍കാന്‍ മറ്റൊരു സ്നേഹിതനെ അര്‍ദ്ധരാത്രിയില്‍ ശല്യപ്പെടുത്തുന്ന ഒരു ആതിഥേയന്‍റെ കഥ ഈശോ പറയുന്നുണ്ട്. മുഴുവന്‍ ജീവിതവും വെച്ചുവിളമ്പി ഒടുവില്‍ സ്വയം ഒരു വിരുന്നായി മാറിയ ക്രിസ്തുതന്നെയാണ് ഭൂമി കണ്ട ഏറ്റവും നല്ല ആതിഥേയന്‍. അവനെ വിരുന്നിന് ക്ഷണിച്ചവരും അവന്‍ കടന്നുചെന്ന വിരുന്നു നടത്തിയവരും പങ്കെടുത്തവരുമൊക്കെ മടങ്ങിയത് അവന്‍റെ അതിഥികളായിട്ടായിരുന്നു. ഏതൊരു അതിഥിയും ആഗ്രഹിക്കുന്നവയെല്ലാം അവനിലുണ്ടായിരുന്നു.
- ഏതുനേരത്തും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം- വന്നവരെല്ലാം കുലീനമായി സ്വീകരിക്കപ്പെട്ടു. തങ്ങളും വിലയുള്ളവരാണെന്ന് അവന്‍റെ സന്നിധിയില്‍ അവര്‍ക്കനുഭവപ്പെട്ടു.
- അതിഥികള്‍ തൃപ്തരായി മടങ്ങി.- അവന്‍റെ അതിഥികള്‍ക്ക് അവനെ വിട്ടുപോകാന്‍ തോന്നാത്തവിധം സ്വാസ്ഥ്യം ഉള്ളില്‍ അനുഭവപ്പെട്ടു.
തന്‍റെ സാന്നിധ്യംകൊണ്ട് ആയിരിക്കുന്ന ഇടങ്ങളിലൊക്കെ ക്രിസ്തു ആതിഥേയനായിരുന്നു, നിത്യനായ ആതിഥേയന്‍.
ആര് അതിഥി, ആര് ആതിഥേയന്‍ എന്നൊരു തര്‍ക്കവും തരംതിരിവുകളും മറ്റിടങ്ങളിലെന്നപോലെ നമ്മുടെ നാട്ടിലും മനസ്സിലും നുഴഞ്ഞുകയറിത്തുടങ്ങിയ ഒരു കാലഘട്ടമാണിത്. രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികവും ദേശീയമായും മതപരമായും മനുഷ്യര്‍ പരസ്പരം അന്യവത്കരിക്കുന്ന ഈ കാലത്ത് നോമ്പ് തീര്‍ച്ചയായും അതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യനെ ചേര്‍ത്തുപിടിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്‍റെ ജീവിതത്തിലേക്കുള്ള മടക്കയാത്രയാണ്. അവന്‍റെ നിലപാടുകളിലേക്ക് ഒക്കെ ജീവിതശൈലിയിലേക്ക്, സുവിശേഷത്തിലേക്ക് ഉള്ള മടക്കയാത്ര. വലിയ നോമ്പ് പെസഹായുടെ മുന്നൊരുക്കമാണ്. പെസഹായാകട്ടെ ഒരാള്‍ ജീവിതം മുഴുവന്‍ നമുക്കായി തന്ന് ഒടുവില്‍ ഒരത്താഴമായി മാറി, ആതിഥേയനായി തീര്‍ന്നതിന്‍റെ ഓര്‍മ്മയും.
ക്രിസ്തുവിനെപ്പോലെ നല്ല ഒരു ആതിഥേയനാകാനുള്ള പരിശ്രമമാകട്ടെ ഇത്തവണ നോമ്പ്. ജീവിതപങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഒരു നല്ല ആതിഥേയന്‍ (ആതിഥേയ) ആയിക്കൊണ്ട് സ്വന്തം വീട്ടില്‍തന്നെ തുടങ്ങാം. കണ്ടുമുട്ടുന്ന എല്ലാവരും വലിയവരും ചെറിയവരും ദരിദ്രനും സമ്പന്നനും അല്പം ദരിദ്രനായ അയല്‍ക്കാരനും, ബന്ധുവും അപരിചിതനായ അന്യനാട്ടുകാരനും ഒക്കെ നമ്മുടെ ആതിഥേയത്വം അനുഭവിച്ച് തൃപ്തരാകട്ടെ. എവിടെ ആയിരിക്കുമ്പോഴും സ്വാഗതം ചെയ്യുന്നതാകട്ടെ നമ്മുടെ സാന്നിധ്യം.