

രക്തത്തിനാണോ വെള്ളത്തിനാണോ കട്ടി കൂടുതൽ?
എന്തൊരു ചോദ്യമാണല്ലേ?
"Blood is thicker than water" - രക്തത്തിനാണ് വെള്ളത്തെക്കാൾ സാദ്രത എന്നതാണ് പതിവുശീല്.
ചിലപ്പോഴെങ്കിലും - സഭയുടെ നല്ലകാലത്ത് - വെള്ളം രക്തത്തെക്കാൾ സാന്ദ്രമാണ് എന്ന് വന്നിരുന്നു.
വെള്ളം എന്നതുകൊണ്ട് മാമ്മോദീസാ ജലത്തെക്കുറിച്ചാണ് സൂചന.
ഇന്നത്തെക്കാലത്ത് 'മാമോദീസാ' എന്നു പറയുമ്പോൾപ്പോലും രണ്ട് രീതിയിൽ വീക്ഷിക്കാം. മാമ്മോദീസാ മുങ്ങിയവരെല്ലാം നമ്മുടെ ആളുകൾ എന്ന രീതിയിൽ കാര്യങ്ങളെ സമീപിക്കാം. അതപ്പോൾ സമുദായ വാദമാകും.
മാമ്മോദീസായിൽ ലഭിച്ച ജ്ഞാനത്തിനും പ്രഭക്കും ചൈതന്യത്തിനും അനുസരിച്ച് ജീവിക്കുക എന്നതാവും രണ്ടാമത്തേത്.
അതപ്പോൾ ക്രിസ്തീയതാവാദമാകും.
"യഹൂദർക്കോ ഗ്രീക്കുകാർക്കോ ദൈവത്തിൻ്റെ സഭക്കോ ദ്രോഹമൊന്നും ചെയ്യരുത്" (1 കോറി. 10:32) എന്നൊരു ഉദ്ബോധനം കാണുന്നുണ്ട്, പുതിയ നിയമത്തിൽ!
എപ്പോഴും ഈ മൂന്നു കൂട്ടരും ഉണ്ടാകും. ആദിമ സഭയെ സംബന്ധിച്ചിടത്തോളം യഹൂദർ എന്നത് കുടുംബക്കാർ തന്നെയായിരുന്നു. രക്ത ബന്ധം വഴിയും വിശ്വാസം വഴിയും അവർ കുടുംബക്കാർ ആയിരുന്നു. കുടുംബക്കാരാണെന്നു വരികിലും അവർ ആഭിമ സഭാ സമൂഹത്തിന് അനല്പമായ വേദന നല്കിക്കൊണ്ടിരുന്നവരാണ്.
വിജാതീയർ എന്നാൽ കോറിന്തിലെ ആദിമസഭയെ സംബന്ധിച്ചിടത്തോളം രക്തബന്ധുക്കൾ തന്നെയെങ്കിലും വിശ്വാസപരമായി ചാർച്ചയില്ലാത്തവരായിരുന്നു. എന്നാൽ, അവർ വഴി സഭക്ക് വിശേഷവിധിയായി പീഡനങ്ങൾ അനുഭവപ്പെട്ടിരുന്നില്ല.
"ദൈവത്തിൻ്റെ സഭ" എന്നാൽ, വിശ്വാസത്തിൽ ഒരൊറ്റ കുടുംബമാണെങ്കിലും രക്തബന്ധപരമായി ഒന്നിനൊന്ന് ബന്ധമില്ലാത്തവരായിരുന്നു.
ഈ മൂന്നു കൂട്ടരിൽ ആർക്കും യാതൊരു ദ്രോഹവും ഗ്ലാനിയും വരുത്താതെ ജീവിക്കുക എന്നതാണ് ക്രിസ്തുമാർഗ്ഗം - അതാണ് പൗലോസിൻ്റെ ബോധ്യം. അതാണ് ക്രിസ്തീയതാവാദം.
എളുപ്പമല്ല.





















