

ഒക്ടോബര്‍ മാസം പുണ്യം പെയ്തിറങ്ങുന്ന മാസമാണ്. ഗാന്ധിജിയേയും അസ്സീസിയിലെ ഫ്രാന്‍സീസ് പുണ്യാളനേയും ഓര്‍ത്ത് ഹാരാര്‍പ്പണങ്ങള്‍ നടത്തുന്ന വിശുദ്ധ ദിനങ്ങള്‍. ഇവരൊക്കെ ഈ ഭൂമിയില്‍ ജീവിച്ചില്ലായിരുന്നെങ്കില്‍ ഭൂമിയുടെ ഭൂതഭാവിവര്‍ത്തമാനകാലങ്ങള്‍ തീര്‍ത്തും വന്ധ്യമായിപ്പോയേനെ. ഓരോ ഋതുവിലും നാം പറയാതെ, ആഗ്രഹിക്കാതെ പൂക്കുന്ന വെള്ളപ്പൂക്കളാണ് ഇവര്‍ ഇരുവരും. അഹിംസ ജീവശ്വാസമാക്കി മാറ്റിയ മനുഷ്യര്‍. ഹിംസ മാത്രമാണ് ഏക പോംവഴിയെന്ന് വിശ്വസിച്ച് പോരടിക്കുന്ന വര്‍ത്തമാനകാലത്തിനു മുന്‍പില്‍ നില്‍ക്കുന്ന ഒറ്റയാളാണ് ഞാന്‍ എന്ന് നമ്മോട് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍. അവര്‍ മുറുകെപിടിച്ച മൂല്യങ്ങളുടെ ഗരിമകൊണ്ട് ഏകാകിയുടെ കാല്‍പ്പാടുകള്‍ പിന്തുടരേണ്ടി വന്നവര്‍. ഏകാന്തതയുടെ വിശുദ്ധ വീഞ്ഞില്‍ ലഹരി കണ്ടെത്തിയെന്ന് അവര്‍ പറയുന്നു.
സാധാരണ മനുഷ്യര്‍ക്കില്ലാത്ത വിചിത്രമായ ഭാവനകളും ഭീതികളും അവര്‍ക്കെന്നും കൂട്ടുണ്ടായിരുന്നു. മനുഷ്യജീവിത ദുരന്തത്തെക്കുറിച്ച് ഓര്‍ത്ത് അവര്‍ എന്നും ആശങ്കപ്പെട്ടു. 'ഇരുണ്ട ആകാശത്തേക്ക് നോക്കി പ്രതീക്ഷയോടെ നില്‍ക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ ആവുന്നില്ലല്ലോ ദൈവമേ' എന്ന് പറഞ്ഞ് മനുഷ്യരിലേക്ക് പ്രതീക്ഷയുടെ വെട്ടങ്ങള്‍ ഇവര്‍ കൈമാറുന്നു. എത്ര നിസ്സഹായരാണ് നാം എന്ന മനുഷ്യര്‍! റോസാദലങ്ങളോളം മൃദുകോമളമായ അവരുടെ ഹൃദയത്തുടിപ്പുകളെ പകര്‍ത്തിയെഴുതാന്‍ ഒരു പ്രതിഭയ്ക്കും കഴിയില്ല. കുറച്ചെങ്കിലും അവരെ സാഹിത്യത്തിലും ചിന്തയിലും കുടിയിരുത്തിയ സാഹിത്യകാരന്മാരില്‍ ഒരാളാണ് ടി. പത്മാനാഭന്‍. ഓണക്കാലത്തിറങ്ങിയ അദ്ദേഹത്തിന്‍റെ ചെറുകഥയാണ് 'ഗസ്സയിലെ കുട്ടികള്‍'.
നിരവധി ആളുകള്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടമാകുമ്പോള്‍, മനുഷ്യപക്ഷത്തു നിന്ന് അവര്‍ക്ക് വേണ്ടി എഴുതിയ കഥയാണ് 'ഗസയിലെ കുട്ടികള്‍'. മനുഷ്യര്‍ക്കുവേണ്ടി സദാ വാദിച്ചുകൊണ്ടിരിക്കുക എത്ര ചെറിയ കാര്യമല്ല. പ്രശസ്തമായ ഒരു യൂണിവേഴ്സിറ്റിയുടെ വി.സി.യും യൂണിവേഴ്സിറ്റിയില്‍ ഒരു യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മനുഷ്യനും തമ്മിലുള്ള സംഭാഷണത്തോടെയാണ് കഥ തുടങ്ങുന്നത്. 'പുതുകാല സാഹിത്യത്തില്‍ നിര്‍മ്മിത ബുദ്ധികൊണ്ടുള്ള പ്രയോജനം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് അയാളോട് വി.സി. ആവശ്യപ്പെടുന്നത്. യോഗം ഉദ്ഘാടനം ചെയ്യാന്‍ അയാളുടെ പേര് വിളിച്ചു. അയാള്‍ ആദ്യമായി പ്രസംഗിക്കാന്‍ പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിയെപ്പോലെ വിയര്‍ത്തു. പിന്നെ സദസിനെ വെറുതെ നോക്കി നിന്നു. അയാള്‍ തുടങ്ങി.
"കുട്ടികള്‍ നിലവിളിക്കുകയാണ്. ഞാനത് കേള്‍ക്കുന്നുണ്ട്. ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും കേള്‍ക്കാന്‍ കഴിയും. അവരെന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി. അവരുടെ അച്ഛനമ്മമാര്‍ മരിച്ചിരിക്കുന്നു. കൊന്നതാണ്. ഞാന്‍ ഗസ്സയിലാണ്. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട്, ആകാശത്തേക്ക് നോക്കി, കൈകളുയര്‍ത്തി അവര്‍ നില്‍ക്കുന്നു. അവര്‍ക്ക് വിശക്കുന്നുണ്ട്. കൊച്ചുകുട്ടികളല്ലേ? എപ്പോഴെങ്കിലുമായി വിമാനങ്ങളില്‍ നിന്ന് വീഴുന്ന ഭക്ഷണപ്പൊതികള്‍ക്കായാണ് അവര്‍ കൈയുയര്‍ത്തി നില്‍ക്കുന്നത്. ഒരു ശബ്ദം കേള്‍ക്കുന്നുണ്ട്. വിമാനമാണ്. അവര്‍ കൈകള്‍ ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു. ഇപ്പോള്‍ ഭക്ഷണപ്പൊതി കിട്ടും. പക്ഷേ അവര്‍ക്ക് കിട്ടിയത് അപ്പമായിരുന്നില്ല. ബോംബായിരുന്നു. മിസൈലായിരുന്നു."
"മനുഷ്യനെ കൊല്ലുന്നത് ശരിയാണോ? പ്രത്യേകിച്ച് നിഷ്ക്കളങ്കരായ ഒരു തെറ്റും ചെയ്തിട്ടില്ലാത്ത കൊച്ചുകുട്ടികളെ? ആരും ഒന്നും പറയുന്നില്ല, ദൈവമേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ..." 'അയാള്‍ സംസാരം നിര്‍ത്തി. ഒരു സ്വപ്നത്തിലെന്നവണ്ണം അയാള്‍ വെളിയിലേക്കിറങ്ങിപ്പോയി. അറിയുന്നതും, അറിയാത്തതുമായ വഴികളിലൂടെയൊക്കെ അയാള്‍ നടന്നു. പക്ഷേ, അയാള്‍ തനിച്ചായിരുന്നില്ല. അയാളുടെ കൂടെ ലോകത്തിലെ അശരണരായ എല്ലാ കുട്ടികളുമുണ്ടായിരുന്നു.
അഹിംസയുടെ ശരണാലയങ്ങള്‍ അശരണരായ കുട്ടികള്‍ക്കുമുമ്പില്‍ എന്ന് തുറക്കപ്പെടും? അഹിംസയുടെ മഹാപ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ? പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ?
ഏകാകിയുടെ കാല്‍പ്പാടുകള്‍
ഫാ. ഷാജി സി എം ഐ





















