

പൗരുഷം - സ്ത്രൈണത എന്നിവ അടിസ്ഥാനപരമായി ആണിനോടും പെണ്ണിനോടും ചേർത്ത് നിശ്ചയിക്കപ്പെട്ടിട്ടുള്ള സാമൂഹികവും സാംസ്കാരികവുമായ സ്വഭാവങ്ങളെ സംബന്ധിച്ച മാനദണ്ഡങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വിശ്രുത സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാൾ യുങിൻ്റെ അഭിപ്രായത്തിൽ പൂർണ്ണസ്ത്രീയോ പൂർണ്ണപുരുഷനോ എവിടെയുമില്ല. ഏതു സ്ത്രീയിലും അന്തർലീനമായി ഒരു പുരുഷനും ഏതു പുരുഷനിലും അന്തർലീനമായി അഥവാ അബോധതലത്തിൽ ഒരു സ്ത്രീയും ഉണ്ട്. പുരുഷനിലുള്ള സ്ത്രീത്വത്തെ അദ്ദേഹം 'ആനിമ' എന്നും സ്ത്രീയിലുള്ള പൗരുഷത്തെ 'ആനിമൂസ്' എന്നും വിളിച്ചു. യുഗങ്ങളിലൂടെ, ജന്മാന്തരങ്ങളിലൂടെ നമ്മിലെ പ്രാക്തന സ്മരണയായി അതവിടെ ഉണ്ട് എന്നദ്ദേഹം വാദിച്ചു.
നമ്മിലെ ഏറ്റവും പുരാതനമായ അപരത്വം ലിംഗ വൈജാത്യത്തിൻ്റെതാണ് എന്ന് എവിടെയോ വായിച്ചതോർക്കുന്നു. ഇന്ന് സമൂഹം മുന്നോട്ടു പോകണമോ തളച്ചിടപ്പെടണമോ എന്ന ചോദ്യത്തിനു മുന്നിൽ പതറി നില്ക്കുകയാണ്. മുന്നോട്ടുള്ള ആക്കം ബലപ്രയോഗത്താൽ തടയപ്പെട്ടാൽ കാലം നമ്മിൽനിന്ന് വഴുതിയിറങ്ങി തെന്നിയൊലിച്ചു പോകും. ഭാഷ കൊണ്ടോ ചരിത്രം കൊണ്ടോ ആചാരം കൊണ്ടോ സംസ്കാരം കൊണ്ടോ നാം തടയണ തീർക്കുമ്പോൾ കാലവും ലോകവും വഴുതിയിറങ്ങി തെന്നിയൊലിച്ചു പോകുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
സ്കൊളാസ്റ്റിസിസത്തിൻ്റെ പാഠശാലയിൽ പഠിച്ചിറങ്ങിയവരാൽ നയിക്കപ്പെടുന്ന സ്ഥാപനങ്ങൾ സൗഖ്യപ്പെട ്ടുവരാൻ കാലമെടുക്കും. ക്ഷമിക്കാം. കാത്തിരിക്കാം.





















