ഭേദ്യാവസ്ഥ
- George Valiapadath Capuchin

- Apr 7
- 3 min read

ഫ്രാൻസിസ്കൻ ജൂബിലി വർഷത്തിലാണ് നാം. വി. ഫ്രാൻസിസിന്റെ കടന്നുപോകലിന്റെ എട്ടാം ശതാബ്ദി ദിനങ്ങളിൽ ജീവിക്കുന്നു എന്നതുതന്നെ ഒരനുഗ്രഹമാണ്.
രണ്ടുവർഷം മുമ്പ്, ഞങ്ങളുടെ മിഡ്‌വെസ്റ്റ് പ്രവിശ്യയുടെ വാർഷിക ധ്യാനം പ്രസംഗിക്കാൻ ഞങ്ങൾ നിയോഗിച്ചത് ഒരു അല്മായനായ പ്രശസ്ത എഴുത്തുകാരൻ ജോൻ എം. സ്വീനിയെയായിരുന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ ഗ്രന്ഥങ്ങളിൽ അഞ്ചും അസ്സീസിയിലെ വി. ഫ്രാൻസിനെക്കുറിച്ചാണ്. ഞങ്ങളോട് അദ്ദേഹം പ്രസംഗിച്ച ധ്യാനത്തിന്റെ കേന്ദ്ര വിഷയം "ഭേദ്യാവസ്ഥ" (vulnerability) എന്നതായിരുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, വി. ഫ്രാൻസിസിന്റെ ജീവിതത്തിലെ "ഭേദ്യാവസ്ഥ" നമുക്ക് മനസ്സിലായില്ലെങ്കിൽ നമുക്കദ്ദേഹത്തെ പിടികിട്ടിയെന്നുവരില്ല. ശാരീരികമായോ വൈകാരികമായോ സാമൂഹികമായോ മറ്റേതെങ്കിലും വിധത്തിലോ ആക്രമിക്കപ്പെടാനോ ഭേദിക്കപ്പെടാനോ ഉള്ള സാധ്യതയ്ക്ക് വിധേയമാകുന്ന അവസ്ഥയാണ് 'ഭേദ്യാവസ്ഥ' (vulnerability). ഫ്രാൻസിസ് നടത്തിയ തെരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ നമുക്കിക്കാര്യം കാണാതെപോകാൻ കഴിയില്ല.
ഫ്രാൻസിസ്കൻ ആശയലോകവുമായി ഏറെ ബന്ധപ്പെട്ട, പൗലോസിന്റെ ഫിലിപ്പിയർക്കുള്ള ലേഖനത്തിന്റെ രണ്ടാം അധ്യായത്തിൽ നാം കാണുന്ന ആദിമ സഭയിലെ സ്തുതിഗീതത്തിൽ നാം വായിക്കുന്നു: "അവൻ തന്നെത്താൻ ശൂന്യനാക്കി, അടിമയുടെ രൂപം സ്വീകരിച്ചു ... അവൻ തന്നെത്താൻ താഴ്ത്തി മരണത്തോളം, അതേ, കുരിശിലെ മരണത്തോളവും അനുസരണമുള്ളവനായിത്തീർന്നു." ഇവിടെ, സ്വയം ശൂന്യമാക്കൽ, സ്വയം താഴ്ത്തൽ, മരണത്തോളം, കുരിശിലെ മരണത്തോളവും അനുസരണമുള്ളവനായി മാറൽ - ഭേദ്യാവസ്ഥ സ്വയംവരിക്കുന്നതായി കൃത്യമായും വിവർത്തനം ചെയ്യാൻ കഴിയും. ഫ്രാൻസിസിന്റെ ആത്മീയതയിൽ ഈ സ്തുതിഗീതത്തിന്റെ വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മിക്ക പ്രവൃത്തികളിലും ഈ ഭേദ്യാവസ്ഥയുടെ ആലിംഗനം നമുക്ക് കാണാൻ കഴിയുന്നതാണ്. ഫ്രാൻസിസിന്റെ കാലത്ത് മറ്റ് പല സന്ന്യാസ സമൂഹങ്ങളും ഉണ്ടായിരുന്നല്ലോ. അവയിൽ ഒന്നിലും ചേരാൻ അദ്ദേഹം താല്പര്യപ്പെട്ടില്ല. ശാരീരിക ഭേദ്യതയുടെ ഘടകം അവകളിൽ ഇല്ലായിരുന്നു എന്നതാണ് അതിനുള്ള പ്രധാന കാരണം എന്ന് ഞാൻ കരുതുന്നു. അദ്ദേഹം ആരംഭിച്ച ജീവിതമാർഗ്ഗം വ്യത്യസ്തമായിരുന്നു. മൗലികമായ ദാരിദ്ര്യം ഏറ്റെടുത്തുകൊണ്ട് അവർ ഭേദ്യാവസ്ഥയെ സ്വയംവരിച്ചു. ദൈവത്തിന്റെ പരിപാലനയിൽ ആശ്രയം വെക്കാൻ തീരുമാനിക്കുന്നത് ഭേദ്യാവസ്ഥ സ്വയംവരിക്കുന്നതിന്റെ ഒരു ഉദാഹരണമാണ്.
അദ്ദേഹത്തിന്റെ ജീവിതത്തിൽ ചില അഭിമുഖീകരണ നിമിഷങ്ങളുണ്ടെന്ന് പറയാരുണ്ട്. തകർച്ച പ്രാപിച്ച ഒരു ദേവാലയത്തിൽ, ഭേദ്യാവസ്ഥയിലുള്ള ഒരു ക്രിസ്തുവിനെ അഭിമുഖീകരിച്ചതാണ് ആദ്യത്തേത്. സമ്പന്നമായ ബെർണദോണെ ഭവനത്തിന്റെ സുരക്ഷയിൽ നിന്ന് മാറിനിൽക്കാനും അസ്സീസി പട്ടണത്തിന് പുറത്ത് പ്രാന്തപ്രദേശത്തെ ഭേദ്യതയെ പതുക്കെ അംഗീകരിക്കാനും, പ്രാന്തങ്ങളിലെ തകർന്ന മറ്റ് പള്ളികളുടെ അറ്റകുറ്റപ്പണികൾ നടത്താനും ഈ അഭിമുഖീകരണം അദ്ദേഹത്തെ സന്നദ്ധനാക്കി.
പിന്നെയൊരിക്കൽ അദ്ദേഹം യാചകനായ ഒരു കുഷ്ഠരോഗിയെ അഭിമുഖീകരിച്ചു. അയാളിൽ ദരിദ്രർ നേരിടുന്ന ഭേദ്യാവസ്ഥ അദ്ദേഹം കണ്ടു. തുടർന്ന് ദരിദ്രരുടെ ഈ ഭേദ്യാവസ്ഥയെ സ്വയംവരിക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചു. അങ്ങനെയാണ് റിവോ തോർത്തോ എന്നയിടത്ത് അദ്ദേഹം കുഷ്ഠരോഗികളെ പരിചരിക്കാൻ തുടങ്ങിയത്.
ഏറെ വേർതിരിവുകളുള്ള ഒന്നായിരുന്നു അക്കാലത്ത് സാമൂഹിക ജീവിതം. ബഹുമാനവും ആദരവും അനുഭവിച്ചിരുന്നത് പ്രഭുക്കന്മാർ മാത്രമായിരുന്നു. പ്രഭുക്കന്മാർക്കു പുറമേയുള്ള സമൂഹം മേജർമാരെന്നും മൈനർമാരെന്നും വിഭജിതമായിരുന്നു. സമ്പന്നരായിരുന്നു മേജർമാർ. മൈനർമാരാകട്ടെ തൊഴിലാളികളും ദരിദ്രരുമായിരുന്നു. അവരുടെ ജീവിതത്തിലാവട്ടെ, കാര്യമായ ഭേദ്യാവസ്ഥ നിലനിന്നിരുന്നു. സമ്പന്നനാണെങ്കിലും വെറുമൊരു 'അരിപ്രാഞ്ചി' യായിരുന്നു അയാളും കുടുംബവും. അതിനാൽ, യുദ്ധത്തിനു പോയി ഒരു 'മാടമ്പി'യാകാൻ കൊതിച്ചയാളായിരുന്നു, മാനസാന്തരത്തിനുമുമ്പത്തെ ഫ്രാൻസിസ്. യുദ്ധത്തിനുപോയി വിജയിയായി തിരിച്ചുവന്നാൽ അത് അദ്ദേഹത്തിന്റെ സാമൂഹിക പദവിയെ ഒരു മേജറിൽ നിന്ന് ഒരു കുലീനനിലേക്ക് ഉയർത്തുമായിരുന്നു. എന്നാൽ, തൻ്റെ മാനസാന്തരത്തിനു ശേഷം അദ്ദേഹത്തിന് അനുയായികളുണ്ടായപ്പോൾ, തൻ്റെ സംഘത്തിന് അദ്ദേഹം "മൈനർ ഫ്രയേഴ്‌സ്" എന്നാണ് പേരിട്ടത്: "ഭേദ്യാവസ്ഥയിലുള്ള കീഴാള സംഘം" എന്നുപറയാം.
പോർസ്യുങ്കുളയിൽ താമസിക്കുമ്പോൾ, ചൂടുള്ള ഒരു വേനൽക്കാല രാത്രിയിൽ, അവരുടെ കതകിന് തൊട്ടുവെളിയിലായി നിന്നിരുന്ന അത്തിമരത്തിൽ ഇരുന്ന ഒരു ചീവീടിൻ്റെ കരച്ചിൽ ഫ്രാൻസിസിനെ ഉറക്കത്തിൽ നിന്നുണർത്തി. ചിലമ്പുന്ന ചീവീടിന്റെ ശബ്ദം കേട്ട് ഫ്രാൻസിസ് കൗതുകത്തോടെ പുറത്തുവന്നു. പാതിരാത്രിയിൽ ആ ചീവീട് പാട്ടുപാടി പ്രാർത്ഥിക്കുകയാണെന്ന് കരുതിയ ഫ്രാൻസിസ് അതിനോടൊപ്പം പ്രാർത്ഥിക്കാൻ താല്പര്യപ്പെട്ടു. തന്നോടൊപ്പം ദൈവത്തെ സ്തുതിക്കാൻ അയാൾ ചീവീടിനെ ക്ഷണിച്ചു, അത് ഫ്രാൻസിസിന്റെ കൈവെള്ളയിൽ വന്നിരുന്ന് ഒരു മണിക്കൂറോളം പാട്ടുപാടി. ഈ സംഭവം അവനെ ജീവജാലങ്ങളുടെ ലോകത്തിലേക്ക് അടുപ്പിച്ചു. പിന്നീട് വിജനതകളിലും പർവതശൃംഗങ്ങളിലും താമസിച്ചുകൊണ്ട് അയാൾ ഭേദ്യാവസ്ഥ സ്വയം ഏറ്റെടുക്കുന്നതുകാണാം. കുറേ കഴിയുമ്പോൾ ഗുബ്ബിയോയിലെ അക്രമകാരിയായ ചെന്നായയെ അഭിമുഖീകരിച്ച് അയാൾ സ്വയം ഭേദ്യാവസ്ഥയെ പുല്കുന്നത് നമുക്ക് കാണാം.
ഫ്രാൻസിസ് തൻ്റെ സഹോദരന്മാരെ വിവിധ രാജ്യങ്ങളിലേക്ക് പ്രഭാഷണ ദൗത്യവുമായി അയച്ചപ്പോൾ, മൊറോക്കോയിലേക്ക് പോയ അഞ്ച് സഹോദരന്മാർ താമസിയാതെ രക്തസാക്ഷികളായി. ക്രിസ്തുവിനുവേണ്ടി ജീവൻ നഷ്ടപ്പെടാനുള്ള ഭേദ്യാവന്ഥ തന്റെ സഹോദരന്മാർ ഏറ്റെടുത്തതിൽ അദ്ദേഹം സന്തോഷിച്ചു. എന്നാൽ, അവരുടെ രക്തസാക്ഷിത്തത്തിൻ്റെ വിശദാംശങ്ങൾ അറിഞ്ഞപ്പോൾ, അവരുടെ അവധാനതക്കുറവിലും മുസ്ലീങ്ങളോടുള്ള ബഹുമാനക്കുറവിലും അദ്ദേഹം വേദനിച്ചു. ഒരുപക്ഷേ, ഈ സംഭവമാകാം സുൽത്താൻ മാലിക് അൽ കമിലിനെ കാണാൻ ഡാമിയേറ്റയിലേക്ക് പോകുന്നതിലെ ഭേദ്യാവസ്ഥ ഏറ്റെടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. പിന്നീട് തൻ്റെ സന്ന്യാസ സമൂഹത്തിനായി അദ്ദേഹം നിയമാവലി എഴുതിയുണ്ടാക്കിയപ്പോൾ, "സരസന്മാർ"ക്കിടയിൽ പോയി ജീവിക്കാൻ തൻ്റെ അനുയായികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. (അക്കാലത്ത് സാധാരണയായി മുസ്ലീങ്ങളെ പരാമർശിക്കുന്ന ഒരു പദമായിരുന്നു സാരസന്മാർ എന്നത്).
പുരുഷാധിപത്യം അതിൻ്റെ ശൃംഗത്തിലായിരുന്ന കാലമായിരുന്നു മധ്യകാലഘട്ടം. ഒരുപക്ഷേ, തൻ്റെ കുടുംബത്തിൽത്തന്നെ - തന്റെ പിതാവായ പീറ്റർ ബെർണാർദോണെയും അമ്മയായ പിക്ക ഡി ബോർലെമോണ്ടും തമ്മിലുള്ള ബന്ധത്തിൽ ഫ്രാൻസിസ് അത് കണ്ടിരുന്നിരിക്കാം. അക്കാലത്ത് സ്ത്രീകളുടെ ജീവിതത്തിൽ ഭേദ്യാവസ്ഥ ശക്തമായി ഉൾച്ചേർന്നിരുന്നു. സൗമ്യതയുടെയും വിനയത്തിന്റെയും സുകൃതങ്ങളുറപ്പിച്ചുകൊണ്ട് ഫ്രാൻസിസ് ഭേദ്യാവസ്ഥയുടെ ഈ ദുർബലതയെ ഏറ്റെടുക്കുകയും സഹോദരന്മാരുടെ ജീവിതത്തിൽ സ്ത്രൈണത വളർത്തുകയും ചെയ്തു. പിന്നീട് സന്ന്യാസ ജീവിതത്തിൻ്റെ ഒരു താൽക്കാലിക രീതിയായി അദ്ദേഹം 'എരെമെറ്റിക്കൽ ജീവിതം' എന്ന ആശയം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ദർശനം അനുസരിച്ച്, മൂന്നോ നാലോ സഹോദരന്മാർ ഒരു ചെറു പ്രാർത്ഥനാ ഭവനത്തിൽ (എരെമെറ്റിക്കൽ) ജീവിക്കുകയും അതിൽ ഒരാൾ തന്റെ 'മക്കൾക്ക്' ഭക്ഷണം പാചകം ചെയ്യുന്ന 'അമ്മയുടെ' ഭാഗം ഏറ്റെടുക്കുകയും വേണം. തദവസരത്തിൽ 'മക്കൾ' ധ്യാനാത്മകമായ ജീവിതം നയിക്കും. കുറേനാൾ കഴിഞ്ഞ് ഊഴം മാറും. 'മക്കളിൽ' ഒരാൾ 'അമ്മ'യുടെ ഭാഗം ഏറ്റെടുക്കും. ഈ അഭ്യാസം അവരെ ധ്യാനാത്മകരാക്കുകയും "അമ്മമാരുടെ" ദേദ്യാവസ്ഥ അനുഭവിക്കുകയും ചെയ്യും.
ആരും ഒരു കുഞ്ഞാടാകാൻ ആഗ്രഹിക്കുന്നില്ല. എല്ലാവരും ചെന്നായയോ സിംഹമോ ആകാനാണ് ആശിക്കുന്നത്. 'ചെന്നായ്‌ക്കളുടെ ഇടയിലെ കുഞ്ഞാടുകളെപ്പോലെ' തൻ്റെ ശിഷ്യരെ അയക്കുന്നുവെന്നാണ് യേശു പറഞ്ഞത്. എല്ലാ ദുർബലതകളോടും ഭേദ്യതകളോടും കൂടി വന്യമായ ഒരു ലോകത്തേക്ക് അവൻ തന്റെ ശിഷ്യരെ അയക്കുകയായിരുന്നു.
'സ്നേഹിതന്മാർക്കുവേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമൊന്നുമില്ല' എന്നും യേശു പറഞ്ഞു. സ്നേഹം എന്നത് ഭേദ്യാവസ്ഥയെ സ്വയം ഏറ്റെടുക്കുക എന്നതാണെന്നുവരുന്നു. സ്നേഹം എന്നാൽ അധികാരം ഉപേക്ഷിക്കുക എന്നതാണ്.
ക്രിസ്തുവിനോടുള്ള സ്നേഹത്തിന് ഫ്രാൻസിസ് എല്ലാത്തരം ഭേദ്യാവസ്ഥകളെയും സ്വയംവരിച്ചു. കാരണം, ക്രിസ്തു തന്നെത്തന്നെ ദുർബലനാക്കി, ഭേദ്യനാക്കി: മരണം വരെ - അതെ, കുരിശിലെ മരണം വരെ!
ഫ്രാൻസിസിനെയും അദ്ദേഹത്തിൻ്റെ ശിഷ്യരെയും ഇത്രയധികം വ്യത്യസ്തരും ആകർഷകരുമാക്കിയത് അവരുടെ 'ഭേദ്യത'യാണെന്ന് പറയാം. സ്വയം ഭേദ്യരാകുന്നതിൽ വലിയ പ്രതി-സാംസ്കാരിക മൂല്യങ്ങളുണ്ട്. ഒരുപക്ഷേ, ഈ ഒരു ചെറിയ കാര്യം കൂടുതൽ ധ്യാനിക്കുന്നത് ഉപകാരപ്രദമായിരിക്കും.

























































