
സാറാ ജോസഫിൻ്റെ ഒരു കഥ ഓർമ്മ വരുന്നു - അഴിച്ചിട്ട നീണ്ടുസമൃദ്ധമായ ചുരുളുകളുള്ള കറുത്തമുടി പെണ്ണത്തത്തിൻ്റെ ശക്തിയും കരുത്തും അധികാരവും അരക്കിട്ടുറപ്പിക്കുന്ന ഒരു ബിംബമാവുന്നതായി.
അമേരിക്കയിലെ ആദിമജനതയുടെ മധ്യേ ആയിരിക്കുമ്പോൾ, ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ മുടി വളർത്തുകയും അഴിച്ചിട്ട മുടിയുമായി നടക്കുന്നതും കാണുന്നു. ആൺകുട്ടികൾ മൂന്നായി പിന്നിയിടുകയും പെൺകുട്ടികൾ രണ്ടായി പിന്നിയിടുകയുമായിരുന്നു ആചാരം. ഇന്നിപ്പോൾ അത്തരം വ്യത്യാസങ്ങൾ കാണാനില്ല. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ ആൺകുട്ടിയോ പെൺകുട്ടിയോ എന്ന് പലരെക ്കുറിച്ചും സംശയം തോന്നാനും മതി.
അവരെ സംബന്ധിച്ചിടത്തോളം നീണ്ടമുടി എന്നത് പുരുഷൻ്റെയും സ്ത്രീയുടെയും ശക്തിയും അധികാരവും ബലവും വിശുദ്ധിയുമാണ്.
ബൈബിളിൽ സംഖ്യയുടെ പുസ്തകം ആറാം അധ്യായത്തിൽ നാസ്രീൻവ്രതത്തെക്കുറിച്ച് വിശദമായ പ്രതിപാദ്യമുണ്ട്. മൂന്നുവിധത്തിൽ നാസ്രീൻ വ്രതം സ്വീകരിക്കപ്പെടാം. മാതാപിതാക്കൾ വഴി ജീവിതാന്ത്യം വരെ; മാതാപിതാക്കൾ വഴി ഒരു നിശ്ചിത കാലത്തേക്ക്; അല്ലെങ്കിൽ വ്യക്തികൾ ഒരു നിശ്ചിത കാലത്തേക്ക്.
മാതാപിതാക്കൾ വഴി ജീവിതാന്ത്യം വരെ നാസ്രീൻവ്രതം സ്വീകരിച്ചിട്ടുള്ളതായി മൂന്നുപേരെ നാം കാണുന്നുണ്ട്. സാമുവേൽ, സാംസൺ, സ്നാപക ൻ. മക്കൾ ഇല്ലാതിരുന്ന ഹന്നാ ഒരു മകനുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവൾ സ്വയം നേരുന്നതാണ് സാമുവലിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. സാംസന്റെയും സ്നാപകന്റെയും നാസ്രീൻ വ്രതം അവരുടെ ജനനത്തിന് മുമ്പ് ദൈവദൂതൻ നിഷ്കർഷിക്കുന്നതാണ്.
വീഞ്ഞോ മറ്റു ലഹരിപദാർത്ഥങ്ങളോ ഉപയോഗിക്കാതിരിക്കുക; ക്ഷൗരക്കത്തി ഉപയോഗിക്കാതെ മുടി വളരാൻ അനുവദിക്കുക; മൃതദേഹങ്ങളുമായി അകലം പാലിക്കുക. ഇവയാണ് നാസ്രീൻ വ്രതക്കാർ അനുഷ്ഠിക്കേണ്ടത്.
പഴയ നിയമ പ്രകാരം പുരുഷന്മാർക്കും സ്ത്രീകൾക്കും നാസ്രീൻ വ്രതം സ്വീകരിക്കാം, അനുഷ്ഠിക്കാം.
നാസ്രീൻ വ്രതം സ്വീകരിച്ചിട്ടുള്ള നിരവധിപ്പേരെ അടുത്തകാലത്തായി കണ്ടുമുട്ടിയിട്ടുണ്ട്.
യേശു ഒരു നാസ്രീൻ വ്രതക്കാരനായിരുന്നില്ല. ആദ്യജാതൻ എന്ന നിലയിൽ അവൻ ദൈവത്തിന് സമർപ്പിതനായിരുന്നു. എന്നാൽ നിയമം അനുശാസിക്കുന്നത് അനുസരിച്ച് യൗസേപ്പും മറിയവും അവനെ 40-ാം ദിവസം ദേവാലയത്തിൽ കാഴ്ചവച്ച ശേഷം രണ്ട് ചങ്ങാലികളെ ബലി കൊടുത്ത് അവനെ തിരിച്ചുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കുറഞ്ഞൊരു കാലത്തേക്കുപോലും അവൻ നാസ്രീൻ വ്രതം അനുഷ്ഠിക്കേണ്ടിയിരുന്നില്ല.
സെക്കുലറിസം ജീവിതത്തിൻ്റെ ലഹരിയെ വസ്തുക്കളിലാക്കിക്കളയുമ്പോൾ, ലോകം തനിക്കുവെളിയിലെ ലഹരിയിൽ ആണ്ടുപോകുമ്പോൾ, സാസ്രീൻ വ്രതക്കാർ വിഡ്ഢികളായേ പരിഗണിക്കപ്പെടൂ!
























