

ബാല്യത്തിലേ എന്ന് പറയാം: നന്നേ ചെറുപ്പത്തിലേ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുണ്ട് ഹെബ്രായ ജനതയുടെ പാരമ്പര്യത്തിൽ.
പൂർവ്വപിതാവായ ജോസഫാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. കൗമാരക്കാരനായിരിക്കുമ്പോഴാണ് ജോസഫിന് സ്വപ്നങ്ങൾ ഉണ്ടാകുന്നതും തൻ്റെ സഹോദരന്മാരും പിതാവും തനിക്കുമുന്നിൽ കുമ്പിടും എന്നുള്ള അവൻ്റെ സ്വന്തം സ്വപ്ന വ്യാഖ്യാനത്തിൽ അവൻ്റെ സഹോദരന്മാർ അവനെ വെറുക്കുന്നതും. ദൈവം ഇസ്രായേലിനെ ഒരു ജനതയാക്കി വളർത്തുന്നത് ഈ ജോസഫിലൂടെ ആണെന്നുപറയാം.
സാമുവേലിന് മൂന്നോ നാലോ വയസ് സുള്ളപ്പോളായിരുന്നു അവൻ്റെ അമ്മ ഹന്നാ അവനെ ദേവാലയത്തിൽ കൊണ്ടുവന്ന് കാഴ്ചവയ്ക്കുന്നത്. അതിനുശേഷം അവൻ പുരോഹിതനായ ഏലിയോടൊപ്പം ദേവാലയത്തിൽ തന്നെയാണ് വളരുന്നത്. മിക്കവാറും പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാവണം ഒരു രാത്രിയിൽ പലതവണയായി ദൈവം സാമുവേലിനെ വിളിക്കുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് പ്രവാചകനും ന്യായാധിപനുമായിത്തീർന്ന സാമുവേലിനുള്ളത്. സാമുവേലാണ് ജനതയുടെ താല്പര്യപ്രകാരം അവർക്ക് ഒരു രാജാവിനെ നല്കുന്നത്. ദാവീദിനെ അഭിഷേകം ചെയ്തതും സാമുവേൽ തന്നെ.
ജെസ്സെയുടെ എട്ടുമക്കളിൽ ഏറ്റം ഇളയവനായിരുന്നു ദാവീദ്. ഒരു ഇടയബാലൻ. സാമുവേൽ ജെസ്സെയുടെ വീട്ടിൽ അവൻ്റെ മറ്റു മക്കളെയെല്ലാം പരിശോധിക്കുമ്പോൾ ദാവീദ് ആടുകളെ മേയ്ച്ചു നടക്കുകയായിരുന്നു. ദൈവത്താൽ അഭിഷിക്തനായ ദാവീദായിരുന്നു ഹെബ്രായ ജനതയുടെ രണ്ടാമത്തെ രാജാവ്. ഒരുപക്ഷേ, ഇസ്രായേലിനെ ഒന്നായി ഭരിച്ച, ഒരുമിപ്പിച്ച് നിർത്തിയ, രാജ്യത്തെ പ്രബലമാക്കിയ രാജാവ്. അദ്വിതീയമായ സ്ഥാനമാണ് അവന് അവരുടെ ചരിത്രത്തിൽ ഉള്ളത്.
തൻ്റെ പിതാവായ ആമോൻ രാജാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് നന്നേ ബാല്യത്തിലേ- എട്ട് വയസ്സായിരിക്കേത്തന്നെ രാജാവായിത്തീർന്നു ജോസിയാ. അയാൾ നീതിമാനായിരുന്നു. ദേവാലയം വിപുലീകരിക്കുകയും ജറൂസലേമിനെ ആരാധനാകേന്ദ്രം ആക്കുകയും ചെയ്തു ജോസിയാ. ദാവീദ് കഴിഞ്ഞാൽ ഏറ്റവും നല്ല രാജാവായി അറിയപ്പെടുന്നയാളാണ് ജോസിയാ.
പ്രവാചക ശ്രേണിയിൽ പ്രമുഖസ്ഥാനമലങ്കരിക്കുന്നുണ്ട് ജെറമിയാ. ദൈവം വിളിക്കുമ്പോൾ നന്നേ ചെറുപ്പമായിരുന്നു ജെറമിയാക്ക്. സിക്കമൂർ മരങ്ങൾ കത്രിക്കുന്ന പണി ചെയ്യുന്ന ഒരു ബാലൻ എന്നുതന്നെയാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. കരച്ചിലിൻ്റെ പ്രവാചകൻ എന്നറിയപ്പെടുന്ന ജെറമിയാ വരാൻ പോകുന്ന പ്രവാസത്തെ കുറിച്ച് പ്രവചിച്ചു. പിന്നീട് ദൈവം ആശ്വസിപ്പിക്കും എന്നും.
ഡ്യൂട്ടറോ കാനോനിക്കൽ വേദഭാഗമനുസരിച്ച്, സൂസന്ന എന്ന സുന്ദരിയായ യുവതിയെ പ്രാപിക്കാൻ ന്യായാധിപന്മാരായ രണ്ട് മൂപ്പന്മാർ നടത്തിയ ഹീനമായ നാടകം പൊളിച്ചത് ബാലനായ ദാനിയേലായിരുന്നു. ബാബിലോൺ പ്രവാസകാലത്ത് പ്രവാസിയായി കൊണ്ടുപോകപ്പെട്ട യുവാവാണ് ദാനിയേൽ. നെബുക്കദ്നാസറിൻ്റെ ദർശനവും സ്വപ്നവും വ്യാഖ്യാനിക്കുകയാൽ ദാവീദ് കൊട്ടാരത്തിലെ പ്രമുഖ പദവിയിലേക്ക് ഉയർന്നു. പ്രവാസ കാല ഘട്ടത്തിലെ ജനതയുടെ നേതാവും പ്രമാണിയും പ്രവാചകനുമായിരുന്നു ദാനിയേൽ.
ദൈവം തെരഞ്ഞെടുത്ത് തൻ്റെ പ്രവാചകനായി ഉയർത്തുമ്പോൾ സക്കറിയായും വളരെ ചെറുപ്പമായിരുന്നു. പ്രവാസാനന്തര കാലഘട്ടത്തിൽ ജനത്തെ ഉദ്ദീപിപ്പിച്ച് ധൈര്യപ്പെടുത്തുന്നതിലും ദേവാലയ പുനരുദ്ധാരണത്തിലേക്ക് അവരെ നയിക്കുന്നതിലും സക്കറിയാ വിജയിച്ചു. രക്ഷകൻ്റെ വിനയാന്വിതമായ കടന്നുവരവിനെക്കുറിച്ച് സുവ്യക്തമായി പ്രവചിച്ചയാളാണ് സക്കറിയാ.
ഇങ്ങനെ, നന്നേ ചെറുപ്പത്തിലേ ദൈവത്തിൻ്റെ തെരഞ്ഞെടുപ്പിന് പാത്രീഭൂതരായ ഒരുപിടി വ്യക്തികളുണ്ട് യഹൂദ ജനതയുടെ ചരിത്രത്തിൽ. ദൈവം വൃദ്ധരിലൂടെ മാത്രമല്ല, ചെറുപ്പക്കാരിലൂടെയും പ്രവചിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.
ഒരുപക്ഷേ, ഇങ്ങനെ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും ഉയർന്നു നില്ക്കുന്നുണ്ട് യേശുവിൻ്റെ അമ്മയായിത്തീർന്ന മറിയം. പെൺകുട്ടി പ്രായമറിയിച്ചു കഴിഞ്ഞാൽ അവളെ വിവാഹം ചെയ്തിരുന്നു അക്കാലത്ത്. കഷ്ടിച്ച് പതിമൂന്ന് അല്ലെങ്കിൽ പതിന്നാല് വയസ്സായിരുന്നിരിക്കും തെരഞ്ഞെടുക്കപ്പെടുമ്പോൾ മറിയത്തിന്.
ആരെത്തന്നെ അവൻ ഒരുക്കുന്നില്ല?!
ആരുതന്നെ അവൻ്റെ കരങ്ങളിൽ ഉപകരണം ആവുന്നില്ല?!
ദൈവമല്ലോ, അവൻ ദൈവമല്ലോ!





















