

തങ്ങളുടെ സ്വത്വം എന്താണെന്നതിനെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാത്തവരാണ് ക്രിസ്ത്യാനികൾ എന്ന് തോന്നിയിട്ടുണ്ട്. എന്നാൽ, തൻ്റെ ശിഷ്യരാകുന്നവർ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് യേശുവിന് കൃത്യമായ ധാരണകൾ ഉണ്ടായിരുന്നു എന്നു വേണം അനുമാനിക്കുവാൻ. "സ്നേഹം" ആണ് യേശു തൻ്റെ ശിഷ്യരിൽ നിദർശിച്ച പ്രത്യേക മൂല്യം. 'പരസ്പര സ്നേഹം നിങ്ങളിലുണ്ടെങ്കിൽ നിങ്ങൾ എൻ്റെ ശിഷ്യന്മാരാണെന്ന് അതുമൂലം ലോകം അറിയും' എന്നാണ് യേശു പറഞ്ഞിട്ടുള്ളത്.
ഇക്കാര്യത്തക്കുറിച്ച് ഒരു നൂറ് ഉദാഹരണങ്ങൾ പറയാൻ കഴിയും.
യേശുവിന്റെ മലയിലെ പ്രസംഗത്തിൽ നിരവധി ഉദാഹരണങ്ങൾ സഹിതം യേശു തന്റെ ശിഷ്യരോട് പറഞ്ഞു സ്ഥാപിക്കാൻ ശ്ര മിക്കുന്നത്, "നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങളും സ്നേഹിച്ചാൽ അതിൽ എന്ത് മേന്മയാണ് ഉള്ളത്? പാപികളും ചുങ്കക്കാരും പോലും അങ്ങനെ ചെയ്യുന്നുണ്ടല്ലോ", എന്നാണ്. അതായത് മറ്റുള്ളവരെക്കാൾ അധികമായി സ്നേഹിക്കുക എന്നതാണ് പ്രധാനം.
വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും എണ്ണം പറഞ്ഞ അപ്പസ്തോലന്മാരായിരുന്നു. അവരെക്കുറിച്ച് വിശദമായി മുമ്പ് എഴുതിയിട്ടുണ്ട്. ഒരൊറ്റ നുറുങ്ങ് മാത്രം ഇവിടെ കുറിക്കാം. ഉത്ഥാനത്തിനുശേഷം ക്രിസ്തു പത്രോസിനോട് ആവർത്തിച്ച് ചോദിക്കുന്നത്, "നീ ഇവരെക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ?" എന്നാണ്. "ഉവ്വ്" എന്നു തന്നെയാണ് പത്രോസിൻ്റെ ഉത്തരം.
സഭാമർദ്ദകനായിരുന്നു, പൗ ലോസ്. "എന്റെ നാമത്തെ പ്രതി അവൻ എത്രമാത്രം സഹിക്കേണ്ടി വരുമെന്ന് ഞാൻ അവന് കാണിച്ചുകൊടുക്കും" എന്നാണ് ക്രിസ്തു അനനിയാസിനോട് പറയുന്നത്. അതിനർത്ഥം, പൗലോസ് മറ്റുള്ളവരെക്കാൾ അധികമായി ക്രിസ്തുവിനെ സ്നേഹിക്കേണ്ടിവരും എന്നുതന്നെയാണ്. പിന്നീട് പൗലോസ് തന്നെ താൻ മറ്റ് അപ്പസ്തോലന്മാരെക്കാൾ കൂടുതൽ അധ്വാനിച്ചതായും സഹിച്ചതായും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
വെറുതെയല്ല, അവരിരുവരും സഭയുടെ രണ്ട് നെടുംതൂണുകളായി അറിയപ്പെടുന്നത്.
ചുരുക്കം ഇതാണ്. മറ്റുള്ളവർ സ്നേഹിക്കുന്നതിനെക്കാൾ അധികമായി സ്നേഹിക്കുക എന്നതാണ് ക്രിസ്തു ശിഷ്യരുടെ വിളിയും ധർമ്മവും.






















