top of page

ഗോത്രീയത

Jun 21, 2025

1 min read

George Valiapadath Capuchin

Tribalism - (ഗോത്രത്വം അഥവാ ഗോത്രീയത) എന്ന വാക്കിന് രണ്ട് അർത്ഥങ്ങളുണ്ട്. ഗോത്രങ്ങൾക്കോ ​​ഗോത്ര ജീവിതശൈലികൾക്കോ ​​വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുക എന്നതാണ് ആദ്യത്തേത്. ആ അർത്ഥത്തിൽ, ഞാനും ഗോത്രത്വത്തിന്റെ വക്താവാണ്. ഗോത്രീയതക്ക് ഒരു നെഗറ്റീവ് അർത്ഥവുമുണ്ട്. രാഷ്ട്രീയമായ പശ്ചാത്തലത്തിൽ ഗോത്രീയത എന്നാൽ വിവേചനപരമായ പെരുമാറ്റവും പുറം ഗ്രൂപ്പുകളോടുള്ള വെറുപ്പും ആണ്. അത് സ്വയം നിർവചിക്കുന്നതോ, സംഘ-പക്ഷപാതം അല്ലെങ്കിൽ സങ്കുചിത-സംഘത്വത്തിന്റെ അടിസ്ഥാനത്തിലുമാണ്.


ആദ്യത്തെ അർത്ഥത്തിൽ, മുഖ്യധാരാ ലോകം തീരെ ഗോത്രപരമല്ല. എന്നാൽ, രണ്ടാമത്തെ അർത്ഥത്തിൽ, മുഖ്യധാരാ ലോകം ഭീകരമായ വിധത്തിൽ ഗോത്രീയമായിക്കൊണ്ടിരിക്കുകയാണ് എന്നുതോന്നുന്നു.


തങ്ങൾക്ക് പുറത്തുള്ള ഗ്രൂപ്പിനോട് ആളുകൾ കൂടുതൽ മോശമായി മാറുകയാണ്. പുറംഗ്രൂപ്പിനോട് കൂടുതൽ ഹിംസാത്മകമാവുകയാണ് ലോകം. നമ്മളുമായി വിയോജിക്കുന്ന ആളുകളായിരിക്കും മറുവശത്തുള്ളത് എന്നത് വസ്തുതയാണ്. എന്നാൽ, അവരെ ശത്രുക്കളായി കണക്കാക്കുന്ന പ്രവണതയാണ് മുഖ്യധാരയിലിന്ന് കൂടിവരുന്നത് എന്നുതോന്നുന്നു.


ഗോത്രവാദത്തിൻ്റെ ഈ നെഗറ്റീവ് അർത്ഥത്തിൽ, സംഘത്വത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട മൂല്യം എന്നത് സംഘക്കൂറാണ്. ഗോത്രക്കാരനായിരിക്കാൻ ഒരാൾ എല്ലാ ദിവസവും ഹാജർ പറഞ്ഞുകൊണ്ട് ഗോത്രത്തോട് കൂറ് പ്രഖ്യാപിക്കുകയും, താൻ ഗോത്രക്കാരൻ തന്നെയാണെന്ന് നിരന്തരം തെളിയിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇങ്ങനെ ചെയ്യുന്നതിൽ ഒരാൾ പരാജയപ്പെട്ടാൽ, ഉടനയാൾ ഗോത്രത്തിൽ നിന്ന് മഹറോൻ ചൊല്ലപ്പെടും!

നാം എങ്ങോട്ടാണ് പോകുന്നത്?

Recent Posts

bottom of page