ജോര്‍ജ് വലിയപാടത്ത്
top of page
കേരള രാഷ്ട്രീയം ഇത്രമേല്‍, എന്നില്‍ ഞെട്ടലുളവാക്കിയ ഒരു കാലം ഇന്നുവരെ ഉണ്ടായിട്ടില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ കാലം നമുക്ക് സമ്മാനിക്കുന്നത്, മനുഷ്യന്‍റെ സ്വാതന്ത്ര്യം, ഇച്ഛ, അവന്‍റെ സ്വകീയമായ ആശയം ഇവയൊക്കെ മനസ്സിന്‍റെ ഉള്ളില്‍വച്ചു പൂട്ടിക്കൊള്ളണം; പുറത്തേക്ക് എടുക്കരുതെന്ന താക്കീതാണ്. എടുത്താല്‍ ഈ ഭൂമുഖത്ത് പിന്നെ നീയില്ല.
പ്രസ്ഥാനം പണ്ട് മനുഷ്യന്‍റെ മോചനത്തിനുള്ള വഴിത്താരയായിരുന്നെങ്കില്‍ ഇന്ന് അത് മനുഷ്യരക്തവും മാംസവും ചൊരിയാനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു; നമുക്കു ചുറ്റുമുള്ള പ്രസ്ഥാനങ്ങള്‍.
ജൂണിലെ മഴ എവിടെയൊക്കെപ്പെയ്തിട്ടും മനസ്സിന്‍റെ ചുട്ടുപൊള്ളലുകള്‍ക്ക് ഒരറുതിയും ഇല്ല. മലബാറിന്‍റെ തെരുവോരങ്ങളില്‍ വീണ രക്തത്തിന്‍റെ ചൂട,് എത്ര തണുപ്പും പ്രളയവും വന്നാലും ആറിത്തണുക്കില്ല. അത് മനുഷ്യരുടെ ചങ്കില്‍ തിളയ്ക്കുകയാണ്. കത്തുന്ന ലാവയായി, അവസാനിക്കാത്ത വേദനയായി ഒഴുകിപ്പരക്കുകയാണ്.
മനുഷ്യവിമോചന രണാങ്കണത്തില്‍ സമാധാനത്തോടെ ഉയര്‍ത്തിയ വെള്ളക്കൊടികളില്‍ രക്തസാക്ഷികളുടെ ചോരവീണ് ചെങ്കൊടിയായ കൊടികള്‍ ഇന്ന് പാറാതെ, പറക്കാതെ വിമ്മിവിതുമ്പുന്ന മുഖവുമായി തലതാഴ്ത്തി നില്‍ക്കുന്നു.
ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. മനുഷ്യനന്മകളുടെ ചിറകുകള്‍ മുളയ്ക്കുന്നത് ഇടതുപക്ഷത്തുനിന്നു തന്നെയായിരിക്കുമെന്ന് കൂടെക്കൂടെ എന്‍റെ ഭാര്യയോടും മക്കളോടും കഴിഞ്ഞനാള്‍വരെ പറഞ്ഞവന്‍. പക്ഷെ ഈ കാലഗതി എന്നെ പിറകോട്ട് വലിക്കുന്നു. പ്രസ്ഥാനങ്ങളിലെ വിശ്വസ്തതയും ആത്മാര്‍ത്ഥതയും എവിടെ - എത്രത്തോളം ആഴത്തിലുണ്ട്?
അക്രമത്തിനും, അടിമത്വത്തിനും, തൊഴിലാളി ചൂഷണത്തിനുമെതിരെ പാര്‍ട്ടി മെമ്പര്‍പോലും അല്ലാതിരുന്നിട്ടും, മനുഷ്യചങ്ങലകള്‍ ഉണ്ടാകുമ്പോള്‍ കൈകോര്‍ത്തവനാണ് ഈ ഞാന്‍.
എന്‍റെ രാഷ്ട്രീയം സ്നേഹമാണ്. സമാധാനമാണ്.
ഒരു എറുമ്പിനെപോലും വേദനിപ്പിക്കരുതെന്ന പ്രമാണവുമായി ജീവിക്കുന്നവന് രക്തപ്പുഴയിലാണ്ടുപോകുന്ന ഭീതിയുടെ നാളുകളാണ് സമകാലീന സംഭവങ്ങള്‍ സമ്മാനിക്കുന്നത്.
കുട്ടിക്കാലം മുതലേ വായനയിലൂടെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ മാര്‍ക്സും ഏംഗല്‍സുമൊക്കെയായിരുന്നു. ഗോര്‍ക്കിയുടെ അമ്മ വായിച്ച് നെടുവീര്‍പ്പിട്ടിട്ടുണ്ട്. പല രാത്രികളിലും, ഏഥല്‍ലീലിയന്‍ വോയ്നിച്ചിന്‍റെ 'കാട്ടുകടന്നല്‍' മനസ്സിലുണ്ടാക്കിയ ആവേശം, അതിന്‍റെ മുള്ളിന്‍കുത്തുകളുടെ തിണര്‍പ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല.
കമ്മ്യൂണിസമെ ലോകത്തെ രക്ഷിക്കുകയുള്ളൂ എന്ന് ഹൃദയമിടിപ്പുപോലെ ഹൃദയം ഏറ്റുപറഞ്ഞു കൊണ്ടിരുന്നു സദാസമയവും.
വര്‍ഷങ്ങള്‍ക്കുമുമ്പ് റഷ്യ ചിന്നഭിന്നമായപ്പോള്‍ എന്‍റെ സ്വപ്നങ്ങള്‍ക്കു പുഴുക്കുത്തു വീണു തുടങ്ങി. എന്നിട്ടും മനസ്സിനെ പറഞ്ഞാശ്വസിപ്പിച്ചു. അതു റഷ്യയിലല്ലേ? എന്നിട്ടും ലെനിനും സ്റ്റാലിനും ട്രോട്സ്കിയുമൊക്കെ കമ്മ്യൂണിസത്തിന്‍റെ കാവല്‍മാലഖമാരായി, നെടുങ്കന്‍ ഗോപുരംപോലെ മനസ്സില്‍ ഉയര്‍ന്നുനിന്നു. പക്ഷേ നാളുകള്‍ക്കുമുമ്പ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റുകാര്‍ അസത്യമായി ഒളിപ്പിച്ചുവച്ചിരുന്ന കാര്യങ്ങള്‍ ചില സത്യങ്ങളായി, എന്‍റെ മുന്നില്‍ അവതരിച്ചപ്പോള്‍ ഞെട്ടിപ്പോയി. കാല്‍ച്ചുവട്ടിലെ മണ്ണിളകിപ്പോയി.
മണര്‍കാട് മാത്യു സാറിന്‍റെ, റഷ്യയെക്കുറിച്ചുള്ള കുറെ ലേഖനങ്ങള്‍ വായിക്കാനിടയായപ്പോള്‍ റഷ്യയെക്കുറിച്ച്, കമ്മ്യൂണിസ്റ്റ് ഭരണകൂടം കാട്ടിക്കൂട്ടിയ ദുഷ്ചെയ്തികളെക്കുറിച്ച,് അദ്ദേഹം ഫോണിലൂടെ ചൊരിഞ്ഞ സത്യങ്ങള്‍ കേട്ടപ്പോള്‍ കോട്ടയത്തേക്ക് ഞാന്‍ ഓടിച്ചെന്നു. ഏറ്റവും പുതിയ ഇരുപതോളം പുസ്തകങ്ങള്‍ വായിച്ച് അദ്ദേഹം എഴുതിയ പുസ്തകം (സോവിയറ്റ് യൂണിയനില്‍നിന്ന് റഷ്യയിലേക്ക്- ചരിത്രത്തിന്‍റെ യാത്ര- വിതരണം ഒലിവ് ബുക്സ്) എഡിറ്റുചെയ്യാന്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ടു ദിവസം കൂടെയിരുന്നു. അന്നുവരെയുണ്ടായിരുന്ന എന്‍റെ ആകാശങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. റഷ്യയിലെ പാവപ്പെട്ട മനുഷ്യരോട് ഭരണനേതൃത്വം അന്നു കാട്ടിക്കൂട്ടിയ കിരാതവാഴ്ചകള്‍ വായിച്ച് ഞാന്‍ ഉള്ളില്‍ നടുങ്ങിക്കരഞ്ഞു. ഭരണനേതൃത്വത്തിനെതിരെ ഒച്ച ഉയര്‍ത്തിയവരെ (ചന്ദ്രശേഖരനെപ്പോലുള്ളവരെ) എന്തു ചെയ്തു എന്ന്, രാജാവ് നഗ്നനാണെന്ന് കുട്ടി ഉറക്കെപ്പറഞ്ഞതുപോലെ പറഞ്ഞവരെ എന്തു ചെയ്തു എന്ന് ആ പുസ്തകം വിളിച്ചുപറഞ്ഞു.
മണര്‍കാട് മാത്യുസാറിന്‍റെ, പുസ്തകത്തിലെ ചില ചരിത്ര സത്യങ്ങള്‍-(പേജ് 59-60)
ട്രോട്സ്കി വധം
അധികാരപാതയില്‍ സ്റ്റാലിന്‍റെ മുഖ്യശത്രു ട്രോട്സ്കി ആയിരുന്നു. ട്രോട്സ്കി ജീവിച്ചിരിക്കുന്നത് തന്നെ തനിക്ക് ഭീഷണിയാണെന്ന് സ്റ്റാലിന്‍ ചിന്തിച്ചു. 'സ്റ്റാലിന്‍റെ ഉറക്കം കെടുത്തിയ ശത്രു' എന്നു ചരിത്രം പറയുന്നു. 1927ല്‍ ട്രോട്സ്കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറന്തള്ളപ്പെട്ടു. നാടുവിടുക മാത്രമായിരുന്നു ട്രോട്സ്കിക്കു കരണീയം. ഈസ്റ്റാംബൂളിലും ഫ്രാന്‍സിലും നോര്‍വേയിലും ഒളിച്ചു ജീവിച്ചശേഷം ഒരു ചരക്കുകപ്പലില്‍ രഹസ്യമായി നോര്‍വേ വിട്ട് മെക്സിക്കോയിലെത്തിയ ട്രോട്സ്കി മെക്സിക്കോയുടെ പ്രാന്തനഗരമായ കൊയോക്കാനില്‍ അവിടത്തെ പാര്‍ട്ടിപ്രവര്‍ത്തകരുടെ സംരക്ഷണയില്‍ ഒരു നിഗൂഢസങ്കേതത്തില്‍ താമസിച്ചു. ഇതിനിടയില്‍ മോസ്ക്കോയില്‍ ഉന്നത നീതിപീഠം ട്രോട്സ്കിക്കു വധശിക്ഷ വിധിച്ചു. സ്റ്റാലിന്‍റെ ഏജന്‍റുമാര്‍ ട്രോട്സ്കിയെ തേടുകയായിരുന്നു. ട്രോട്സ്കിയെ വകവരുത്താന്‍ സ്റ്റാലിന്‍ രണ്ടു സംഘത്തെ നിയോഗിച്ചു. ഒരു വര്‍ഷത്തിനകം ട്രോട്സ്കിയെ ഭൂമിയില്‍നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഓര്‍ഡര്‍. ഒരു സായുധ സംഘം ട്രോട്സ്കിയുടെ വസതിയില്‍ അതിക്രമിച്ച കടന്ന് നടത്തിയ വെടിവെയ്പ്പില്‍നിന്ന് അദ്ദേഹം കട്ടിലിന്നടിയില്‍ ഒളിച്ചിരുന്ന് രക്ഷപെട്ടു.
1940-ല്‍ സ്റ്റാലിന്‍റെ ചാരന്‍ റാമോണ്‍ മെക്കാര്‍ഡര്‍ ഫ്രാങ്ക്ജാക്സണ്‍ എന്ന മറുപേരില്‍ മെക്സിക്കോയിലെ മോണ്‍ടിജോ ഹോട്ടലില്‍ താമസിച്ച് ട്രോട്സ്കി വധം ആസൂത്രണം ചെയ്തു. പിന്നെ മെക്കാര്‍ഡര്‍ സ്നേഹിതനെന്ന നാട്യത്തില്‍ ട്രോട്സ്കിയെ മഞ്ഞു കോടാലി കൊണ്ട് തലയില്‍ വെട്ടി. ആഴത്തിലുള്ള മുറിവോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹം മരിച്ചു.
ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്‍റെ വധത്തിനു ട്രോട്സ്കി വധത്തിന്‍റ സമാനതയാണുണ്ടായത്. പാര്‍ട്ടിയുടെ സമുന്നത നേതാവിന് സ്റ്റാലിന്‍റെ വേഷപ്പകര്‍ച്ച. റാമോണ്‍ മെക്കാര്‍ഡിന്‍റെ വേഷം കൊടി സുനിയും രാജീഷും ക്വട്ടേഷന്‍ സംഘങ്ങളും മാറി മാറി കൈയാളി. ഏരിയ, ജില്ല കമ്മിറ്റിയംഗങ്ങള്‍ ഓഫീസിലും വീടുകളിലുമിരുന്ന് ഗൂഢാലോചനകള്‍ നടത്തി. മഴുവിനുള്ള വെട്ടിനുപകരം വടിവാള്‍ ആ സ്ഥാനം കയ്യേറ്റു, 51 തവണ. ട്രോട്സ്കിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം ഭൂമി വിട്ടുപോയി. ചന്ദ്രശേഖരന്‍റെ ഗതിയും അപ്രകാരം തന്നെ.
വാളെടുക്കുന്നവന്‍ വാളാല്‍ മരിക്കും ക്രിസ്തുവിന്‍റെ വചനം പറയുന്നു. പത്തുമുപ്പതു വര്‍ഷത്തെ പ്രസ്ഥാന വളര്‍ച്ചയില്‍ വളര്‍ന്നവനാണ് ചന്ദ്രശേഖരന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേരത്തെ നടത്തിയ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തപ്പോള്‍ അന്ന് അതിലാരൊക്കെയുണ്ടെന്നും അതിന്‍റെ പങ്ക് ആര്‍ക്കെന്നും ചന്ദ്രശേഖരനറിയാമായിരിക്കും.
അന്ന് ചന്ദ്രശേഖരന്‍ മൗനം ദീക്ഷിച്ചതിന്‍റെ തിരിച്ചടി വിധി നല്കി. ഇപ്രകാരം കൊല്ലുന്ന രാഷ്ട്രീയത്തെ മുന്നില്‍കണ്ട് യേശു പറഞ്ഞ വാക്കുകളുടെ പൂര്‍ത്തീകരണമാണ് ഈ സംഭവത്തിന്‍റെ തുടര്‍ച്ച.
ചന്ദ്രശേഖരന്‍റെ നേതൃത്വത്തില്‍ 28 ആക്രമണസംഭവങ്ങളുണ്ട് എന്ന് അവരുടെ പാര്‍ട്ടി നേതൃത്വത്തിലിരിക്കുന്ന എളമരം പറഞ്ഞത് സത്യമായിരിക്കുമോ?
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ടി. പി. ചന്ദ്രശേഖരന്‍റെ കൊലയ്ക്കു മുമ്പേ, തെളിയിക്കപ്പെടാത്ത അനേക കൊലപാതകങ്ങളുടെ പരമ്പരകള്‍ തന്നെയുണ്ട്.
ഭൂമിയില്‍ ആദ്യ കൊലപാതകം നടത്തിയത് കായേനാണ്. തന്‍റെ സ്വന്തം സഹോദരനെ കൊന്നു. ഹാബേലിന്‍റെ രക്തം വയലില്‍ വീണ നിമിഷം ഭൂമി ശപിക്കപ്പെട്ടു. അതിന്‍റെ പരമ്പരകള്‍ ഇവിടെ ആവര്‍ത്തിക്കപ്പെടുന്നു. കബന്ധങ്ങള്‍ കുന്നുകൂടുന്നു; തെരുവില്‍ വലിച്ചെറിയുന്ന മാലിന്യംപോലെ. പൈശാചികതയുടെ അലര്‍ച്ചയുമായി, കൊടുവാളുമായി, പകയുള്ള ഹൃദയം പാതിരാക്കൊലപാതകത്തിനായി ഇപ്പോഴും ഊടാടി സഞ്ചരിക്കുന്നു, തെരുവീഥികളിലും വീടുകളിലും.
ഈശ്വര ചൈതന്യമില്ലാത്ത മനസ്സില്‍ രക്തം രക്തത്തോട് മറുവില ചോദിച്ച് തമ്മിലടിപ്പിച്ച് ചോര ചിന്തുമ്പോള്‍, നേതാക്കള്‍ ചിരിക്കുന്നു. കൊല്ലുന്ന ചിരി.
പ്രസ്ഥാനം കോര്‍പ്പറേറ്റ് മുതലാളിത്വത്തിന്‍റെ മുഖംമൂടി വച്ച് ഫാസിസ്റ്റുകളുടെ അങ്കിയണിഞ്ഞ് പാവങ്ങളുടെ പാര്‍ട്ടിയെന്ന് മുദ്രാവാക്യം വിളിച്ച് നമ്മുടെ ഉറക്കം കെടുത്തുമ്പോള്‍ നമ്മെ രക്ഷിക്കാന്‍ ഇനി ഒരു ക്രിസ്തു ഉടനെയില്ല.
2000 വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ച യേശുക്രിസ്തു ഉയിര്‍ത്ത് മാനവഹൃദയങ്ങളില്‍ ജീവിക്കുന്നുണ്ടെങ്കില്‍, അവരാരെങ്കിലും ഭൂമിയിലുണ്ടെങ്കില്‍ അവര്‍ ആരും ക്വട്ടേഷനുമായി കൊടുവാളെടുക്കുകയില്ല -പരസ്പരം മനുഷ്യനെ വെട്ടിക്കൊല്ലില്ല. അവര്‍ തമ്മില്‍ത്തമ്മില്‍ സ്നേഹിക്കും. അത്തരം മനുഷ്യര്‍ ഭൂമിയിലുണ്ടോ? ഡയോജനീസ് പകല്‍നേരത്ത് കത്തിച്ച റാന്തലുമായി നമ്മുടെ ഇടയില്‍ ചോദ്യവുമായി ഉണ്ട്. പരസ്പരം സ്നേഹിക്കുന്ന മനുഷ്യരെ അന്വേഷിച്ചുകൊണ്ട.് മറുപടി പറയാന്‍ ഒരുങ്ങിയിരിക്കുക.