top of page

പാരമ്പര്യം

May 7, 2025

1 min read

George Valiapadath Capuchin

കത്തോലിക്കാ സഭയും പ്രോട്ടസ്റ്റൻ്റ് സഭകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിൽ ഒന്ന് കത്തോലിക്കാ സഭ "വിശുദ്ധ പാരമ്പര്യത്തി"ന് നല്കുന്ന പ്രാധാന്യമാണ്. "Sola Fide, Sola Scriptura, Sola Gratia" എന്നായിരുന്നു മാർട്ടിൻ ലൂഥറിന്‍റെ ആപ്തവാക്യം. 'വിശ്വാസം മാത്രം, തിരുലിഖിതം മാത്രം, കൃപ മാത്രം' എന്ന് നമുക്ക് അതിനെ മൊഴിമാറ്റാം. എന്നാൽ കത്തോലിക്കാ സഭ എക്കാലത്തും തിരുലിഖിതങ്ങളോടൊപ്പം വിശുദ്ധ പാരമ്പര്യത്തെയും മുറുകെ പിടിച്ചിട്ടുണ്ട്. അതായത്, സഭയുടെ പ്രബോധനമനുസരിച്ച് തിരുലിഖിതങ്ങൾ പോലും വിശുദ്ധ പാരമ്പര്യത്തിൽ നിന്ന് ഉണ്ടായതാണ്. അതായത് അപ്പസ്തോലന്മാർ പ്രാഥമികമായി പ്രഘോഷകരായിരുന്നു. പതിറ്റാണ്ടുകളോളം അവർ വചനം പ്രഘോഷിക്കുകയും, ക്രിസ്തുമാർഗത്തിലേക്ക് വന്ന ശിഷ്യർ ചേർന്നുണ്ടായ ആദിമ സഭാ സമൂഹത്തെ ഉപദേശവും ശിക്ഷണവും നല്കി അപ്പസ്തോലന്മാരും പ്രാഥമിക ശിഷ്യരും ചേർന്ന് സാമൂഹികമായും സാംസ്കാരികമായും ആത്മീയമായും വളർത്തുകയുമായിരുന്നു. പ്രസ്തുത ഉപദേശത്തിന്റെയും ശിക്ഷണത്തിന്റെയും ഭാഗമായിട്ടാണ് പൗലോസ് ശ്ലീഹാ തൻ്റെ ലേഖനങ്ങൾ എഴുതുന്നത്. അപ്പസ്താേലന്മാരും അവരുടെ ശിഷ്യരും ചേർന്ന് സുവിശേഷങ്ങൾ എഴുതുന്നത് രണ്ടും മൂന്നും തലമുറകൾ കഴിയുമ്പോഴേക്ക് മാത്രമാണ് എന്നോർക്കുക. അത്രകാലം ഉണ്ടായിരുന്നത് വാമൊഴി പാരമ്പര്യം ആയിരുന്നു. തിരുലിഖിതങ്ങളിൽ എഴുതപ്പെടാത്ത പലതും അത്തരം പാരമ്പര്യത്തിലൂടെ സഭക്ക് കൈമാറി നൽകിയിട്ടുണ്ട്. പരിശുദ്ധ ത്രിത്വം, പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണം, കൂദാശകൾ, ആരാധനക്രമം എന്നിവയെല്ലാം പ്രസ്തുത പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ വിശുദ്ധ പാരമ്പര്യത്തെ സഭ എക്കാലത്തും ആദരിക്കുകയും പ്രിയതരമായി ആചരിച്ചു പോരുകയും ചെയ്തിട്ടുണ്ട്.


വിശുദ്ധ പാരമ്പര്യം എന്നത് കത്തോലിക്ക വിശ്വാസത്തിന്റെ മുഖ്യ ഘടകമാണ്, അഥവാ വിശ്വാസം തന്നെയാണ്. അതേസമയം, 'പാരമ്പര്യവും' 'പാരമ്പര്യങ്ങളും' തമ്മിൽ വ്യത്യാസമുണ്ട്. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 80 അതിനെക്കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"ദൈവശാസ്ത്രപരമോ, അച്ചടക്കപരമോ, ആരാധനാപരമോ, ഭക്തിപരമോ ആയി കാലക്രമേണ പ്രാദേശിക സഭകളിൽ ഉണ്ടായിവന്ന വിവിധ പാരമ്പര്യങ്ങളിൽ നിന്ന് പാരമ്പര്യത്തെ വേർതിരിച്ചറിയണം. വ്യത്യസ്ത സ്ഥലങ്ങൾക്കും കാലങ്ങൾക്കും അനുയോജ്യമായ പ്രത്യേക രൂപങ്ങളായ ഇവയിൽ മഹത്തായ പാരമ്പര്യം പ്രകടിതമാകുന്നുണ്ട്. പാരമ്പര്യത്തിന്റെ വെളിച്ചത്തിൽ, ഈ പാരമ്പര്യങ്ങൾ സഭയുടെ മജിസ്റ്റീരിയത്തിന്റെ (പ്രബോധനാധികാരത്തിൻ്റെ) മാർഗ്ഗനിർദ്ദേശത്തിൽ നിലനിർത്താനോ, പരിഷ്കരിക്കാനോ, ഉപേക്ഷിക്കാനോ കഴിയും."


അതായത്, ഏകവചനത്തിൽപാരമ്പര്യം എന്നുപറയുന്നത് അപ്പസ്തോലികമാണ്. 'പാരമ്പര്യങ്ങൾ' എന്ന് ബഹുവചനത്തിൽ പറയുന്നത് സാംസ്കാരികവും പ്രാദേശികവും ആയി ഉണ്ടായി വന്നിട്ടുള്ളതാണ്. ഒന്നാമത്തേത് രണ്ടാമത്തേതിൽ കലർന്നിട്ടുണ്ട് എങ്കിലും അവ രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഈയൊരു വ്യത്യാസം ഇന്ന് പലരും പരിഗണിക്കുന്നില്ല.


സ്ത്രീകൾക്ക് പൗരോഹിത്യപദവികൾ നൽകിക്കൂടാ എന്ന് സഭയിലെ വിശുദ്ധ പാരമ്പര്യം പറയുന്നുണ്ടോ എന്ന് ചോദിച്ചാൽ, സ്ത്രീകൾക്ക് പൗരോഹിത്യം പാടില്ല എന്നോ നൽകിക്കൂടാ എന്നോ വിശുദ്ധ പാരമ്പര്യം പറയുന്നില്ല, എന്ന് മാത്രമല്ല, ആദിമ സഭാ സമൂഹങ്ങളിൽ സ്ത്രീകൾക്ക് നൽകപ്പെട്ട പദവികളും പരിശുദ്ധ കന്യാമറിയത്തിന് നൽകപ്പെട്ട പ്രത്യേക സ്ഥാനവും, സൂപ്പർ ദൂലിയയും ഒക്കെ കാണിക്കുന്നത് പാരമ്പര്യത്തിൻ്റെ അരൂപി നേരേ വിപരീതമാണ് എന്നുമാണ്.

Recent Posts

bottom of page