

"നിങ്ങൾക്ക് ഹാ കഷ്ടം! എന്തെന്നാൽ നിങ്ങളുടെ പിതാക്കന്മാരാണ് അവരെ വധിച്ചതെങ്കിലും പ്രവാചകന്മാർക്ക് നിങ്ങൾ കല്ലറകൾ പണിയുന്നു. അങ്ങനെ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികൾക്ക് നിങ്ങൾ സാക്ഷ്യവും അംഗീകാരവും നല്കുന്നു" എന്ന് നിയമജ്ഞരോടും ഫരിസേയരോടുമായി പറയുന്നുണ്ട് യേശു.
സത്യത്തിൽ രക്തസാക്ഷികളായ പ്രവാചകന്മാർക്ക് കല്ലറകൾ പണിയുന്നതിൽ എന്താണ് പ്രശ്നം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തങ്ങളുടെ പൂർവ്വതലമുറകളാണ് അവരെ വധിച്ചതെന്ന് അവർ ശരിവെക്കുന്നു എന്നതാണ് അതിലെ ഒരു വിരോധാഭാസം. അതുവഴി പ്രവാചകരെ വധിച്ചവരുടെ പിൻതലമുറയാണ് തങ്ങളെന്ന് അ വർ സ്വയം സമ്മതിക്കുകയുമാണ്.
അതിൽ ചെറിയ കുഴപ്പമുണ്ട്, വലിയ കുഴപ്പമില്ല.
പക്ഷേ, അതിന് ഇപ്പറഞ്ഞതിനെക്കാൾ കൂടുതൽ ആഴമുണ്ട്. രണ്ട് പ്രശ്നങ്ങളാണ് അവിടെ പ്രധാനമായും ഉള്ളടങ്ങിയിരിക്കുന്നത്. അകം പൊള്ളയായ, ബാഹ്യമാത്രപ്രസക്തമായ ആത്മീയതയിൽ നിന്ന് മാറി അകക്കാമ്പുള്ള ആത്മീയതയെ പുണരാനാണ് പ്രവാചകർ ക്ഷണിച്ചത്. അതുകൊണ്ടാണ് അവർ ഇപ്പറഞ്ഞവരുടെ പിതാക്കന്മാരാൽ കൊല്ലപ്പെട്ടത്. പ്രവാചകന്മാർക്ക് കല്ലറ പണിയുന്നതിലൂടെ മക്കളുടെ തലമുറ ചെയ്യുന്നതും പിതാക്കന്മാർ ചെയ്തതുതന്നെയാണ്. ആത്മീയതയെ സ്ഥൂലീകരിക്കൽ- ബാഹ്യമാത്രപ്രസക്തമാക്കൽ. സാംസ്കാരികമായി മക്കൾ അവരുടെ പിതാക്കന ്മാർ തന്നെ.
"ലോകാരംഭം മുതൽ ചൊരിയപ്പെട്ട സകല പ്രവാചകന്മാരുടെയും രക്തത്തിന്... ഈ തലമുറ ഉത്തരം പറയേണ്ടിവരും" എന്ന് യേശു അവരെ നോക്കി പറയുന്നത് അതുകൊണ്ടാണ്.
തീർന്നില്ല. വേറെയും പ്രശ്നമുണ്ട്. സാംസ്കാരികമായി മക്കൾ പിതാക്കന്മാരുടെ തനിപ്പകർപ്പുകളാണ് എന്നതു മാത്രമല്ല പ്രശ്നം.
ആന്തരികമായി മക്കൾ അവരുടെ പിതാക്കന്മാരിൽ നിന്ന് വ്യത്യസ്തരായിട്ടുണ്ടോ? ഇല്ലേയില്ല.
അവർ ചെയ്തതുതന്നെ മക്കളും ആവർത്തിക്കുന്നു. തൊട്ടടുത്ത വാക്യത്തിൽ നമ്മൾ വായിക്കുന്നത് ഇങ്ങനെയാണ്:
"നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാൻ അവനെ പ്രേരിപ്പിക്കുകയും അവൻ പറയുന്നതിൽ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാൻ തക്കം നോക്കുകയും ചെയ്തു."
ചുരുക്കത്തിൽ - അവർ അവനെ കൊല്ലാൻ തക്കം പാർത്തു!
ആത്മീയത തീർച്ചയായും ആന്തരികതയിൽ നിന്ന് ജീവിതത്തിൽ പടർന്ന്, അതിനെ സമ്പൂർണ്ണമായി ഗ്രസിച്ച്, അതിനെ പരിവർത്തിപ്പിക്കുന്ന ഒന്നാണ്. അതിന് സാംസ്കാരിക രൂപങ്ങളും ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നാൽ, അന്തഃസാര ശൂന്യമായ സാംസ്കാരിക രൂപങ്ങൾ വെറും കെട്ടുകാഴ്ചകളായിപ്പോകും! ഉള്ളിൽ നിന്ന് പനച്ചുവരാത്ത സ്ഥൂലരൂപങ്ങൾ സ്വയം പരിവർത്തനപ്പെടാൻ വിമുഖതയുള്ളതും അസഹിഷ്ണുതയുള്ള തും ആയിരിക്കും!





















