top of page

ജാലക തിരശ്ശീല നീക്കി

Feb 14, 2025

2 min read

ഫാ. ഷാജി CMI

ജയ്പൂര്‍ നഗരത്തിലെത്തുന്ന ഏതൊരാളേയും ആകര്‍ഷിക്കുന്ന ഒരു കെട്ടിടമാണ് പ്രതാപ് സിങ് മഹാരാജാവ് പണികഴിപ്പിച്ച ഹവാ മഹല്‍. തേനറകള്‍ പോലെ തൊള്ളായിരത്തി അമ്പത്തിമൂന്ന് ചെറുജാലകങ്ങള്‍ കൊണ്ട് നിര്‍മിച്ചതാണ് ഹവാ മഹല്‍. സദാ വായു സഞ്ചാരം ഉറപ്പാക്കുന്ന അതിമനോഹരമായ നിര്‍മ്മിതി.


ജാലകങ്ങളെക്കുറിച്ച് 'വാസ്തുലക്ഷണ വിശുദ്ധി' എന്ന സംസ്കൃത ഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. "ജാലകം കാറ്റും വെളിച്ചവും കടക്കാനുള്ള വെറുമൊരു പഴുതുമല്ല, ജനാലയുടെ മേല്‍പ്പടി സ്വര്‍ഗത്തിന്‍റെ അതിര്‍ത്തിയാണ്. അത് ഓര്‍മിപ്പിക്കുന്ന ചിഹ്നങ്ങള്‍ മേലെ ചട്ടത്തിലുണ്ടാകണം. താഴത്തെപ്പടിയില്‍ ഭൂമിയേയും ഭൗമികതയേയും സൂചിപ്പിക്കുന്ന ചിഹ്നങ്ങളും കൊത്തണം".


രണ്ടിനും മദ്ധ്യേയുള്ള സ്ഥാനമാണ് ജനാലയുടെ വിടവ്. ജാലകത്തിനപ്പുറം നിന്ന് പുറത്തേക്ക് നോക്കുമ്പാള്‍ അന്തേവാസി സ്വര്‍ഗത്തേയും മധ്യസ്ഥിതമായ ഭൂമിയെയും അതിലെ ജീവിതത്തെയും ഓര്‍മ്മിക്കണം. ഭൂമിയും സ്വര്‍ഗ്ഗവും തമ്മില്‍ ബദ്ധിപ്പിക്കുന്ന ഇടമാണ് ജാലകങ്ങള്‍. അകത്തിരുന്നുകൊണ്ട് ജീവിതം കാണാനുള്ള ഒരു കണ്ണായി ഭാരതീയ വാസ്തുശില്പകാരന്‍ ജനാലയെ കാണുന്നു.

****


"അവന്‍, എന്‍റെ പ്രിയന്‍, ഭിത്തിക്കു പിന്നില്‍ മറഞ്ഞുനിന്നുകൊണ്ട് ജാലക തിരശ്ശീല നീക്കി നോക്കുന്നു" ഉത്തമഗീതം 2:9. ഒരു തടസ്സമോ വേര്‍പിരിയലോ ഒക്കേ സൂചിപ്പിക്കുന്നതാണ് ഭിത്തി. ബൈബിളിന്‍റെ പശ്ചാത്തലത്തില്‍, ആത്മീയമായി പാപം നിമിത്തം മനുഷ്യരാശിക്കും ദൈവത്തിനുമിടയില്‍ നില്‍ക്കുന്ന തടസ്സങ്ങളാണ് അവ. ഈ തടസ്സങ്ങളെ മറികടക്കാനുള്ള മനഷ്യരാശിയുടെ സന്നതയാണ് പ്രിയപ്പെട്ടവന്‍റെ സാന്നിധ്യം. പാപം മൂലമുണ്ടായ വേര്‍പിരിയലിനുശേഷം ദൈവം തന്‍റെ ജനത്തിന്‍റെ പിന്നാലെ ഉണ്ടെന്നതിന്‍റെ സൂചന നല്കുന്നു ഇത്. ജാലകതിരശ്ശീല നീക്കുന്നത് ശ്രദ്ധയുള്ള സാന്നിധ്യമാണ്. തന്‍റെ പ്രിയയുടെ സാന്നിധ്യത്തിനുവേണ്ടിയുള്ള ആഗ്രഹമാണ്. ക്രിസ്തു തന്‍റെ സഭയെയുമായി അടുത്തിടപഴകുന്നതിനെ സൂചിപ്പിക്കുന്നു ഇത്. കാണാമറയത്തായിരുന്ന ദൈവത്തെ, മൂടുപടമിട്ട് മാത്രം നോക്കികാണാന്‍ കഴിയുമായിരുന്ന മഹാതേജസിനെ തിരശ്ശീല മുകളില്‍ നിന്ന് താഴ്വരെ നെടുകെ കീറി ദര്‍ശന പ്രാപ്യമാക്കി. രാത്രി അഗ്നിയായും, പകല്‍ മേഘമായും അവന്‍ സദാ കൂട്ട്പോയി.

****


വൈക്കം മുഹമ്മദ് ബഷീറിന്‍റെ ലഘുനോവലാണ് മതിലുകള്‍ കഥാക്യത്തിന്‍റെ ജീവിതത്തിലെ മറക്കാനാവാത്തൊരു ജയില്‍വാസമാണ് മതിലുകളുടെ ഇതിവ്യത്തം. ജീവിതാനുഭവങ്ങളെ ജീവസുറ്റ കഥകളാക്കി മാറ്റുന്ന ഈ ആഖ്യാനപാടവമാണ് അദ്ദേഹത്തെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരണനല്‍കുന്നത്.


പരസ്പരം കാണാതെയും അറിയാതെയും പ്രണയിച്ചവര്‍. നോവല്‍ രണ്ടുമനുഷ്യരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നുണ്ട്. എഴുത്തെന്ന രാജ്യദ്രോഹകുറ്റമാണ് ബഷീറില്‍ ചാര്‍ത്തപ്പെട്ടത്. കുറ്റാരോപിതനായി ജയില്‍ വാസത്തിന് വിധിക്കപ്പെട്ടിട്ടും, അതിന്‍റെതായ ബുദ്ധിമുട്ടുകളൊന്നും കഥാനായകനെ വേട്ടയാടുന്നില്ല. അദ്ദേഹം അതിനുള്ളില്‍ സന്തോഷവാനാണ്. സഹതടവുകാരും, ജയില്‍ അധിക്യതരും അദ്ദേഹത്തോട് സൗമ്യമായ സമീപനമാണ് നടത്തിയത്. അദ്ദേഹം തന്‍റെ സെല്ലിനു മുമ്പില്‍ മനോഹരമായ ഒരു പനിനീര്‍പ്പൂങ്കാവനം നിര്‍മ്മിച്ചു.


എങ്കിലും തടവറ ചിലപ്പോഴൊക്കെ അതികഠിനമായ ഏകാന്തത അദ്ദേഹത്തിനു നല്‍കി. സഹതടവുകാരെല്ലാവരും പലപ്പോഴായി ജയില്‍ മോചിതരാകുമ്പോഴും, അദ്ദേഹത്തിന്‍റെ വിടുതലിന് ഏറെ തടസ്സങ്ങള്‍ ഉണ്ടാകുന്നു. ഈ ഏകാന്തദിനങ്ങളെ മറികടക്കാന്‍ അദ്ദേഹത്തെ തേടിയെത്തുന്ന ആശ്വാസത്തിന്‍റെയും പ്രചോദനത്തിന്‍റെയും പെണ്‍ശബ്ദമാണ് നാരായണി. മതിലുകള്‍ ഒരു പ്രണയകഥയുടെ തീവ്രത അനുഭവിപ്പിക്കുന്നത് നാരായണിയുടെ വരവോടുകൂടിയാണ്. ആണ്‍-പെണ്‍ ജയിലുകളെ വേര്‍തിരിക്കുന്ന വന്‍മതിലിനപ്പുറം നിന്ന് ശബ്ദംകൊണ്ടു മാത്രം ബഷീറനെ പ്രണയിച്ച ഇരുപത്തിരണ്ടുകാരിയായ നാരായണി. അവരുടെ പ്രണയബദ്ധത്തിന് ജയിലിനുള്ളിലെ ആ വന്‍മതില്‍ സാക്ഷിയാകുന്നു.


നാരായണി മതിലിന്‍റെ മറുവശത്തെത്തി എന്നത് സൂചിപ്പിക്കാന്‍ മതിലുകള്‍ക്ക് മുകളിലെക്കേറിഞ്ഞുകൊടുക്കുന്ന ചുള്ളിക്കമ്പുകള്‍. അവയ്ക്കായുള്ള ബഷീറിന്‍റെ കാത്തിരിപ്പുകള്‍, മതിലിനപ്പുറം നാരായണി ഉണ്ടെന്നുള്ള വിശ്വാസത്തില്‍ മതിലിനെ തലോടുന്ന രംഗങ്ങള്‍, ഓരോ താളും മറിക്കുമ്പോള്‍ വായന ഹ്യദയം കൊണ്ടാകുന്നു. കഥാപാത്രങ്ങളുടെ ശബ്ദത്തിന് അനശ്വരപ്രണയത്തിന്‍റെ ഭാവപ്പകര്‍ച്ച.


അവള്‍ പറഞ്ഞു:

എനിക്കൊന്ന് കാണണം;


ഞാന്‍ പറഞ്ഞു:

എനിക്കുമൊന്ന് കാണണം;


അവര്‍ക്കിടയില്‍ ഉയര്‍ന്നുനില്‍ക്കുന്ന ജയിലിന്‍റെ വന്മതില്‍ അവരുടെ പ്രണയസല്ലാപങ്ങളില്‍ അലിഞ്ഞില്ലായി പോകുന്നു.


ഞാന്‍ മരിച്ചാല്‍ എന്നെ ഓര്‍ക്കുമോ?


പ്രിയപ്പെട്ട നാരായണി, മരണത്തെപ്പറ്റി ഒന്നും പറയുക സാധ്യമല്ല. ആര്, എപ്പോള്‍, എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രമെ അറിയൂ, ഞാനായിരിക്കും ആദ്യം മരിക്കുന്നത്;


അല്ല ഞാനായിരിക്കും എന്നെ ഓര്‍ക്കുമോ?


ഞാന്‍ പറഞ്ഞു: ഓര്‍ക്കും

നാരായണി ചോദിച്ചു: എങ്ങനെ? ഹെന്‍റെ ദൈവമേ! അങ്ങെന്നെ എങ്ങനെ ഓര്‍ക്കും? അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല, പിന്നെ എങ്ങനെ ഓര്‍ക്കും?


ഞാന്‍ പറഞ്ഞു: നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്;

****


ജാലകതിരശ്ശീല നീക്കി

ജാലമെറിയുവതെന്തിനോ?

തേന്‍പുരട്ടിയ മുള്ളുകള്‍ നീ?

കരളിലെറിയുവതെന്തിനോ?

സുറുമയെഴുതിയ മിഴികളേ......


****

എല്ലാ സൗഹ്യദങ്ങള്‍ക്കും സ്തുതി ഫെബ്രുവരി 14 നും സ്തുതി

Feb 14, 2025

0

172

Recent Posts

bottom of page