

പത്തിരുപത് വർഷങ്ങൾക്കപ്പുറം എത്തിയോപ്യയിൽ പോയപ്പോൾ അവരുടെ ഭക്ഷണരീതികളും സാംസ്കാരികത്തനിമകളും ഏറെ ഹൃദ്യമായി തോന്നിയിരുന്നു. കുറേ സുഹൃത്തുക്കളെയും അന്ന് കിട്ടിയിരുന്നു. മുമ്പ് ഡിട്രോയ്റ്റിൽ ആയിരിക്കുമ്പോൾ സഹോദരന്മാരായ ഗെബ്രെയേസൂസും (ഗെബ്രെ= ദാസൻ; യേസൂസ്= യേശു. യേശുദാസൻ) ബഗാഷാവും അടുത്ത സുഹൃത്തുക്കളായിരുന്നു. വല്ലപ്പോഴുമൊക്കെ അവരുമൊത്ത് സൗത്ത്ഫീൽഡിലുള്ള എത്തിയോപ്യൻ റെസ്റ്റൊറൻ്റിൽ പോയിട്ടുണ്ട്. അവിടെ ചെല്ലുമ്പോൾ ഞങ്ങൾ എത്തിയോപ്യൻ രീതിയിലാണ് ഭക്ഷണം ഓർഡർ ചെയ്യാറ്. ആദ്യമേ ചെറിയ പരിമളം ചേർത്തുതിളപ്പിച്ച വെള്ളത്തിൽ കുതിർത്ത ടവ്വലുകൾ കൊണ്ടുവരും. അതെടുത്ത് കൈകൾ നന്നായി തുടച്ച് വൃത്തിയാക്കി, തിരിച്ചുനല്കണം. നാലുപേർക്കുമായി വളരെ വിസ്തൃതമായ ഒരു പാത്രത്തിൽ അഞ്ചാറുതരം കറികളും ഇഞ്ചേറ എന്ന അവരുടെ പ്രത്യേക ദോശ ചുരുളാക്കിയതും കൊണ്ടുവരും. നാലുപേരും ഒരേ പാത്രത്തിൽ നിന്ന് കൈകൾ കൊണ്ട് ഭക്ഷണം കഴിക്കും. ഹൃദ്യതയുടെ ആഴമുള്ള അനുഭവമാണത്. ഏറ്റവും അടുപ്പമുള്ളവർ മാത്രം ചെയ്യാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ ഭക്ഷിക്കുമ്പോൾ നാം വളരെ അടുപ്പമുള്ളവർ ആയി മാറും.
എത്തിയോപ്യൻ ജനതയും അവരുടെ സംസ്കാരവും യഹൂദ ജനതയും അവരുടെ സംസ്കാരവുമായി വളരെ ബന്ധപ്പെട്ടാണുള്ളത്. യഹൂദ സംസ്കാരത്തിലും അങ്ങനെ തന്നെയായിരുന്നു. കൈകൾ കൊണ്ട് ഭക്ഷണം വിളമ്പുന്നത് അവരുടെ രീതിയായിരുന്നു. ഒരേ പാത്രത്തിൽ നിന്ന് ഭക്ഷിക്കുകയും ഒരേ പാനപാത്രത്തിൽ നിന്ന് കുടിക്കുകയും ചെയ്യുന്നതിനെപ്പറ്റി പൗലോസ് ശ്ലീഹാ പറയുന്നതും അതേ സാംസ്കാരിക പശ്ചാത്തലത്തിലാണ്. അന്ത്യ അത്താഴത്തിൽ "അവൻ അപ്പമെടുത്ത്, കൃതജ്ഞതാസ്തോത്രം ചൊല്ലി, മുറിച്ച് ശിഷ്യർക്ക് കൊടുത്തു" എന്ന് വായിക്കുമ്പോൾ, വട്ടയപ്പമോ കിണ്ണത്തപ്പമോ കത്തികൊണ്ട് മുറിച്ച് കൊടുക്കുന്നതായി നാം മനസ്സിൽ ഭാവന ചെയ്തു പോകും. എന്നാൽ അങ്ങനെയല്ല. ഒരു ദോശയോ ചപ്പാത്തിയോ കൈകൊണ്ട് പിച്ചിക്കീറി ഒരമ്മ അരുമയായ തൻ്റെ മക്കൾക്ക് സ്നേഹപൂർവ്വം നൽകുന്നതുപോലെ അവൻ നൽകുകയാണ്. തന്നെ ഒറ്റിക്കൊടുക്കുന്നവനെക്കുറിച്ച് "എന്നോടുകൂടെ പാത്രത്തിൽ കൈ മുക്കുന്ന ഒരുവൻ" (മത്താ. 26:23) എന്ന് പറയുമ്പോൾ എല്ലാവരും അവനോടൊപ്പം പാത്രത്തിൽ കൈമുക്കുക തന്നെയാണ്.
അവനെക്കുറിച്ച് സൂചനകൾ നൽകുന്നു എന്ന് നാം കരുതുന്ന സങ്കീർത്തനഭാഗങ്ങളിൽ ചിലത് ഇങ്ങനെയാണ്.
"ശത്രുവല്ല എന്നെ നിന്ദിക്കുന്നത്; ആയിരുന്നെങ്കിൽ ഞാൻ സഹിക്കുമായിരുന്നു. എതിരാളി അല്ല എന്നോട് ധിക്കാരപൂർവ്വം പെരുമാറുന്നത്; ആയിരുന്നെങ്കിൽ ഞാൻ അവനിൽ നിന്ന് ഒഴിഞ്ഞുമാറുമായിരുന്നു. എന്നാൽ, എൻ്റെ സഹചരനും ചങ്ങാതിയും ഉറ്റസ് സ്നേഹിതനും ആയിരുന്ന നീ തന്നെയാണ് അത് ചെയ്തത് " (55:13)
"ഞാൻ വിശ്വസിച്ചവനും എന്റെ ഭക്ഷണത്തിൽ പങ്കുചേർന്നവനുമായ എൻ്റെ പ്രാണസ്നേഹിതൻ പോലും എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു" (41:9)
അങ് ങനെ, മറുവശത്തു നിന്ന് ചിന്തിക്കുമ്പോൾ എന്തൊരു മുറിവാണത്! വർഷങ്ങളോളം ഒരേ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഒരേ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്തിട്ടുള്ള ഒരാൾ - ആത്മാവിൽ നമ്മൾ ഒന്നാണ് എന്ന് പ്രവൃത്തികൊണ്ട് പേർത്തും പേർത്തും പറഞ്ഞിട്ടുള്ള ഒരാൾ വഞ്ചിക്കുക!
സ്നേഹത്തെ പുറംകാലിന് തൊഴിക്കുക!
നമ്മുടെ കാലത്തെ വാക്കുകളിൽ 'തേച്ചിട്ട് പോവുക' മാത്രമല്ല, വഞ്ചിക്കുകയും ഒറ്റുകയുമാണ്!
അത്തരം ഒരു സന്ധിയിൽ സ്വന്തം ഈഗോക്ക് ക്ഷതമേല്ക്കുന്നു എന്നതല്ല മുഖ്യം, മറിച്ച് ആത്മാവിൽ ഒന്നാണ് എന്നു പറഞ്ഞ നിന്നിൽ ആത്മാവില്ലായിരുന്നല്ലോ, ഇത്രയും സ്നേഹരാഹിത്യമുണ്ടായിരുന്നല്ലോ എന്ന വേദനയാണ് നമ്മിൽ ഉണ്ടാവുന്നത്!
സ്നേഹത്തിൻ്റെമേൽ തുപ്പുക; സ്നേഹത്തെ ചവറായി ഗണിക്കുക; സ്നേഹത്തെ മറിച്ചുവില്ക്കുക; സ്നേഹത്തെ ഒറ്റുകൊടുക്കുക ...
എല്ലാം ഇന്നുമുണ്ട്.
എന്നുമുണ്ട്, എവിടെയുമുണ്ട്.





















