top of page

മുത്തണം

Jan 20

1 min read

George Valiapadath Capuchin

മുമ്പും എഴുതിയിട്ടുണ്ട്. എങ്കിലും വീണ്ടും എഴുതണം എന്നുതോന്നി. വ്ലോഗേഴ്‌സിൻ്റെയും യൂറ്റ്യൂബേഴ്സിൻ്റെയും എണ്ണം പെരുകുന്നതനുസരിച്ച് "പഴയ ---- നടിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ" എന്നും മറ്റുമുള്ള വീഡിയോകൾ പലരും അപ്ലോഡ് ചെയ്യുന്നതായി കാണുന്നുണ്ട്.

തീർച്ചയായും കൗമാരത്തിലോ യൗവ്വനത്തിലോ ഉണ്ടായിരുന്ന രൂപത്തിൽ നിന്ന് വളരെ വ്യത്യാസം വന്നിട്ടുണ്ടാകും കുറേ വർഷങ്ങൾ കഴിയുമ്പോൾ മിക്കവർക്കും. ചിലർ വളരെ വർക്കൗട്ട് ചെയ്തും ജീവിതത്തിൽ കണിശമായ നിയന്ത്രണങ്ങൾ പാലിച്ചും അവരുടെ ആകാരവും മറ്റും കുറെയൊക്കെ സൂക്ഷിക്കുന്നുണ്ടാവാം. അവർ നിത്യഹരിത താരങ്ങൾ ആണെന്ന് ഏറെ ഘോഷിക്കപ്പെടുന്നും ഉണ്ട്. സത്യത്തിൽ ജീവിതത്തിൽ നിരന്തരമായ വ്യായാമവും കണിശമായ ഭക്ഷണപാനീയ നിയന്ത്രണവും പാലിക്കേണ്ടതിനെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് എന്ന ഭാവത്തിലാണ് ഇത്തരം കാൺടൻ്റുകൾ നിർമ്മിക്കപ്പെടുന്നത്. എന്നാൽ അതിനു പിന്നിലുള്ള പ്രത്യയശാസ്ത്രം വളരെ പ്രതിലോമകരമായ ഒന്നാണ് എന്ന് തോന്നുന്നുണ്ട്.

യൗവ്വനമാണ് സ്വീകാര്യം; വാർദ്ധക്യം സ്വീകാര്യമല്ല.

സൗകുമാര്യമാണ് സ്വീകാര്യം; അതല്ലാത്തത് സ്വീകാര്യമല്ല.

ആരോഗ്യമാണ് സ്വീകാര്യം; അനാരോഗ്യം സ്വീകാര്യമല്ല: എന്നിത്യാദി നിലപാടുകൾ ഉണ്ടതിൽ.

അതുമാത്രമല്ല, സമൂഹത്തിൻ്റെ ബെഞ്ച്മാർക്ക് അടയാളപ്പെടുത്തപ്പെടുത്തുകയാണ് അത്തരം നിർമ്മിതികളിലൂടെ.

ജീവിതത്തെ സമഗ്രമായി സമീപിക്കാതെ ഭാഗികമായി മാത്രം സമീപിക്കുന്നു എന്ന പ്രശ്നവുമുണ്ടവിടെ.


ഒരാൾ ഭൂമിക്കും സമൂഹത്തിനും ഒത്തിരി സംഭാവന ചെയ്യുന്നുണ്ട് തൻ്റെ ജീവിതത്തിലൂടെ. അവർ ചെയ്ത അധ്വാനത്തിലൂടെ; അവർ പെറ്റുവളർത്തിയ പുതിയ ജീവനുകളിലൂടെ; അവർ ഭൂമിക്ക് പ്രദാനം ചെയ്ത നന്മകളിലൂടെ; അവർ സ്നേഹിച്ച് ബലപ്പെടുത്തിയ അനേകമനേകം മനുഷ്യരിലൂടെ. അവരുടെ അത്തരം വലിയ സംഭാവനകളെ വിലയില്ലാതെ കാണുന്നു എന്നതും വലിയ പ്രശ്നമാണ്.


എന്നാൽ, അടിസ്ഥാന പ്രശ്നം മറ്റൊന്നാണ്. ജീവനെ, പൂർണ്ണതയിലേക്കുള്ള അതിൻ്റെ വൈവിധ്യമാർന്ന പ്രയാണ വഴികളെ, ഒരാൾ തൻ്റെ ആരോഗ്യവും ആയുസ്സും ചെലവഴിക്കുന്നതിലൂടെ തിടംവക്കുന്ന ആത്മാവിൻ്റെ അമൂല്യമായ തേജസ്സിനെയൊക്കെ അവജ്ഞപ്പെടുത്തുന്നു എന്നതാണ് അത്തരം നിലപാടുകളിലെ കാതലായ പ്രശ്നം.


ലോകത്തിലെ എല്ലാ ആത്മീയ ധാരകളിലും ലാളിത്യത്തിന്, ദരിദ്രാവസ്ഥക്ക്, പ്രായത്തിന്, ആരോഗ്യമില്ലായ്മക്ക്, സൗകുമാര്യമില്ലായ്മക്ക്, ജരാനരകൾക്ക് - ഒക്കെ കൂടുതലായ ആദരവ് നല്കുന്നതായി കാണാം. മറിച്ച് ഇന്നാകട്ടെ, ആദരവുകൾ നല്കുന്നില്ല എന്നുമാത്രമല്ല, അവജ്ഞയും അനാദരവും നല്കുന്നു എന്നതും സമൂഹത്തിൻ്റെ അനാധ്യാത്മിക വല്ക്കരണത്തിൻ്റെ ഫലങ്ങളാണ് എന്ന് തോന്നുന്നുണ്ട്. ഒത്തിരി സന്തോഷകരമല്ലാത്ത ഒരു സൂചനയാണത്.

കാണുന്നതിനപ്പുറം കാണാത്തതിൽ വിശ്വസിച്ച് മഹത്വം നല്കണം.

പ്രാണനെ, ജീവനെ, നമിക്കണം.

ക്ഷീണം സ്നേഹമാണ്; ജരാനരകൾ സ്നേഹമാണ്. രോഗം സ്നേഹമാണ്. മരണം സ്നേഹമാണ്.

പ്രണയമേ നിന്നിലേക്ക് നടന്നല്ലോ വിണ്ടുകീറി - മെലിഞ്ഞുണങ്ങിപ്പോയതീ പാദങ്ങൾ! ഭക്ത്യാദരങ്ങളോടെ തൊട്ടുമുത്തണം.


Recent Posts

bottom of page