

അധികാരവും സമ്പത്തും ആൾബലവും ഒരു കൂട്ടരുടേതാകുന്നതിനെക്കുറിച്ച് ഇന്നലെ കുറിച്ചിരുന്നു. അവ മൂന്നും ഒരു കൂട്ടരുടേതാകുമ്പോൾ അവർ നിർമ്മിക്കുന്നതാണ് നിയമം. അവർ നിർമ്മിക്കുന്ന നിയമം അവർക്കു വേണ്ടിയുള്ള നിയമം ആയിരിക്കും എന്നതിൽ സംശയമില്ല. പിന്നീട് പിന്നീട് അവർ പറയുന്നതെന്താണോ, അതാകും നിയമം.
"നീ എൻ്റെ അരുവി കലക്കി" എന്ന്, ആട്ടിൻകുട്ടിയോട് ചെന്നായ പറയുമ്പോൾ അതാണ് നിയമം.
"നീ കുടിക്കുന്ന അരുവി ഇതിന് മുകളിലല്ലേ? ഞാൻ കുടിച്ചത് നീ കുടിക്കുന്ന ഇടത്തിനും ഒത്തിരി താഴെനിന്നല്ലേ?" എന്ന് ആട്ടിൻകുട്ടി ന്യായവാദം ചെയ്യുമ്പോൾ, "നീയല്ലെങ്കിൽ നിൻ്റെ അപ്പനായിരിക്കും എൻ്റെ അരുവി കലക്കിയത് " എന്ന് ചെന്നായ പറയുമ്പോൾ, ന്യായം അതാകുന്നു.
നിയമം അതാകുന്നു!
"ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ, എന്തെന്നാൽ സ്വർഗ്ഗരാജ്യം നിങ്ങളുടേതാകുന്നു" എന്ന് യേശു പറയുമ്പോൾ സമ്പന്നരോട് മാറിനില്ക്കാനാണ് പറയുന്നത്.
"നിങ്ങൾ ശിശുക്കളെ പോലെയാകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" എന്ന് പറയുമ്പോൾ അധികാരത്തോട് മാറിനില്ക്കാനാണ് പറയുന്നത്.
"ചെറിയ അജഗണമേ ഭയപ്പെടേണ്ടാ" എന്നവൻ പറയുമ്പോൾ ആൾബലത്തോട് മാറി നില്ക്കാനാണ് പറയുന്നത്.
"ഈ ചെറിയവരിൽ ഒരാള െപ്പോലും നിന്ദിക്കരുതിരിക്കാൻ സൂക്ഷിക്കുവിൻ" എന്ന് പറയുമ്പോൾ എല്ലാ പരിഹാസികളോടും മാറിനില്ക്കാനാണ് പറയുന്നത്.
"മുമ്പന്മാർ പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും" എന്നവൻ പറയുമ്പോൾ കൈയ്യൂക്ക് കാട്ടുന്നവരോട് മാറി നില്ക്കാനാണ് പറയുന്നത്.
"ഇപ്പോൾ ചിരിക്കുന്നവരേ നിങ്ങൾക്ക് ദുരിതം. നിങ്ങൾ ദുഃഖിച്ചു കരയും" എന്നു പറയുമ്പോൾ ഒരു പുതിയ ലോകം ആഗതമാകുന്നുണ്ട്. അവിടെ നിങ്ങൾക്കാർക്കും ഇടമുണ്ടാവില്ല എന്ന് വ്യക്തമാക്കുന്നുണ്ട്. മന്വന്തരങ്ങൾ കാത്തിരിക്കുകയൊന്നും വേണ്ടാ അതിന്.
ആ പുതിയ ലോകത്തിൻ്റെ മണിമുഴക്കം ഇപ്പോൾത്തന്നെ കേൾക്കാനാവുന്നില്ലേ!





















