top of page
ബഹറിനില്‍ 'ബംഗാളി ഗല്ലി' എന്നറിയപ്പെടുന്ന പ്രദേശം. സാധാരണ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടമാണ്. നിരത്തുകളിലാകെ വഴിയോരക്കച്ച വടങ്ങള്‍. പറഞ്ഞത് പ്രകാരം ഒരു മോസ്കിനു മുന്നില്‍ കാത്തുനിന്ന എന്നെയും കൂട്ടി ബംഗ്ലാദേശിയായ സഹപ്രവര്‍ത്തകന്‍ തിരക്കേറിയൊരു ചെറുപാതയിലൂടെ നീങ്ങി ഒരു കെട്ടിടത്തിന് മുന്നിലെത്തി. ചെറിയ പെരുന്നാള്‍ദിനമാണ്. അദ്ദേഹത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനാണ് ക്ഷണം. താഴെയുള്ള ഒരു കടമുറിയോട് ചേര്‍ന്നുള്ള ഇടുങ്ങിയ പടികള്‍ കയറി മുകളിലുള്ള മുറിയിലെത്തി. നിലത്തുനിരത്തിയിരിക്കുന്ന മെത്തകളില്‍ ഇരിക്കുന്ന ആളുകളെക്കൊണ്ട് മുറി നിറഞ്ഞിരിക്കുന്നു. ആതിഥേയന്‍ അവര്‍ക്കായി എന്നെ പരിചയപ്പെടുത്തി. ഒരാള്‍ എഴുന്നേറ്റ് എന്നെ ആ സ്ഥാനത്തിരുത്തി. മുറിയുടെ നടുവില്‍ മെത്തയില്ലാത്ത ചെറിയൊരു ഭാഗത്തു അലുമിനിയം ചെരുവങ്ങളില്‍ പെരുന്നാള്‍ വിഭവങ്ങള്‍.... എട്ടു പേരുടെ ഭവനമാണ് ആ കുടുസ്സ് മുറി! അറിയാവുന്ന പൊട്ട ഹിന്ദിയില്‍ സഹപ്രവര്‍ത്തകനെക്കുറിച്ച് ചില തമാശകള്‍ പൊട്ടിച്ചതോടെ ചിലര്‍ ഒന്നുചിരിച്ചു.
***
പുറപ്പാട് നല്ലതു തേടിയുള്ള യാത്രയാണല്ലൊ. അടിപതറുമ്പോഴും അടരാടി ഒടുവില്‍ കാനാന്‍ ദേശമെത്തുമ്പോള്‍ പിന്നിട്ട പ്രതിബന്ധങ്ങള്‍ പാടെ മറന്ന്, മതിമറന്ന് സന്തോഷിക്കുന്ന സഹജമനുഷ്യ ഭാവങ്ങള്‍ ചരിത്രത്തിലുടനീളം സ്വാഭാവികമായി ഒരു വശത്തു പ്രതിഫലിക്കുന്നു. മറുവശത്ത് മെച്ചപ്പെട്ടൊരു ജീവിതസാഹചര്യം ഇച്ഛിച്ചുള്ള പുറപ്പാടുകളില്‍പെട്ടുപോകുന്ന 'ആടുജീവിത'ങ്ങളും.
പരദേശത്തു പോയി പാര്‍ത്ത് സ്വദേശത്തൊരു 'കാനാന്‍ ' കനവ് കാണുന്നവനാണല്ലോ പൊതുവെ ഒരു പ്രവാസി! കേരളക്കരയില്‍ നിന്നും ബോംബേ വഴി പേര്‍ഷ്യന്‍ രാജ്യങ്ങളിലേക്കായിരിക്കാം അത്തരം നിനവുകളിലേറെയും ഒരു കര പറ്റണ മെന്ന മോഹവുമായി ഒരുകാലത്ത് സഞ്ചരിച്ചിട്ടുണ്ടാവുക! ഒറ്റപ്പെടലിന്‍റെ മരുഭൂമി താണ്ടുമ്പോഴും മരുപ്പച്ച തൊട്ടടുത്തുണ്ടെന്ന ശുഭപ്രതീക്ഷയില്‍ ജീവിതം കരുപ്പിടിപ്പിടിച്ചു തുടങ്ങിയവര്‍ നിരാശരായില്ല. എണ്ണപ്പണം മലനാട്ടിലേക്കും മെല്ലെയൊഴുകി ത്തുടങ്ങിയതോടെ കിനാവുകളില്‍ ജീവരക്തം ഓടിത്തുടങ്ങി. ഗള്‍ഫ് കുടിയേറ്റം വഴി കൈവന്ന ജീവിത പരിണാമം കേരളത്തെ സംബന്ധിച്ച് മാത്രമല്ല, മറ്റു പല ദേശങ്ങള്‍ക്കും ഹൃദയഹാരിയായൊരു ചരിത്രമാണ്.
ഗള്‍ഫ് പ്രവാസത്തിന്‍റെ പ്രതാപകാലം അസ്തമിച്ചെങ്കിലും, ഉപജീവനാര്‍ഥം ഗള്‍ഫിലേക്ക് പുറപ്പെട്ട പല മലയാളികളും ദശാബ്ദങ്ങള്‍ക്കിപ്പുറം ഉദിച്ചുയര്‍ന്ന് അവിശ്വസനീയ വിജയചരിതങ്ങളുടെ വഴിയേ തിരിച്ചുനടക്കുകയാണ്. അനേകര്‍ക്ക് പ്രചോദനമേകുന്ന ജീവിതാനുഭവങ്ങളാണ് അവയൊക്കെയും. ഒന്നുമില്ലായ്മയില്‍ നിന്ന് എന്താണില്ലാത്തത് എന്ന് ലോകത്തോട് വിളിച്ചോതുന്നവര്‍ പ്രസരിപ്പിക്കുന്ന അഭിമാനവും വലുത് തന്നെ.
പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുതി വീണുപോകുന്നവരുടെ ഭൂമിക കൂടിയാണ് ഗള്‍ഫ് എന്നതാണ് അതിലും വലിയ യാഥാര്‍ഥ്യം. പ്രൊഫഷണല്‍ മേഖലകളില്‍ ഒഴികെ തുച്ഛമായ പ്രതിഫലമാണ് പല തൊഴിലുകള്‍ക്കും നിലവിലുള്ളത്. ഒരു പക്ഷെ, നാട്ടില്‍ ലഭിക്കുന്നതിലും കുറവ്. താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള വര്‍ദ്ധിച്ച ചെലവുകള്‍ പോലും പരമാവധി കുറച്ച് മിച്ചമുള്ളതെല്ലാം ഉറ്റവര്‍ക്കായെത്തിക്കുന്ന പല പ്രവാസികളും അവരാല്‍ത്തന്നെ തിരസ്കൃതരാകുന്ന വാര്‍ത്തകള്‍ എത്രയോ കണ്ടു! 'ആട് ജീവിത'ത്തേക്കാള്‍ അനുഭവങ്ങള്‍ ചുരത്തുന്ന നേര്‍ജീവിത സാക്ഷ്യങ്ങള്‍ സമീപകാലത്ത് എത്രയോ കേട്ടു! കുറച്ചു വര്‍ഷങ്ങള്‍ ഇവിടെ ജോലി ചെയ്ത് എന്തെങ്കിലും സമ്പാദിച്ചു നാട്ടിലേക്ക് മടങ്ങാമെന്ന ഏറെപ്പേരുടെ സ്വപ്നങ്ങള്‍ വെറും മരീചിക മാത്രം. ബാധ്യതകള്‍ ഏറിവരുമ്പോള്‍ ആയുസ്സില്‍ നിന്ന് വര്‍ഷങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടേയിരിക്കുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമാണ് കുടുംബത്തെ കൂടെക്കൂട്ടാന്‍ സാധിക്കുന്നത്. അവരില്‍ത്തന്നെ പലരും വരവുചെലവുകള്‍ കൂട്ടി മുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരും. വലിയൊരു വിഭാഗം ആളുകള്‍ ഏകാന്തതയിലൂടെയും കടുത്ത വിഷാദത്തിലൂടെയും രോഗദുരിതങ്ങളിലൂടെയുമെല്ലാം പരാതികളില്ലാതെ കടന്നു പോകുന്നു.
ഇത്തരം സന്ധികള്‍ക്കെല്ലാമിടയിലും ഒരു ജീവിതമാര്‍ഗം തുറന്ന ഈ ദേശത്തെ നെഞ്ചോട് ചേര്‍ത്ത് തന്നെ പലരും പറയുന്നു; നല്ലതു വരും. പെയ്ഡ് പ്രൊമോഷനുകളുടെ പിന്നാലേ നന്മമരങ്ങള്‍ പെയ്തിറങ്ങുന്നൊരു കാലത്ത് അര്‍ഹിക്കുന്നവന് കിട്ടേണ്ട നന്മകള്‍ മഴമേഘങ്ങളായിത്തന്നെ തുടരുകയാണ്. എന്നെങ്കിലും അവ പെയ്തിറങ്ങട്ടെ.
പ്രവാസം അടിമുടി മാറുകയാണ്. സാധാരണ തൊഴിലാളികള്‍ക്ക് ബാധകമല്ലെങ്കിലും, ഗള്‍ഫില്‍ നിന്ന് തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം കൂടിവരുന്നു. അവരില്‍ കൂടുതലും അവിടങ്ങളിലൊക്കെത്തന്നെ 'സെറ്റില്‍' ആകുന്നു.
പുറപ്പാട് നല്ലതു തേടിയുള്ള യാത്രയെങ്കിലും നേടുന്നവര്‍ കുറവാണ്. ഇടറി വീഴുന്നുവെങ്കിലും പ്രതീക്ഷ കൈവിടാതെ യാത്ര തുടരുന്നവരുടെ എണ്ണം കൂടുന്നു.
***
ചെരുവങ്ങളുടെ മൂടികള്‍ തുറക്കപ്പെട്ടു. ഒരു പിഞ്ഞാണം നിറയെ ചോറും മട്ടണും സാലെഡും മുട്ടയുമെല്ലാം ആതിഥേയര്‍ ആവോളം കഴിപ്പിച്ചു. വിഭവങ്ങളെല്ലാം അവരുടെ കൊച്ചടുക്കളയില്‍ ഉണ്ടാക്കിയത് തന്നെ. പടികള്‍ ഇറങ്ങുമ്പോള്‍ ആ മുറിയില്‍ കേട്ട അനുഭവങ്ങള്‍ തികട്ടി വരുന്നു. പലര്‍ക്കും വിസയോ താമസരേഖകളോ സ്ഥിരമായൊരു ജോലിയോ ഇല്ല! നാട്ടിലേക്ക് എങ്ങനെയൊക്കെയോ കുറച്ചു പണം മാസംതോറും അയക്കുന്നു. സന്തോഷത്തോടെയും ഒരുമയോടെയും ഇങ്ങനെയൊക്കെ ജീവിതം തള്ളിനീക്കുന്നു. വീടെത്തുമ്പോള്‍ കാണുന്നത് വഴിയരികിലെ വേസ്റ്റ്ബിന്നില്‍ നിന്നും പാട്ടപെറുക്കുന്ന സ്ഥിരംകക്ഷിയെ. ചെറിയപെരുന്നാളല്ലേ, പോക്കറ്റില്‍ ആകെയുണ്ടായിരുന്ന ചില്ലറത്തുട്ടുകള്‍ കൈമാറി മുന്നോട്ട്...