

ആഭ്യന്തരയുദ്ധം വികലമാക്കിയ അമേരിക്കന്‍ മനസ്സാക്ഷിയുടെ കണ്ണിന്‍മുന്‍പില്‍ വെള്ളക്കാരന്‍റെ മേധാവിത്വ മനോഭാവത്തിന്‍റെ പ്രാകൃതമായ തെളിവെന്നവണ്ണം കറുത്ത ശരീരങ്ങള്‍ മരത്തില്‍ തൂങ്ങിയാടുന്നത് നിത്യകാഴ്ചകളായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകളേറെ കഴിഞ്ഞെങ്കിലും അധിപന്‍റെ മനോവികാരം പേറുന്നവന്‍ സ്വാതന്ത്ര്യത്തിന്‍റെ നിലവിളികെ നിശ്ശബ്ദമാക്കിക്കൊണ്ടിരുന്നു. കുറ്റകൃത്യങ്ങള്‍ എന്നു നാം മനസ്സിലാക്കുന്ന കുറ്റകൃത്യമോ നിയമലംഘനമോ അല്ല ഇവയൊന്നും. ഇരുട്ടിന്‍റെ മറവില്‍ ഗൂഢമായി അരങ്ങേറുന്ന കുറ്റകൃത്യങ്ങള്‍, നിഗൂഢതയും പ്രച്ഛന്നതയും ചേര്‍ന്ന് അപരാധിയെ നിരപരാധിയാക്കുന്ന ജാലവിദ്യ ദുര്‍ബലമായ ഒരു നീതി-ന്യായ വ്യവസ്ഥിതിയുടെ സൂചനയാണ് എങ്കില്‍ പെരുവഴിയില്‍ തൂങ്ങിയാടുന്ന ശരീരങ്ങള്‍ വംശീയവെറിപൂണ്ട അധികാരഗര്‍വ്വിന്‍റെ പെരുമ്പറഘോഷങ്ങളാണ്.
മനുഷ്യനില്‍നിന്ന് മൃഗത്തിലേക്ക്
ക്ഷമതമേല്‍പ്പിച്ചു കൊല്ലുന്നതിലുമപ്പുറം തൂക്കിലേറ്റപ്പെടുന്ന മൃതശരീരങ്ങള്‍ ഭീതിതമായ ഒരു അടയാളമാണ്. ആ കറുത്ത ശരീരത്തിലെ മനുഷ്യത്വത്തിന്‍റെ അവസാനതുള്ളിയും ഊറ്റിയെടുത്ത് ശരീരത്തെ വെറും ശവമാക്കിമാറ്റുന്ന ഈ ക്രൂരതയ്ക്ക് ഇരയാകുന്നവര്‍ മറ്റേതെങ്കിലും വിധത്തില്‍ -വെടിയേറ്റോ ശ്വാസം മുട്ടിയോ പ്രഹരമേറ്റോ- മരണപ്പെട്ടതാവാം. മരണംമൂലം ഒരു മനുഷ്യനു ലഭിക്കുന്ന, ലഭിക്കേണ്ട ആദരവിന്‍റെ എല്ലാ സാധ്യതകളെയും തല്ലിക്കെടുത്തി, കൈകാലുകള്‍ ബന്ധിച്ച് വികൃതവും വിവസ്ത്രനുമായ ഒരു ശവമായി കാറ്റില്‍ തൂങ്ങിയാടാന്‍ വിധിക്കപ്പെടുന്നിടത്ത് ക്രൂരത മൃഗീയമായിത്തീരുന്നു. കാഴ്ചയില്‍ നിസ്സാരം എന്നു തോന്നിക്കുന്ന ഈ പ്രവൃത്തിവഴി വെള്ളക്കാരന്‍റെ ഉള്ളിലെ വേട്ടക്കാരന്‍ കറുത്തവനെ കേവല മൃഗമാക്കി തരംതാഴ്ത്തി അവന്‍റെ ശരീരത്തിനുമേല്‍ പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്നു. ഇരയുടെ ജീവനറ്റശരീരത്തിനുമേല്‍ ചവിട്ടിനിന്ന് വിജയമുറപ്പിക്കുന്ന, അവന്‍റെ ആധിപത്യത്തിനു തെളിവെന്നവണ്ണം ചത്ത മൃഗത്തിന്‍റെ തലയും തുകലും സ്വീകരണമുറിയില്‍ അലങ്കാരം ചാര്‍ത്തുന്ന വേട്ടക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ കാഴ്ച. നാലുപേര്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നിടത്തുമാത്രം അര്‍ത്ഥം ലഭിക്കുന്ന ഇത്തരം ചെയ്തികള്‍ ഒരുവന്‍റെ ശക്തിയും അപരന്‍റെ ദൗര്‍ബല്യവും വിളിച്ചറിയിക്കാന്‍ മാത്രം ഉതകുന്ന പ്രവൃത്തിയാകയാല്‍ കുറ്റകൃത്യം ചെയ്യുന്നവനും അത് കണ്ട് ആസ്വദിക്കുന്നവനും കുറ്റവാളിയുടെ നിരയിലേക്ക് വരുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ഇന്ത്യയില്‍, കൃത്യമായി പറഞ്ഞാല്‍ ബഭാവുണ്‍ എന്ന ഗ്രാമത്തില്‍ നാം കണ്ടത് ഇതേ ചിന്താഗതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. ബലാത്കാരമായി ഭോഗിക്കപ്പെട്ട ആ രണ്ട് പെണ്‍ശരീരങ്ങള്‍-കീഴടക്കപ്പെട്ട, വികൃതമാക്കപ്പെട്ട, തരംതാഴ്ത്തപ്പെട്ട ആ ശരീരങ്ങള്‍ പൊതുജനത്തിനും മാധ്യമങ്ങള്‍ക്കും കൗതുക ദൃശ്യമായി മാറ്റപ്പെട്ടിടത്താണ് അവയുടെ ഭോഗം പൂര്‍ണ്ണമായത്. അശ്വാരൂഢരായി എത്തിയ രാഷ്ട്രീയക്കാരും മാധ്യമപ്പടയും നിശ്ശബ്ദമായി, മൃഗീയമായി കൈമാറ്റം ചെയ്യപ്പെട്ട ഒരു വലിയ സന്ദേശത്തിന്‍റെ വാഹകരായി മടങ്ങി; അവഹേളിതയായി നില്‍ക്കുന്ന വൃക്ഷത്തെ നോക്കി മൗനികളായി.
