

പൗലോസ് ആറാമൻ മാർപ്പാപ്പായും ഇപ്പോഴത്തെ മാർപ്പാപ്പായും സിസ്റ്റർ ലൂസിയും വെളിപ്പെടുത്തിയ മൂന്നാമത്തെ ഫാത്തിമാരഹസ്യമാണെന്ന അവകാശവാദത്തോടെ ചില കത്തോലിക്കാ ആനുകാലികങ്ങൾ ആസന്നമായിരിക്കുന്ന ഭയാനകമായ ദുരന്തങ്ങളെ വിവരിച്ചുകൊണ്ട് എഴുതിയ ലേഖനങ്ങൾ പലരും ലഘുലേഖകളായി അച്ചടിച്ചും ഫോട്ടോകോപ്പിയെടുത്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണിന്ന് ഇതു പലരെയും അസ്വസ്‌ഥരാക്കുന്നുണ്ട്. മാർപ്പാപ്പാമാരും സിസ്റ്റർ ലൂസിയും യഥാർത്ഥത്തിൽ ഇവ വെളിപ്പെടുത്തിയതാണോ എന്നറിയുവാൻ ഇൻഡ്യയിലെ അപ്പസ്‌റ്റോലിക് നൂൺസിയോയ്ക്ക് അയച്ച കത്തിനു കിട ്ടിയ മറുപടി ചുവടെ ചേർക്കുന്നു
ബഹു. സിപ്രിയനച്ചാ,
1996 ഡിസംബർ13 ലെ അച്ചന്റെ ചോദ്യം (റോമിലെ) വിശ്വാസസംരക്ഷണസംഘത്തിനു ഞാൻ അയച്ചു കൊടുത്തിരുന്നു. മറുപടി കിട്ടി. അതിൽ പറഞ്ഞിരിക്കുന്നത്, ഒന്നാമതായി, ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യം അറിഞ്ഞിട്ടും ഒരു മാർപാപ്പായും ഒരിക്കലും അതിൻ്റെ ഉള്ളടക്കത്തെപ്പറ്റി എന്തെങ്കിലും വെളിപ്പെടുത്തുകയോ, വെളിപ്പെടുത്താൻ സിസ്‌റ്റർ ലൂസിയെ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ്. രണ്ടാമതായി, ഫാത്തിമായിലെ മൂന്നാമത്തെ രഹസ്യത്തിനു നിഗൂഢാർത്ഥ പരിവേഷമൊന്നും കൊടുക്കാതിരിക്കേണ്ടതിൻ്റെയും അതുമായി ബന്‌ധപ്പെട്ട സാങ്കല്പിക 'അപോകലിപ്റ്റിക്' സംഭവങ്ങളിൽ ലാഘവബുദ്ധിയോടെ വിശ്വസിക്കാതിരിക്കേണ്ടതിന്റെയും പരിശുദ്ധസിംഹാസനം ഓർമ്മിപ്പിക്കുന്നുവെന്നും അറിയിച്ചിട്ടുണ്ട്. തിരുസംഘത്തിൽനിന്ന് എനിക്കു കിട്ടിയ കത്തു സമാപിക്കുന്നത് ഇങ്ങനെയാണ് : ഫാത്തിമായിലെ മരിയൻ ദർശനങ്ങളുടെ കാര്യത്തിൽ പരിശുദ്ധ കന്യകാമറിയം ക്രൈസ്തവജനതക്കു നല്‌കുന്ന മാനസാന്തരത്തിലേക്കുള്ള നിരന്തരമായ ആഹ്വാനമാണ് എന്നും പ്രസക്തമായിട്ടുള്ളത്.
ഈ വിവരം അച്ചനെ അറിയിക്കുന്നതോടൊപ്പം അച്ചനും അച്ചൻ്റെ വൈദികശുശ്രൂഷയ്ക്കും എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് ഹൃദയ പൂർവകമായ ആശംസകളോടെ,
George Sur, Apostolic Nuncio
(സ്വതന്ത്രവിവർത്തനം)




















