
ഇക്കൊല്ലം ക്രിസ്തുമസ്സിൻ്റെ ഒരുക്കനാളുകളിൽ പലയിടത്തായി പലതവണ ഇക്കാര്യം പറഞ്ഞിരുന്നു. അതേ, ആഡ്വെൻ്റ് റീത്തിലെ നാല് മെഴുതിരികളെയും ക്രിസ്തുമസ്സിനൊരുക്കമായുള്ള നാല് പ്രമേയങ്ങളെയും കുറിച്ചാണ്. ഓരോ ആഴ്ചയും ഓരോ മെഴുകുതിരി കൂടുതൽ കത്തിച്ച് ഓരോ വിഷയത്തെക്കുറിച്ച് ധ്യാനിക്കുകയാണ് പാശ്ചാത്യ സഭയിലെ പതിവ്.
പ്രത്യാശ, സമാധാനം, ആനന്ദം, സ്നേഹം എന്നിവയാണ് പ്രസ്തുത വിഷയങ്ങൾ. ഈ നാലുകാര്യങ്ങളും ചേരുമ്പോഴാണ് ക്രിസ്തുമസ്സ് ഉണ്ടാകുന്നത്. കേൾക്കുമ്പോൾ അതീവ ലളിതമെന്ന് തോന്നുമെങ്കിലും, തിരുവചനങ്ങളുടെ വെളിച്ചത്തിൽ നോക്കുമ്പോൾ പൊതുവേ ലോകം ഉദ്ദേശിക്കുന്ന കാര്യങ്ങളല്ല അവയൊന്നും.
പ്രത്യാശ എന്നാൽ പ്രതീക്ഷയാണ് എന്നാണ് പൊതുവേ നാം കരുതാറ്. ജനുവരിയിൽ തണുപ്പ് പ്രതീക്ഷിക്കുന്നതുപോലെയോ, നല്ല വിത്തിറക്കി, വളമിട്ട്, നല്ല കാലാവസ്ഥ ലഭ്യമായാൽ തരക്കേടില്ലാത്ത വിളവ് പ്രതീക്ഷിക്കുന്നതുപോലെയോ അല്ല അത്. ബാഹ്യമായി യാതൊരു തെളിവോ സൂചന പോലുമോ ഇല്ലായിരിക്കേ അത്ഭുതം പ്രതീക്ഷിക്കുന്നതാണ് പ്രത്യാശ. വിശ്വാസത്തിൽ നിന്നേ പ്രത്യാശ ഉണ്ടാകൂ. തല്ലിത്തകർത്ത് കൊല്ലപ്പെട്ടതിനും പാറയിൽ വെട്ടിയുണ്ടാക്കിയ കല്ലറയിൽ അടക്കം ചെയ്തതിനും പ്രവേശന കവാടം മുദ്രവച്ചതിനും മുദ്ര കാക്കാൻ സൈന്യം കാവൽ നിന്നതിനും ശേഷം വീണ്ടും അസംഭവ്യമായത് സംഭവിക്കും എന്ന് ഉറപ്പോടെ പ്രതീക്ഷ പുലർത്തുന്നതാണ് പ്രത്യാശ. പീഡകളെക്കുറിച്ചും മരണത്തെക്കുറിച്ചും പറയുമ്പോഴെല്ലാമാണ് യേശു പ്രത്യാശയെക്കുറിച്ച് സൂചിപ്പിക്കുന്നത് എന്ന് കാണുന്നില്ലേ? ശരിക്കും ഭയപ്പെടാൻ നൂറു കാരണങ്ങളുള്ളപ്പോഴാണ് "ഭയപ്പെടേണ്ടാ" എന്നവൻ പറയുന്നത് എന്നതും ശ്രദ്ധിക്കുന്നില്ലേ?
സമാധാനത്തെക്കുറിച്ച് പറഞ്ഞാൽ, ലോകത്തിൻ്റെ ഭാഷയിൽ - ബാഹ്യമായ ഘടകങ്ങളെ ആശ്രയിച്ച് നില്ക്കുന്ന ഒന്നാണ് സമാധാനം. മറ്റുള്ളവരാരും വഴക്കിന് വന്നില്ലെങ്കിൽ; സർക്കാർ സംവിധാനങ്ങളൊക്കെ നന്നായി പ്രവർത്തിക്കുന്നുവെങ്കിൽ, പ്രകൃതിക്ഷോഭങ്ങളാെന്നും ഉണ്ടാകുന്നില്ലെങ്കിൽ, ഉദ്ദേശിക്കുന്നതുപോലൊക്കെ വികസനവും സമൃദ്ധിയും ഉണ്ടായാൽ അനുഭവിക്കാൻ കഴിയുന്ന ഒന്ന്. എന്നാൽ, ബൈബിളിൽ പറയുന്ന സമാധാനം ഇപ്പറഞ്ഞതൊന്നുമല്ല. മുമ്പ് പറഞ്ഞതുപോലെ, ബാഹ്യമായ ശാന്തത ഉണ്ടാകുമ്പോഴോ പ്രശ്നങ്ങൾ ഇല്ലാതിരിക്കുമ്പോഴോ അനുഭവിക്കാൻ കഴിയുന്ന ഒന്നല്ല അത്. അശാന്തതയുടെ മധ്യത്തിലും വേദനകളുടെയും പ്രശ്നങ്ങളുടെയും മരണത്തിൻ്റെയും നടുവിലും ഒരാൾക്ക് അനുഭവിക്കാൻ കഴിയുന്ന, വിശ്വാസത്തിൽ നിന്നു മാത്രം ഉദ്ഭൂതമാകുന്ന ഒന്നാണ് സമാധാനം. തിന്മയിൽ നിന്ന് അകലം പാലിക്കുകയും ദൈവത്തോട് ചേർന്ന് നടക്കുകയും തന്നോടും മറ്റുമനുഷ്യരോടും പ്രപഞ്ചത്തോടും നല്ല ബന്ധത്തിലായിരിക്കുകയും ചെയ്യുമ്പോൾ ഒരാൾ അനുഭവിക്കുന്ന ആന്തരികമായ പൂർണ്ണതയാണത്. തൻ്റെ മരണ വിനാഴികയിലും മരണത്തിനു ശേഷവുമാണ് യേശു ശിഷ്യർക്ക് സമാധാനം നല്കുന്നത് എന്ന് നിരീക്ഷിക്കാമല്ലോ! ലോകം തരുന്നതു പോലുള്ള സമാധാനമല്ല താൻ തരുന്നത് എന്ന് വേർതിരിച്ച് പറയുന്നുമുണ്ടല്ലോ അവിടന്ന്.
മേല്പറഞ്ഞതുപോലെ തന്നെ ഉള്ള മറ്റൊരു യാഥാർത്ഥ്യമാണ് ആനന്ദവും. ഭൗതികമോ സാമൂഹികമോ ആത്മീയമോ ആയ നേട്ടങ്ങളിലോ സാഫല്യങ്ങളിലോ സാക്ഷാത്ക്കാരങ്ങളിലോ നിന്നുണ്ടാകുന്ന ഒന്നല്ല ആനന്ദം. മറിച്ച്, താഴ്മയിൽ, തിരസ്കാരങ്ങളിൽ, പീഡനങ്ങളിൽ, ആപത്തിൽ ഒക്കെ ദൈവിക വാസത്തിലൂടെ ഒരാൾ അനുഭവിക്കുന്ന ആന്തരികമായ സംതൃപ്തിയും ബലവും സന്തോഷവുമാണത്. "എന്റെ ആനന്ദം നിങ്ങളിൽ വസിക്കുന്നെങ്കിൽ നിങ്ങളുടെ ആനന്ദം പൂർണ്ണമാകും" എന്നും മറ്റും അവിടന്ന് പറയുന്നത് ശ്രദ്ധിക്കേണ്ടതല്ലേ?
സ്നേഹത്തെക്കുറിച്ച് പറഞ്ഞാലും ഇതുപോലൊക്കെത്തന്നെ. പ്രകൃത്യനുസൃതമായ ഒന്നിനെക്കുറിച്ചല്ല സുവിശേഷങ്ങൾ സ്നേഹം എന്ന് വിവക്ഷിക്കുന് നത്. എന്നാൽ പ്രകൃതിയുടെ ഏറ്റവും ആന്തര സ്വഭാവമായതുമാണത്. ലഭിച്ചിടത്ത് തിരിച്ചു നല്കലല്ല സ്നേഹം. തിരിച്ചുകിട്ടും എന്ന് കരുതി നല്കുന്നതുമല്ല. കിട്ടാത്തിടത്ത് കൊടുക്കലാണ്; കിട്ടില്ലെന്നറിഞ്ഞു കൊണ്ട് കൊടുക്കലുമാണത്. തൻ്റെ ശൂന്യവല്ക്കരണത്തിൽ ഉണ്ടാകുന്നത്; തന്നിൽനിന്ന് പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്നത്. ഏറ്റവും ഉള്ളിൽ നിന്ന് ബഹിർഗമിക്കുന്നത്!
ക്രിസ്തുമസ്സിലേക്ക് ഇനിയും ഏറെ ദൂരമുണ്ട്!





















