

Lord, what do you want me to do ?
വി. ഫ്രാന്‍സിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാര്‍ത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും പ്രാര്‍ത്ഥന ഇതു തന്നെയാണ്. താന്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇത്തരത്തില്‍ ഒരു ചെറിയ പ്രാര്‍ത്ഥന എന്നെയും സഹായിക്കാറുണ്ട്. ചെറുപ്പത്തിലൊരു സെമിനാരിക്കാരന്‍ പഠിപ്പിച്ചതാണ്: "ദൈവമേ ഞാനെന്താകണമെന്നാണോ നീ ആഗ്രഹിക്കുന്ന ത് എന്നെ അത് ആക്കി തീര്‍ക്കണേ'; 'ഈ നിമിഷം വരെ നൽകിയ എല്ലാറ്റിനും നന്ദി."
ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുന്നവരാണ് മനുഷ്യര്‍. തങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ക്ക് സ്വയം ഉത്തരവാദിത്വം വഹിക്കേണ്ടവരുമാണവര്‍. അതുകൊണ്ട്തന്നെ തീരുമാനങ്ങള്‍ വളരെ സൂക്ഷ്മതയോടെ കൈകൊള്ളാന്‍ നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. പത്തോ പ്ലസ്ടുവോ കഴിഞ്ഞ് എന്ത് പഠിക്കണമെന്ന തീരുമാനം ജീവിതത്തിന്‍റെ മുഴുവന്‍ ഗതിയെ ബാധിക്കും. അങ്ങനെയൊരു ദിശാസന്ധിയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ദൈവേഷ്ടം തന്നെയാണോ എന്ന് അന്വേഷിക്കുന്നത് എത്രയോ ശ്രേഷ്ഠമാണ്. അത് അത്ര എളുപ്പമൊന്നുമല്ല എങ്കിലും മനസാക്ഷിയുടെ ശബ്ദവും മുതിര്‍ന്നവരുടെ നിര്‍ദ്ദേശങ്ങളും വ്യക്തിപരമായ ഇഷ്ടങ്ങളും പ്രാര്‍ത്ഥനയിലൂടെയും മറ്റും ലഭിക്കുന്ന ദൈവീക പ്രചോദനങ്ങളും തന്നെക്കുറിച്ചുള്ള ദൈവേഷ്ടമെന്തെന്ന് അറിയാന്‍ ഒരാളെ സഹായിക്കും. ദൈവഹിതങ്ങളെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു തന്നെയാണ് വഴികാട്ടി.
ബിരുദ പഠനകാലത്ത് തോന്നിത്തുടങ്ങിയ ഒരിഷ്ടമായിരുന്നു അസ്സീസിയിലെ വി. ഫ്രാന്‍സിസ്. ബോബി ജോസ് കട്ടിക്കാടച്ചന്‍റെ ഒരു പ്രഭാഷണവും അദ്ദേഹത്തിന്‍റെ 'ഹൃദയവയല്‍' എന്ന പുസ്തകവുമായിരുന്നു അതിനു പിന്നില്‍. ഒരു ഫ്രാന്‍സിസ്കന്‍ ആയാല്‍ കൊള്ളാമെന്ന ഒരു ചിന്ത അങ്ങനെയാണ് തോന്നി തുടങ്ങിയത്. ബിരുദം കഴിഞ്ഞപ്പോള്‍ ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഉപരിപഠനം നടത്തി സാമ്പത്തിക സുസ്ഥിതി നേടി പാവങ്ങളെ സഹായിക്കുന്ന ഒരാളാകണമോ അതോ ഒരു ഫ്രാന്‍സിസ്കനാകണോ? രണ്ടാമത്തെ ഓപ്ഷനെ കുറിച്ച് എനിക്ക് യാതൊന്നും തന്നെ അറിയില്ലായിരുന്നു. ആകെ കണ്ടിട്ടുള്ളത് ബോബിയച്ചനെ. അച്ചനെ എങ്ങനെ ബന്ധപ്പെടാമെന്നോ, അച്ചന്‍ എവിടെയാണെന്നോ, അദ്ദേഹത്തിന്‍റെ സന്ന്യാസസമൂഹത്തിന്‍റെ പേര് കപ്പൂച്ചിന്‍ എന്നാണെന്നു പോലുമോ അന്ന് എനിക്കറിയില്ലായിരുന്നു. (പത്തനംതിട്ടയില്‍ കപ്പൂച്ചിന്‍ ആശ്രമം തുടങ്ങിയത് 2008 ല്‍ ആയിരുന്നു).
അങ്ങനെ എങ്ങോട്ടു തിരിയണമെന്ന് അറിയാതെ, ദൈവഹിതം എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങിയ ഒരു സമയം എന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അങ്ങിനെയിരിക്കെ സണ്‍ഡേ സ്കൂള്‍ അവധിക്കാല ക്ലാസിലെ കുട്ടികളെ സഹായിക്കാന്‍ പള്ളിയില്‍ എത്തിയപ്പോള്‍ അതാ ഒരു കപ്പുച്ചിന്‍ വൈദികന്‍. മാര്‍ട്ടിന്‍ മാന്നാത്ത് അച്ചന്‍. ദൈവവിളിയെ പറ്റി കുട്ടികളോട് സംസാരിക്കാന്‍ എത്തിയതായിരുന്നു. ഞാനെന്‍റെ കണ്‍ഫ്യൂഷന്‍ പങ്കുവച്ചു. കൃത്യമായ ഒരുത്തരം പ്രതീക്ഷിച്ച എന്നോട് അദ്ദേഹം പറഞ്ഞു: 'നിനക്ക് സന്തോഷം നല്കുന്ന ഒരു ജീവിതം തെരഞ്ഞെടുക്കണം'. ആ മറുപടി എനിക്ക് അപ്പോള്‍ ഒട്ടും സന്തോഷം നല്കിയില്ല. എങ്കിലും പിന്നീട് (2008) കപ്പൂച്ചിന്‍ സഭയില്‍ അംഗമായ ി ചേരുകയും ഇവിടെ വരെ എത്തുകയും ചെയ്തു.
ജീവിതത്തെ വിലയിരുത്തുന്ന ഒരു അളവുകോലായി അച്ചന്‍റെ വാക്കുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു. എനിക്ക് ഇത്രയും സന്തോഷവും സമാധാനവും പ്രകാശവും ലഭിക്കുന്ന ഒരു ജീവിതത്തിലേക്ക് ക്രിസ്തു തന്നെ എന്നെ നയിച്ചു. അത്തരമൊരു തീരുമാനത്തിലേക്ക് എത്താന്‍ അത്ര എളുപ്പമായിരുന്നില്ല. വീട്ടുകാരും സുഹൃത്തുക്കളും ഒക്കെ എതിര്‍ത്തു എങ്കിലും എന്നെ ഇത്രയും ഗൗരവമായി എടുക്കുന്ന ഒരാളുടെ ശബ്ദം കേട്ടില്ലെന്നു നടിക്കാന്‍ കഴിയുമായിരുന്നില്ല. - ഇത്രയും വലിച്ചു നീട്ടി വ്യക്തിപരമായ കാര്യം എഴുതുന്നതില്‍ ഔചിത്യക്കുറവുണ്ട്. എന്നാലും ആരെയെങ്കിലും ഒരാളെ ഇത് സഹായിച്ചാലോ.
അവനവനെപ്പറ്റിയുള്ള തിരുച്ചിത്തം എന്തെന്ന് അറിയാന്‍ പരിശ്രമിക്കുകയും തിരിച്ചറിയുമ്പോള്‍ അതാകാന്‍ ശ്രമിക്കുകയുമാണ്, ഒരു തരത്തില്‍ ചിന്തിച്ചാല്‍, സമാധാനത്തിലേക്ക് ഉള്ള വഴി. "The best version of me' എന്ന ഒരു ചിന്ത ഇപ്പോള്‍ ഒരുപാടു കേള്‍ക്കുന്നുണ്ടല്ലോ. അതിലേക്കുള്ള ഏറ്റവും നല്ല വഴി എന്നെക്കുറിച്ചുള്ള തമ്പുരാന്‍റെ ഇഷ്ടം എന്താണ് എന്ന് അന്വേഷിക്കുന്നതല്ലേ?
ദൈവഹിതമറിയാനായി ബൈബിള്‍ 'റാന്‍റമായി' എടുത്ത് വായിക്കുന്നവരുണ്ട്. വി. ഫ്രാന്‍സിസ് അസ്സീസി അദ്ദേഹത്തെ പറ്റിയുള്ള ദൈവഹിതം അറിഞ്ഞത് വി. കുര്‍ബാന മധ്യേ കേട്ട സുവിശേഷത്തി ല്‍ (Mt.10:7-12) നിന്നും ആയിരുന്നു എന്ന് വിശ്വസിക്കപ്പടുന്നു. തനിക്കൊപ്പം സഹോദരങ്ങള്‍ കൂടിയപ്പോള്‍ ദൈവാലയത്തിലെത്തി തങ്ങള്‍ക്കായി സുവിശേഷം മൂന്നുതവണ തുറന്നു വായിക്കാന്‍ അദ്ദേഹം പുരോഹിതനോട് ആവശ്യപ്പെട്ടു. വായിച്ചു കേട്ട വചനഭാഗങ്ങളായ (Mt.19:21; Lk. 9:3; Mt.16:24 ) അദ്ദേഹത്തിന്‍റെയും മുഴുവന്‍ ഫ്രാന്‍സിസ്കന്‍സിന്‍റെയും ജീവിത നിയമമായി മാറി.
വി. ബൈബിളിലുടെ, വ്യക്തികളിലുടെ സാഹചര്യങ്ങളില്‍ക്കൂടെ ഒക്കെ ദൈവവും അവിടുത്തെ പരിശുദ്ധാത്മാവ് മുഖേന ഇടപെടുന്നുണ്ട്. അത്തരം പ്രചോദനങ്ങളെ മുഖവിലയ്‌ക്കെടുക്കാം. സന്യാസ , വൈദീക, കുടുംബജീവിത വിളികള്‍ മാത്രമല്ല ദൈവേഷ്ടം തിരയേണ്ട ഇടം. ഏതൊരു ജീവിതാവസ്ഥയിലും ഓരോ ദിനവും അവിടുത്തെ ഹിതങ്ങള്‍ തിരയേണ്ടവരല് ലേ നമ്മള്‍. 'സമ്പൂര്‍ണ്ണമായ സമര്‍പ്പണത്തിനു ശേഷം ജീവിതത്തില്‍ സംഭവിക്കുന്നതിനെയെല്ലാം ദൈവഹിതമായി എണ്ണാന്‍ മനസ്സിനെ പഠിപ്പിക്കുകയും വേണം - (ബോബി ജോസ് കട്ടിക്കാട്).'
സ്വന്തം ഇഷ്ടങ്ങളെക്കാള്‍ ദൈവേഷ്ടങ്ങള്‍ക്ക് കാതുകൊടുത്ത, അസ്സീസിയിലെ വി. ഫ്രാന്‍സിസിനെപ്പോലെ, സുവിശേഷത്തിലെ ക്രിസ്തുവിനെ അടുത്ത് അനുഗമിച്ച ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ അസ്സീസി കുടുംബത്തിന്‍റെ ദുഃഖവും രേഖപ്പെടുത്തുന്നു. പുണ്യപിതാവിന്‍റെ ഓര്‍മ്മയ്ക്കു മുമ്പില്‍ പ്രാര്‍ത്ഥനാഞ്ജലികള്‍!





















