

എലിസബത്തിനും സക്കറിയാക്കും തങ്ങളുടെ വാർദ്ധക്യത്തിൽ വളരെ അപ്രതീക്ഷിതമായിട്ടാണ്, ഒരു കുഞ്ഞ് എന്ന അവരുടെ ഏറെക്കാലത്തെ സ്വപ്നം യാഥാർത്ഥ്യമാകും എന്ന അറിയിപ്പ് ലഭിക്കുന്നത്. ഒരു യഹൂദ പുരോഹിതനായിരുന്നു,സക്കറിയാ. നിനച്ചിരിക്കാതെ ഒരു കുഞ്ഞിനെക്കുറിച്ച് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുമ്പോൾ സക്കറിയാക്ക് അത് മുഴുവനുമങ്ങ് വിശ്വസിക്കാനാവുന്നില്ല. ഒരു പുരോഹിതനെങ്കിലും അയാളിൽ വിശ്വാസവും ആന്തരികതയും തിടം വെക്കേണ്ടതായുണ്ടായിരുന്നു. അതിനായി ദൈവം അയാളെ മൂകനാക്കുന്നു. അങ്ങനെ, മൂകനായ ഒരു പുരോഹിതന് ജനിച്ചവനാണ് യോഹന്നാൻ. പക്ഷേ, തൻ്റെ മൂകനിശബ്ദതയിൽ ഇതിനോടകം അയാൾ ആന്തരികവും ദൈവികവുമായ ഒരു തലം വികസിപ്പിച്ചിട്ടുണ്ട്. അങ്ങനെയാണ്, ത ൻ്റെ ശബ്ദം തിരിച്ചുകിട്ടുന്ന മാത്രയിൽ അയാൾ ഒരു പ്രവചനഗീതം പാടുന്നത്.
"... സമാധാനത്തിൻ്റെ മാർഗ്ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്" എന്നു പറഞ്ഞാണ് അയാൾ അതവസാനിപ്പിക്കുന്നത്.
എന്നിട്ടോ?
സക്കറിയാ പറഞ്ഞതുപോലെ ജനം സമാധാനത്തിൻ്റെ
മാർഗ്ഗത്തിലേക്ക് നടന്നുവോ?
ഇല്ല.
അതിനും ഒരു മുപ്പത്തഞ്ചു വർഷത്തിനൊക്കെ ശേഷം യേശു അതേ കാരണത്താലാണ് ജറൂസലേമിനെ നോക്കി അക്ഷരാർത്ഥത്തിൽ വിലപിക്കുന്നത്. "സമാധാനത്തിനുള്ള മാർഗ്ഗങ്ങൾ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ!" എന്നാണ് അവിടത്തെ പ്രലാപം.
സമാധാനത്തിൻ്റെ മാർഗ്ഗത്തിലേക്ക് നമ്മുടെ പാദങ്ങൾ ഇനിയും എത്തിയിട്ടില്ല എന്നത് നൂനം!
നാം അവിടേക്ക് വേഗം എത്തേണ്ടിയിരിക്കുന്നു!





















