ജോര്‍ജ് വലിയപാടത്ത്
Oct 4
ചന്നംപിന്നം മഴ സന്ധ്യയ്ക്കു തുടങ്ങിയതാണ്. പത്തുമണി കഴിഞ്ഞു. സാമാന്യം തണുത്ത അന്തരീക്ഷം. നേരത്തെ കിടന്നുറങ്ങാനുള്ള പ്രലോഭനം. കതകിനു കുറ്റിയിടുമ്പോഴാണ് കോളിംഗ് ബെല്‍. ഈ അസമയത്തരാണു വന്നിരിക്കുന്നതെന്നോര്‍ത്തുകൊണ്ട് മുന്‍വാതില്‍ തുറക്കുമ്പോള്‍ ടര്‍ക്കികൊണ്ടു ദേഹവും തലയും തുടച്ചുകൊണ്ടു നില്ക്കുന്ന ഒരു മനുഷ്യന്‍. പത്തുനാല്പതു വയസ്സു കാണും. മഴയത്ത് ഓടിക്കയറി വന്നതായിരിക്കണം എന്നോര്‍ത്തു. ബാഗും മറ്റൊന്നും കാണാനുമില്ല.
"അച്ചനെന്നെ മറന്നു പോയെന്നു തോന്നുന്നല്ലോ." വാതില്‍ തുറന്നപടി നിന്നതല്ലാതെ ഇറങ്ങിച്ചെല്ലാന്‍ കൂട്ടാക്കാതെ ഞാന്‍ നില്ക്കുന്നതു കണ്ടിട്ടാകണം അയാളങ്ങനെ ചോദിച്ചത്.
"അത്ര കൃത്യം ഓര്‍മ്മ വരുന്നില്ലല്ലോ." വല്യ ഉത്സാഹമില്ലാത്ത മട്ടില്‍ ഞാന്‍ പറഞ്ഞു.
"അച്ചനന്നു എന്നോട് വഴക്കുണ്ടാക്കിയതോര്‍ക്കുന്നില്ലെ?"
അയാള്‍ പറഞ്ഞതു കേട്ടാല്‍ ഞാനൊരു സ്ഥിരം വഴക്കാളിയാണെന്നു തോന്നും. അങ്ങനെതന്നെയിരിക്കട്ടെ എന്നു കരുതി ഞാന്‍ പറഞ്ഞു: "ഞാനൊരുപാടിടത്തു വഴക്കുണ്ടാക്കിയിട്ടുണ്ട്. അതിലേതാണെന്നുകൂടെ ഇയാളുപറ." അയാള്‍ക്കു ചിരി വന്നു.
അയാള്‍ സ്ഥലവും കാലവും ഒക്കെ പറഞ്ഞപ്പോള്‍ അനുഭവം ഓര്‍മ്മയില്‍ വന്നു. അഞ്ചാറു ക്രൈസ്തവ സഭകള്‍ സംയുക്തമായി നടത്തുന്ന ഒരു എക്യൂമെനിക്കല്‍ ബൈബിള്‍ കണ്‍വെന്‍ഷനാണ്. അവിടെ കുമ്പസാരിപ്പിക്കാന്‍ ക്ഷണിച്ചിട്ടു പോയതാണ്. നാലയ്യായിരം പേരെങ്കിലുമുണ്ടായിരുന്നു പങ്കെടുക്കാന്‍. കുമ്പസാരത്തിനൊരുക്കിയിരുന്ന സ്ഥലം ഗ്രൗണ്ടിന് ഏറ്റവും പിന്നിലായിരുന്നു. അവിടെയിരുന്നാല്‍ വേദിയിലുള്ളവരെ കാണുകയും ചെയ്യാം, എന്‍റെ ജോലി നടക്കുകയും ചെയ്യും. ഒന്നുമൊറ്റയുമായി വന്നവരെ കുമ്പസാരിപ്പിച്ച് വിടുന്നതിനിടയില്‍ അവതാരകന്‍റെ അനൗണ്‍സ്മെന്‍റ്: "അന്യമതവിശ്വാസിയായിരുന്നെങ്കിലും ദൈവത്തിന്‍റെ സ്നേഹത്താല്‍ സത്യവിശ്വാസത്തിലേക്കു കടന്നുവന്ന ഒരു സഹോദരന്‍റെ സാക്ഷ്യവും വചനപ്രഘോഷണവുമാണ് ഉടന്‍തന്നെ."
തുടര്‍ന്ന് 'സഹോദരനെ' സ്വാഗതം ചെയ്തുകൊണ്ട് ആവേശകരമായ ഒരു ആമുഖം. അതുകഴിഞ്ഞുടനെ 'സഹോദരന്‍' കയറിവന്നു. വളരെ ഭവ്യതയോടെ സദസ്സിനെ വണങ്ങി. 'വിളിച്ചെന്നെ അനുഗ്രഹിച്ചു...' എന്നു തുടങ്ങുന്ന ഭക്തിഗാനം ഈണം തെറ്റിച്ചങ്ങു പാടാന്‍ തുടങ്ങി. പലരും കൂടിചേര്‍ന്നപ്പോള്‍ അലങ്കോലമായ പാട്ട് ഗായകസംഘം ഏറ്റെടുത്തതുകൊണ്ട് അടിപൊളിയായി. ഇടയ്ക്ക് കൈയടിയും ആട്ടവും പ്രെയ്സ് ദ ലോഡുമൊക്കെ ചേര്‍ത്തുള്ള 'സംഭവം' പര്യവസാനിച്ചപ്പോള്‍ ഒരു കൊടുങ്കാറ്റു ശമിച്ച പ്രതീതി. തുടര്‍ന്നയാള്‍ സ്വയം പരിചയപ്പെടുത്തി. സത്യവെളിച്ചം കണ്ടെത്തിയിട്ട് ഒരു വര്‍ഷമാകാന്‍ പോകുന്നു. അന്ധകാരത്തിലായിരുന്നു. ഒരുപാടു അതിക്രമങ്ങള്‍ ചെയ്തിട്ടുണ്ട്. അടുത്തത് ഒരു പരസ്യകുമ്പസാരമായിരിക്കും എന്ന് കരുതി ഞാനവിടിരുന്നയാളെ ആശീര്‍വദിച്ചത് ഞാനല്ലാതെ മറ്റാരും കണ്ടുകാണില്ല. പക്ഷേ അയാളു വേറൊരു വഴിക്കാണു തിരിഞ്ഞത്. ഇതിനുമുമ്പ് അയാള്‍ ഏതു മതത്തിലായിരുന്നോ ആ മതത്തെപ്പറ്റി പറയാന്‍ തുടങ്ങി. ആ മതം വെറും പൊള്ളയാണ്, പൊട്ടത്തെറ്റാണ്. ആ മതത്തിലുള്ള നേതാക്കന്മാരുടെ കാര്യങ്ങള്‍ പറഞ്ഞുപറഞ്ഞു പ്രതിപക്ഷ ബഹുമാനമില്ലാത്ത കൈയേറ്റത്തിലേയ്ക്കു കടന്നപ്പോള്‍ ഒരച്ചന്‍ എഴുന്നേറ്റുചെന്ന് അയാളുടെ ചെവിയിലെന്തോ പറഞ്ഞു. പെട്ടെന്നയാള്‍ സ്വന്തം കയ്യില്‍ വാച്ചില്ലാത്തതുകൊണ്ടാകാം അച്ചന്‍റെ കൈയിലെ വാച്ചുതന്നെ പിടിച്ചുനോക്കി, 'സമയം വൈകിയതുകൊണ്ടു ഞാന്‍ തുടരട്ടെ' എന്നു പറഞ്ഞു മത്തായി 11: 28 'അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും' ഉദ്ധരിച്ച് അടുത്ത കത്തിയെടുത്തു. പിന്നെയും നീണ്ട മുക്കാല്‍ മണിക്കൂറിനുള്ളില്‍ അയാള്‍ ഒളിഞ്ഞും തെളിഞ്ഞും തരംതാണ ഭാഷയിലും അയാള്‍ മുമ്പ് ആയിരുന്ന മതത്തെ അധിക്ഷേപിക്കുന്നതു കേട്ടപ്പോള്‍ വഴക്കുണ്ടാക്കാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായി. എന്നാലും ഞാന്‍ അതിനു വന്നതല്ലല്ലോന്നു കരുതി. ഊറലേം ഊരിവെച്ചു ആരോടും മിണ്ടാതെ സ്ഥലം കാലിയാക്കാന്‍ തീരുമാനിച്ചു. പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തി ഒരു തരത്തില്‍ വണ്ടി പുറത്തിറക്കി. വഴി ബ്ലോക്കായിരുന്നതുകൊണ്ട് ആരോ ഉപദേശിച്ചതുകേട്ട് കുറെ അഭ്യാസം കാണിച്ചു കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിന്‍റെ സൈഡിലൂടെ തന്നെ പുറത്തിറക്കാന്‍ മൂക്കാലുമെത്തിയപ്പോള്‍ വോളേണ്ടിയേഴ്സ് വണ്ടി തടഞ്ഞു. ബൈക്ക് ഓഫ് ചെയ്ത് താക്കോല്‍ അവരുടെ നേരെ നീട്ടി ഞാന്‍ പറഞ്ഞു: "എന്നാല്‍ നിങ്ങളുതന്നെ ഇതൊന്നു പുറത്തിറക്കി താ."
എന്‍റെ സ്വരത്തിലെ അഹങ്കാരം കൊണ്ടാകണം എന്തുചെയ്യണമെന്നറിയാതെ അവര്‍ തമ്മില്‍ തമ്മില്‍ നോക്കി. ഉടുപ്പിട്ടിരിക്കുന്നതുകൊണ്ടു കൈവയ്ക്കാനും അവര്‍ക്കു മടി. അപ്പഴത്തേനും എന്‍റെ പിറകെ കൂടിയ രണ്ടുമൂന്നു ബൈക്കുകാരും ഹോണടിച്ചു തുടങ്ങി. ഞാന്‍ കാണിച്ചതു തെറ്റാണെന്നു നല്ലതുപോലെ അറിയാമായിരുന്നെങ്കിലും സൈഡുപറ്റി രക്ഷപെടാമല്ലോയെന്നു കരുതി കാണിച്ച പണിയാണ്. ഇപ്പം പണിയാകുകയും ചെയ്തു. അവസാനം എന്നെ മാത്രം വിടാമെന്നു അവരു പറഞ്ഞപ്പോള്‍ ഞാന്‍ കൂട്ടാക്കിയില്ല. പുറകെയുള്ളത് ആരാണെന്നൊന്നും എനിക്കറിയില്ലെങ്കിലും ഞാന്‍ പോരുന്നതുകണ്ടു പുറകെ കൂടിയവരല്ലേ, അവരെ കൈവിടുന്നതു ശരിയല്ലന്നൊരു തോന്നല്‍. വണ്ടിയവിടെയിട്ട് ദൂരെ കുറെപ്പേരുമായി സംസാരിച്ചുകൊണ്ടു നിന്ന ഒരു സംഘാടകന്‍ അച്ചന്‍റെയടുത്തേക്കു നടന്നു. കാര്യമവതരിപ്പിച്ചപ്പോള്‍ അച്ചനൊരു മടീം പറയാതെ വേഗം കടത്തിവിടാന്‍ പറഞ്ഞു. അപ്പോള്‍ ആ അച്ചനാണ് അടുത്തു സംസാരിച്ചുകൊണ്ടു നിന്ന ആളിനെ പരിചയപ്പെടുത്തിയത്. 'അച്ചാ, ഇദ്ദേഹമാണ് ഇപ്പോള്‍ വചനം പങ്കുവച്ചത്'. കാണല്ലേന്നാഗ്രഹിച്ചവന്‍ തൊട്ടുമുമ്പില്‍.
"തേടിയ കാല് വള്ളിയേല്‍ ചുറ്റി" വായില്‍ വന്നതു ഞാനങ്ങു പറഞ്ഞു പോയി.
"പഴഞ്ചൊല്ലു പറഞ്ഞതിലും തെറ്റുപറ്റിയല്ലോ അച്ചാ" കേട്ടുനിന്ന ആരോ പറഞ്ഞു.
"പറഞ്ഞതില്‍ തെറ്റു പറ്റിയതല്ല, തെറ്റിച്ചു മനഃപൂര്‍വ്വം പറഞ്ഞതുതന്നെയാ. ഇപ്പോള്‍ പ്രസംഗിച്ച ആളിനെ കാണല്ലേന്ന് ആഗ്രഹിച്ചാണ് നേരത്തെ തന്നെ വണ്ടിവിട്ടത്. അതിപ്പം ഇങ്ങനെയായി". ഞാന്‍ എന്‍റെ അവസ്ഥ പറഞ്ഞു.
"കത്തോലിക്കാ അച്ചന്മാരിങ്ങനെയാ. ഞങ്ങളെപ്പോലുള്ളവരെ അംഗീകരിക്കില്ല". ഒരു വോളണ്ടിയര്‍ അതു പറഞ്ഞപ്പോള്‍ കൂടുതല്‍ മിണ്ടിയാല്‍ വണ്ടി ഗ്രൗണ്ടിലും ഞാന്‍ വഴിയിലുമാകുമെന്നു തോന്നിയതുകൊണ്ട് മിണ്ടാതെ തിരിച്ചു നടന്നു.
അഞ്ചാറുമാസം മുമ്പുണ്ടായ അനുഭവവും പറഞ്ഞ് ഈ പാതീരാത്രിക്കയാള്‍ എന്തിനാണെത്തിയതെന്നു ചോദിക്കാന്‍ പോയില്ല. അല്പം കഴിഞ്ഞിട്ടും അകത്തേയ്ക്കു ക്ഷണിക്കാനോ, കൂടുതല്‍ സംസാരിക്കാനോ ഞാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ അയാള്‍തന്നെ കാര്യമെടുത്തിട്ടു.
"അച്ചാ എനിക്കീരാത്രിയൊന്നു കിടക്കാന്‍ ഇടം വേണം. അത്താഴം കഴിച്ചിട്ടുമില്ല". വളരെ ഫ്രീയായിട്ടുള്ള സംസാരം.
"ഇതു രണ്ടും ഇവിടെയില്ല. എത്രയും വേഗം വന്നവഴിയെ പോകാന്‍ നോക്ക്". ഞാന്‍ ഗൗരവം വിടാതെ പറഞ്ഞു.
"ഈ പാതീരാത്രി ഞാനെങ്ങോട്ടു പോകാനാച്ചാ, അത്താഴം തരണ്ടാ, കിടക്കാന്‍ ഈ വരാന്തയിലായാലും സൗകര്യം തന്നാല്‍ മതി."
" അത്താഴം തരാമെന്നു വച്ചാലും മുറ്റത്തുപോലും കിടക്കാന്‍ ഞാന്‍ സമ്മതിക്കില്ല".
"ഒരാശ്രമത്തില്‍ വന്നിട്ട് ഇങ്ങിനൊരനുഭവം ആദ്യമാ അച്ചാ. ഞാന്‍ പല പള്ളികളിലും ആശ്രമങ്ങളിലും ഇതുപോലെ ചെന്നിട്ടുണ്ട്, താമസിച്ചിട്ടുമുണ്ട്. ആരും ഇതുവരെ എന്നെ ഇറക്കിവിട്ടിട്ടില്ല".
"ഞാന്‍ ഇറക്കി വിട്ടില്ലല്ലോ താന്‍ വന്ന വഴിയെ പോകാനല്ലേ ഞാന്‍ പറഞ്ഞുള്ളൂ. അത്താഴം തരണമെന്നുണ്ടായിരുന്നു. ഇനിയിപ്പം അതുമില്ല. അന്നു താന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞ തന്‍റെ സ്വന്തം സ്ഥലം...ല്ലേ. അങ്ങോട്ടിപ്പോഴും രാത്രിവണ്ടികിട്ടും, ബസ് സ്റ്റാന്‍ഡില്‍ പോയി നിന്നാല്‍ മതി".
"ഭാര്യയും മക്കളും എന്നെ വീട്ടീന്ന് ഇറക്കിവിട്ടിരിക്കുകയാ അച്ചാ, ഞാന്‍ മതം മാറിയതിന്‍റെ പേരില്‍".
" തന്നെ അവരിറക്കിവിട്ടതല്ലേയുള്ളൂ, അവരു കേസു കൊടുക്കാത്തതാ അതിശയം".
"അവരതും ചെയ്തു. രണ്ടു പ്രാവശ്യം സ്റ്റേഷനില്‍ പോകേണ്ടിവന്നു".
"അന്നു താന്‍ പ്രസംഗിച്ചതുപോലെ ആരെയും ചൊടിപ്പിക്കുന്ന മതനിന്ദനത്തിന് തന്നെ അഴിക്കകത്തിടേണ്ടതാണ്".
"എനിക്ക് യേശുവില്‍ വിശ്വാസമുള്ളതുകൊണ്ടാ മറ്റുള്ളതൊക്കെ തെറ്റാണെന്നു ഞാന്‍ പറഞ്ഞത്."
"തനിക്ക് യേശുവിലല്ല, കീശയിലാ വിശ്വാസം. വയറ്റിപ്പിഴപ്പ്. അതിനു കണ്ടുപിടിച്ച പുതിയ തൊഴില്. മതം മാറി മാമ്മോദീസാ മുങ്ങിയെന്നു പറഞ്ഞപാടെ, തന്നെ എഴുന്നള്ളിക്കുന്നവരുള്ളതുകൊണ്ട്. ജനിച്ചനാള്‍ മുതല്‍ താന്‍ വിളിച്ച ദൈവത്തെ അത്ര ഈസിയായിട്ടു തള്ളിപ്പറഞ്ഞെങ്കില്‍ നാളെ വേറൊരു സാഹചര്യത്തില്‍ ഈ യേശുവിനെയും താന്‍ തള്ളിപ്പറയും. മതം മാറിയെന്നും വീട്ടീന്നിറക്കിവിട്ടെന്നുമൊക്കെ പറഞ്ഞുതന്നെയായിരിക്കുമല്ലോ താന്‍ മുമ്പേ പറഞ്ഞപോലെ പള്ളിലും ആശ്രമത്തിലുമൊക്കെ ചെന്നത്. അതുകൊണ്ടായിരിക്കുമല്ലോ അവരൊക്കെ സഹതാപം കാണിച്ചത്. എനിക്കതില്ല. എനിക്കു തന്നോടു പുച്ഛമാണു തോന്നുന്നത്. കൂടെ ജീവിച്ച ഭാര്യയും മക്കളും നിങ്ങളെ വിശ്വസിക്കാന്‍ കൊള്ളാത്തവനായതുകൊണ്ടു വീട്ടീന്നിറക്കിവിട്ടെങ്കില്‍, തന്നെ എന്തു വിശ്വസിച്ചു ഞാനിവിടെ കയറ്റി കിടത്തും. അത്താഴം തരാം. അതു കഴിഞ്ഞു വിട്ടുപോയ്ക്കോണം".
അത്താഴം കൊടുത്തു പടിയിറക്കിവിടുമ്പോള്‍ വണ്ടിക്കൂലിക്കു കാശു ചോദിച്ചു.
"താന്‍ വിശ്വസിക്കുന്നതു യേശുവിലാണെങ്കില്‍ മര്യാദയ്ക്ക് വീട്ടില്‍ പോയി ഭാര്യയെയും മക്കളെയും സ്നേഹിച്ച് അവര്‍ക്കുവേണ്ടി ജീവിച്ച് തന്‍റെ വിശ്വാസം ശരിയാണെന്നവരെ ബോധ്യപ്പെടുത്ത്. മൈക്കു കിട്ടുന്നിടത്തു മതനിന്ദ വിളമ്പി വര്‍ഗ്ഗീയതയുണ്ടാക്കാതെ വീട്ടിലിരിക്ക്. ഏതായാലും താന്‍ കൈ നീട്ടിയതുകൊണ്ടു വണ്ടിക്കൂലി തരാം. യേശുവില്‍ വിശ്വാസോം കീശയിലാശ്വാസോം, താന്‍ പോ".